Saturday, April 23, 2016

സി.കെ ജാനുവിന്റെ എൻ.ഡി.എ പ്രവേശനം: ഫലപ്രഖ്യാപനത്തിന് മുൻപെയുള്ള ബിജെപിയുടെ അട്ടിമറി വിജയം.

ഇക്കഴിഞ്ഞ ഏപ്രിൽ 10ലെ വാർത്താ തലക്കെട്ടുകൾ മുഴുവൽ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത വാർത്തകളാൽ നിറഞ്ഞപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു വാർത്തയായിരുന്നു ആദിവാസി ഗോത്ര മഹാസഭ തങ്ങളുടെ രാഷ്ട്രീയ പാർടി രൂപീകരിച്ച് ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ തീരുമാനിച്ച പ്രഖ്യാപനം നടത്തിയത്ഇനിയങ്ങോട്ടുള്ള കേരള രാഷ്ട്രീയം ഏത് ദിശയിലായിരിക്കുമെന്നതിന്റെ  വ്യക്തമായ സൂചനയാണ് ആദിവാസി ഗോത്ര മഹാസഭയുടെ എൻ.ഡി.എ പ്രവേശനം.

ന്യുനപക്ഷ വോട്ട് ബാങ്കുകളാൽ നിയന്ത്രിക്കപ്പെടുന്ന കേരള രാഷ്ട്രീയത്തിൽ, ചിതറിക്കിക്കുന്ന ഹൈന്ദവ വോട്ടുകൾ ഏകീകരിച്ച് തങ്ങൾക്കനുകൂലമായ പുതിയൊരു വോട്ട് ബാങ്ക് സൃഷ്ടിക്കാനായി ബിഡിജെഎസ്സിന്റെ രൂപീകരണത്തിലൂടെ ബിജെപി തുടങ്ങിവച്ച സോഷ്യൽ എഞ്ചിനീയറിംഗിലെ തന്ത്രപരമായ മറ്റൊരു വിജയമായി മാറുകയാണ്ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) ’ എന്ന ആദിവാസി ഗോത്ര മഹാസഭയുടെ രാഷ്ട്രീയ പാർടി മുത്തങ്ങ സമര നായിക സി.കെ  ജാനുവിന്റെ നേതൃത്വത്തിൽ എൻ.ഡി.എയുടെ ഭാഗമാവുന്നത്.

സി.കെ ജാനു എന്ന വ്യക്തി ഒറ്റയ്ക്ക് ബിജെപിയിലോ ബി.ഡി.ജെ.എസ്സിലോ ചേരുകയായിരുന്നില്ല, മറിച്ച് സമൂഹത്തിൽ ഏറ്റവും അതികം പാർശ്വവൽക്കരിക്കപ്പെട്ട, ഏറ്റവും അതികം അവഗണന നേരിടുന്ന ആദിവാസി സമൂഹം അവരുടെ കൂട്ടായ്മയായ ആദിവാസി ഗോത്ര മഹാസഭയിലൂടെ  സ്വന്തം രാഷ്ട്രീയ പാർടി രൂപീകരിച്ച് ഭാരതീയ ജനതാ പാർടി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ (NDA) അംഗമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്നിടത്താണ് നീക്കത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രാധാന്യം വെളിപ്പെടുന്നത്.

ബിജെപി ഒരു  സവർണ പാർടിയാണെന്നും, പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും അവർ എതിരാണെന്നുംബിജെപിയോട് കേരള സമൂഹത്തിന് തൊട്ടുകൂടായ്മയാണെന്നും ഉള്ള  ശക്തമായ പ്രചാരണങ്ങൾ പൊളിച്ചടുക്കുകയാണ് നമ്പൂതിരി മുതൽ  നായാടി വരെയുള്ളവരുടെ സഖ്യം സാധ്യമാക്കുന്നതിലൂടെ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നത്. അതിന് അടിവരയിടാൻ കൂടിവേണ്ടിയാണ് ശ്രീശാന്തിനേയും, ഭീമൻ രഘുവിനേയും, അലി അക്ബറിനെയും, ബാദുഷ തങ്ങളെയും പോലുള്ള വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യതിത്വങ്ങളെ താമരക്ക് കീഴിൽ അണിനിരത്തുന്നതും.

