Sunday, October 14, 2018

ശബരിമല: കമ്മ്യൂണിസ്റ്റ്മതവും ഹിന്ദുമതവും നേർക്ക് നേർ വരുമ്പോൾ

വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ലോക ചരിത്രത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്.

ആദ്യത്തെ അങ്കലാപ്പിന് ശേഷം കോൺഗ്രെസും ബിജെപിയും വരെ നിലപാട് മാറ്റാൻ നിർബന്ധിതമായ രീതിയിൽ പൊതുവികാരം ഉണർന്നപ്പോഴും പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് സർക്കാർ കോടതി വിധി നടപ്പാക്കാൻ അതിശയകരമായ തിടുക്കം കാണിക്കുകയാണ് ചെയ്തത്. കോടതി വിധിപ്പകർപ്പ് ലഭിച്ച് അതൊന്ന് പഠിക്കാൻ പോലും നിൽക്കാതെ റിവ്യൂ ഹർജി നൽകില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് 6th oct രാവിലെ തന്നെ പത്തനംതിട്ട പോലീസ് ക്യാമ്പിൽ നിന്ന് യുവതികളായ വനിതാ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്കായി സന്നിധാനത്ത് എത്തിക്കുമെന്ന് അറിയുന്നു.


കയ്യേറ്റഭൂമിയിൽ കാട്ട്കള്ളന്മാർ പോലീസിനെ അകറ്റാനായി അനധികൃതമായി സ്ഥാപിച്ച കോൺക്രീറ്റ് കുരിശുകളെ നിയമം പിഴുതെറിഞ്ഞ സന്ദർഭത്തിൽ വിശ്വാസികളുടെ വികാരത്തെ പറ്റി വല്ലാത്ത വേദനയോടെ വാചാലനായി, കളക്ടറെ തന്നെ സ്ഥലം മാറ്റി കളഞ്ഞത് ഇതേ പിണറായി വിജയൻ തന്നെയാണ്.

ഇതിൽ നിന്ന് മനസിലാക്കാവുന്നത് കോടതികളെ ശുംഭന്മാർ എന്ന് വിളിച്ചവർക്ക് കോടതിവിധികളോട് പെട്ടെന്ന് വന്ന ബഹുമാനമല്ല ഈ തിടുക്കത്തിന് പിന്നിലെ ചേതോ വികാരം എന്ന് തന്നെയാണ്. മുത്തലാക്ക് വിധിയെ ഇവർ അനുകൂലിക്കാത്തതിൽ നിന്ന് സ്ത്രീകൾക്ക് തുല്യത വാങ്ങിക്കൊടുക്കാനുള്ള അമിതാവേശവുമല്ല എന്നും മനസിലാക്കാം.
പിന്നെ എന്തായിരിക്കും വിശ്വാസികളോട് യുദ്ധം പ്രഖ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശബരിമല നിലപാടിന് പിന്നിൽ.

വിനാശകാലേ വിപരീത ബുദ്ധി എന്നതിൽ കവിഞ്ഞ് അതിന് ചരിത്രപരമായ വേരുകളും ഉണ്ട്. വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുള്ളതിന് ലോക ചരിത്രത്തിൽ ഉദാഹരണങ്ങൾ നിരവധിയാണ്. കീഴടക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം ചവിട്ടിത്തേക്കാൻ വേണ്ടിയാണ് പരാജയപ്പെട്ടവരുടെ സ്ത്രീകളെ അക്രമണകാരികൾ ബലാത്സംഗത്തിന് ഇരയാക്കുത്. ഇന്നലെ 5th Oct പ്രഖ്യാപിക്കപ്പെട്ട സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച രണ്ട് പേർക്കും അത് ലഭിച്ചത് യുദ്ധമുഖങ്ങളിൽ ബലാത്സംഗത്തിന് ഇരയാവുന്ന സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടി അവർ നടത്തിയ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്.

അത്പോലെ തന്നെയുള്ള അലിഖിതമായ മറ്റൊരു യുദ്ധമുറയാണ് കീഴടക്കപ്പെട്ട ജനതയുടെ മേൽ മാനസികമായ മേൽക്കൈ നേടുന്നതിനായി അവരുടെ വിശ്വാസത്തിന്റെ ചിന്ഹങ്ങളെ കളങ്കപ്പെടുത്തുന്നതും തച്ച് തകർക്കുന്നതും.
കീഴടക്കപ്പെട്ടവന്റെ വിശ്വാസത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ബിംബങ്ങളാണ് അങ്ങനെ അക്രമിക്കപ്പെടുക. അത് ചിലപ്പോൾ അങ്ങനെയൊന്നിനെ പൊളിച്ച് കളഞ്ഞിട്ടാവാം (destroying), അല്ലെങ്കിൽ കളങ്കപ്പെടുത്തിയിട്ടാവാം (desecrating), അല്ലെങ്കിൽ സ്വന്തമാക്കിക്കൊണ്ടാവാം.

റോമൻസ്, ബാബിലോണിയൻസ് എന്നൊക്കെ പറഞ്ഞ് മാറിമാറി വന്ന അക്രമണകാരികൾ ജൂതന്മാരുടെ പുരാതന ജെറുസലേമിനെ അക്രമിച്ചപ്പോഴെല്ലാം അവർ തച്ച് തകർത്തത് ജൂതന്മാരുടെ ഏറ്റവും വിശുദ്ധ ക്ഷേത്രമായ 'സോളമന്റെ ടെംപിൾ' എന്നറിയപ്പെടുന്ന ആരാധനാലയത്തിനെയായിരുന്നു. ഓരോ പ്രാവശ്യവും അത് പുനർനിർമിക്കപ്പെട്ടു - വീണ്ടും ആക്രമിക്കപ്പെട്ടു. സമാനമാണ് ഭാരതത്തിലെ സോമനാഥ ക്ഷേത്രം. അനേകം തവണ വിദേശ ഇസ്ലാമിക അധിനിവേശ ശക്തികൾ തച്ച് തകർത്തു വീണ്ടും വീണ്ടും ഭാരതം പുനർനിർമിച്ചു.

ഇസ്ലാമിക അധിനിവേശ ശക്തികളെ തുരത്തിയോടിച്ച സ്പെയിനിൽ നടന്ന റെകോൺക്വിസ്റ്റ (Reconquista) എന്ന പ്രക്രിയയിലും സംഭവിച്ചത് അധിനിവേശകാലത്ത് മുസ്ലിം പള്ളികളാക്കിമാറ്റപ്പെട്ട ക്രിസ്തീയ ദേവാലയങ്ങളെയെല്ലാം സ്പെയിൻകാർ തിരിച്ച് പിടിച്ച് ചർച്ചുകൾ ആക്കി മാറ്റിയതായിരുന്നു.

