ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.
വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.
പാർട്ട് #3: ഗർഭിണിയും ശൂലവും മറ്റ് കല്ല് വച്ച നുണകളും, ചർച്ച ചെയ്യപ്പെടാതെ പോയ സത്യങ്ങളും.
ഗർഭിണി-ഭ്രൂണം-ശൂലം എന്നത് ഇന്ന് കപട മതേതര വാദികളെ പരിഹസിക്കാനുള്ള പ്രയോഗമായി മാറിയെങ്കിൽ 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമുള്ള ആദ്യ കാലഘട്ടങ്ങളിൽ അത് മുസ്ലിങ്ങൾക്കെതിരെയുള്ള വംശഹത്യ എന്ന സിദ്ധാന്തത്തിന് പിന്തുണ ലഭിക്കാൻ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട ഒരു പ്രയോഗമായിരുന്നു.
ഗുജറാത്ത് കലാപത്തിന്റെ ഭീകരത കുറച്ച് കാണിക്കുകയല്ല ഉദ്ദേശം. പക്ഷേ മറ്റ് ഏതൊരു ഹിന്ദു-മുസ്ലിം കലാപങ്ങളെപ്പോലെയും, ഇരു ഭാഗത്തും ജീവഹാനിയും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ച, ഇരു വിഭാഗത്തിനും വിവരണാതീതമായ ക്രൂരതകൾ നേരിടേണ്ടി വന്ന ഒരു കലാപത്തെ മുസ്ലിങ്ങൾക്കെതിരെ മാത്രമായി, ഭരണകൂടത്തിന്റെ ഒത്താശയിൽ നടന്ന ഒരു വംശഹത്യയായി ചിത്രീകരിച്ച്, അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ നടന്ന കുൽസിതശ്രമത്തെ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ വൈകിയ വേളയിലെങ്കിലും വേണ്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട ഒരു കലാപത്തെ ഒരു വിഭാഗത്തിനെ മാത്രം ഉന്മൂലനം ചെയ്യുന്ന വംശഹത്യ എന്ന നിർവചനത്തിൽ പെടുത്തുന്നതെങ്ങിനെയാണ്?
ഗർഭിണി-ശൂലം കഥകൾ ആ ദുരുപദിഷ്ട ശ്രമത്തിന്റെ ഭാഗമായി ഉണ്ടായതായിരുന്നു. ഇന്ന് മോദിക്കെതിരെയുള്ള വെറുപ്പിന്റെ പ്രധാന കാരണമായ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള, ആ ഇമേജ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടത് എങ്ങിനെയാണ് എന്നതിന്റെ ഉദാഹരമായി ഇതിനെയെടുക്കാവുന്നതാണ്. ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവൻ ആവാഹിച്ച ഈ കഥയുടെ ഉത്ഭവവും അതിനെ തുടർന്നുള്ള സഞ്ചാരപഥവും ഒന്ന് ചികഞ്ഞു നോക്കുന്നത് മോദിക്കെതിരെ നടന്ന കരുതിക്കൂട്ടിയുള്ള വിദ്വേഷപ്രചാരണത്തി(hate-campaign)ന്റെ സ്വഭാവം മനസിലാക്കാൻ ഉപകരിക്കുന്നതായിരിക്കും.
ഒരു ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തി പുറത്തെടുത്തു എന്ന അതിഭീകരമായ കഥ ആദ്യമായി അച്ചടിക്കപ്പെടുന്നത് 2002 മാർച്ച് ആറാം തിയതി പുറത്ത് വന്ന ഒരു ബിബിസി റിപ്പോർട്ടിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ് കൊണ്ടാണ് ബിബിസി ആ വാർത്ത കൊടുത്തത്, 'uncorroborated' എന്ന വാക്കാണ് അതിനുപയോഗിച്ചത്. അടുത്തതായി ഈ കഥ പരാമര്ശിക്കപ്പെടുന്നത് മാർച്ച് 20ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഹർഷ മന്ദാറിന്റെ ലേഖനത്തിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ് ബിബിസി കൊടുത്ത ആ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരിക്കുന്നു അത്. പിന്നീട് ഇന്ത്യൻ 'സെക്കുലർ മാധ്യമങ്ങൾ' ഒന്ന് മറ്റൊന്നിനെ ഉദ്ധരിച്ച് എന്ന രീതിയിൽ അതിനെ കാട്ട് തീ പോലെ പടർത്തി.