കേരളത്തിലെ ആദിവാസി സമൂഹത്തെ എന്നും വെറും വോട്ട് ബാങ്ക് മാത്രമായി കണ്ട് അവരെ തുടർച്ചയായി വഞ്ചിച്ചു കൊണ്ടിരുന്ന  ഇടത്-വലത് മുന്നണികൾക്ക് പുറത്ത് പുതിയൊരു അവസരം തേടുകയാണ് ബിജെപി നയിക്കുന്ന എൻ.ഡി. മുന്നണിയിൽ ചേരുന്നതിലൂടെ തങ്ങൾ ചെയ്യുന്നതെന്ന് സി.കെ ജാനു പറയുമ്പോൾ അത് അവരുടെ മാത്രം അല്ല മറിച്ച് അയ്യഞ്ച് വർഷം കൂടുമ്പോൾ മാറി മാറി ഭരിച്ച് കട്ട് മുടിക്കുന്ന യു.ഡി.എഫിന്റെയും കൊലപാതക രാഷ്ട്രീയം മാത്രം കൈമുതലായുള്ള എൽ.ഡി.എഫിന്റെയും കൂട്ട്കച്ചവടത്തിന് പുറത്ത് പുതിയൊരു സാധ്യത ആരായുന്ന കേരളത്തിന്റെ മൊത്തം പൊതു ശബ്ദമായി മാറുകയാണ്.

ആദിവാസി ഊരുകളിൽ ചർച്ച നടത്തി ഭൂരിപക്ഷ അഭിപ്രായപ്രകാരം എടുത്ത തീരുമാനം ഗീതാനന്തനെപോലുള്ള ആദിവാസി ഗോത്ര മഹാസഭയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ മറികടന്നുള്ളതാണ്. 'ഗോത്ര മഹാസഭയിലെ അംഗങ്ങളെല്ലാം മത്സരത്തിനിറങ്ങണമെന്ന അഭിപ്രായക്കാരാണ്. അധികാരത്തിന്റെ ഭാഗമാകണമെന്ന് അവർക്കുണ്ട്. ഒരാൾപോലും എതിർത്തിട്ടില്ല. എൻ. ഡി. യുടെ ഭാഗമാകാൻ തീരുമാനിക്കുന്നതോടെ ഇതുവരെ കൂടെയുണ്ടായിരുന്ന ചിലർ പിരിഞ്ഞുപോവാൻ ഇടയുണ്ട്. അവരുടെ പ്രീതി നിലനിർത്തി അങ്ങനെ കഴിഞ്ഞാൽ പോരേയെന്നാണ് ചിലരുടെ അഭിപ്രായം. സ്ഥാനാര്ത്ഥിയാവുന്നതോടെ വളഞ്ഞിട്ട് അക്രമിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ പിന്തുണച്ചവരിൽ ചിലരും ഇക്കൂട്ടത്തിൽ ഉണ്ടാകും.’ ജാനു പറയുന്നു.

'പത്തിരുപത്തഞ്ച് വർഷത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത മാന്യതയും അംഗീകാരവും ഗോത്ര മഹാസഭക്കുണ്ടെങ്കിലും ആദിവാസികളുടെ ജീവിതത്തിൽ ഇന്നും കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ല. അവരുടെ ജീവിതം പഴയതിനേക്കാൾ കഷ്ടമാണ്. അധികാരമില്ലാതെ അവരുടെ ജീവിതത്തെ സ്പർശിക്കാനാവില്ല. അവർക്ക് എന്തെങ്കിലും നൽകണമെങ്കിൽ അധികാരം വേണം. മാറിനിന്നിട്ടു കാര്യമില്ല. സമരം ചെയ്താൽ മാത്രമേ ഇപ്പോൾ ആദിവാസികളോട് അധികാരികൾ മിണ്ടൂ. ഇടത് വലത് മുന്നണികൾ ആദിവാസികളെ പരിഗണിച്ചിട്ടേ ഇല്ല. ഓരോരുത്തരുടെയും പാർട്ടിയിൽ ചേർന്ന് അവരുടെ ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് രാഷ്ട്രീയക്കാരുടെ ആവശ്യം. ആദിവാസികളെ അവർക്ക് വേണ്ട. ആദിവാസികളുടെ കൂട്ടായ്മയെ അവര് കാണുന്നില്ല. ഒരു മുന്നണിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഒരിക്കൽ പോലും മുന്നണികള് ആദിവാസി ഗോത്ര മഹാസഭയെ അവരുടെ കൂടെ നിർത്താൻ ശ്രമിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയിട്ട്  70 വർഷമാകുന്നു. ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആദിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി 2001 സെക്രട്ടറിയേറ്റിന് മുന്നില്  കുടിൽ കെട്ടി സമരം നടത്തി. ഒത്തുതീർപ്പിൽ അംഗീകരിക്കപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം ചെയ്യേണ്ടി വന്നു. മുത്തങ്ങ സമരത്തിനു ശേഷം നിൽപ്പ് സമരം വന്നു.  സമരം അവസാനിപ്പിച്ച് തയ്യാറാക്കിയ വ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ വീണ്ടും സമരം ചെയ്യേണ്ടി വരും. രണ്ട് മുന്നണികളും ഇക്കാര്യത്തിൽ ഒരുപോലെയാണ്', സി.കെ ജാനു പറഞ്ഞു.

