Saturday, May 28, 2016

ബട്ള ഹൌസ്, ഇഷ്രത് ജഹാൻ, മാലെഗാവ്: രാജ്യത്തെ വച്ചുള്ള കോൺഗ്രസിന്റെ തീക്കളികൾ.

കഴിഞ്ഞ കോൺഗ്രസ്‌ ഭരണ കാലത്ത് തീവ്രവാദ കേസുകളെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച്‌ കോൺഗ്രസ്‌ പാർടി വളച്ചൊടിച്ചത്തിന്റെയും, അതിലൂടെ അവർ രാജ്യസുരക്ഷയെ എത്രമാത്രം അപകടത്തിലാക്കിയിരുന്നു എന്നുള്ളതിന്റെയും സംഭ്രമജനകമായ തെളിവുകൾ ആണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതിൽപ്പെട്ടതായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ബഹളത്തിനിടയിൽ പുറത്തു വന്ന രണ്ട് വാർത്തകൾ.

കഴിഞ്ഞ കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് 25ഓളം പാക് തീവ്രവാദികളെ യാതൊരു ന്യായീകരണവും കൂടാതെ രഹസ്യമായി വിട്ടയിച്ചിരുന്നുവെന്നും, പത്താൻകോട്ട് ആക്രമണം നടത്തിയവരിൽ അന്ന് രക്ഷപ്പെട്ട തീവ്രവാദികളിൽ ചിലരുണ്ടായിരുന്നെനും ആയിരുന്നു ഒരു വാർത്ത.

‘ഹിന്ദു തീവ്രവാദം’ എന്ന പ്രയോഗം ആദ്യം കേൾക്കാനിടയായ 2008ലെ മാലെഗാവ് സ്ഫോടനക്കെസിൽ കേണൽ പുരോഹിതിനെയും സാധ്വി പ്രഗ്യയേയും അടക്കമുള്ള കുറ്റാരോപിതരെ അന്നത്തെ കോൺഗ്രസ്‌-എൻസിപി ഭരണത്തിൻ കീഴിലുണ്ടായിരുന്ന മഹാരാഷ്ട്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കൃത്രിമ തെളിവുകൾ ഉണ്ടാക്കി പ്രതികളാക്കുകയായിരുന്നുവെന്നുള്ള NIAയുടെ അന്വേഷണ റിപ്പോർട്ട്‌ പുറത്ത് വന്നതായിരുന്നു മറ്റൊരു വാർത്ത.


ഇതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇഷ്രത് ജഹാൻ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള സ്ഫോടനാത്മകമായ സത്യങ്ങൾ പുറത്തു വന്നത്. ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലിൽ വധിച്ച ഇഷ്രത് ജഹാനും കൂട്ടാളികളും ലഷ്കർ തീവ്രവാദികളായിരുന്നുവെന്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം ആണെന്ന് തെളിവ്സഹിതം പുറത്ത് വന്നു. ഈ ഒറ്റക്കള്ളത്തിന്റെ പുറത്തായിരുന്നു പത്തു കൊല്ലത്തോളം മോഡിക്കെതിരെ ‘ഇഷ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ' എന്ന വ്യാജ പ്രചാരണം കൊണ്ഗ്രെസും ഇടതു പക്ഷം അടക്കം മറ്റു മോഡി-വിരുദ്ധരും കൊണ്ടാടിയത്. മോഡിയെ വധിക്കാൻ തീവ്രവാദികളെ ഏർപ്പാട് ചെയ്തതെന്ന് കോൺഗ്രസ്‌ തന്നെയായിരുന്നോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.
ഈ പരമ്പരയിലെ ഏറ്റവും പുതിയതായിരുന്നു ഇപ്പോൾ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ബട്ളഹൌസ് എൻകൌണ്ടർ വിഷയം.

