Sunday, December 13, 2015

സർദാർ പട്ടേലും ആർ.ശങ്കറും ബിജെപിയും പിന്നെ നരസിംഹറാവുമാരും

പ്രധാനമന്ത്രി പങ്കെടുക്കുന്ന ആർ.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രിയെ ഒഴിവാക്കി എന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ.

പ്രാധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനു മുഖ്യമന്ത്രി എന്ന നിലക്ക് ക്ഷണിച്ചിട്ടും  രാഷ്ട്രീയ വൈര്യം കൊണ്ട് പോകാതിരുന്ന മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി, പോകേണ്ട എന്ന് നിർദ്ദേശിച്ച പാർടി ആണ് കോണ്‍ഗ്രസ്‌. ഇതൊന്നും മറന്നിട്ടുണ്ടാവില്ല രാഷ്ട്രീയ കേരളം. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ചൊല്ല് അന്വർഥമാക്കി ഇപ്പൊൾ 'കൊല്ലത്ത്' തന്നെ കിട്ടി. കൊല്ലത്താണല്ലോ ഈ ചടങ്ങ് നടക്കുന്നത്.

എന്തായായാലും ഇവിടെ ചിലർക്ക് ഒരു ഭാവം ഉണ്ടായിരുന്നു മോഡി ബിജെപിയുടെയും സംഘപരിവാറിന്റെയും (ഇവരുടെ ഭാഷയിൽ സംഘികളുടെ ) മാത്രം പ്രധാനമന്ത്രി ആണെന്ന്. തിരഞ്ഞെടുപ്പൊന്നും കൂടാതെ പാർലമെന്റിന്റെ ഓടു പൊളിച്ചു അകത്തു കയറിയതാണെന്ന്.
പ്രധാനമന്ത്രി ആയതിനു ശേഷം നടത്തിയ ആദ്യകേരള സന്ദർശനത്തിൽ പ്രധാനമന്ത്രിയെ കാണേണ്ട രാഷ്ട്രീയക്കാർ മോഡിയുടെ വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് ടെക്നിക്കൽ ഏരിയയിൽ വന്നു കാണാം എന്ന നിർദേശത്തോട് പിണറായിയുടെ പ്രതികരണവും, ആർ.ശങ്കർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പരാതിയും കൂടി ആയതോടെ ആ വിചാരം മാറി, കേരളത്തിലെ രാഷ്ട്രീയക്കാർ മോഡിയെ ഇന്ത്യയുടെ മൊത്തം പ്രധാനമന്ത്രി ആയി അന്ഗീകരിച്ചിരിക്കുന്നു എന്ന് മനസിലായി. സന്തോഷം!

ദേശിയ തലത്തിൽ സർദാർ പട്ടേലിനെ തട്ടിയെടുത്ത പോലെ കേരളത്തിൽ ആർ.ശങ്കറിനെ തട്ടിയെടുക്കാൻ നോക്കുകയാണ് മോഡിയും ബിജെപിയും എന്നാണു പരാതി. പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളെ ഹൈജാക്ക് ചെയ്യുക എന്ന ഗ്രാൻഡ്‌ പ്ലാൻ ആണത്രേ ബിജെപിക്ക്!

ഒരു ഒറിജിനൽ ഗാന്ധിയും ഒരു നെഹ്രുവും പിന്നെ ഇന്ദിര, രാജീവ് എന്ന രണ്ടു വ്യാജ ഗാന്ധികളും മാത്രമാണ് ഇന്ത്യ എന്ന് വരുത്തിതീർക്കാനാണ്‌ ഇക്കഴിഞ്ഞ പത്തറുപത് കൊല്ലം കൊണ്ടു കോൺഗ്രസ് ശ്രമിച്ചു കൊണ്ടിരുന്നത്. അതാണിപ്പോൾ മോദിയും കൂട്ടരും പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഒതുക്കി ഇല്ലാതാക്കാൻ ശ്രമിച്ച സുഭാഷ്‌ ചന്ദ്ര ബോസ്, അംബേദ്‌കർ, പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, നരസിംഹ റാവു തുടങ്ങിയ പല ഇന്ത്യൻ നേതാക്കൾക്കും അർഹതപ്പെട്ട അംഗീകാരം മോഡി നേടിക്കൊടുക്കുന്നത് കാണുമ്പോൾ കോൺഗ്രസ് രാജകുടുംബത്തിന്  ചൊറിച്ചിൽ തോന്നുന്നത് സ്വാഭാവികം മാത്രം.

തൊണ്ണൂറുകളിൽ സാമ്പത്തികമായി പൂർണമായി തകർന്ന അവസ്ഥയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ ഒരു പക്ഷെ ഏറ്റവും പ്രഗത്ഭനായ കോൺഗ്രസ് പ്രധാനമന്ത്രി എന്നു തന്നെ പറയാവുന്ന നരസിംഹ റാവു. അദ്ദേഹം മരിച്ചപ്പോൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു അദ്ദേത്തിനെ മൃതദേഹം പൊതു ദർശനത്തിനു പോലും വക്കാൻ കോൺഗ്രസിന്റെ രാജകുടുബം അനുവദിച്ചില്ല. അദ്ദേഹത്തിന് ഒരു സ്മാരകം നിർമിക്കുന്നതിന് പോലും മോദി അധികാരത്തിൽ വരേണ്ടി വന്നു എന്നു പറയുമ്പോൾ മനസിലാക്കാം നെഹ്‌റു കുടുംബത്തിൽ പെടാത്തവർ ആരായാലും, അവർ എത്ര പ്രഗത്ഭനായ പ്രധാനമന്ത്രി തന്നെയായാലും 'കോൺഗ്രസ് ഹൈ കമാൻഡ്' അവർക്ക് കൊടുക്കുന്ന വില എന്താണെന്ന്.