കേരളത്തിലെ ടിപ്പുവിന്റെ പടയോട്ടവും അതിൽ അനവധി നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതും സൂചിപ്പിക്കുന്നതും ഈ അധിനിവേശവും അതിലെ അവിഭാജ്യ ഘടകമായ തോറ്റവന്റെ വിശ്വാസം ധ്വംസിക്കപ്പെടുന്നതും നമുക്കും അപരിചിതമല്ല എന്നാണ്.

ക്ഷേത്രമുറ്റത്ത് വച്ച് പശുവിനെ കൊന്ന് അതിന്റെ മാംസം വിഗ്രഹത്തിലേക്ക് വലിച്ചെറിയുന്നതും, പൂജാരികളെകൊണ്ട് അതെ പശുമാംസം തീറ്റിക്കുന്നതും കളങ്കപ്പെടുത്തിൽപെട്ടതാണ്. തോൽപിക്കപ്പെട്ടവൻ അവന്റെ വിശ്വാസം നിലനിർത്താനായി അധിനിവേശക്കാരന് കപ്പം നൽകേണ്ടി വരുന്നതും ഇതിൽപെട്ടതാണ്. ഇസ്ലാമിക അധിനിവേശക്കാലത്തെ അവിശ്വാസികൾ നൽകേണ്ടിയിരുന്ന 'ജസിയ' എന്ന ടാക്സ് അത്തരത്തിൽ ഒന്നായിരുന്നു. എല്ലാം തോൽപ്പിക്കപ്പെട്ടവന്റെ മേൽ മാനസികമായി മേൽക്കോയ്മ നേടാനുള്ള യുദ്ധതന്ത്രങ്ങൾ.

ഇതെല്ലം ജനാധിപത്യം വരുന്നതിന് മുൻപത്തെ മസിൽ പവറിന്റെ കാലത്തെ ചരിത്രങ്ങൾ ആണ്. ജനാധിപത്യത്തിന്റെ കാലത്ത് ഇതുപോലെ നേരിട്ട് കീഴടക്കാനും തകർക്കാനും കളങ്കപ്പെടുത്തുവാനും ഒന്നും കഴിയില്ല. അപ്പോഴാണ് സ്വന്തമാക്കി നശിപ്പിക്കുക എന്ന നയം എടുക്കുന്നത്.

ഇതാണ് ശബരിമലയുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നത്. അധികാരം കിട്ടിയതിന് ശേഷം ദേവന്റെ കാര്യങ്ങൾ നോക്കിനടത്താനുള്ള ദേവസ്വം ബോർഡ് കയ്യടക്കിക്കഴിഞ്ഞപ്പോൾ അവർ, ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ മുഖത്ത് നോക്കി പറഞ്ഞത് ശബരിമലയിലും മറ്റും ദേവഹിതം നോക്കാൻ സൗകര്യമില്ല എന്നാണ്. അവരുടെ ഇന്നത്തെ ആൾദൈവമായ പിണറായിയുടെ ഹിതം ആയിരിക്കും നടപ്പാക്കുക എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന ചിത്രം വിളിച്ചോതുന്നു.

കമ്മ്യൂണിസം ഒരു രാഷ്ട്രീയ പാർട്ടിയല്ലേ അതിനെ മേൽപറഞ്ഞ അധിനിവേശ ശക്തികളുമായിമായി താരതമ്യം ചെയ്യാമോ എന്ന് ചോദിച്ചാൽ അത് വളരെ കൃത്യമാണ് എന്ന് തന്നെയാണ് ഉത്തരം.

മറ്റേതൊരു ഏകദൈവ - സെമിറ്റിക് മതത്തെയും പോലെ എതിർ വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്ത് ഏത് വിധേനയും സ്വന്തം അധീശത്വം ലോകം മുഴുവൻ വരണം, വരുത്തണം എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്ന, ഒരു സെമിറ്റിക് മതത്തിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ പ്രത്യയ ശാസ്ത്രമാണ് കമ്മൂണിസം. അതുകൊണ്ടാണ് മറ്റൊരു രാഷ്ട്രീയപാർട്ടിക്കും ഇല്ലാത്ത വിധം കമ്മൂണിസ്റ്റ് പാർട്ടി മാത്രം മറ്റ് പാർട്ടികളെ വയലൻസിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്, കമൂണിസം ശക്തമായ നാടുകളിൽ മാത്രം രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകങ്ങൾ പോലും നടക്കുന്നത്. കാറൽ മാക്സ് എന്ന ജര്മന്കാരന്റെ വചനങ്ങളിൽ കെട്ടിപ്പടുത്ത്, യൂറോപ്പിൽ ഉദയം ചെയ്ത, തങ്ങളുടേത് മാത്രം സത്യത്തിന്റെ വഴി, തങ്ങളിൽ വിശ്വസിക്കാത്തവരെല്ലാം അവിശ്വാസികൾ, പാപികൾ, കാഫിറുകൾ, അവരെ ഇല്ലായ്മ ചെയ്യുന്നത് പാർട്ടി പ്രവർത്തനം, ജിഹാദും കുരിശ് യുദ്ധവും പോലെ, എന്നെല്ലാം കരുതുന്ന ഒരു പ്രത്യശാസ്ത്രമാണ് കമ്മ്യൂണിസം. ഇസ്ലാം, കൃസ്ത്യാനിറ്റി എന്നെല്ലാം പോലെ ഒരു വൈദേശിക അധിനിവേശ മതം തന്നെയെന്ന് കമ്മൂണിസവുമെന്ന് പറയാൻ കാരണമിതാണ്.

കമ്മൂണിസ്റ്റ്കാരെ സംബന്ധിച്ച് ഇന്ത്യയിൽ തങ്ങളുടെ അപ്രമാദിത്യം നിലനിൽക്കുന്ന ഒരേയൊരു സ്ഥലം കേരളമാണ്. അവർക്ക് കീഴ്പ്പെട്ടിരിക്കുകയാണ് കേരളം. ആ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ വിശ്വാസം ആണ് ഹിന്ദുത്വം. അതുകൊണ്ടാണ് അതിനെ തകർക്കാൻ അവർ ആവും വിധം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കീഴടക്കപ്പെട്ടവന്റെ വിശ്വാസത്തിന്റെ ഏറ്റവും തലയെടുപ്പുള്ള ബിംബങ്ങളാണ് അങ്ങനെ അക്രമിക്കപ്പെടുക. അത് ചിലപ്പോൾ അങ്ങനെയൊന്നിനെ പൊളിച്ച് കളഞ്ഞിട്ടാവാം അല്ലെങ്കിൽ കളങ്കപ്പെടുത്തിയിട്ടാവാം അല്ലെങ്കിൽ സ്വന്തമാക്കിക്കൊണ്ടാവാം എന്ന് പറഞ്ഞല്ലോ. ഇവിടെ കമ്മ്യൂണിസ്റ്റുകാരാൽ കീഴടക്കപ്പെട്ട ഹിന്ദുജനതയുടെ ഏറ്റവും തലയെടുപ്പുള്ള ബിംബമാണ് ശബരിമല.