പിന്നീട് ഏപ്രിൽ 19ന് തെഹൽക വെബ്‌സൈറ്റിൽ വരുന്ന വർത്തയിലാണ് വ്യക്തികളുടെ പേരുകൾ വരുന്നത്. ഒരു സൈറ ഭാനു എന്ന സ്ത്രീ ആണ് സാക്ഷി എന്നും അവരുടെ ഭർതൃ സഹോദരി കൗസർ ബാനു ആണ് ഇതിലെ ഇര എന്നും തെഹൽക എഴുതി. അരുന്ധതി റോയിയെ പോലുള്ള കപട സെക്കുലറിസ്റ്റുകൾ ലേഖനങ്ങൾ എഴുതി അതിന് ആധികാരികതയുടെയും വാസ്തവത്തിന്റെയും ലാഞ്ചന നൽകി. ഇതിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടി തെളിവ് നൽകാനായി പോലീസ് അരുന്ധതിയോട് ആവശ്യപ്പെട്ടു. പക്ഷെ തന്റെ അഭിഭാഷകൻ മുഖേന അവർ മറുപടി കൊടുത്തത് തന്നെ വിളിച്ച് വരുത്തി തെളിവ് ചോദിക്കാൻ പോലീസിനാധികാരമില്ല എന്നായിരുന്നു. തെളിവുണ്ടായാലല്ലേ അത് നൽകാൻ പറ്റൂ.
- നരോദ പാട്ടിയ എന്ന സ്ഥലപ്പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച, പിന്നീട് കള്ളം വെളിച്ചത്തായപ്പോൾ പരിഹാസ്യമായിപ്പോയ ഗർഭിണി-ശൂലം കഥയുടെ കഥയിതാണ്.
ഇതായിരുന്നു മോദിക്കെതിരെ നടന്ന മാധ്യമ-സെകുലർ-എൻജിഒ വേട്ടയുടെ രീതി, തെളിവ് നൽകി കുറ്റവാളികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല പലരുടെയും ഉദ്ദേശം. തെളിവില്ലെങ്കിലും ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുക അതിലൂടെ മോദിയെ തകർക്കാൻ നോക്കുക. ഇതായിരുന്നു രീതി.
സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) 2009ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കഥ കള്ളമാണെന്ന് തെളിയിച്ചു. പിന്നീട് ഒരു വർഷം കഴിഞ്ഞ് കൗസർ ഭാനുവിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോ.ജെ എസ് കനോരിയ എന്ന സർക്കാർ ഡോക്ടറും കോടതിയിൽ കൊടുത്ത മൊഴിയിൽ അത് ശരിവച്ചു. തീപൊള്ളലേറ്റ് മരിച്ച കൗസർ ബാനുവിന്റെ വയറ്റിൽ ഗർഭസ്ഥ ശിശു അതെ പോലെ തന്നെയുണ്ടായിരുന്നു എന്ന്.
സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) 2009ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കഥ കള്ളമാണെന്ന് തെളിയിച്ചു. പിന്നീട് ഒരു വർഷം കഴിഞ്ഞ് കൗസർ ഭാനുവിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോ.ജെ എസ് കനോരിയ എന്ന സർക്കാർ ഡോക്ടറും കോടതിയിൽ കൊടുത്ത മൊഴിയിൽ അത് ശരിവച്ചു. തീപൊള്ളലേറ്റ് മരിച്ച കൗസർ ബാനുവിന്റെ വയറ്റിൽ ഗർഭസ്ഥ ശിശു അതെ പോലെ തന്നെയുണ്ടായിരുന്നു എന്ന്.