എന്തായാലും ഈ പുതിയ വിവാദം, കേരള മുഖ്യമന്ത്രി ആയിട്ടുള്ള ഒരു എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി ഉണ്ടായിരുന്നു എന്ന് പുതു തലമുറ എസ്.എൻ.ഡി.പിക്കാരെയും അഥവാ ഈഴവരെയും പൊതു സമൂഹത്തെയും ഒന്ന് ഓർമിപ്പിക്കാൻ ഉപകരിച്ചു. എത്ര അർഥങ്ങൾ ഉണ്ട് ഈ പറഞ്ഞതിന് എന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ്‌ ഇത്ര ചൂട്, ഈ വിവാദത്തിന്.

പിന്നെ, 1980ൽ രൂപീകൃതമായ ബിജെപി, 1947 ഓഗസ്റ്റ് 15ന് പരിസമാപ്തിയിലെത്തിയ സ്വാതന്ത്ര്യ സമരത്തിൽ 'ബിജെപി'ക്കാരൻ എന്ന ലേബലിൽ പങ്കെടുത്ത നെതാക്കളില്ലാത്തത് കൊണ്ടാണ് കോണ്ഗ്രസ് നേതാക്കളെ തട്ടിയെടുത്തു ആശ തീർക്കുന്നത് എന്ന ആരോപണം എത്ര ബാലിശമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1920കൾ വരെ, കൃത്യമായി പറഞ്ഞാൽ 1920ലെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ നാഗപൂർ സമ്മേളനത്തിൽ സംഘാടകരിൽ ഒരാളായി പ്രവർത്തിച്ചതടക്കം, ഒരു കോണ്ഗ്രെസ്സുകാരനായിരുന്ന ആർ എസ്.എസ്. സ്ഥാപകൻ കേശവ ബലിരാം ഹെഡ്ഗെവാർ എന്ന ഡോക്ടർജി,
സ്വാതന്ത്ര്യ സമരത്തിന് ശേഷം നെഹ്റു മന്ത്രിസഭയിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള ബിജെപി സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജി,
ക്യിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ ശിക്ഷ അനുഭവിച്ച പിന്നീട് ബിജെപിയുടെ ആദ്യ പ്രധാമന്ത്രിയായ അടൽ ബീഹാരി വാജ്പെയിജി മുതലായ വീരപുത്രന്മാരെ വച്ച് ബിജെപിക്കാർ ആ കുറവ് പരിഹരിച്ചു കൊള്ളും എന്ന് തന്നെ നമുക്ക് കരുതാം.

ടെയിൽ പീസ്: സിനിമ സ്റ്റൈലിൽ പറയുകയാണെങ്കിൽ സ്വാതന്ത്ര്യ സമരനാന്തരം ജനിച്ച ബിജെപി എന്ന പാർടിയിലെ ഒരുപാട് പേര് സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് കോണ്‍ഗ്രസ്‌ എന്ന ഒറ്റ കുടക്കീഴിൽ അണിനിരന്നതിന്റെ കുറച്ചിൽ ഈപ്പച്ചൻ അങ്ങ് സഹിച്ചു. എന്താ പോരെ. 

Saturday, December 12, 2015

രാജീവ്ഗാന്ധിക്ക് ബോഫോര്സ് ആയിരുന്നെങ്കിൽ സോണിയഗാന്ധിക്ക് നാഷണൽ ഹെറാള്‍ഡ്. കൂടെ സുബ്രമണ്യം സ്വാമിയും.

അന്ന് 2G കേസിൽ .രാജയും കനിമൊഴിയും ജയിലിൽ പോയപ്പോൾ സുബ്രമണ്യം സ്വാമി പറഞ്ഞിരുന്നു അടുത്ത നമ്പർ സോണിഗാന്ധിയുടെ ആണെന്ന് അതിനിടയിൽ ജയലളിതക്കും കിട്ടി പണി.

നെഹ്റു കുടുംബം എന്ന സംരക്ഷണവലയം ഭേദിക്കാൻ ആർക്കെങ്കിലും കഴിയുമെന്നു സോണിയജി വിചാരിച്ചിട്ടുണ്ടാവില്ല!

പക്ഷെ ഇത് സുബ്രമണ്യം സ്വാമിയാണ്. ഇന്ത്യയിലെ യഥാർത്ഥ അഴിമതി വിരുദ്ധ പോരാളി, ഒറ്റയാൾ പട്ടാളം. അപ്പോൾ കണ്ടവനെ അപ്പാന്നു വിളിക്കുന്ന അഴിമതി പോരാളി കേജ്രിവാളിന്റെ പോലത്തെ ജെനുസ് അല്ല എന്നർത്ഥം.
 

