ഈ ജൂലൈ മാസത്തിൽ തികച്ചും അപ്രതീക്ഷിതായി വന്ന മൂന്നു പ്രസ്താവനകൾ കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ സൃഷ്ടിച്ച ഭൂകമ്പത്തിന്റെ തുടർചലങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. രാഷ്ട്രീയത്തിലെ എല്ലായ്പ്പോഴത്തെയും വിവാദ വിഷയമായ ന്യുനപക്ഷ പ്രീണനവും വർഗീയതയും തന്നെ ആയിരുന്നു ഇവിടെയും
പൊതു ഘടകം.
സി.പി.ഐയിലെ കാനം രാജേന്ദ്രനും സി.പി.ഐ.(എം)ലെ തോമസ് ഐസക്കും പിന്നെ എഴുത്തുകാരി പി.വത്സലയുമാണ് ആ പ്രസ്താവനകളുടെ ഉടമകൾ.
ഇക്കാലങ്ങളത്രയും സംഘപരിവാർ പ്രസ്ഥാനങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്ന ഈ ഒരു വിഷയം രണ്ടു തലമൂത്ത കമ്മ്യുണിസ്റ്റ് നേതാക്കളിൽ നിന്ന് കേട്ടത് കൌതുകത്തോടെയും അതിലേറെ ഞെട്ടലോടെയുമാണ് കേരളം ശ്രവിച്ചത്.
കമ്മ്യുനിസ്റ്റുകാർക്കു വേണ്ടത് അടിമകളായ എഴുത്തുകാരെയാണെന്നും ഹിന്ദു എന്ന് പറഞ്ഞാൽ ബിജെപിക്കാരനായി മുദ്ര കുത്തപ്പെടുകയാണെന്നും ന്യുനപക്ഷ സംരക്ഷണത്തിന്റെ പേരില് ഹിന്ദുക്കൾ അവഗണിക്കപ്പെടുകയാണെന്നും ആയിരുന്നു കേരള സാഹിത്യ അക്കദമി അവാർഡ് ജേതാവായ, അക്കാദമിയുടെ ചെയർപെർസൻ ആയി പ്രവർത്തിച്ചിട്ടുമുള്ള പി.വത്സലയുടെ പ്രതികരണം.
ഇടതുപക്ഷം ന്യുനപക്ഷ പ്രീണനം നടത്തുകയാണെന്ന് സംശയം ഉയരുന്നുണ്ടെന്നും കേരളത്തിൽ ഹിന്ദുക്കൾ ന്യുനപക്ഷമായിക്കഴിഞ്ഞെന്നും ആയിരുന്നു
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവാദ പ്രസ്താവന.
കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പഞ്ചായത്ത് പുന:ക്രമീകരണത്തിൽ സാമുദായികാടിസ്ഥാനത്തിലാണ് വാർഡ് വിഭജനവും പഞ്ചായത്തു വിഭജനവും മുനിസിപ്പാലിറ്റി രൂപീകരണവും ലീഗ് നടത്തുന്നത് എന്ന് നിയസഭയിൽ തന്നെ ഉദാഹരണ സഹിതം വിമർശനം ഉന്നയിച്ചത്
മാരാരിക്കുളം എംഎല്എയും സി.പി.ഐ(എം) നേതാവുമായ തോമസ് ഐസക് ആയിരുന്നു. മുസ്ലിം വാർഡും ഹിന്ദു വാർഡും രൂപീകരിക്കുകയാണ് ലീഗിന്റെ ഉദ്ദേശമെന്നുള്ള ഗുരുതരമായ ആരോപണം ആണ് അദ്ദേഹം കേരള നിയമസഭയിൽ ഉന്നയിച്ചിരിക്കുന്നത്.
പി. വത്സല ഉന്നയിച്ച ആരോപണം സംഘപരിവാർ മാത്രമല്ല ഇതിനും മുൻപ് ഉയർത്തിയിരിക്കുന്നത്. എ.കെ ആന്റണിയും വി.എസ് അച്യുതാനന്ദനും ഒക്കെ ഇക്കാര്യത്തിൽ പി.വൽസലക്കു മുൻപേ നടന്നവർ ആണ്. കു-കു-കു (കുഞ്ഞാലി-കുഞ്ഞുമാണി-കുഞ്ഞൂഞ്ഞു) ഭരണം ആണ് ഇവിടെ നടക്കുന്നതെന്ന് യു.ഡി.എഫ്കാരല്ലാത്ത ബാക്കിയെല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം ആണ്.