കമ്മ്യൂണിസ്റ്റുകാർക്ക് കേരളത്തിലെ ഹിന്ദുവിനോട് മാത്രം പ്രത്യേകിച്ചുള്ള എതിർപ്പല്ല ഇത്. ഏക്സ്പാൻഷനിസ്റ്റ് (expansionist) ആയ ഒരു മതത്തിന്റെ സ്വഭാവം ഉള്ള അവർക്ക് മറ്റ് എല്ലാ മതങ്ങളും ശത്രുക്കൾ തന്നെയാണ്. പക്ഷെ ഒരു സമയം ഒരു ശത്രുവിനെ നേരിടുക എന്ന വളരെ യാഥാർഥ്യബോധത്തോടെ അവർ ആദ്യം കേരളത്തിലെ ഹിന്ദുവിനെ ഇല്ലായ്മ ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്നേയുള്ളൂ. നാളെ ഹിന്ദു പൂർണമായി കീഴടങ്ങിക്കഴിഞ്ഞാൽ അടുത്തതായി ടാർഗറ്റ് ചെയ്യുക ക്രിസ്ത്യനിറ്റിയെയോ ഇസ്ലാമിനെയോ ആയിരിക്കും.

കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യം നടമാടുന്ന ചൈനയിൽ അവരുടെ ഇരകൾ ഇസ്ലാമും ക്രിസ്ത്യനിയുമാണെന്ന് വാർത്തകളിൽ നിന്ന് നമ്മൾ കാണുന്നുണ്ട്. ഇസ്ളാം, ക്രിസ്ത്യനിറ്റി, കമ്മൂണിസം എന്നീ 'മൂന്ന് മതങ്ങൾ' തമ്മിലുള്ള അധീശത്വത്തിനു വേണ്ടിയുള്ള ആഗോള മത്സരത്തിലെ ഒരു കാഴ്ചയാണ് ചൈനയിൽ കാണുന്നത്. മൂന്ന് കൂട്ടരിൽ ആർക്കാണോ മേൽക്കൈ അവർ മറ്റ് രണ്ട് കൂട്ടരെയും ചവിട്ടിത്തേക്കുന്നത് കാണാം. ലോകത്ത് ബാക്കിയെല്ലായിടത്തും കമ്യൂണിസം തോറ്റു.

ഇത് മനസിലാക്കിയാൽ കേരളമെന്ന ഇട്ടാവട്ടത്തിലെ ഹിന്ദു എന്ന ശത്രു അവരുടെ ലക്ഷ്യമല്ല മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു തടസം മാത്രമാണെന്ന് കാണാം

ഓർക്കുന്നില്ലേ, ഒരു ക്ഷേത്രം പൊളിച്ച് കളഞ്ഞാൽ അത്രയും അന്ധവിശ്വാസം ഇല്ലാതായി, ക്ഷേത്രത്തിൽ വിളിക്കിലൊഴിക്കുന്ന എണ്ണകൊണ്ട് പപ്പടം കാച്ചണം, ക്ഷേത്രം പൊളിച്ച് കപ്പ നടണം എന്നൊക്കെയുള്ള പുരോഗമനത്തിൽ പൊതിഞ്ഞ എൺപതുകളിലെ കമ്മൂണിസ്റ്റ് മഹത് വാക്യങ്ങൾ. ഓർക്കുന്നില്ലേ അന്ന് രാമായണമാസാചരണത്തിലൂടെയും ബാലഗോകുലത്തിലൂടെയും അതിനെ ഇവിടുത്തെ ഹിന്ദു ജനത ചെറുത്ത് തോല്പിച്ചത്.

അതിന് ശേഷമാണ് ഹിന്ദുമതത്തെ പുറത്ത് നിന്ന് ആക്രമിച്ച് തോൽപ്പിക്കാനാവില്ല എന്ന് ബോധ്യപ്പെട്ട അവർ അകത്ത് നിന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമം ആരംഭിച്ചത്. അങ്ങനെയാണ് നിരീശ്വരവാദികൾ ആയിട്ടും അവർ ക്ഷേത്രക്കമ്മിറ്റികളിൽ കയറിക്കൂടിയത്, ക്ഷേത്രോത്സവങ്ങൾ നടത്താൻ മുന്നിൽ നിൽക്കുന്നതായി ഭാവിക്കുന്നത്. അതിൽ അവർ 'ഇപ്പോൾ' ഒരു പരിധി വരെ വിജയിച്ചു നിൽക്കുന്നു എന്നാണ് ശബരിമലയുമായുള്ള സംഭവവികാസങ്ങൾ കാണിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തിലെ ട്രോജൻ കുതിരയുമായാണ് ഇതിന് താരതമ്യം. ഗ്രീക്കാരുടെ പത്ത് വർഷം നീണ്ട ഉപരോധത്തിന് മുന്നിൽ പിടിച്ചു നിന്ന ട്രോയ് എന്ന സ്വതന്ത്ര സിറ്റി സ്റ്റേറ്റ് നെ അവർ തോൽപിച്ചത് ഇവിടെ സ്മരണീയമാണ്.

ആ കഥ ഇങ്ങനെയാണ്. പത്ത് വർഷത്തോളം ഗ്രീക്ക് ആക്രമണങ്ങളെ ട്രോയ് എന്ന സ്വന്തന്ത്ര നഗര രാഷ്ട്രം വിജയകരമായി ചെറുത്ത് തോല്പിച്ചു. ഒരിക്കൽ പോലും നഗരകവാടം കടക്കാൻ ഗ്രീക്ക് പട്ടാളത്തിനായില്ല. ഒരു ദിവസം ഗ്രീക്ക് സൈന്യം പിൻവാങ്ങുന്നതായി നടിച്ച് കടൽ കടന്നു. പോകുന്നതിന് മുൻപ് ട്രോയ് കോട്ടക്ക് പുറത്ത് അവർ ഒരു കൂറ്റൻ മരക്കുതിരയെ ഉണ്ടാക്കി വച്ചു. കുതിര ട്രോയ് ടെ ഔദ്യോഗിക ചിഹ്നമായിരുന്നു. ആ മരക്കുതിരക്കുള്ളിൽ ഗ്രീക്കുകാരുടെ ഏറ്റവും മികച്ച പോരാളികളെ സർവായുധ സജ്ജരാക്കി ഒളിപ്പിച്ച് വച്ചിരുന്നു.