ഒരിക്കൽ ഒരു അഭിമുഖത്തിൽ എന്താണ് ഇത്തരം കേസുകളിൽ സ്വാമിയുടെ വിജയ രഹസ്യം എന്ന ചോദ്യത്തിന് സ്വാമി മറുപടി പറഞ്ഞിരുന്നു 'എന്റെ വക്കീലന്മാരെ സ്വാധീനിക്കാൻ ആർക്കും പറ്റില്ല എന്നതാണ് എന്റെ വിജയ രഹസ്യം, കാരണം ഞാൻ തന്നെ ആണ് എന്റെ വക്കീൽ!

ഈ നാഷണൽ ഹെറാള്‍ഡ് കേസിലെ ലൈൻ അപ്പ് തന്നെ ഇങ്ങനെ:
കബിൽ സിബൽ + മനു അഭിഷേക് സിംഗ്വി + തിവാരി + റാവൽ + ബണ്ടാരി + ചീമ + ഗുപ്ത + സരീൻ + രാംജേത്മലാനി v/s സുബ്രമണ്യം സ്വാമി !!

പിന്നെ ഒരു കുഴപ്പം ഉള്ളത്, ഒറ്റയാൾ പട്ടാളം ആയതിന്റെ പരിമിധി ആണ്, ചില അഴിമതിക്കാരെ തിരഞ്ഞു പിടിച്ചാണ് ആക്ക്രമണം. മറ്റേതെങ്കിലും വിധത്തിൽ തൻറെ ശത്രുത സമ്പാതിക്കുന്നവർ ആണ് ഇരകൾ. പക്ഷെ നല്ല ഉറച്ച തെളിവുകൾ ഉണ്ടെങ്കിലെ യുദ്ധം തുടങ്ങൂ. തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മിക്കവാറും എതിരാളിയെ ജയിലിൽ കേറ്റിയെ അടങ്ങൂ. സാധാരണ തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖർ ആണ് ലിസ്റ്റിൽ പെടാറുള്ളൂ. സംസ്ഥാനത്തിന് പുറത്തു ഭാഗ്യം കിട്ടിയിരിക്കുന്നത് സോണിയ ഗാന്ധിക്കാണ്.

വിഷകന്യ എന്നാണു സോണിയയെ സ്വാമി തൻറെ ട്വീടുകളിൽ വിശേഷിപ്പിക്കാറുള്ളത് എന്ന് കൂടി അറിയുമ്പോൾ മനസിലാക്കാം സ്വാമിക്ക് അവരോടുള്ള വെറുപ്പിന്റെ ആഴം. അത് തന്നെ ആണ് മാഡത്തിനെയും അവരുടെ സ്തുതിപാഠക വൃന്ദങ്ങളെയും വെറിളി പിടിപ്പിക്കുന്നത്, മരണ വെപ്രാളമാണ് പാർലമെന്റിൽ കാണുന്നത്.

എന്തായാലും മാഡത്തിന്റെ കാര്യം പോക്ക് തന്നെ. കാരണം മോഡി വിചാരിച്ചാൽ പോലും ഒരുപക്ഷെ സ്വാമി പിന്മാറി എന്ന് വരില്ല. ജി.എസ്.ടി ബിൽ പാസ്സാക്കുനതിനേക്കാൾ പ്രധാനം കേസുമായി മുന്നോട്ടു പോകുന്നതാണെന്ന് സ്വാമി പറഞ്ഞതിന്റെ അർഥം മറ്റൊന്നല്ല.


തീഹാർ ജയിലിൽ  തനിക്കുള്ള കാരാഗൃഹത്തിന്റെ ഇരുമ്പ് വാതിൽ തുറക്കുന്ന ശബ്ദം സോണിയയുടെ ചെവിയിൽ മുഴങ്ങി തുടങ്ങിയിട്ടുണ്ടാവണം!

Saturday, November 21, 2015

എന്ത് കൊണ്ടാണ് പശുപാലനോപ്പം കിസ്സ് ഓഫ് ലവ് എന്ന പ്രസ്ഥാനവും ദുഷിക്കപ്പെടുന്നത്

സഹപ്രവർത്തകർ ആയ രാഹുൽ പശുപാലനും ഭാര്യയും  ഓണ്‍ലൈൻ പെണ്‍വാണിഭകേസിൽ പെട്ട് അകത്തു പോയപ്പോൾ അത് വരെ അവരെ തോളിൽ ഏറ്റി നടന്ന കൂട്ടാളികളുടെ പ്രതികരണത്തിന്റെ ഒരു സ്വഭാവം പൊതുവിൽ ഇങ്ങനെയായിരുന്നു:


ആ സമരത്തിന്റെ ഭാഗമായിരുന്ന ആരെങ്കിലും എന്തെങ്കിലും കേസിൽ പെട്ട് ജയിലിൽ പോയാൽ ഇല്ലാതാവുന്നതല്ല ആ സമരം അഥവാ പ്രസ്ഥാനം. അത് ഒരു ആശയം ആയിരുന്നു. അതിനു അവർ കണ്ടെത്തിയ ഉദാഹരണം ഒരു രാഷ്ട്രീയ പാർടിയുടെ നേതാവ് ഏതെങ്കിലും ലൈഗിക ആരോപണത്തിൽ ഉൾപ്പെട്ടു എന്ന് വച്ച് അദ്ധെഹത്തിന്റെ പാർടിയെ മൊത്തത്തിൽ അങ്ങനെ കാണാറില്ലല്ലോ എന്നായിരുന്നു.


