Sunday, December 13, 2015

സർദാർ പട്ടേലും ആർ.ശങ്കറും ബിജെപിയും പിന്നെ നരസിംഹറാവുമാരും

പ്രധാനമന്ത്രി പങ്കെടുക്കുന്ന ആർ.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രിയെ ഒഴിവാക്കി എന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ.

പ്രാധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനു മുഖ്യമന്ത്രി എന്ന നിലക്ക് ക്ഷണിച്ചിട്ടും  രാഷ്ട്രീയ വൈര്യം കൊണ്ട് പോകാതിരുന്ന മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി, പോകേണ്ട എന്ന് നിർദ്ദേശിച്ച പാർടി ആണ് കോണ്‍ഗ്രസ്‌. ഇതൊന്നും മറന്നിട്ടുണ്ടാവില്ല രാഷ്ട്രീയ കേരളം. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ചൊല്ല് അന്വർഥമാക്കി ഇപ്പൊൾ 'കൊല്ലത്ത്' തന്നെ കിട്ടി. കൊല്ലത്താണല്ലോ ഈ ചടങ്ങ് നടക്കുന്നത്.

എന്തായായാലും ഇവിടെ ചിലർക്ക് ഒരു ഭാവം ഉണ്ടായിരുന്നു മോഡി ബിജെപിയുടെയും സംഘപരിവാറിന്റെയും (ഇവരുടെ ഭാഷയിൽ സംഘികളുടെ ) മാത്രം പ്രധാനമന്ത്രി ആണെന്ന്. തിരഞ്ഞെടുപ്പൊന്നും കൂടാതെ പാർലമെന്റിന്റെ ഓടു പൊളിച്ചു അകത്തു കയറിയതാണെന്ന്.
പ്രധാനമന്ത്രി ആയതിനു ശേഷം നടത്തിയ ആദ്യകേരള സന്ദർശനത്തിൽ പ്രധാനമന്ത്രിയെ കാണേണ്ട രാഷ്ട്രീയക്കാർ മോഡിയുടെ വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് ടെക്നിക്കൽ ഏരിയയിൽ വന്നു കാണാം എന്ന നിർദേശത്തോട് പിണറായിയുടെ പ്രതികരണവും, ആർ.ശങ്കർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പരാതിയും കൂടി ആയതോടെ ആ വിചാരം മാറി, കേരളത്തിലെ രാഷ്ട്രീയക്കാർ മോഡിയെ ഇന്ത്യയുടെ മൊത്തം പ്രധാനമന്ത്രി ആയി അന്ഗീകരിച്ചിരിക്കുന്നു എന്ന് മനസിലായി. സന്തോഷം!

ദേശിയ തലത്തിൽ സർദാർ പട്ടേലിനെ തട്ടിയെടുത്ത പോലെ കേരളത്തിൽ ആർ.ശങ്കറിനെ തട്ടിയെടുക്കാൻ നോക്കുകയാണ് മോഡിയും ബിജെപിയും എന്നാണു പരാതി. പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളെ ഹൈജാക്ക് ചെയ്യുക എന്ന ഗ്രാൻഡ്‌ പ്ലാൻ ആണത്രേ ബിജെപിക്ക്!

ഒരു ഒറിജിനൽ ഗാന്ധിയും ഒരു നെഹ്രുവും പിന്നെ ഇന്ദിര, രാജീവ് എന്ന രണ്ടു വ്യാജ ഗാന്ധികളും മാത്രമാണ് ഇന്ത്യ എന്ന് വരുത്തിതീർക്കാനാണ്‌ ഇക്കഴിഞ്ഞ പത്തറുപത് കൊല്ലം കൊണ്ടു കോൺഗ്രസ് ശ്രമിച്ചു കൊണ്ടിരുന്നത്. അതാണിപ്പോൾ മോദിയും കൂട്ടരും പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഒതുക്കി ഇല്ലാതാക്കാൻ ശ്രമിച്ച സുഭാഷ്‌ ചന്ദ്ര ബോസ്, അംബേദ്‌കർ, പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, നരസിംഹ റാവു തുടങ്ങിയ പല ഇന്ത്യൻ നേതാക്കൾക്കും അർഹതപ്പെട്ട അംഗീകാരം മോഡി നേടിക്കൊടുക്കുന്നത് കാണുമ്പോൾ കോൺഗ്രസ് രാജകുടുംബത്തിന്  ചൊറിച്ചിൽ തോന്നുന്നത് സ്വാഭാവികം മാത്രം.