അങ്ങ് ഉത്തരേന്ത്യയിലെ, വാസ്തവമോണോയെന്ന് പോലും ഉറപ്പില്ലാത്ത ദളിത്-ആദിവാസി പീഡന വാർത്തകളിൽ കേരളത്തിലെ നേതാക്കൾ  മുതലാക്കണ്ണീരോഴുക്കുമ്പോൾ ഇവിടെ കേരളത്തിൽ അവരുടെ തന്നെ മണ്ഡലങ്ങളിൽപെട്ട സ്ഥലങ്ങളിൽ പോലും ആദിവാസിക്കുഞ്ഞുങ്ങൾ മാലിന്യം ഭക്ഷിച്ച് വിശപ്പടക്കുന്നതിന്റെയും, ആത്മഹത്യകളുടെയും, ദളിത് പീഡനങ്ങളുടെയും വാർത്തകൾ നിത്യവും കാണുമ്പോൾ നമ്മൾ മനസിലാക്കുന്നു എത്ര നിർദാക്ഷീണ്യമാണ് ഇരു മുന്നണികളും കേരളത്തിൽ ഇവരെ അവഗണിച്ചതെന്ന്. അതേസമയം സംഘടിത സമ്മർദ സംഘങ്ങളായ  കുടിയേറ്റ, ക്രിസ്ത്യൻ സഭകളുടെ ആവശ്യങ്ങളോട് ഇതേ മുന്നണികൾ എത്ര കാര്യക്ഷമമായാണ് പ്രതികരിക്കുന്നതെന്നതെന്നും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ലോക്സഭ മണ്ഡലത്തിൽ അവരുടെ ഒരു സ്ഥാനാർഥിയെ നിർത്തി ജയിപ്പിക്കാൻ പോലും ഒരു മുന്നണി തയ്യാറായപ്പോഴാണ്, മരിച്ചാൽ കുഴിച്ചിടാൻ ഒരിത്തിരി മണ്ണിന് പോലും ആദിവാസികൾക്ക് സമരം ചെയ്യേണ്ടി വരുന്നത്. കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ ദളിത്‌-ആദിവാസി പ്രേമം കേന്ദ്രത്തിലെ നരേന്ദ്രമോഡി സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കാൻ കഴിയുന്ന ഉത്തർപ്രദേശിലെയും ഹൈദരാബാദിലെയും ചില പ്രത്യേകം ദളിത് വിഷയങ്ങളിൽ മാത്രം ആയി ചുരുങ്ങിയപ്പോഴാണ് കേരളത്തിലെ പ്രമുഖ ദളിത്-ആദിവാസി സംഘടനകളായ കെ.പി.എം.എസ്സും(കേരള പുലയ മഹാസഭ) ആദിവാസി ഗോത്ര മഹാസഭയും ബിജെപിക്കൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാൻ നിർബന്ധിതരാവുന്നത് എന്ന് നമുക്ക് കാണാം.