സമരത്തിന്റെ നേതാവ് പശുപാലൻ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രശ്മിയും, ഇപ്പൊ തള്ളിപ്പറയുന്നതിലും മുന്നില് നില്ക്കുന്ന അരുന്ധതി എന്ന 'ഗവേഷക വിദ്യാർഥിയും' ഒക്കെ അതിന്റെ നേതാക്കൾ തന്നെ ആയിരുന്നു. മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും എല്ലാം പറഞ്ഞ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചത് ഇവരെല്ലാം തന്നെ ആയിരുന്നു.

പിന്നെ പറയുന്നത് മാധ്യമങ്ങൾ ആണ് ഇവരെയൊക്കെ നേതാവാക്കിയത് എന്നാണു. അതായത് ഭരണഘടന എഴുതി രജിസ്റ്റർ ചെയ്തു തിരഞ്ഞെടുപ്പ് നടത്തി ആരെയും നേതാവാക്കിയിട്ടില്ല എന്ന് വ്യംഗ്യം.  

അതെ, ആധുനിക കാലത്ത് പലരും നേതാവാകുന്നതും അത് നാലാൾ അറിയുന്നതും അങ്ങനെ തന്നെ ആണല്ലോ. അന്ന് ഏഷ്യനെറ്റ് മുതൽ ബി.ബി.സി വരെ പശുപാലൻ എന്ന വ്യക്തിയെ കിസ്സ്‌ ഓഫ് ലവ് നേതാവായി അവതരിപ്പിച്ചപ്പോൾ ഒന്നും   'സഹപ്രവർത്തകർ' ആരും ഒരു മാധ്യമങ്ങളോടും പറഞ്ഞു നമ്മൾ കേട്ടിട്ടില്ല  'ഇവരൊന്നും അല്ല കിസ്സ്ഓഫ് ലവിന്റെ നേതാക്കൾ' എന്ന്. അപ്പോൾ പിന്നെ വാദത്തിനു ഒരു പ്രസക്തിയുമില്ല. പശുപാലനെ തളളിപ്പറയാനുള്ള ഒരു മുട്ട്ന്യായം മാത്രമാണത്.

അടുത്ത ചോദ്യം ആണ് ഏറ്റവും പ്രധാനം. ഒരു രാഷ്ട്രീയ പാർടിയുടെ നേതാവ് ഒരു ലൈഗിക ആരോപണത്തിൽ പെടുമ്പോൾ എന്ത് കൊണ്ടാണ് ആ പാർടിയെ ആരും അതുമായി ബന്ധപ്പെടുതാത്തത്. എന്ത് കൊണ്ടാണ് ആ പരിഗണന കിസ്സ്ഓഫ് ലവിനു കിട്ടാത്തത്. അതായത് പശുപാലൻ ചെയ്ത തെറ്റിന് കിസ്സ്ഓഫ് ലവിനെ എന്തിനിങ്ങനെ ആക്രമിക്കുന്നു എന്ന്‌.

കർണാടകത്തിലെ ശ്രീരാമസേനയുടെയും മറ്റും ഉള്ള യഥാർത്ഥ സദാചാര പോലീസിംഗ് കണ്ടിട്ടുള്ള ഇന്ത്യയിൽ പൊതുവായി, അതായത് കേരളത്തിന്‌ പുറത്താണ് ചോദ്യം ഉന്നയിച്ചതെങ്കിൽ ഒരു പക്ഷെ  അതിനുത്തരം ഇവർ ആഗ്രഹിക്കുന്ന പോലെ സദാചാര പോലിസിങ്ങിനെതിരെ ഉയർന്നു വന്ന മഹത്തായ ഒരു ആശയം അതിന്റെ പ്രവർത്തകരായ ഒന്നോ രണ്ടോ നേതാക്കളുടെ വീഴ്ച കൊണ്ട് ഇല്ലാതകുന്നതല്ല എന്ന് തന്നെ ആയിരിക്കും .