പിന്നെ മതേതര 'ടാഗ്' നഷ്ടപ്പെടും എന്ന് പേടിച്ചു പലരും അത് തുറന്നു പറയാറില്ല എന്ന് മാത്രം.
2011-ലെ സെൻസസ് വിവരങ്ങൾ ഇത് വരെയും പരസ്യപ്പെടുത്താത്ത സാഹചര്യത്തിൽ കാനത്തിന്റെ പ്രസ്താവന അനവസരത്തിലുള്ളതും ദുരുപദിഷ്ടവും ആയിട്ടാണ് ഒറ്റ നോട്ടത്തിൽ തോന്നുക. പക്ഷെ എൽ.ഡി.എഫ് ലെ വല്ല്യേട്ടനായ സി.പി.ഐ.(എം)ലെ തലയെടുപ്പുള്ള നേതാവ് തോമസ് ഐസക്കിന്റെ ആരോപണം കൂടി കൂട്ടി വായിക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം മനസിലാകുക.
അരുവിക്കര തിരഞ്ഞെടുപ്പിൽ നിന്ന് കിട്ടിയ കനത്ത ആഘാതത്തിന്റെ പരിണിത ഫലം ആണ് ഈ സംഭവ വികാസങ്ങൾ എന്ന് വേണം മനസിലാക്കാൻ. അതായത് ന്യുനപക്ഷ പ്രീണനം എന്ന വസ്തുതയെ ഒന്ന് തള്ളിപ്പറയാതെയോ ഭൂരിപക്ഷ പ്രീണനത്തെ ഒന്ന് തലോടിയോ അല്ലാതെ ഇനി കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർടികൾക്ക് പിടിച്ചു നിൽക്കാനവില്ലെന്ന പുതിയ അടവ് നയത്തിന്റെ ഭാഗമായിരുന്നിരിക്കണം വല്ല്യേട്ടനും കുഞ്ഞെട്ടനും കൂടിയുള്ള ഒരുമിച്ചുള്ള ഈ നീക്കം. ഈ പുതിയ നയം ബലപ്പെടുന്നതിനു മുൻപുള്ള അങ്കലാപ്പ് ആയിരുന്നിരിക്കണം നിലവിളക്ക് സമരത്തിൽ പ്രതിഫലിച്ചു കണ്ടത്.
ഈ ആരോപണം ഇപ്പോൾ ഉയർത്തിയതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയിൽ സംശയം ഉണ്ടായാലും ഇല്ലെങ്കിലും അത് തുറന്നു കാണിക്കുന്ന യാഥാർത്ഥ്യം അവഗണിക്കാനാവുന്നതല്ല.
സാമുദായികമായി ഏതെങ്കിലും പ്രത്യേക സ്ഥലങ്ങൾ കേന്ദ്രികരിച്ച്
ജനസംഖ്യയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയെ തങ്ങൾക്കു തിരഞ്ഞെടുപ്പ് വിജയങ്ങൾ ഉറപ്പു വരുത്തുന്ന രീതിയിൽ എഞ്ചിനീയറിംഗ് ചെയ്യാനുള്ള ശ്രമം ആണ് ലീഗ് നടത്തുന്നത്. അങ്ങനെ വാർഡ് തലം മുതൽ നിയമസഭ വരെ തങ്ങളുടെ സാമാചികരുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എണ്ണത്തിന്റെ പ്രാധാന്യം അഞ്ചാം മന്ത്രി സ്ഥാനം വിലപേശി വാങ്ങിയ വിവാദത്തിൽ കേരളം മുഴുവൻ കണ്ടതാണല്ലോ.