ട്രോയ് സൈന്യം നോക്കുമ്പോൾ ഗ്രീക്ക് പട്ടാളത്തിന്റെ പൊടിപോലുമില്ല. അവർ കോട്ടവാതിൽ തുറന്ന് ആ മരക്കുതിരയെ കെട്ടിവലിച്ച് നഗരമധ്യത്തിൽ കൊണ്ടുവന്ന് വിജയം ആഘോഷിച്ചു. പക്ഷെ അന്ന് രാത്രി ആഘോഷമെല്ലാം കഴിഞ്ഞ് കുടിച്ച് ഉന്മത്തരായി ട്രോയ് ജനം മുഴുവൻ ഉറങ്ങിയ സമയത്ത് കുതിരക്കുള്ളിലെ ഗ്രീക്ക് പട്ടാളം പുറത്തിറങ്ങി കോട്ടവാതിൽ അകത്ത് നിന്ന് തുറന്നു. രാത്രിയുടെ മറപറ്റി തിരിച്ചെത്തിയ ഗ്രീക്ക് സൈന്യം അങ്ങനെ അകത്ത് കടന്ന് വളരെ എളുപ്പത്തിൽ ട്രോയ് യെ കീഴടക്കി.

ഇതിൽ ട്രോയ് എന്ന് പറയുന്നത് പതിറ്റാണ്ടുകളായി കമ്മൂണിസ്റ്റുകളുടെ അധിനിവേശത്തെ ചെറുത്ത് നിൽക്കുന്ന കേരളത്തിലെ ഹിന്ദു ജനതയാണ്. അവരെ പുറത്ത് നിന്ന് ആക്രമിച്ച് തോൽപ്പിക്കാനാവാത്തത്കൊണ്ട് ചതിയിലൂടെ അകത്ത് കടന്ന് ഉള്ളിൽ നിന്ന് തോൽപിക്കാൻ ശ്രമിക്കുന്ന ചതിയന്മാരായ ഗ്രീക്കുകാർ ആണ് കമ്മൂണിസ്റ്കാർ. പുരോഗമനവും സ്വയം നവീകരിക്കാനുള്ള ഹിന്ദുവിന്റെ കഴിവുമാണ് ട്രോയ് ടെ ചിഹ്നമായിരുന്ന കുതിര. ആ പുരോഗമനം എന്ന ട്രോജൻ കുതിരയുടെ ഉള്ളിൽ കയറിയാണ് കമ്മൂണിസ്റ്കാർ ഹിന്ദുവിന്റെ കോട്ടക്കകത്ത് ഇപ്പോൾ കയറിയിരിക്കുന്നത്. അവർക്കതിനെ തകർക്കാൻ കഴിയുമോ എന്ന് മാത്രമാണ് ഇനി കാണാനുള്ളത്. എൺപതുകളിൽ കണ്ടത് പോലെ ഒരു തിരിച്ചുവരവ് ഹിന്ദുവിന് സാധ്യമാവുമോ എന്നാണ് ഇനി കാണാനുള്ളത്.

സുപ്രീം കോടതിയാണ് പിണറായി അല്ല എന്നൊക്കെ കമ്മ്യൂണിസ്റ്റ്കാർക്ക് കുതർക്കം ഉന്നയിക്കാമെങ്കിലും ഇക്കാര്യത്തിൽ മുൻസർക്കാരിന്റെ നിലപാട് തിരുത്തിയതും, വിധിക്ക് ശേഷമുള്ള പിണറായിയുടെ ധാർഷ്ട്യവും, തിടുക്കവും അതിനെയെല്ലാം അപ്രസക്തമാക്കുന്നു.

നേരത്തെ സൂചിപ്പിച്ച ജൂതന്മാരുടെ സോളമന്റെ ക്ഷേത്രം പോലെ, ഭാരതത്തിലെ സോമനാഥ് ക്ഷേത്രം പോലെ, സ്പെയിനിലെ അനേകം ക്രിസ്തീയ ദേവാലയങ്ങൾ പോലെ കേരളത്തിലെ ഹിന്ദുവിന്റെ അഭിമാനസ്തംഭമാണ് ശബരിമല ക്ഷേത്രം. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ എല്ലാം മറന്ന്, ജാതിയും എന്തിന് മതത്തിന്റെ പോലും വ്യത്യാസമില്ലാതെ എല്ലാവരും സ്വാമി എന്ന ഭാവത്തിൽ തീർത്ഥാടനം നടത്തുന്ന സാമൂഹ്യമായ തുല്യതയുടെ മകുടോദാഹരണമായ, കേരളത്തിലെ ഹിന്ദുവിന്റെ സ്വകാര്യ അഹങ്കാരമാണ് ശബരിമല.

അതുകൊണ്ടാണ് ഹിന്ദുവിന്റെ മേൽ അധിനിവേശം നടത്തിയ കമ്മ്യൂണിസ്റ്റ് മതം ശബരിമലയെ തന്നെ ആക്രമിച്ച് ഹിന്ദുവിന്റെ മേലുള്ള അധീശത്വം ഉറക്കെ ഉദ്ഘോഷിക്കുന്നത്.
കോടതി വിധി വന്നതിന് ശേഷമുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വെല്ലുവിളിയുടെ സ്വരത്തിലുള്ള ദാർഷ്ട്യ പ്രകടനം സൂചിപ്പിക്കുന്നത് ഹിന്ദുവിന്റെ മേൽ കൈവരിച്ച ആ വിജയം അവർ വിളിച്ച് കൂവുന്നതാണ്.

എൺപതുകൾക്ക് ശേഷം കണ്ടത് പോലെ കമ്മൂണിസ്റ്റ് അധിനിവേശകരിൽ നിന്ന് വിജയം തിരിച്ച് പിടിച്ച ആ ഒരു തിരിച്ചുവരവ് ഹിന്ദുവിന് ഇത്തവണ സാധ്യമാവുമോ എന്നാണ് ഇനി കാണാനുള്ളത്. രാഷ്ട്രീയത്തിനതീതമായി ഹിന്ദു ഒരുമിച്ച് തെരുവിലിറിങ്ങയിരിക്കുന്നത് ഒരു ശുഭസൂചനയാണ്. തുടക്കത്തിൽ മാറി നിന്ന, കൂടെ നിൽക്കേണ്ട പലരും നിലപാട് മാറ്റാൻ നിര്ബന്ധിതമായതും ഒരു ശുഭസൂചനയാണ്.

Sunday, October 7, 2018

ശബരിമല: സുപ്രീം കോടതി വിധിയിലെ പ്രശ്‍നം എന്താണ്


ശബരിമല വിധിയിലെ പ്രശ്നം എന്താണെന്ന് പറയാം.

രണ്ട് വശങ്ങൾ ആണ് ഇതിലുള്ളത്.

ഒന്ന്, മതേതര സ്ഥാപനങ്ങളായ സർക്കാരോ, കോടതിയോ ഒരു മതവിഭാഗത്തിന്റെ മാത്രം കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിലെ ശരികേട്.

രണ്ട്, ശബരിമലക്ക് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ മറ്റ് ആയിരക്കണക്കിന് ക്ഷേത്രങ്ങൾക്കില്ലാത്ത എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിലെ ഒരു പ്രധാനപ്പെട്ട ഒരു ഘട്ടം വിജയിക്കുന്ന കാഴ്ചയി ഈ സുപ്രീം കോടതി വിധി.