കാരണം സദാചാര പോലിസ് ഒരു സിവിൽ സൊസൈറ്റി അന്ഗീകരിക്കാത്ത കാര്യം തന്നെ ആണ്. താലിബാൻവൽക്കരണം എന്ന വിഷ വൃക്ഷമായി വളരാൻ പ്രാപ്തിയുള്ള ഒരു ചെറു നാമ്പ് തന്നെ ആണ് സദാചാര പോലിസ്.
അത് എതിർത്ത് തോൽപ്പിക്കേണ്ടത് തന്നെ ആണെന്നതിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ, സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരാൾക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാൻ സാധ്യത ഇല്ല

പക്ഷെ ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം എങ്ങനെയാണെന്ന് നേരിട്ട് കണ്ട മലയാളികൾക്ക് ഉത്തരം ആയിരിക്കില്ല. എന്ത് കൊണ്ട് പശുപലനോപ്പം ചുംബന സമരവും ദുഷിക്കപ്പെടുന്നു എന്ന ചോദ്യത്തിനുള്ള കേരളത്തിന്റെ ആ മറുപടി ആണ് ചുംബനസമരത്തെ അതിശക്തമായി അധിക്ഷേപിച്ചു കൊണ്ടുള്ള പ്രതികരണങ്ങളുടെ കുത്തൊഴുക്കിന്റെ രൂപത്തിൽ ദിവസങ്ങളിലൊക്കെ കണ്ടത്.

രാഹുൽ പശുപലനും ഭാര്യ രശ്മി നായരും പെണ്വാണിഭ കേസിൽ ജയിലിൽ പോയതോടെ അവർ നേതൃത്വം കൊടുത്ത കിസ്സ്ഓഫ് ലവ് എന്ന സംരംഭം ഇല്ലാതാവാൻ കാരണം അത് സദാചാര പോളിസിങ്ങിനെതിരെ ഉയർന്നു വന്ന ഒരു പ്രസ്ഥാനമായിരുന്നില്ല എന്നത് തന്നെ ആണ്. അത് സത്യത്തിൽ സദാചാര പോളിസിങ്ങിനെതിരെ എന്ന വ്യാജേന ബിജെപിയെയും സംഘ പരിവാരിനെയും ലക്ഷ്യം വച്ച് മാത്രം ഉയർന്നു വന്ന ഒരു രാഷ്ട്രീയ കൂട്ടായ്മ മാത്രം ആയിരുന്നു.

അമേദ്യത്തിന്റെ പുറത്തു ചോകലെറ്റ്  ക്രീം വച്ച് അലങ്കരിച്ചാൽ എങ്ങനെയായിരിക്കുമോ അത് തന്നെയായിരുന്നു കൂട്ടികൊടുപ്പിന്റെയും പെണ്‍വാണിഭത്തിന്റെയും വക്താകൾലൈഗിക അരാചക വാദമാണ് ഫെമിനിസം എന്ന് കരുതുന്ന ചില ആക്ടിവിസ്റ്റുകൾ, ബിജെപിക്കെതിരായ ഒളിയുദ്ധം നടത്താൻ എന്ത് കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്ന ചില ഇടതു ലിബരലുകൾ അങ്ങനെയുള്ള വിചിത്രമായ ഒരു കൂട്ടുകെട്ടിന് മുകളിൽ വച്ചസദാചാര പോളിസിങ്ങിനെതിരെ ഒരു കൂട്ടായ്മ’ എന്ന മഹത്തായ ഒരു ആശയം, ഇതായിരുന്നു കിസ്സ്ഓഫ് ലവ് എന്ന സംഭവം

അത് കൊണ്ട് തന്നെ ആണ്  ജയിയിൽ പോയ പെണ് വാണിഭക്കാരായ നേതാക്കൾക്കൊപ്പം അതും ചരിത്രത്തിന്റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടത്.

ജൈഹിന്ദ് ടിവി അടക്കം മലയാളത്തിലെ മൂന്നോ നാലോ ചാനലുകളിൽ വാർത്ത വന്ന ഒരു അനാശാസ്യ കേന്ദ്രം-കോഴിക്കോട്ടെ ഡൌണ്ടൌണ്എന്ന രെസ്റ്റൊരന്റ്, സമാന സാഹചര്യങ്ങളിൽ ഇതിനും മുൻപ് പല യുവജന പ്രസ്ഥാനങ്ങളും ചെയ്തിട്ടുള്ള പോലെ, ഒരു പ്രമുഖ രാഷ്ട്രീയ പാർടിയുടെ യുവജന വിഭാഗം അടിച്ചു തകർക്കുന്നു. സംഭവത്തിനു മുകളിൽ ആണ് സദാചാര പോലീസിനെതിരെ എന്ന പേരിൽ കിസ്സ്ഓഫ് ലവ് എന്ന പ്രസ്ഥാനം കെട്ടിപ്പടുത്തത്.

അന്ന് മുതൽ അതിനെ എതിർത്തവരുടെ വാദം ആയിരുന്നു സദാചാര പോലീസിനെതിരെ എന്ന മുഖമൂടിയോടെ ഇവർ ചെയ്യുന്നത് ബിജെപിയെ ആക്രമിക്കുക, വ്യഭിചാര കേന്ദ്രങ്ങളെ  സംരക്ഷിക്കുക എന്നതാണെന്ന്. ഇന്ന് പശുപാലന്റെ അറസ്റ്റൊടെ ഇതെല്ലാം സത്യം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്