ഈ പറഞ്ഞ ജനസംഖ്യയിലെ അസന്തുലിതാവസ്ഥയുടെ മറ്റൊരു അനന്തര ഫലം ആണ് 2008-ലെ
നിയമസഭ മണ്ഡല പുന:സംഘടനയിൽ കണ്ടത്. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ദക്ഷിണ-മദ്ധ്യ കേരളത്തിലെ
ജില്ലകൾക്ക് 87 നിയമസഭ സീറ്റുകളും പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ഉത്തര കേരളത്തിലെ ജില്ലകൾക്ക് 53 സീറ്റുകളും ഉണ്ടായിരുന്നത്
2008-ലെ നിയമസഭ മണ്ഡല പുന:സംഘടനക്ക് ശേഷം 80 / 60 എന്ന നിലയിൽ മാറുകയാണുണ്ടായത്. അതായതു ദക്ഷിണ-മദ്ധ്യകേരളത്തിലെ ജനങ്ങൾക്ക് അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് അവരുടെ കാര്യങ്ങൾ നോക്കി നടത്താനുണ്ടായിരുന്ന എം.എൽ.എമാരിൽ 7 ആളുകളുടെ കുറവാണുണ്ടായത്.
തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ഇങ്ങനെ കൂടുതൽ കിട്ടിയ സീറ്റുകൾ തങ്ങളുടെ ഉറച്ച മണ്ഡലങ്ങൾ ആക്കി മാറ്റാനുള്ള ശ്രമങ്ങളിൽ പെട്ടതാണ് ഇപ്പോൾ തോമസ് ഐസക് ഉന്നയിച്ചിരിക്കുന്ന മുസ്ലിം-ഒണ്ലി വാർഡുകളും പഞ്ചായത്തുകളും സൃഷ്ടിക്കാനുള്ള ലീഗിന്റെ പുതിയ ശ്രമം.
ചരിത്ര പാഠ പുസ്തകങ്ങളിലൂടെ എത്ര വെള്ള പൂശിയാലും മാഞ്ഞു പോകാത്ത 1921-ലെ വർഗീയ കലാപത്തിന്റെ ചരിത്രമുള്ള, മാപ്പിളസ്ഥാൻ എന്ന പേരിൽ പാകിസ്ഥാനിൽ ചേരാൻ അനുവദിക്കണമെന്ന് സ്വാതന്ത്ര്യാനന്തര വിഭജന കാലത്ത്
മുഹമദലി ജിന്നയോടു ആവശ്യപ്പെട്ട ചരിത്രമുള്ള മലബാർ മേഖല പോലുള്ള സ്ഥലങ്ങളിൽ കേവലം തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി
മുസ്ലിം വാർഡും ഹിന്ദു വാർഡും സൃഷ്ടിക്കാനുള്ള ലീഗിന്റെ നീക്കം തീക്കളി ആണെന്ന് എന്ത് ഉദ്ദേശത്തിൽ ആയാലും ഒരു കമ്മ്യുണിസ്റ്റുകാരൻ തെളിവ് സഹിതം പറയുമ്പോൾ അതിനെ അർഹിക്കുന്ന ഗൌരവത്തിൽ എടുക്കാൻ എല്ലാവരും തയ്യാറായില്ലെങ്കിൽ മതേതരത്വത്തിൽ മേനി നടിക്കുന്ന കേരളത്തിന് അതിനു കൊടുക്കേണ്ടി വരുന്ന വില ഒരു പക്ഷെ വളരെ വലുതായിരിക്കും.
രാഷ്ട്രീയ പ്രത്യാഘാതങ്ങളും വലുതായിരിക്കും, പ്രത്യകിച്ചു
കോണ്‍ഗ്രസിനും ഇടതിനും. ഇപ്പോഴത്തെ താൽകാലിക ലാഭത്തിനു വേണ്ടി ഇതിനു നേരെ കണ്ണടക്കാനാണു കോണ്ഗ്രസ്സും, യു.ഡി.എഫും, എൽ.ഡി.എഫും തീരുമാനിക്കുന്നതെങ്കിൽ പിന്നെ ഭാവിയിൽ നടക്കാനിടയുള്ള മതാതിഷ്ടിത രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ പുതിയൊരു തൃകോണ മത്സരമായിരിക്കും നടക്കുക. കേരള കോണ്ഗ്രസ്സും, മുസ്ലിം ലീഗും പിന്നെ ബിജെപിയും തമ്മിലായിരിക്കും ആ മത്സരം! അതെ, കോണ്ഗ്രസിന്റെയും ഇടതു പക്ഷത്തിന്റെയും പോടിപോലുമുണ്ടായിരിക്കില്ല അന്ന് ബാക്കി.
അത് എത്രയും പെട്ടെന്ന് മനസിലാക്കിയാൽ എൽ.ഡി.എഫിനും, യു.ഡി.എഫിനും സർവോപരി മതേതര കേരളത്തിനും കൊള്ളാം.