ഈ കഥയുടെ മറ്റൊരു പ്രയോക്താവായിരുന്നു മോദിക്കെതിരായ പോരാട്ടത്തിന് മുന്നിൽ നിർത്തപ്പെട്ടിരുന്ന ടീസ്റ്റ സെറ്റൽവാദ് എന്ന ‘ആക്ടിവിസ്റ്റ്’.
ഗർഭിണി-ശൂലം അടക്കമുള്ള കള്ളക്കഥകൾ ഉണ്ടാക്കിയതിനും കൃത്രിമമായി സാക്ഷികളെ ഉണ്ടാക്കാൻ ശ്രമിച്ചതിനും SIT അവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്.
- അരുന്ധതി റോയ് പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മുൻ എംപിയായിരുന്ന ഇഷാൻ ജാഫ്രിയുടെ കൂടെ അവരുടെ മകളെയും അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നത്. അവർ ഔട്ട്ലുക്ക് മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ ആയിരുന്നു ഇത് പറഞ്ഞത്. പക്ഷെ അമേരിക്കയിൽ താമസിക്കുകയായിരുന്ന ജാഫ്രിയുടെ മകൻ തന്നെയാണ് ആ കള്ളം പൊളിച്ചത്. ജാഫ്രിക്ക് ഒരു മകളേയുള്ളൂവെന്നും തന്റെ ആ പെങ്ങൾ സംഭവം നടക്കുമ്പോൾ തന്റെ കൂടെ അമേരിക്കയിൽ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
- പ്രചുര പ്രചാരം ലഭിച്ച മറ്റൊരു കള്ളമാണ് ഹിന്ദുക്കളെ അവരുടെ പ്രതികാരം അല്ലെങ്കിൽ കോപം പുറത്ത് വിടാൻ അനുവദിക്കണമെന്ന് മോദി പോലീസ് മേധാവികളോട് പറഞ്ഞെന്നും, അതിനായി പൊലീസ് നടപടി പതുക്കെയാക്കാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി എന്നുമുള്ള ആരോപണം. പക്ഷെ അതുന്നയിക്കുന്നവർ സൗകര്യ പൂർവം ഒളിച്ച് വക്കുന്ന കാര്യമാണ് കലാപം നിയന്ത്രിക്കാനായി പോലീസും മറ്റ് സൈന്യങ്ങളും നടത്തിയ വെടിവെപ്പിൽ മരിച്ചവരിൽ നൂറിനടുത്ത് പേർ ഹിന്ദുക്കൾ ആയിരുന്നു എന്നത്. സർക്കാരിന്റെ നിലപടെന്തായിരുന്നു എന്നതിന് തെളിവായിരുന്നു അത്.
കോൺഗ്രസ്കാരനായ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ 2005 മെയ് 11ന് പാർലമെന്റിൽ വച്ച റിപ്പോർട്ട് പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട കലാപത്തിൽ കലാപകാരികൾക്കെതിരെയുള്ള പോലീസ് വെടിവെപ്പിൽ മാത്രം കൊല്ലപ്പെട്ടത് 104 മുസ്ലിങ്ങളും 80 ഹിന്ദുക്കളും ആണ്. സർക്കാർ ഒത്താശയോടെ, മുസ്ലിങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് കൊന്ന് നടത്തിയ വംശഹത്യ എന്ന് പ്രചരിപ്പിച്ച കലാപത്തിലെ ഔദ്യോഗിക സംഖ്യകളാണ് ഇതെന്ന് ഓർക്കണം.