അന്ന് ഡൌണ്ടൌണിൽ നടന്നത് പശുപലന്റെ ബിസിനെസ്സിന്റെ ഭാഗമായ പെണ്വാണിഭം തന്നെ ആയിരുന്നു എന്നും, അല്ലാതെ എന്തെങ്കിലും പാർക്കിൽ ഇരുന്നു പ്രേമിച്ച ഏതെങ്കിലും യുവമിധുനങ്ങളോട് ആരെങ്കിലും സദാചാര പോലീസ് ചമഞ്ഞതല്ല എന്നും, അന്നതിനെ ശക്തിയുക്തം എതിർത്ത യുവമോർച്ച തന്നെ ആയിരുന്നു ശരി എന്നും, ഈ പ്രസ്ഥാനം ഉടലെടുതത്തിനു ശേഷവും  ആളുകളെ തല്ലി കൊന്ന സദാചാര പോലീസിങ് നടന്നിട്ടും ഒരു പ്രസ്താവന പോലും ഇറക്കാതിരുന്ന ഇവരുടെ കാപട്യങ്ങളും, അങ്ങനെ എല്ലാം ഇന്ന് പകൽ പോലെ തെളിഞ്ഞിരിക്കുകയാണ്!

അപ്പോൾ പിന്നെ ഇത് പശുപലന്റെ വിഷയം മാത്രം ആയി എങ്ങനെ മാറും. അത് കൊണ്ടാണ്കേരളത്തിന്റെ’ ചുംബന സമരം പശുപലന്റെ ഒപ്പം തന്നെ പഴി കേൾക്കുന്നത്, ചീഞ്ഞുനാറുന്നത്.

ഇങ്ങനെയുള്ളപ്പോൾ അധികാരത്തിനു വേണ്ടിയാണെങ്കിൽ കൂടി  ജനനന്മക്ക് വേണ്ടിയുള്ള ആദർശങ്ങളുടെ പേരിൽ സൃഷിട്ക്കപ്പെട്ട രാഷ്ട്രീയ പാർടികളുമായി, ഒരു വ്യഭിചാര കേന്ദ്രം തച്ചു തകർത്തതിനെ എതിർത്ത് കൊണ്ട് ജന്മം കൊണ്ട, പ്രമുഖ നേതാക്കൾ വ്യഭിചാര കേസുകളിൽ അകത്തു പോയിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിനു  എന്ത് താരതമ്യമാണുള്ളത്‌! 

ഡൌണ്ടൌണ്എന്ന കാപട്യത്തിന്റെ, ദുർബലമായ അടിത്തറയിൽ പണിത ചുംബന സമരം പശുപാലനെന്ന തല പോയതോട് കൂടി ഇല്ലാതായി. അതാണ്‌ വസ്തുത.

വിരാമതിലകം: സദാചാര പോലീസിംഗ് നടത്തുന്നവരുടെ രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന പരിപാടി നിർത്തി,
അതിനു വേണ്ടി, പിണറായി വിജയൻ സഖാക്കളേ ഗുണദോഷിച്ച പോലെ, കിടപ്പറയിൽ കാണിക്കേണ്ട കാര്യങ്ങൾ നടുറോഡിൽ കാണിക്കുന്ന പേക്കൂത്ത് അവസാനിപ്പിച്ച്,മഹത്തായ ആശയങ്ങളിൽ സംഘപരിവാർ വിരോധം കുത്തി നിറച്ചു അവയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന സ്ഥിരം പരിപാടി മാറ്റി വച്ച്,
ഒരു യഥാർത്ഥ ആന്റി-മോറൽ പോലീസിംഗ് പ്രസ്ഥാനമായി മാറുകയാണെങ്കിൽ അത് രാജ്യത്തിന്മൊത്തം ഒരു മുതൽ കൂട്ടായിരിക്കും. അത്തരം ഒരു തിരുത്തലിനു സംഭവവികാസം ഇടവരുത്തട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം

Sunday, November 8, 2015

ബീഹാർ റിസൾട്ട്: 'മഹാഘട്ബന്ധ'നു ശേഷം പ്രളയം ആണോ ബിജെപിയെ കാത്തിരിക്കുന്നത്.

മഹാഘട്ബന്ധൻ! , എന്തായാലും ആ പേര് വളരെ അർത്ഥവത്താണ്. ‘ചില പ്രത്യേക സംസ്ഥാനങ്ങളിൽ’ ഇനിയങ്ങോട്ടുള്ള രാഷ്ട്രീയം എങ്ങിനെയെന്നതിന്റെ സൂചന തന്നെ ആണ് ബീഹാർ.

ബിജെപി ഒരു വശത്തും ബാക്കി 'സകലരും' - സകല അണ്ടനും-അടകോടനും, ശത്രുവും-മിത്രവും, മാധ്യമങ്ങളും, അവാർഡ് തിരിച്ചു കൊടുപ്പ്കാരും, ഷാരൂക്-ആമിർ ഖാന്മാരും, ന്യുനപക്ഷ-ദളിത് പീഡന കഥകളുടെ കുത്തൊഴുക്കും, പിന്തുണയറിയിച്ചു പാകിസ്താൻ പട്ടാള മേധാവി വരെ നീളുന്നവർ മറുവശത്തു വരുന്ന ഒരു മഹാഘട്ബന്ധൻ!