കോൺഗ്രസ്‌ പാർടിയും, സോണിയ ഗാന്ധിയും കേജ്രിവാളും നേരിട്ടും തീവ്രവാദികളെ വെള്ളപൂശാൻ ഇറങ്ങിയ ഒരു കേസ് ആയിരുന്നു 2008ലെ ബട്ള ഹൌസ് എൻകൌണ്ടർ. ഡൽഹിയിലെ ജാമിയ നഗറിലെ ബട്ള ഹൌസ് എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇന്ത്യൻ മുജാഹിദീൻ തീവ്രവാദികളുമായി ഡൽഹി പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ 2 തീവ്രവാദികൾ കൊല്ലപ്പെടുകയും മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്‌ ഒരാഴ്ച മുൻപ് 2008സെപ്റ്റംബർ13ന് നടന്ന 30ഓളം ആളുകൾ കൊല്ലപ്പെട്ട ഡല്ഹി സ്ഫോടനപരമ്പരയുടെ അന്വേഷണവുമായി ബന്ധപെട്ടായിരുന്നു, ഓപറേഷന് നേതൃത്വം കൊടുത്ത പോലീസ് മേധാവിയുടെയും ജീവൻ നഷ്ടപ്പെട്ട ബട്ള ഹൌസ് എൻകൌണ്ടർ നടന്നത്.

പക്ഷെ മുസ്ലിം വർഗീയത ജ്വലിപ്പിച്ചു വോട്ട് നേടുക എന്ന ഹീനലക്ഷ്യം മാത്രം മുൻ നിർത്തി കോൺഗ്രെസും കേജ്രിവാളും പ്രചരിപ്പിച്ചത് മുസ്ലിങ്ങളെ ടാർഗറ്റ് ചെയ്തുളള വ്യാജ ഏറ്റുമുട്ടലായിരുന്നു അത് എന്നാണ്.

അങ്ങനെയിരിക്കെയാണ് ഈ മെയ്‌ മാസം 24നു ഇസ്ലാമിക്‌ സ്റ്റേറ്റ് അവരുടെ ഇന്ത്യൻ പോരാളികളുടെ ഒരു വീഡിയോ പുറത്തുവിടുന്നത്. അതിലെ ഒരു തീവ്രവാദി സ്വയം പരിചയപ്പെടുത്തുന്നത് ബട്ള ഹൌസ്എൻകൌണ്ടറിൽ നിന്ന് രക്ഷപ്പെട്ട ആൾ എന്നാണ്.

കോൺഗ്രസ്‌ പാർടിയും, സോണിയ ഗാന്ധിയും, കേജ്രിവാളും രാജ്യത്ത് വർഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാൻ വേണ്ടി, തീവ്രവാദികളെ വരെ ന്യായീകരിക്കാൻ നടത്തിയ ശ്രമം രാജ്യത്തെ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാണിക്കപ്പെട്ട സന്ദർഭമായി മാറുകയായിരുന്നു അത്.

മഹാത്മാ ഗാന്ധിയുടെ കാലത്ത് ഇന്ത്യൻ ജനതയുടെ ആത്മാവും അഭിമാനവുമായിരുന്നു കോൺഗ്രസ്‌ പാർടി. ഇന്ന് പക്ഷെ ആ ഗാന്ധിജിയുടെ യഥാർത്ഥ പിന്മുറക്കാരൻ അഷ്ടിക്ക് വകയില്ലാതെ വൃദ്ധസദനത്തിൽ നരകിച്ച്‌ ജീവിക്കുമ്പോൾ, ആ പേര് ദുരുപയോഗം ചെയ്തു രാജ്യത്തെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്ന അഭിനവഗാന്ധിമാരുടെ മുഷ്ടിയിലായ ആ പാർടി, കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി രാജ്യസുരക്ഷ തന്നെ അടിയറവു വക്കുന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനെത്തിയ തീവ്രവാദികൾക്ക് ഓശാന പാടാൻ കൊണ്ഗ്രെസ്സിന് എങ്ങിനെ കഴിഞ്ഞു എന്ന് ചിന്തിച്ച് സ്തബ്ധരായി നിൽക്കുകയാണ് രാജ്യത്തെ ജനങ്ങൾ.