ഇതിലേക്കെല്ലാം വിശദമായി കടക്കുന്നതിന് മുൻപ് ഒരു കാര്യം കൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു:

ഇതേ കോടതി മുത്തലാക്ക് നിരോധിച്ചപ്പോൾ ഇല്ലാത്ത പ്രശ്നം എന്താണിതിലുള്ളത്?,
പണ്ട് 'സതി' എന്ന ദുരാചാരം നിരോധിച്ചപ്പോഴും ഇത്പോലെ എതിർത്തിട്ടുണ്ടാവില്ലെ?
ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുന്നോട്ട് പോകാൻ കഴിയില്ല.

ശബരിമല വിഷയവുമായി നോക്കുമ്പോൾ തെറ്റായ താരതമ്യങ്ങൾ ആണ് ഇവ രണ്ടും. വിശ്വാസത്തിന്റെ പേരിൽ സ്ത്രീയെ 'കൊല്ലുന്ന' ഒരു ‘ക്രിമിനൽ കുറ്റ’മായിരുന്നു സതി. സ്ത്രീകളുടെ ജീവൻ തന്നെ ഇല്ലാതാക്കുന്ന അങ്ങനെ പൊതുസമൂഹത്തിന്റെ വിഷയമായ ഒരു സാമൂഹ്യ ദുരാചാരം - social evil - ആയിരുന്നു സതി. അതിൽ ഒരു സെക്കുലർ സർക്കാരിനും, രാജ്യത്തെ നീതിന്യായ കോടതിക്കും ഇടപെടാൻ ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ട്.

അതുപോലെ മുത്തലാക്കും വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ജീവിതം വഴിമുട്ടിക്കുന്ന ഒന്നായിരുന്നു. അതിലൂടെ വലിച്ചെറിയപ്പെടുന്ന സ്ത്രീജീവിതങ്ങൾ സാമൂഹികമായ പ്രശ്നം ആയിരുന്നു. അതുകൊണ്ട് തന്നെ കോടതിക്കും സർക്കാരിനും അതിൽ ആ സ്ത്രീകൾക്ക് വേണ്ടി നിൽക്കേണ്ട ഉത്തരവാദിത്വം ഉണ്ട്.
സതിയും മുത്തലാക്കും രാജ്യം മുഴുവൻ വരുന്ന കാര്യങ്ങൾ ആയിരുന്നു.

ഇത് രണ്ടിനെയും രാജ്യത്തെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളിൽ ഒന്നിൽ മാത്രം ഉള്ള ഒരു ആരാധന സമ്പ്രദായവുമായി താരതമ്യം ചെയ്യുന്നത് എങ്ങിനെയാണ്?

ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ 'യുവതി നിയന്ത്രണം' എങ്ങിനെയാണ് സതി, മുതലാക്ക് പോലുള്ള social evils ആയി താരതമ്യം ചെയ്യുന്നത്?
ഇത് ഒരു ആരാധനാ രീതിയും മറ്റ് രണ്ടും ദുരാചാരങ്ങളും അല്ലെ.
രണ്ടിനെയും ഒരേ നുകത്തിൽ കെട്ടുന്നതെങ്ങിനെ?

മറ്റ് രണ്ട് കേസിലെയും പോലെ ശബരിമലയിലെ ആരാധനാ രീതി രാജ്യത്തെ സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തിനു -right to live- മേൽ വെല്ലുവിളിയാവുന്നുണ്ടോ?

അവരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ടോ?

ഇല്ല എന്നല്ലേ ഉത്തരം.

പിന്നെ എന്ത് താരതമ്യം ആണ് ശബരിമല വിഷയത്തിന് സതിയും മുത്തലാക്കുമായി ഉള്ളത്?

അങ്ങനെയല്ലാത്തിടത്തോളം സർക്കാർ പോലെ കോടതി പോലെ ഉള്ള സെക്കുലർ സ്ഥാപനങ്ങൾക്ക് അതിൽ ഇടപെടേണ്ട കാര്യം എന്താണുള്ളത്?

ആരാധനയും ദുരാചാരവും തമ്മിൽ കടലും കടലയും തമ്മിലുള്ള വ്യത്യാസമുണ്ട്.

ഇനി പ്രധാന വിഷയത്തിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതിലെ രണ്ടാമത്തെ വശം ആദ്യം പരിശോധിക്കാം:

ശബരിമലക്ക് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ മറ്റ് ആയിരക്കണക്കിന് ക്ഷേത്രങ്ങൾക്കില്ലാത്ത എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിലെ ഒരു പ്രധാനപ്പെട്ട ഒരു ഘട്ടം വിജയിക്കുന്ന കാഴ്ചയി ഈ സുപ്രീം കോടതി വിധി.

രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ പോലെ വെറും സാധാരണമായ മറ്റൊരു ക്ഷേത്രം മാത്രമാണ് ശബരിമല എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾക്ക് വായന ഇവിടെ നിർത്താം. ഇനി പറയാൻ പോകുന്നതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാവാൻ വഴിയില്ല.

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വ്രതമെടുത്ത് മണ്ഡലകാലത്ത് -മകരമാസത്തിൽ , ഡിസംബർ-ജനുവരി കാലം - ശബരിമലയിൽ പോയവർക്ക് അറിയാം ആ സമയത്തിന്റെ അനുഭൂതി. നാടെങ്ങും ദേശവിളക്കുകൾ ആയിരിക്കും ആ സമയത്ത്. ശരണം വിളികളാൽ മുഖരിതമായ സന്ധ്യകൾ ആയിരിക്കും ആ നാളുകളിൽ. വർഷത്തിലെ ആ രണ്ട് മാസക്കാലം നാട് മുഴുവൻ ഹൈന്ദവ ഭക്തിയുടെ അക്ഷ രാർത്ഥത്തിലുള്ള വേലിയേറ്റം തന്നെയാണ് ദൃശ്യമാവുക.

അത് കൊണ്ടാണ് ഒരിക്കൽ ആ അനുഭൂതി സ്വയം അറിഞ്ഞ ഒരു ഭക്തൻ ഇനി അടുത്ത വർഷം പോകുന്നില്ല എന്ന് തീരുമാനിച്ചാലും അടുത്ത മണ്ഡലകാലം വരുമ്പോൾ തീരുമാനം മാറ്റുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്പത് ഉണ്ടെന്ന് പറയപ്പെടുന്ന തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിനോ, പിന്നെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനോ ഇല്ലാത്തതും ശബരിമല അയ്യപ്പ ക്ഷേത്രതിനുള്ളതുമായ പ്രത്യേകതയാണ് അത്. അതാണ് കേരളത്തിലെ ഹിന്ദു ജീവിതത്തിൽ ശബരിമലക്കുള്ള സവിശേഷ സ്ഥാനം. ഇതംഗീകരിക്കുന്നവർക്ക് തുടർന്നും വായിക്കാം.