- കലാപം പൊട്ടിപ്പുറപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസിനെയും സൈന്യത്തെയും സർക്കാർ വിന്യസിച്ചതെന്ന ആരോപണം കൗശലപൂർവ്വമുള്ള മറ്റൊരു കള്ളമായിരുന്നു. ആരോപണപ്രകാരം 27 ആം തിയതി ഗോദ്ര തീവെപ്പ് നടക്കുന്നു, 28ന് കലാപം പൊട്ടിപ്പുറപ്പെടുന്നു, പക്ഷെ കലാപം നിയന്ത്രിക്കാനുള്ള സേനകളെ വിന്യസിക്കുന്നത് 1 ആം തിയതി മാത്രം. ഇതിലെ തിയതികളെല്ലാം വാസ്തവം തന്നെയാണ്. സർക്കാർ മനപ്പൂർവം മൂന്ന് ദിവസം വൈകിപ്പിച്ചു എന്ന് തന്നെയാണ് ഇത് കേൾക്കുന്ന ആർക്കും പെട്ടെന്ന് തോന്നുക. പക്ഷെ കലാപം തുടങ്ങിയത് ഫെബ്രുവരി മാസം 28ന് ആയിരുന്നുവെന്നും, ഫെബ്രുവരിയിൽ 28 ദിവസമേയുള്ളൂവെന്നും പിറ്റേ ദിവസം തന്നെയാണ് ഒന്നാം തിയതി എന്നും എത്ര പേർ ഓർക്കും!
28ന് തന്നെ മോദി സൈന്യത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ പാർലമെന്റ് ആക്രമണത്തിന് ശേഷമുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ സൈന്യം പാകിസ്ഥാൻ ബോർഡറിലാണെന്നും അത്യാവശ്യമാണെങ്കിൽ ‘എയർ-ലിഫ്റ്റ്’ ചെയേണ്ടി വരുമെന്നും ഉപപ്രധാനമന്ത്രി അഡ്വാനി മോദിയെ അറിയിച്ചു. അന്ന് രാത്രി തന്നെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് ഗുജറാത്തിലെത്തി 10:30ന് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് രാത്രി തന്നെ ആദ്യത്തെ സൈനികൻ അഹമ്മദാബാദ് എയർപോർട്ടിൽ കാലുകുത്തി. 13 കമ്പനി പട്ടാളം പിറ്റേന്ന്, 1 ആം തിയതി നഗരത്തിൽ വിന്യസിക്കപെട്ടു.
ഈ പറഞ്ഞതിൽ നിന്നും സേനകളെ വിന്യസിക്കാൻ സർക്കാർ വൈകിച്ചു എന്നത് കള്ളപ്രചാരണമായിരുന്നു എന്ന് തെളിയുമ്പോൾ മറ്റൊരു കാര്യം കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം;
ഈ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തത് കോൺഗ്രസ് ആണെന്നിരിക്കെ ഗുജറാത്തിന്റെ മൂന്ന് അയൽ സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ അതാതിടത്തെ റിസർവ് പോലീസിനെ അയച്ച് തരണമെന്ന മോദിയുടെ സഹായാഭ്യർത്ഥന കണ്ട ഭാവം പോലും നടിച്ചില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയായിരുന്നു അവ. പിന്നീട് മഹാരാഷ്ട്രയിൽ നിന്ന് മാത്രം ചെറിയ സംഖ്യ പോലീസിനെ അയച്ചു. മോദിക്കെതിരെ ഏറ്റവും കൂടുതൽ പടനയിച്ച ദിഗ്‌വിജയ് സിങ് ആയിരുന്നു അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി.