ഈ സംഭവ വികാസങ്ങളോടെ ഒരു കാര്യം രാജ്യത്തെ ജനത്തിന് മനസിലായി, 'ഹിന്ദു തീവ്രവാദം അഥവ‘സാഫ്രൺ ടെറർ' എന്ന സാങ്കൽപിക സിദ്ധാന്തം ബിജെപിയേയും ആർ.എസ്.എസ്സിനെയും തളക്കാൻ കൊണ്ഗ്രെസ്സ് കണ്ടെത്തിയ കുറുക്കു വഴിയായിരുന്നു എന്ന വസ്തുത.

1997ൽ സാധ്വി പ്രഗ്യ വിറ്റ ബൈക്ക് ആയിരുന്നു 2008ൽ ബോംബ്‌ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത് എന്നതായിരുന്നു അവരെ ഈ കേസിലേക്ക് വലിച്ചിഴക്കാനുണ്ടായ പ്രധാന സംഗതി. അത് വരെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണം നാടകീയമായി ഹൈന്ദവ സംഘടനകളിലേക്ക് വഴിമാറി. താമസംവിനാ 'സാഫ്രൺ ടെറർ' എന്ന പദത്തിന് കോൺഗ്രസ്‌ ജന്മം നൽകി. അതിന് പ്രചുര പ്രാചാരം കൊടുക്കുന്നതിൽ ദിഗ് വിജയ്‌ സിങ്ങും പി.ചിദംബരവും പോലുള്ള മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ തമ്മിൽ മത്സരിക്കുന്നതാണ് പിന്നീട് കണ്ടത്.

2007ൽ നടന്ന സംഝൊതാ എക്സ്പ്രെസ്സ് സ്പോടനവും 'ഹിന്ദു തീവ്രവാദം' എന്ന പുതിയ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടു. അന്താരാഷ്ട്ര ഏജൻസികളുടെ അടക്കം അത് വരെയുള്ള എല്ലാ തെളിവുകളും പാകിസ്ഥാനിലെക്കും സിമി എന്ന തീവ്രവാദ സംഘടനയിലെക്കും നീളുന്നത് അവഗണിച്ചായിരുന്നു ഈ ഗതിമാറ്റം.

മാലെഗാവ് സ്ഫോടനം അന്വേഷിച്ചുകൊണ്ടിരുന്ന ATS തലവൻ ഹേമന്ത് കർക്കരെ 2008ലെ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വരെ ഹിന്ദു തീവ്രവാദത്തിന്റെ പേരിലാക്കാൻ കോൺഗ്രസ്‌ ശ്രമിച്ചിരുന്നു. അജ്മൽ കസബ് എന്ന പാക് തീവ്രവാദി ജീവനോടെ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ 2008ലെ 26/11 മുംബൈ ആക്രമണവും 'ഹിന്ദു തീവ്രവാദ'ത്തിന്റെ കണക്കിൽ ഉൾക്കൊള്ളിക്കുമായിരുന്നു കൊണ്ഗ്രെസ്സ്.

ഹിന്ദു തീവ്രവാദത്തിന്റെ പേരിൽ RSSനെ ഇന്ത്യയിൽ നിരോധിക്കണം എന്ന് ലഷ്കർ നേതാവ് ഹാഫിസ് സയ്യിദ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നിടത് വരെ കാര്യങ്ങൾ എത്തിക്കുന്നതിൽ കോൺഗ്രസ്‌ വിജയിച്ചു!