അങ്ങനെ കേരളത്തിലെ, ഒരു പരിധി വരെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും, ഹിന്ദുത്വത്തിന്റെ നേടും തൂൺ ആണ് ശബരിമല എന്ന് കാണാം.

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മതം മാറ്റ ലോബിക്ക് ഏറ്റവും വലിയ തലവേദന ശബരിമല ആണെന്ന വാദത്തിന്റെ അടിസ്ഥാനവും അത് തന്നെയാണ്.

പത്മനാഭസ്വാമി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും പോലുള്ള എണ്ണം പറഞ്ഞ ക്ഷേത്രങ്ങൾ വേറെ ഒരുപാടുണ്ടായിട്ടും ശബരിമല മാത്രം എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതും പല പ്രാവശ്യം പലവിധം അക്രമണങ്ങൾക്കിരയായതും സൂചിപ്പിക്കുന്നത് ശബരിമലക്ക് മാത്രമുള്ള ആ പ്രത്യേകതയും, അതുമൂലം ഊർജ്വസ്വലമായി നിൽക്കുന്ന ഹിന്ദുത്വവും, അത് ചിലരുടെ കണ്ണിലെ കരടാവുന്നു എന്നതുമാണ്.

ശബരിമല തീവെപ്പ്, കുരിശ് പ്രത്യക്ഷപ്പെട്ട നിലക്കൽ വിവാദം, ജയമാല വിവാദം, കുറച്ച് വർഷങ്ങൾ തുടർച്ചയായി മണ്ഡലകാലങ്ങളിൽ മാത്രം ഉയർന്ന് വരാറുള്ള, ഇക്കഴിഞ്ഞ മഹാപ്രളയസമയത്ത് പോലും ഉണ്ടാവാതിരുന്ന മുല്ലപെരിയാർ പൊട്ടൽ ഭീഷണി. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് കേരളവുമായോ, ശബരിമലയുമായോ, ഭക്തരുമായോ യാതൊരു ബന്ധവുമില്ലാത്ത Indian Young Lawyers Association എന്ന സംഘടന ഇന്ന് സുപ്രീം കോടതിയിൽ നിന്ന് സമ്പാദിച്ചിരിക്കുന്ന വിധി.

സുപ്രീം കോർട്ടിൽ നടന്ന വാദം കേൾക്കലിന്റെ അവസാന ദിവസങ്ങളിൽ ആ പരാതിയിൽ ഒപ്പിട്ടിരുന്ന വനിതാ വക്കീൽ പ്രേരണ കുമാരി കേസിൽ നിന്ന് പിന്മാറിയിരുന്നു. അപ്പീലിൽ ഒപ്പിടുന്ന സമയത്ത് ശബരിമലയെ കുറിച്ച് അറിയില്ലെന്നായിരുന്നു അവർ പറഞ്ഞത്.  തങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു എന്നും വൈകിയ വേളയിലാണ് സത്യം തിരിച്ചറിയുന്നത് എന്നുമാണ് അവർ പറഞ്ഞത്. അതുകൊണ്ടാണ് മുകളിൽ സൂചിപ്പിച്ച വിവാദ-ആക്രമണ പരമ്പരയുടെ തുടർച്ചയായി ശബരിമല നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ ചേർന്ന് കൊടുത്ത കേസ് ആണിതെന്ന് സംശയിക്കാൻ കാരണം.

(https://barandbench.com/sabarimala-case-petitioners-bhakti-pasrija-prerna-kumari/)

അത്കൊണ്ടാണ് ഇതിനെ ഹിന്ദു മതത്തിലെ പുരോഗമന വിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മിലുള്ള മത്സരം ആയിക്കാണാൻ സാധിക്കാത്തത്.

സ്ത്രീകളും കൂടി പോകുന്നത് കൊണ്ട് ശബരിമലക്ക് മാത്രമുള്ള ആ പ്രത്യേകത - മണ്ഡലകാലം എന്ന വർഷത്തിലെ 2 മാസക്കാലം നാട്ടിൽ ഉണ്ടാവുന്ന ഭക്തിയുടെ തിരതള്ളലിനും, അതിലൂടെ ഹിന്ദുത്വം പുത്തൻ ഊർജ്ജം കൈവരിക്കുന്നതിനും കരണമാവുക എന്ന പ്രത്യേകത - ഇല്ലാതാവുന്നതെങ്ങിനെ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം.

ഇതുവരെ ഇല്ലാതിരുന്ന സ്ത്രീകളും കൂടി ആവുമ്പൊ ആ ഭക്തിയുടെ അന്തരീക്ഷം കൂടുതൽ ശക്തമാവുകയല്ലേ ഉണ്ടാവുക. ന്യായമായ ചോദ്യം.

മണ്ഡലകാലത്ത് മലക്ക് പോയവർക്കറിയാം പമ്പ മുതൽ സന്നിധാനം വരെ മിക്ക ദിവസങ്ങളിലും അഞ്ചും പത്തും മണിക്കൂറുകൾ നീളുന്ന ക്യൂവും, വിയർത്ത് കുളിച്ച് പരസ്പരം ഒട്ടിപ്പിടിച്ച് നിൽക്കുന്ന മനുഷ്യ സാഗരവും. മകരവിളക്ക് ദിവസത്തെയും മറ്റും ലൈവ് ടെലികാസ്റ്റ് കണ്ടിട്ടിലുവർക്കും മനസിലാവും.

ഈ തിരക്കിലേക്കാണ് ഇനി സ്ത്രീകൾ കൂടി ചെല്ലുന്നത്. പരസ്പരം ശരീരത്തിൽ തൊടാതെ ഈ തിരക്കിൽ സന്നിധാനം വരെ എത്താൻ പറ്റില്ല എന്ന അവസ്ഥയിൽ അവിടെ അപ്പോൾ സ്ത്രീകളുടെ ഭാഗത്ത് നിന്ന് പരാതികൾ വരും എന്ന കാര്യത്തിൽ സംശയം വേണ്ട. വ്രതശുദ്ധിയോടെ വരുന്ന അയ്യപ്പൻ മാരോട് ചെയ്യുന്ന പാപം ആണ് അതെന്ന കാര്യം തൽക്കാലം മറക്കാം.

അപ്പോൾ അങ്ങനെ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ്. അതിനെന്താണ് വഴി. ഈ തിരക്കിൻറെ കാരണം ദിവസം മുഴുവൻ ഉള്ള ദർശനം മണ്ഡലകാലത്ത് മാത്രമേയുള്ളൂ എന്നതാണ്. അപ്പോൾ ദർശനം ‘മറ്റേത് ക്ഷേത്രത്തിലെയും പോലെ’ വർഷം മുഴുവൻ ആക്കുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും സ്വാഭാവികമായ പരിഹാരമാർഗം.