- മോദി വിരോധികൾ വലിയ രീതിയിൽ പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗോദ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഹിന്ദുക്കളുടെ വികാരം ആളിക്കത്തിക്കാനായി പട്ടാപ്പകൽ വിലാപയാത്രയായി അഹമ്മദാബാദിലേക്ക് കൊണ്ട് പോയി എന്നത്. സത്യത്തിൽ സർക്കാർ, ജില്ലാ മജിസ്‌ട്രേറ്റ് ജയന്തി രവിയുമായി ചർച്ച നടത്തി എടുത്ത തീരുമാനപ്രകാരം 27ന് അർദ്ധരാത്രിയിൽ തന്നെയാണ് മൃതദേഹങ്ങൾ അഹമ്മദാബാദിൽ എത്തിച്ചത്. അവിടുത്തെ സിവിൽ സർജൻ സാക്ഷ്യപ്പെടുത്തിയത് പ്രകാരം വെളുപ്പിന് 3:30ന് മൃതദേഹങ്ങൾ അവിടെയെത്തി, അപ്പോൾ തന്നെ ഭൂരിഭാഗവും ബന്ധുക്കൾ ഏറ്റുവാങ്ങി. ഏറ്റുവാങ്ങാൻ ആളില്ലാതിരുന്ന 19 മൃതദേഹങ്ങൾ പിറ്റേന്ന് വിഎച്പിക്കാർ ഏറ്റുവാങ്ങി ആശുപത്രിയോട് ചേർന്ന് തന്നെ കൂട്ടസംസ്കാരം നടത്തി. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലെ ജസ്റ്റിസ് ബി.ജെ ഗണത്ര പുറപ്പെടുവിച്ച 2013 ഡിസംബർ 26ലെ ഉത്തരവിൽ ഈ വസ്തുതകൾ എല്ലാം രേഖപ്പെടുത്തിയിരുന്നു.
ഇത്തരം കള്ളങ്ങൾക്കൊപ്പം ബോധപൂർവ്വം ചർച്ച ചെയ്യപ്പെടാതെ വിട്ട ചില വസ്തുതകളും ഉണ്ട്;
എൻജിഒകളുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും പ്രചാരണത്തിൽ ഗുജറാത്ത് മുഴുവൻ കത്തുകയാണ് എന്ന പ്രതീതി ഉണ്ടാക്കിയപ്പോൾ വാസ്തവത്തിൽ ഏതാനും പോക്കറ്റുകൾ ഒഴിച്ച് സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ശാന്തമായിരുന്നു. വിവിധ അന്വേഷണ കമ്മീഷൻ റിപോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ ആകെയുള്ള 248 നഗരപ്രദേശങ്ങളും 18000 ഗ്രാമങ്ങളും എടുക്കുകയാണെങ്കിൽ വെറും 40ഓളം പ്രദേശങ്ങൾ മാത്രമാണ് കലാപബാധിതമായിരുന്നത്.
ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു വസ്തുതയാണ് ഗോദ്രക്ക് ശേഷം നടന്ന, ഹിന്ദുക്കൾ ആക്രമണം അഴിച്ച് വിട്ട ആദ്യ ഘട്ടം കലാപം ശാന്തമായതിന് ശേഷം വീണ്ടും രണ്ടാം ഘട്ടം തുടങ്ങുന്നത് മുസ്ലിം വിഭാഗം സംഘടിച്ച് തിരിച്ചടിച്ചപ്പോഴാണ് എന്നത്. മാർച്ച് മാസം മദ്ധ്യത്തോടെ ബാപ്പുനഗർ, ബറൂച്ച്, മൊഡാസ എന്നിങ്ങനെയുള്ള മുസ്ലിം ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളിൽ വലിയതോതിലുള്ള ആക്രമണമാണ് ഹിന്ദുക്കൾക്കെതിരെ നടന്നത്. മുസ്ലിങ്ങൾ മാത്രം ആക്രമിക്കപ്പെട്ട എന്ന സിദ്ധാന്തവുമായി ഒത്തുപോവില്ല എന്നതുകൊണ്ടാണ് കലാപത്തിന്റെ ഇത്തരം വശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയത്.
കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി കലാപം അടങ്ങിയതിന് തൊട്ട് പുറകെ തന്നെ രാജി വച്ചിരുന്നു എന്നതും അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വസ്തുതയാണ്. കലാപത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി രാജി വക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ ചോരക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്നവർ വലിയ രീതിയിൽ ഉയർത്തി. സ്വന്തം പാർട്ടിയിൽ നിന്ന് പോലും എതിർ ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം രാജിവച്ച് മന്ത്രി സഭ പിരിച്ച് വിട്ട് തന്നെ ജനങ്ങൾ വിധിക്കട്ടെ എന്ന് തീരുമാനമെടുത്തു. അത് വരെ അദ്ദേഹത്തിന്റെ രാജിക്ക് മുറവിളി കൂടിയവർ പെട്ടെന്ന് നിരായുധരായി എന്ന് മാത്രമല്ല പിന്നെയവർ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുറവിളികൂട്ടാൻ തുടങ്ങി.
സർക്കാരിന്റെ പുനരധിവാസപ്രക്രിയക്ക് ലോകാരോഗ്യ സംഘടനയുടെയും (WHO) ഹൈക്കോടതിയുടെയും പ്രശംസ ലഭിച്ചിരുന്നു എന്നും കൂട്ടി വായിക്കണം. പരീക്ഷാ കാലമായത് കൊണ്ട് ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പ്രത്യേക ടൈം ടേബിൾ പ്രകാരം എസ്.എസ്.എൽ.സി പരീക്ഷക്കുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു സർക്കാർ. ജിഹാദി ഗ്രൂപ്പുകളുടെ പരീക്ഷ ബഹിഷ്കരിക്കണമെന്ന ആഹ്വനം തള്ളിക്കളഞ്ഞാണ് മുസ്ലിം വിദ്യാർത്ഥികൾ സർക്കാരിനൊപ്പം നിന്നത്.
ഇതുപോലെ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് സ്ഥിരമായി ആവർത്തിക്കുന്ന പല സംഭവങ്ങളെയും, ചർച്ച ചെയ്യപ്പെടാതെ ബോധപൂർവം ഒഴിവാക്കിയ പല വസ്തുതകളെയും അന്വേഷണ ബുദ്ധിയോടെ സമീപിച്ചാൽ മനസിലാക്കാൻ പറ്റുന്നത് കള്ളങ്ങളുടെയും അർദ്ധസത്യങ്ങളുടെയും അടിത്തറയിൽ പണിതുയർത്തിയതായിരുന്നു ഒന്നര പതിറ്റാണ്ടോളം നീണ്ട്നിന്ന മോദി വേട്ട എന്നാണ്.
അത് മറ്റാരേക്കാളും നന്നായി അറിയാവുന്നത് ഗുജറാത്തിലെ ജനങ്ങൾക്ക് തന്നെയാണെന്നതിന്റെ തെളിവാണ് പിന്നീട് തുടർച്ചയായി മൂന്ന് വട്ടം അവർ മോദിയെ ഭരണം ഏൽപ്പിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാത്ത ഗുജറാത്ത് കലാപം മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിരുദ്ധർ പ്രചാരണായുധമാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല- ഗുജറാത്തികളുടെ അടുത്ത് ചിലവാകാത്ത ഈ കള്ളങ്ങളും അർദ്ധസത്യങ്ങളും ഗുജറാത്തൊഴിച്ചുള്ള മറ്റിടങ്ങളിൽ ചിലവാകും എന്നവർക്കറിയാം.
കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്ത് കലാപം ഇന്നും ബിജെപിക്കെതിരെ ഒരു വിഷയമായി പ്രയോഗിക്കപ്പെടുമ്പോഴും ഗുജറാത്തിൽ മാത്രം ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ അത് പ്രതിപാദിക്കുക കൂടി ചെയ്യാത്തതിനും കാരണം മറ്റൊന്നല്ല.
അടുത്ത ഭാഗത്തിൽ: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.
Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.
Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.
References:
- “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
- "Narendra Modi; A Political Biography" by Andy Marino, a British biographer.
- https://en.wikipedia.org/wiki/2002_Gujarat_riots
- https://en.wikipedia.org/wiki/Nanavati-Mehta_Commission
- Various online portals.

No comments:
Post a Comment