തൊണ്ണൂറുകളിൽ സാമ്പത്തികമായി പൂർണമായി തകർന്ന അവസ്ഥയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ ഒരു പക്ഷെ ഏറ്റവും പ്രഗത്ഭനായ കോൺഗ്രസ് പ്രധാനമന്ത്രി എന്നു തന്നെ പറയാവുന്ന നരസിംഹ റാവു. അദ്ദേഹം മരിച്ചപ്പോൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു അദ്ദേത്തിനെ മൃതദേഹം പൊതു ദർശനത്തിനു പോലും വക്കാൻ കോൺഗ്രസിന്റെ രാജകുടുബം അനുവദിച്ചില്ല. അദ്ദേഹത്തിന് ഒരു സ്മാരകം നിർമിക്കുന്നതിന് പോലും മോദി അധികാരത്തിൽ വരേണ്ടി വന്നു എന്നു പറയുമ്പോൾ മനസിലാക്കാം നെഹ്‌റു കുടുംബത്തിൽ പെടാത്തവർ ആരായാലും, അവർ എത്ര പ്രഗത്ഭനായ പ്രധാനമന്ത്രി തന്നെയായാലും 'കോൺഗ്രസ് ഹൈ കമാൻഡ്' അവർക്ക് കൊടുക്കുന്ന വില എന്താണെന്ന്.

എന്തായാലും ഈ പുതിയ വിവാദം, കേരള മുഖ്യമന്ത്രി ആയിട്ടുള്ള ഒരു എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി ഉണ്ടായിരുന്നു എന്ന് പുതു തലമുറ എസ്.എൻ.ഡി.പിക്കാരെയും അഥവാ ഈഴവരെയും പൊതു സമൂഹത്തെയും ഒന്ന് ഓർമിപ്പിക്കാൻ ഉപകരിച്ചു. എത്ര അർഥങ്ങൾ ഉണ്ട് ഈ പറഞ്ഞതിന് എന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ്‌ ഇത്ര ചൂട്, ഈ വിവാദത്തിന്.

പിന്നെ, 1980ൽ രൂപീകൃതമായ ബിജെപി, 1947 ഓഗസ്റ്റ് 15ന് പരിസമാപ്തിയിലെത്തിയ സ്വാതന്ത്ര്യ സമരത്തിൽ 'ബിജെപി'ക്കാരൻ എന്ന ലേബലിൽ പങ്കെടുത്ത നെതാക്കളില്ലാത്തത് കൊണ്ടാണ് കോണ്ഗ്രസ് നേതാക്കളെ തട്ടിയെടുത്തു ആശ തീർക്കുന്നത് എന്ന ആരോപണം എത്ര ബാലിശമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1920കൾ വരെ, കൃത്യമായി പറഞ്ഞാൽ 1920ലെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ നാഗപൂർ സമ്മേളനത്തിൽ സംഘാടകരിൽ ഒരാളായി പ്രവർത്തിച്ചതടക്കം, ഒരു കോണ്ഗ്രെസ്സുകാരനായിരുന്ന ആർ എസ്.എസ്. സ്ഥാപകൻ കേശവ ബലിരാം ഹെഡ്ഗെവാർ എന്ന ഡോക്ടർജി,
സ്വാതന്ത്ര്യ സമരത്തിന് ശേഷം നെഹ്റു മന്ത്രിസഭയിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള ബിജെപി സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജി,
ക്യിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ ശിക്ഷ അനുഭവിച്ച പിന്നീട് ബിജെപിയുടെ ആദ്യ പ്രധാമന്ത്രിയായ അടൽ ബീഹാരി വാജ്പെയിജി മുതലായ വീരപുത്രന്മാരെ വച്ച് ബിജെപിക്കാർ ആ കുറവ് പരിഹരിച്ചു കൊള്ളും എന്ന് തന്നെ നമുക്ക് കരുതാം.

ടെയിൽ പീസ്: സിനിമ സ്റ്റൈലിൽ പറയുകയാണെങ്കിൽ സ്വാതന്ത്ര്യ സമരനാന്തരം ജനിച്ച ബിജെപി എന്ന പാർടിയിലെ ഒരുപാട് പേര് സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് കോണ്‍ഗ്രസ്‌ എന്ന ഒറ്റ കുടക്കീഴിൽ അണിനിരന്നതിന്റെ കുറച്ചിൽ ഈപ്പച്ചൻ അങ്ങ് സഹിച്ചു. എന്താ പോരെ. 

Saturday, December 12, 2015

രാജീവ്ഗാന്ധിക്ക് ബോഫോര്സ് ആയിരുന്നെങ്കിൽ സോണിയഗാന്ധിക്ക് നാഷണൽ ഹെറാള്‍ഡ്. കൂടെ സുബ്രമണ്യം സ്വാമിയും.

അന്ന് 2G കേസിൽ .രാജയും കനിമൊഴിയും ജയിലിൽ പോയപ്പോൾ സുബ്രമണ്യം സ്വാമി പറഞ്ഞിരുന്നു അടുത്ത നമ്പർ സോണിഗാന്ധിയുടെ ആണെന്ന് അതിനിടയിൽ ജയലളിതക്കും കിട്ടി പണി.