‘മറ്റേത് ക്ഷേത്രത്തിലെയും പോലെ’ എന്ന വാക്യം പ്രത്യേകം ശ്രദ്ധിക്കുക.

തീർന്നോ ശബരിമലയുടെ പ്രത്യേകത!

മണ്ഡലകാലത്ത് മാത്രം ഉണ്ടാവുന്ന ഭക്തിയുടെ തിരയിളക്കം ഇല്ലാതായില്ലേ!

പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും പോലെ ഭക്തിയുടെ പ്രത്യേക മാസ്മരികതയൊന്നുമില്ലാതെ എല്ലാവരും പോകുന്ന മറ്റേതൊരു ക്ഷേത്രവും പോലെയായില്ലേ!

ശബരിമലക്ക് മാത്രം ഉണ്ടായിരുന്ന ആ കൊമ്പ് പറിച്ചില്ലേ!

ഇത് ഒരു സാധ്യതയാണ്. ഇങ്ങനെത്തന്നെ ആവണമെന്നില്ല. ആയിക്കൂടെന്നുമില്ല. വിധിനേടിയെടുത്ത ഭക്തരല്ലാത്ത ശബരിമല വിനോദ സഞ്ചാരികളുടെ, ട്രെക്കിങ്ങ്കാരുടെ തള്ളിക്കയറ്റം സാവധാനം ഇല്ലാതായി കാലാന്തരേണ മണ്ഡലകാലത്ത് എല്ലാം പതിവ് പോലെ പുരുഷന്മാർ മാത്രവും ബാക്കി സമയങ്ങളിൽ എല്ലാവരും എന്ന രീതിയിൽ ഈ വ്യവസ്ഥ സ്വയം ക്രമീകരിക്കപ്പെട്ട് കൂടായ്കയുമില്ല. നശിപ്പിക്കാൻ വരുന്നതിനെ വരെ സ്വംശീകരിച്ച് സ്വന്തം ഊർജ്ജമാക്കി മാറ്റി മുന്നോട്ട് പോവുക എന്നത് സനാതനധർമ്മത്തിന്റെ മാത്രം ശക്തിയാണ്. അങ്ങനെയെങ്കിൽ കൂടുതൽ കരുത്തുറ്റ ശബരിമലയായിരിക്കും അതിൽ നിന്ന് ഉദയം ചെയ്യുന്നത്. എല്ലാം കാലം തെളിയിക്കും.

ഇനി, യുക്തിയിലും (rationality), പരിശോധിച്ച് ബോധ്യപ്പെടാൻ പറ്റുന്ന തെളിവുകളിലും (verifiable proofs and evidence) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോടതിയോ, മതേതര സ്ഥാപനമായ സർക്കാരോ ഒരു മതവിഭാഗത്തിന്റെ മാത്രം കാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ട് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിലെ ശരികേട്സെക്കുലർ സ്ഥാപനങ്ങളായ കോടതിയും സർക്കാരും, സമൂഹത്തിന് പൊതുവിൽ നിരുപദ്രവകരമായ ഒരു ക്ഷേത്ര ആരാധനാ ക്രമം മാറ്റണം എന്ന് പറയുന്നതിലെ ശരികേട് നോക്കാം:

'നിരുപദ്രവകരമായ' എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. മുകളിൽ പ്രതിപാദിച്ച സതി, മുത്തലാക്ക് പോലുള്ള മനുഷ്യന്റെ ജീവനോ സ്വത്തിനോ സമാധാനത്തിനോ പൊതുവിൽ പറഞ്ഞാൽ right to live നോ യാതൊരു വെല്ലുവിളികൾ ഉയർത്താതെ ഒരു മതപരമായ വിഷയത്തിൽ ഒരു മതേതര സ്ഥാപനം കൈ കടത്തേണ്ട കാര്യം ഇല്ല.

ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യം ഹിന്ദുവിന് മാത്രം നിഷേധിക്കുന്ന കാര്യം ആണിത്.

Right to practice, preserve, propagate എന്ന മതത്തിന്റെ കാര്യത്തിലെ ഫണ്ടമെന്റൽ റൈറ്റ് ആണ് ഹിന്ദുവിന് ഇവിടെ നിഷേധിക്കപ്പെട്ടത്.

ഹിന്ദുവിന്റെ മതത്തിലെ ‘പ്രാക്റ്റീസ്’ ആണ് ഓരോ ക്ഷേത്രത്തിലും അവിടുത്തെ മൂർത്തിയുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായ ആരാധനാ മാർഗങ്ങൾ സ്വീകരിക്കുക എന്നത്. അത് കൊണ്ടാണ് ചില ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ സ്ത്രീകൾക്ക് മാത്രം അവകാശം - ഉദാഹരണം പാമ്പ് മേക്കാട്, ചില ക്ഷേത്രചടങ്ങുകളിൽ പുരുഷന് പ്രവേശനം നിഷേധിക്കപ്പെടുന്നത് - ഉദാഹരണം ആറ്റുകാൽ പൊങ്കാല. അത്തരം ഒരു പ്രത്യേകതയാണ് ശബരിമലയിലുള്ളതും, ശബരിമലയിലെ പ്രതിഷ്ഠ പുരുഷ ബ്രഹ്മചര്യ രീതിക്ക് പകരം സ്ത്രീ ബ്രഹ്മചര്യം അനുസരിച്ചുള്ളതായിരുന്നെങ്കിൽ ഒരുപക്ഷെ പുരുഷന്മാർക്കായിരുന്നേനെ അവിടെ നിയന്ത്രണം.

ഇങ്ങനെ 'മറ്റാർക്കും ഉപദ്രവമില്ലാതെ' സ്വന്തം രീതിയിൽ 'മതം പ്രാക്റ്റീസ്' ചെയ്യാനുള്ള ഹിന്ദുവിന്റെ അവകാശത്തിലുള്ള സെകുലർ ഭരണകൂടത്തിന്റെ കടന്നുകയറ്റമാവുകയാണ് ശബരിമല വിധി.

ശിവക്ഷേത്രങ്ങളിൽ വലം വക്കുന്നത് പൂർത്തിയാക്കാൻ അവിടുത്തെ ആരാധന രീതി അനുസരിച്ച് ചെയ്യാൻ പാടില്ലാത്തതാണ്. നാളെ ഇതിനെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള വിശ്വാസിയല്ലാത്ത ഒരാൾ ഏതെങ്കിലും ഒരു പേപ്പർ അസോസിയേഷന്റെ ബാനറിൽ എന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് ഒരു PIL സുപ്രീം കോടതിയിൽ ഫയൽ ചെയ്താൽ ഒരു പക്ഷെ ഭരണഘടന വായിച്ച് നോക്കി ഇനിമുതൽ ശിവക്ഷേത്രത്തിലും പ്രദക്ഷിണം പൂർത്തിയാക്കണം എന്ന് നിയമം കൊണ്ട് വന്നാൽ എത്ര ബാലിശമായിരിക്കും അത്. നിയമത്തിന്റെ കണ്ണിൽ പക്ഷെ അതെത്ര പെർഫെക്റ്റുമായിരിക്കും. അതാണ് സത്യത്തിൽ ശബരിമല വിധിയിൽ സംഭവിച്ചിട്ടുള്ളത്.