അത് പക്ഷെ  മൂന്ന്,നാല് സംസ്ഥാങ്ങളിൽ (ബീഹാർ, യു.പി, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, ജമ്മു കാശ്മീർ) മാത്രം സംഭവിക്കാൻ സാധ്യത ഉള്ള  ഒരു പ്രതിഭാസം ആണ്. ഒരു 'ഓൾ-ഇന്ത്യ പ്രതിഭാസം' ആണെന്ന് വിചാരിച്ചു ആരും സന്തോഷിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട കാര്യം ഇല്ല.

ഇനി അടുത്ത് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിൽ കൊണ്ഗ്രെസ്സും ബിജെപിയും തമ്മിൽ നേരിട്ട് മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ (ഉദാ: അസ്സാം, അരുണാചൽ) ബിജെപി ഇനിയും വിജയക്കുതിപ്പ് തുടരും. പക്ഷെ പ്രാദേശിക കക്ഷികൾ പരസ്പരം മത്സരിച്ചിരുന്ന മൂന്ന്,നാല് സംസ്ഥാങ്ങളിൽ വിജയിക്കൽ ബുദ്ധിമുട്ട് തന്നെ ആയിരിക്കും.

ബീഹാറിന് ശേഷം 'മഹാഘട്ബന്ധൻ' ബിജെപിക്ക് വിജയം നിഷേധികാൻ സാധ്യത ഉള്ള സംസ്ഥാനങ്ങൾ ഇവയാണ്:

1. യു.പി :
ബിജെപി v/s മുലായത്തിന്റെ എസ്പി + മായാവതിയുടെ ബിഎസ്പി + വാലായി കോണ്ഗ്രസ്സും.

2. വെസ്റ്റ് ബംഗാൾ : 
ബിജെപി v/s മമത ബാനെർജിയുടെ തൃണമൂൽ + ലെഫ്റ്റ് + വാലായി കോണ്ഗ്രസ്സും.

3. മഹാരാഷ്ട്ര: 
ബിജെപി v/s ശിവസേന + ശരത് പവാറിന്റെ എന്സിപി + വാലായി കോണ്ഗ്രസ്സും.

4.ജമ്മു കാശ്മീർ: 
ബിജെപി v/s ഫരൂക് അബ്ദുള്ളയുടെ നാഷണൽ കോണ്ഫെരൻസ് + മുഫ്തി മോഹമെദ്‌ സയ്യദിന്റെ പിഡിപി + വാലായി കോണ്ഗ്രസ്സും.

Tailpiece: മഹാഘട്ബന്ധന്റെ ദൂഷ്യം ബിജെപി കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനം വേറെ ഏതും അല്ല, നമ്മുടെ കേരളം തന്നെയാണ്. എവിടെയെങ്കിലും ബിജെപി ജയിക്കും എന്ന് കണ്ടാൽ ലെഫ്റ്റും, റൈറ്റും, കൈവെട്ടു ടീമും അങ്ങനെ എല്ലാവരും ഒന്നിക്കുന്ന കാരണം കൊണ്ട് മാത്രം പച്ച തൊടാതെ നിൽകുന്ന ബിജെപിക്ക് ഇതൊന്നും ഒരു പുത്തരിയല്ല. ഇവിടെ അതിന്റെ പേര് സാമ്പാർ സഖ്യം എന്നാണെന്ന് മാത്രം.

Saturday, October 31, 2015

ദബൊൽകർ വധം: ഒരു കത്തോലിക സഭ കണക്ഷൻ, സനൽ ഇടമറുക് വഴി!

കുറച്ചു വർഷങ്ങൾക്കു മുൻപ് ശബരിമലയിലെ മകരജ്യോതിക്കെതിരെയുള്ള കേരള യുക്തിവാദിസംഘത്തിന്റെ കാമ്പൈൻ നയിച്ച്കൊണ്ട് സനൽ ഇടമറുക് നമ്മുടെ 9മണി ചാനൽചർച്ചകളിൽ നിറഞ്ഞുനിന്ന കാലത്ത് അദ്ധേഹത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു കൂടെ നിന്നവരെല്ലാം പക്ഷെ കത്തോലികസഭ വധഭീഷണി മുഴക്കി അദ്ധേഹത്തെ നാടുകടത്തിയിട്ടും ഒരു അക്ഷരം മിണ്ടാതെ മൌനത്തിലാണ്ടുപോയതും ഒരു അവാർഡും ഒരാളും തിരിച്ചു കൊടുക്കാതിരുന്നതും ചർച്ചയായി കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്.

സെകുലർ,ലിബറൽ,ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പൊസ്തലന്മാർ അങ്ങനെയുള്ള വലിയ ഒരു കൂട്ടത്തിന്റെ ഇരട്ടത്താപ്പ് ഒരിക്കൽ കൂടി പുറത്തു വന്നതിനു പുറമേ പുതിയ ഒരു ട്വിസ്റ്റ്കൂടി കഥയിൽ വരികയാണ്. അതാണ്കൽബുർഗി-പൻസാരെ-ദാബോല്കർ ത്രയത്തിലെ ദബൊൽകർ വധവുമായി സനൽ ഇടമറുക് ബന്ധം!