എസ്.എൻ.ഡി.പി, യോഗക്ഷേമസഭ, കെ.പി.എം.എസ്, കെ.എസ്.എസ്, പാണർ സമാജം, പട്ടികജാതി/വർഗ കോർഡിനേഷൻ കമ്മിറ്റി, മലബാർ നായർ സമാജം എന്നിങ്ങനെ അക്ഷരാർത്ഥത്തിൽ നമ്പൂതിരി മുതൽ  നായാടി വരെയുള്ള ഹിന്ദു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ഡി.ജെ.എസ്സും, മുത്തങ്ങ സമര നായിക സികെ ജാനു നയിക്കുന്ന  ആദിവാസി ഗോത്ര മഹാസഭയുടെ ജനാധിപത്യ രാഷ്ട്രീയസഭയും , നിലക്കൽ-ആറന്മുള സമര വിജയങ്ങളുടെ അമരക്കാരനായിരുന്ന കുമ്മനം രാജശേഖരൻ എന്ന ജനകീയ നേതാവ് നയിക്കുന്ന ബിജെപിയും മുഖ്യ കക്ഷികളാവുന്ന എൻ.ഡി. യിൽ  പിസി തോമസിന്റെയും നോബിൾ മാത്യുവിന്റെയും നേതൃത്വത്തിലുള്ള രണ്ടു കേരള കോൺഗ്രസ് വിഭാഗങ്ങളും, ജെ.എസ്.എസ്സിന്റെ രാജൻബാബു വിഭാഗവും, പ്രൊഫ. എ.വി. താമരാക്ഷന്റെ ആർഎസ്പി(ബി)യും ചേരുന്നതോടെ ലക്ഷണമൊത്ത ഒരു മൂന്നാം മുന്നണിയാണ് കേരളത്തിൽ ഉദയം ചെയ്തിരിക്കുന്നതെന്നു കാണാൻ കഴിയും. എൽ.ഡി.എഫിലും യു.ഡി.എഫിലും പ്രധാനപ്പെട്ട ഒന്നോ രണ്ടോ ഘടക കക്ഷികൾ കഴിഞ്ഞാൽ  മറ്റെല്ലാം ഈർക്കിൽ പാർടികൾ തന്നെയാണല്ലോ പുതു ബദലിന്റെ പ്രഥമ പരീക്ഷണ വേദിയാവുകയാണ് വർഷം മെയ്മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്

Sunday, April 17, 2016

പുറ്റിങ്ങൽ വെടിക്കെട്ടപകടവും തൃശൂർ പൂരവും കൈ പൊള്ളിയ ഹൈന്ദവ സംഘടനകളും

കഴിഞ്ഞ ദിവസം, ഏപ്രിൽ 10 വെളുപ്പിന് കൊല്ലം ജില്ലയിലെ പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ നടന്ന അതി അതിദാരുണമായ ഒരു ദുരന്തത്തെ എങ്ങിനെയാണ് കൃത്യം ഒരാഴ്ച കഴിഞ്ഞ് നടക്കാനിരുന്ന തൃശൂർ പൂരത്തിനെതിരെയുള്ള മാരകമായ പ്രചാരണത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റിയത് എന്ന് നമ്മൾ കൊണ്ടിരുക്കുകയാണ്.

ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളായ, രാജ്യത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും തീർഥാടനകേന്ദ്രങ്ങൾക്കും എതിരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യമൊട്ടുക്ക് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു ഗൂഡാലോചനയിലെ ഏറ്റവും പുതിയ അദ്ധ്യായം ആണ് തൃശൂർ പൂരത്തിനെതിരെ നടക്കുന്ന പ്രചണ്ഡ പ്രചാരണം എന്ന് ആരെങ്കിലും സന്ദേഹപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ല.