അബ്രഹാമിക് അല്ലെങ്കിൽ സെമിറ്റിക് മതങ്ങളുമായി ഹിന്ദുമതത്തിന് യാതൊരു താരതമ്യവുമില്ല. അവരുടെ ഒരു ചർച്ചിലെ അല്ലെങ്കിൽ മോസ്കിലെ പോലെതന്നെയായിരിക്കാം ലോകത്തുള്ള ബാക്കി സകലയിടങ്ങളിലും. പക്ഷെ ഹിന്ദുവിന് അങ്ങനെയല്ല. One-book-one-god വൈദേശിക മതങ്ങളെ പോലെ one-size-fit-for-all എന്ന രീതിയിൽ അല്ല ഹിന്ദുവിന്റെ കാര്യങ്ങൾ.

നാനാത്വത്തിൽ ഏകത്വം എന്നത് ഈ രാജ്യത്തിൻറെ മുഖമുദ്രയായത് ഈ രാജ്യം നിലനിൽക്കുന്നത് നാനാത്വത്തിൽ ഏകത്വം അടിസ്ഥാന സ്വഭാവമായ സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആയത് കൊണ്ടാണ്. അതിന് തടസ്സമാവുന്നത് ബ്രിട്ടീഷ്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന കാലത്ത് എഴുതിയുണ്ടാക്കിയ നമ്മുടെ ഭരണഘടനയാണെങ്കിൽ അതിനെ നമ്മുടെ നാടിൻറെ ആത്മാവിനനുഗുണമായി മാറ്റിയെഴുതുക തന്നെ വേണം. ഇതിനോടകം നൂറിലധികം മാറ്റം വരുത്തിയ ഭരണഘടനയെക്കുറിച്ചാണ് പറയുന്നത്.

കോടതിയും സർക്കാരും പോലുള്ള സെക്കുലർ സ്ഥാപനങ്ങൾ ഹിന്ദുവിന്റെ കാര്യത്തിൽ മാത്രം കൈകടത്തൽ നടത്തുന്നു എന്ന് പറഞ്ഞത് നമുക്ക് മുന്നിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്:

അങ്ങേയറ്റം മാരകമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായ ശാലകൾ എല്ലാ വ്യവസ്ഥകളും മറികടന്ന് വർഷത്തിലെ 365 ദിവസവും തോന്നിയ പോലെ പ്രവർത്തിക്കുന്ന രാജ്യത്ത് പരിസ്ഥിതി പ്രശ്നങ്ങളുയുടെയും മറ്റും പേര് പറഞ്ഞ് വർഷത്തിൽ ഒറ്റ ദിവസം മാത്രം ഹിന്ദു ജനത ആഘോഷിക്കുന്ന ദീപാവലിക്കും, ഹോളിക്കും, ബിഹുവിനും, തൃശ്ശൂർ പൂരത്തിനും, ജെല്ലിക്കെട്ടിനും എല്ലാം എല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെടുന്നത് നാം കണ്ടു.

മറ്റ് മതവിഭാഗങ്ങളിൽ സമാന കാര്യങ്ങളിൽ ആരും കേസിനു പോകാത്തത് കൊണ്ടാണ് അല്ലാതെ ഹിന്ദുവിനോട് പ്രത്യേകിച്ച് പക്ഷപാതമൊന്നുമില്ല എന്ന വാദം വേണമെങ്കിൽ ഉന്നയിക്കപ്പെടാം.
പക്ഷെ അനുഭവം അങ്ങനെയല്ല.

ഒരുദാഹരണം പറഞ്ഞാൽ ഈയടുത്ത കാലത്തുണ്ടായ കുമ്പസാര-ലൈംഗിക വിവാദ സമയത്ത് കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു കേസ് വന്നു. ഒറ്റദിവസം കൊണ്ട് ആ കേസെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു കോടതി എന്നിട്ട് പരാതിക്കാരിയോട് പറഞ്ഞു കുമ്പസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മതം മാറുകയായിരിക്കും നല്ലത്. എത്ര മനോഹരമായ നിർദ്ദേശം അല്ലെ. 


ഇത് ഒരു പള്ളിയെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നോർക്കുക. എന്നാൽ ശബരിമലയിൽ യവ്വനയുക്തയായിരിക്കുമ്പോൾ തന്നെ കേറണം എന്ന് പറഞ്ഞ് കേസ് കൊടുത്തവരോട് കോടതി പറഞ്ഞില്ല അയ്യപ്പനോട് ഇത്ര ഭക്തിയുണ്ടെകിൽ വേറെയും നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടല്ലോ അവിടെ പോകൂ എന്ന്. പകരം പൊതുവിടത്തിൽ ഇട്ട് അലക്കി വെളുപ്പിക്കാനായി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. എന്തെ കുമ്പസാരത്തിന്റെ കേസ് ഭരണഘടന ബെഞ്ചിന് വിടാഞ്ഞൂ? ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കിൽ കുമ്പസാരം എന്ന എല്ലാ ചർച്ചകളിലും നിലനിൽക്കുന്ന അത്യധികം വ്യാപ്തിയുള്ള ഒരു കേസ് ഭരണഘടനാ ബെഞ്ചിന് വിടാതിരുന്നത് എന്ത് കൊണ്ടാണ്.

അത് പോലെ ശബരിമല എന്ന ഒറ്റ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി ഇത്രയധികം ഊർജ്ജം ചിലവഴിക്കാൻ തയാറായ കോടതി മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ മോസ്കിൽ പോകാനുള്ള അവകാശത്തിന് വേണ്ടി ഭരണഘടനാ ബെഞ്ച് സ്ഥാപിക്കാതിരുന്നത് എന്തുകൊണ്ടാണ്. കേസ് ആരും കൊടുക്കാത്തത്കൊണ്ടാണോ. അല്ലല്ലോ 


അപ്പോൾ ഹിന്ദുവിന്റെ മതസ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോൾ മാത്രം രാജ്യത്തെ സെക്കുലർ സംവിധാനങ്ങൾ അമിതാവേശം കാണിക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ട് എന്ന് തന്നെ വേണ്ടേ കരുതാൻ. അതിലെ ഏറ്റവും പുതിയ അദ്ധ്യായം മാത്രം അല്ലേ ശബരിമല വിഷയം.

-സ്വാമി ശരണം