നെഹ്റു കുടുംബം എന്ന സംരക്ഷണവലയം ഭേദിക്കാൻ ആർക്കെങ്കിലും കഴിയുമെന്നു സോണിയജി വിചാരിച്ചിട്ടുണ്ടാവില്ല!

പക്ഷെ ഇത് സുബ്രമണ്യം സ്വാമിയാണ്. ഇന്ത്യയിലെ യഥാർത്ഥ അഴിമതി വിരുദ്ധ പോരാളി, ഒറ്റയാൾ പട്ടാളം. അപ്പോൾ കണ്ടവനെ അപ്പാന്നു വിളിക്കുന്ന അഴിമതി പോരാളി കേജ്രിവാളിന്റെ പോലത്തെ ജെനുസ് അല്ല എന്നർത്ഥം.
 

ഒരിക്കൽ ഒരു അഭിമുഖത്തിൽ എന്താണ് ഇത്തരം കേസുകളിൽ സ്വാമിയുടെ വിജയ രഹസ്യം എന്ന ചോദ്യത്തിന് സ്വാമി മറുപടി പറഞ്ഞിരുന്നു 'എന്റെ വക്കീലന്മാരെ സ്വാധീനിക്കാൻ ആർക്കും പറ്റില്ല എന്നതാണ് എന്റെ വിജയ രഹസ്യം, കാരണം ഞാൻ തന്നെ ആണ് എന്റെ വക്കീൽ!

ഈ നാഷണൽ ഹെറാള്‍ഡ് കേസിലെ ലൈൻ അപ്പ് തന്നെ ഇങ്ങനെ:
കബിൽ സിബൽ + മനു അഭിഷേക് സിംഗ്വി + തിവാരി + റാവൽ + ബണ്ടാരി + ചീമ + ഗുപ്ത + സരീൻ + രാംജേത്മലാനി v/s സുബ്രമണ്യം സ്വാമി !!

പിന്നെ ഒരു കുഴപ്പം ഉള്ളത്, ഒറ്റയാൾ പട്ടാളം ആയതിന്റെ പരിമിധി ആണ്, ചില അഴിമതിക്കാരെ തിരഞ്ഞു പിടിച്ചാണ് ആക്ക്രമണം. മറ്റേതെങ്കിലും വിധത്തിൽ തൻറെ ശത്രുത സമ്പാതിക്കുന്നവർ ആണ് ഇരകൾ. പക്ഷെ നല്ല ഉറച്ച തെളിവുകൾ ഉണ്ടെങ്കിലെ യുദ്ധം തുടങ്ങൂ. തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മിക്കവാറും എതിരാളിയെ ജയിലിൽ കേറ്റിയെ അടങ്ങൂ. സാധാരണ തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖർ ആണ് ലിസ്റ്റിൽ പെടാറുള്ളൂ. സംസ്ഥാനത്തിന് പുറത്തു ഭാഗ്യം കിട്ടിയിരിക്കുന്നത് സോണിയ ഗാന്ധിക്കാണ്.

വിഷകന്യ എന്നാണു സോണിയയെ സ്വാമി തൻറെ ട്വീടുകളിൽ വിശേഷിപ്പിക്കാറുള്ളത് എന്ന് കൂടി അറിയുമ്പോൾ മനസിലാക്കാം സ്വാമിക്ക് അവരോടുള്ള വെറുപ്പിന്റെ ആഴം. അത് തന്നെ ആണ് മാഡത്തിനെയും അവരുടെ സ്തുതിപാഠക വൃന്ദങ്ങളെയും വെറിളി പിടിപ്പിക്കുന്നത്, മരണ വെപ്രാളമാണ് പാർലമെന്റിൽ കാണുന്നത്.

എന്തായാലും മാഡത്തിന്റെ കാര്യം പോക്ക് തന്നെ. കാരണം മോഡി വിചാരിച്ചാൽ പോലും ഒരുപക്ഷെ സ്വാമി പിന്മാറി എന്ന് വരില്ല. ജി.എസ്.ടി ബിൽ പാസ്സാക്കുനതിനേക്കാൾ പ്രധാനം കേസുമായി മുന്നോട്ടു പോകുന്നതാണെന്ന് സ്വാമി പറഞ്ഞതിന്റെ അർഥം മറ്റൊന്നല്ല.


തീഹാർ ജയിലിൽ  തനിക്കുള്ള കാരാഗൃഹത്തിന്റെ ഇരുമ്പ് വാതിൽ തുറക്കുന്ന ശബ്ദം സോണിയയുടെ ചെവിയിൽ മുഴങ്ങി തുടങ്ങിയിട്ടുണ്ടാവണം!