ശബ്ദ മലിനീകരണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പേരിൽ ദീപാവലിക്കെതിരെയും, ജല മലിനീകരണത്തിന്റെ പേരിൽ ഗണേശോത്സവത്തിനെരെയും, ജല ധൂർത്തിത്തിന്റെ പേരിൽ ഹോളിക്കെതിരെയും, മൃഗ പീഡനത്തിന്റെ പേരിൽ ജെല്ലിക്കെട്ടിനെതിരെയും നടക്കുന്ന പ്രചാരണങ്ങൾ ദേശിയ തലത്തിലെ ഉദാഹരണങ്ങളാകുമ്പോൾ കേരളത്തിലെതാണ്  ആന പീഡനത്തിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിനെതിരെയും, സത്രീ പ്രവേശനത്തിന്റെ പേരിൽ ശബരിമല ക്ഷേത്രത്തിനെതിരെയും, വെടിക്കെട്ടിന്റെയും ആനയുടേയും പേരിൽ കേരളത്തിലെ സകല ക്ഷേത്രോത്സവങ്ങൾക്കെതിരെയും നടക്കുന്ന ആക്രമണങ്ങൾ. ഇവയെല്ലാം മേൽപറഞ്ഞ ഗൂഡാലോചനയിലെ ഏതാനും ചിലത് മാത്രമാണെന്ന് അറിയുമ്പോഴാണ് അതിന്റെ ആഴം മനസിലാവുക.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളും ആചാരങ്ങളും അത് വെടിക്കെട്ടായാലും ആനയെഴുന്നള്ളിപ്പായാലും പരിധി കടന്ന് ധൂർത്തായി മാറുന്ന അനാരോഗ്യകരമായ പ്രവണതക്കെതിരെ കേരള ഹൈന്ദവ സമൂഹത്തിനുള്ളിൽ തന്നെയുള്ള വികാരത്തിന്റെ ബഹിര്സ്പുരണമായിരുന്നു പുറ്റിങ്ങൽ അപകടത്തിന് തൊട്ടു പുറകെ സംഘപരിവാറടക്കം വിവിധ ഹൈന്ദവ സംഘടനകൾ എടുത്ത നിലപാട്. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി നിയമത്തെ നോക്കുകുത്തിയാക്കി പുറ്റിങ്ങലിൽ നടന്നത് പോലുള്ള മത്സര വെടിക്കെട്ടുകൾക്ക് ആരും തന്നെ അനുകൂലമല്ല. പക്ഷെ അപകടത്തിന്റെ കരിയും പുകയും കെട്ടടങ്ങുന്നതിന് മുൻപ്, വൈകാരികതയുടെ പരകോടിയിൽ നിൽക്കുമ്പോൾ എടുക്കുന്ന ഒരു തീരുമാനവും യുക്തിസഹമാവില്ലെന്ന് അവർക്ക് മനസിലാകാൻ അതികം കാത്തിരിക്കേണ്ടി വന്നില്ല.  'കരിയും കരിമരുന്നും വേണ്ട' എന്ന പ്രചാരണത്തിലൂടെ കേരളത്തിലെ ക്ഷേത്രങ്ങൾക്കെതിരെ പ്രവർത്തിച്ചു കൊണ്ടിരുന്നവരുടെ കൈയ്യിലെ കളിപ്പാവകളായി തങ്ങൾ മാറുകയായിരുന്നു എന്ന് അവർ തിരിച്ചറിയുന്നത്തൃശൂർ പൂരത്തിനെതിരെയുള്ള ആക്രമണം ശക്തമാവുന്നത് കണ്ടപ്പോഴാണ്.

കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തിൽ എത്തിച്ച, യുനെസ്കോ അംഗീകരിച്ച, മലയാളികളുടെ ഓരോരുത്തരുടെയും അഭിമാനമായ തൃശൂർ പൂരത്തിന് വേണ്ടി ജാതി-മത ഭേതമന്യേ പൊതുജനം അണിനിരക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. ഭരണകൂടവും കോടതിയും ജനങ്ങൾക്ക്വേണ്ടിയുള്ളതാണെന്നും തിരിച്ചല്ലെന്നും ഒരിക്കൽ കൂടി വ്യക്തമാക്കപ്പെടുന്ന രീതിയിൽ പൂരത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി കാര്യങ്ങൾ മാറിമറിഞ്ഞു. പൊതുവിൽ തൃശൂരിലെ പൂരപ്രേമികളുടെയും പ്രത്യേകിച്ച് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെയും അഭിമാനകരമായ വിജയമായി മാറി അത്.

തൃശ്ശൂർ പൂരത്തിനെതിരെ വലിയ രീതിയിൽ പ്രചരണം അഴിച്ചു വിട്ടവർക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പൂരപ്പറമ്പിൽ ഫ്ലക്സുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞുരാജ്യമൊട്ടുക്ക് നടക്കുന്ന ഇത്തരം കാമ്പയ്നുളുടെ കേരളത്തിലെ കോർഡിനേറ്റിംഗ് ഏജൻസി ആയി മാറിക്കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റാണ് ഏറ്റവും അധികം എതിർപ്പ് നേരിടുന്നത്.
            