2012 മുംബൈയിലെ ഒരു കത്തോലിക പള്ളിയിൽ യേശുക്രിസ്തുവിന്റെ ക്രൂശിതരൂപത്തിൽ നിന്ന് ദിവ്യ ജലം ഇറ്റു വീഴുന്നു എന്ന സഭയുടെ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്ത്കൊണ്ട്വന്നതിന്റെ പേരിൽ സഭയുടെ അപ്രീതിക്കും തുടർന്നുള്ള വധ ഭീഷണിക്കും മുന്നിൽ നാട്വിടേണ്ടി വന്ന സനൽ ഇടമറുക് എന്ന ഇന്ത്യൻ യുക്തിവാദി പ്രമുഖന്റെ കഥ ബിബിസി 2014 ജൂണ്‍ 3ന് പ്രസിദ്ധീകരിച്ചിട്ടുണ്ട് . അതിലാണ് 2013 ഓഗസ്റ്റ്‌ 20നു കൊണ്ഗ്രെസ്സ് ഭരിക്കുന്ന മഹാരാഷ്ട്രയിൽ, സോണിയഗാന്ധിയുടെ യു.പി.എ കേന്ദ്രം ഭരിക്കുന്ന കാലത്ത് കൊല്ലപ്പെട്ട, യുക്തിവാദി ദബൊൽകറിന്റെ വധത്തെ കുറിച്ച് സനൽ ഇടമറുക് പരാമർശിക്കുന്നത്. അതിൽ അദ്ദേഹം പറയുന്നത് താൻ മുംബൈയിൽ വരുകയാണെങ്കിൽ ദബൊൽകരും സുഹൃത്തുക്കളും അദ്ദേഹത്തിന് സംരക്ഷണം നല്കാം എന്ന വാഗാദാനം നല്കി എന്നും അതനുസരിച്ച് ഇന്ത്യയിലേക്ക്തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങിയപ്പോൾ ആണ്, ദബൊൽകർ സഹായിക്കാം എന്ന് ഏറ്റതിന് കൃത്യം നാല് ദിവസത്തിനുള്ളിൽ അദ്ദേഹം കൊല്ലപ്പെടുന്നത് എന്നാണ്.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന യുക്തിയിൽ ദബൊൽകർ എന്ന ' റാഷണലിസ്റ്റിനെ' വധിച്ചത് ഹിന്ദു വർഗീയ വാദികൾ ആണെന്നുള്ള കാടടച്ചുള്ള വെടിയും അവാർഡ് തിരിച്ചു കൊടുക്കൽ മാമാങ്കവും എല്ലാം  ഒരു എടുത്തു ചാട്ടം ആയിരുന്നു അല്ലെങ്കിൽ ഗൂഡാലോചന ആയിരുന്നു എന്നാണോ പുതിയ സംഭവ വികാസം സൂചിപ്പിക്കുന്നത്. സനൽ ഇടമറുകിനെ പോലെ തന്നെ ഹിന്ദു, ക്രിസ്ത്യൻ അടക്കം എല്ലാ മത വിഭാഗങ്ങളിലെയും അന്ധവിശ്വസങ്ങളെ എതിർത്തിരുന്ന ദബൊൽകറിനെ കൊലപ്പെടുത്തിയത് സഭയുടെ ഒത്താശയോടെ ക്രിസ്തീയ വർഗീയ വാദികൾ അല്ല എന്ന് അങ്ങനെ ഉറപ്പിക്കും. പ്രത്യേകിച്ച് സഭ അപായപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന  ഒരാളെ സഹായിക്കാൻ തീരുമാനമെടുത്തത്തിനു ദിവസങ്ങൾക്കുള്ളിൽ ആണ് കൊലപാതകം നടന്നത് എന്ന് വരുമ്പോൾ.

മുൻപത്തെ ഒരു ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു, കൊണ്ഗ്രെസ്സിന്റെ ഭരണത്തിന്റെ തണലിൽ കൊല്ലപ്പെട്ട ദാബോല്കരിന്റെയും, കൽബുർഗിയുടെയും കൊലപാതകം തെളിയിക്കുന്നതിനേക്കാൾ ഒരു പുക പടലം അന്തരീക്ഷത്തിൽ നിലനിർത്തുന്നതിനായിരിക്കും മോഡി വിരുദ്ധ ചേരിയുടെ താല്പര്യം എന്ന്. ഇനി എങ്ങാനും ഹിന്ദു ഗ്രൂപ്പുകൾ അല്ല കൊലപാതകത്തിന് പിന്നിൽ എങ്കിൽ മോഡിയെ അടിക്കാനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും നഷ്ടപ്പെടുത്തുന്നത് എന്ന്. അങ്ങനെയെങ്ങാനും സംഭവിക്കുകയാണെങ്കിൽ മോഡി സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ 'ബില്ഡ്-അപ്' ആയ അവാർഡ്‌ തിരിച്ചു കൊടുക്കൽ നാടകത്തിന്റെ അവസ്ഥ എന്തായിരിക്കും?!  അവാർഡ്തിരിച്ചു കൊടുത്ത സകല രാഷ്ട്രീയ-സാഹിത്യകാരന്മാരും,സിനിമാക്കാരും കടലിൽ ചാടി ചവേണ്ടി വരില്ലേ, ലവലേശം അഭിമാനം ബാക്കിയുണ്ടെങ്കിൽ!