കോലാഹലങ്ങൾക്കിടയിൽ ചെറുതായെങ്കിലും പരിക്ക് പറ്റിയത് യാതൊരു ചർച്ചകളും കൂടാതെ തികച്ചും ഏകപക്ഷീയമായി നിരോധനം എന്ന ആവശ്യം തുടക്കത്തിൽ ഉന്നയിച്ച ഹൈന്ദവ സംഘടനകൾക്കാണ്. തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ആയാലും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ വിഷയത്തിൽ ആയാലും പ്രാദേശിക വിഷയങ്ങളിൽ പലപ്പോഴും  ദേശിയ നിലപാടുകൾ  അപ്പാടെ പ്രായോഗികമാവില്ല എന്ന തിരച്ചറിവാണ് ഇത്തരം സംഘടനകൾക്കില്ലാതെ പോയത്. നിരോധനം അല്ല മറിച്ച് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ആണ് വേണ്ടതെന്നു നിലപാട് തിരുത്തുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ഇംഗ്ലീഷിൽ പറഞ്ഞാൽ damage has been already done എന്ന അവസ്ഥ. ഹിന്ദുവിന്റെ സ്വയം പ്രഖ്യാപിത രക്ഷകരായ ഇത്തരം സംഘടനകളുടെ സഹായമില്ലാതെ തന്നെ വലിയൊരു വിജയം അപ്പോഴേക്കും ഇവിടുത്തെ ഹൈന്ദവ സമൂഹം കൈവരിച്ചു കഴിഞ്ഞിരുന്നു.

മതപരമായ വിശ്വാസത്തിന്റെ കാര്യത്തിലായാലും വിശ്വാസികളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായാലും, എത്ര കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഒരു ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മതേതര ഭരണസംവിധാനമാണ്,  ജാനാതിപത്യം ഇല്ലാത്ത, തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കേണ്ടാത്ത, എകാതിപത്യ പ്രവണത കാണിക്കുന്ന മതാതിഷ്ടിത സംഘടനകളേക്കാൾ എന്ത് കൊണ്ടും അഭികാമ്യം എന്ന് സംഭവ വികാസങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.  ഇതര പരിവാർ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി നിരോധനത്തിനെതിരെ ബിജെപി നിലപാട് എടുത്തത് സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.   
  
          
ജനാധിപത്യ സർക്കാരിനെ നേർവഴിക്കു നയിക്കതക്കവിധം സമ്മർദ്ധ ശക്തിയായി നിൽക്കുക എന്നതായിരിക്കണം ഇത്തരം സംഘടനകളുടെ ചുമതല. അതിർത്തി ലംഘിക്കുന്നത് അവർ പ്രതിനിധീകരിക്കുന്ന സമുദായത്തിന് പോലും ഹിതകരമായിരിക്കില്ല എന്നതിന്റെ പ്രകടമായ ഒരു ഉദാഹരണമായിരുന്നു തൃശൂർ പൂരത്തിന്റെ കാര്യത്തിൽ തുടക്കത്തിൽ പല ഹൈന്ദവ സംഘടനകളും ജനഹിതത്തിനെതിരെ നിലപാടെടുത്തത്
          
വാൽകഷ്ണം: ക്ഷേത്രഭരണം മതേതര സർക്കാരിന്റെ കീഴിൽ വേണമോ ഹൈന്ദവ സംഘടനകൾക്ക് കീഴിൽ വേണമോ എന്ന ചർച്ചയിലും ഇക്കാര്യങ്ങൾ മനസിൽ ഉണ്ടായിരിക്കെണ്ടതല്ലേ എന്ന് ഓരോ വിശ്വാസിയും സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഭരിക്കുന്നവർ തെറ്റായ ഒരു തീരുമാനം എടുക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അത് തിരുത്തിക്കാൻ ഭക്തജനങ്ങൾക്ക് കൂടുതൽ അധികാരം ഉണ്ടാവുക ആരുടെ ഭരണത്തിൽ ആയിരിക്കും എന്നതായിരിക്കണം ചോദ്യം.