'26/11 ഒരു ആർ.എസ്.എസ്സ് ഗൂഡാലോചന' എന്ന ഒരു പുസ്തകം പ്രമുഖ കോൺഗ്രസ്‌ നേതാവ് ദിഗ് വിജയ്‌ സിങ്ങ് പ്രകാശനം ചെയ്തിരുന്നുവന്നതും കാണിക്കുന്നത് 'ഹിന്ദു തീവ്രവാദം' എന്ന ഗൂഡാലോചനയിലെ കോൺഗ്രസ്സിന്റെ പങ്കിനെതന്നെയാണ്.

ബിജെപിയേയും ആർ.എസ്.എസ്സിനെയും തകർക്കാൻ വേണ്ടി മാത്രം രാജ്യത്തെ മുഴുവൻ അപമാനിക്കുന്ന രീതിയിൽ, ഇവിടുത്തെ ഋഷി പാരമ്പര്യത്തെ മുഴുവൻ കരിവാരിത്തേക്കുന്ന രീതിയിൽ 'കാവി തീവ്ര വാദം' എന്ന സാങ്കൽപിക കഥ മെനഞ്ഞ കോൺഗ്രസ്സ് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള ഗൂഡാലോചനകൾ നടത്തുന്നത്.

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം സാങ്കൽപിക സംഭവങ്ങൾ സൃഷ്ടിക്കുക എന്നത് കോൺഗ്രസ്സിന്റെ പരീക്ഷിച്ച് ഉറപ്പുവരുത്തിയ ഒരു തന്ത്രം ആണ്.

രാജിവ് ഗാന്ധിയുടെ ശത്രുവായി മാറിയ വി.പി സിംഗിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി 'ഏതോ കേന്ദ്രങ്ങൾ' നടത്തിയ ഗൂഡാലോചനയായിരുന്നു 'സെയ്ന്റ് കീറ്റ്സ് ഇടപാട്' എന്ന ഒരു സാങ്കൽപിക കഥ. അത് വരെ ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ ഗാന്ധി-ഇതര കോൺഗ്രസ്‌ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവും അതിലേക്കു വലിച്ചിഴക്കപ്പെട്ടിരുന്നു എന്നതും പ്രസ്താവ്യമാണ്.

മൻമോഹൻസിംഗ് സർക്കാരിന്റെ സമയത്ത് ആർമി ചീഫ് ആയിരുന്നു ജനറൽ വികെ സിംഗ്. ജനന തിയതിയുടെ കാര്യത്തിലും ആയുധം വാങ്ങുന്നതിലെ അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പേരിലും സർക്കാരുമായി കോടതി വരെയെത്തിയ തുറന്ന പോരാട്ടം നടത്തിയിരുന്നു അദ്ധേഹം. 2012 ജനുവരി 16ന് സർക്കാരിനെ അറിയിക്കാതെ ആർമിയുടെ രണ്ട് ബറ്റാലിയനുകൾ ഡെൽഹിയിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയിരുന്നു എന്ന ഒരു വാർത്ത വന്നതും ഒരു സാങ്കൽപിക കഥയായിരുന്നുവെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. കോൺഗ്രസ്‌ സർക്കാരിനെ കോടതി കയറ്റിയ ആർമി ജനറലിനെ കരിവാരിതേക്കാനുള്ള ശ്രമമായിരുന്നു അതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.

നമ്മുടെ കൊച്ചു കേരളത്തിലും കോൺഗ്രസ്‌ ഈ തന്ത്രം പയറ്റി വിജയിച്ചതിന്റെ ഒരു ഉദാഹരണമാണ് കരുണാകരൻ എന്ന അതികായനെ തകർക്കാൻ ഉമ്മൻചാണ്ടിപക്ഷം ശൂന്യതയിൽ നിന്ന് ശ്രിഷ്ടിച്ച ISRO ചാരവൃത്തിക്കേസ്. മലയാളികൾക്കെല്ലാം സുപരിചിതമായ ഒരു കാര്യമായത് കൊണ്ട് കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

കോൺഗ്രസ്‌ രാജ്യത്തോട് ചെയ്ത ഈ കൊടിയ പാപങ്ങളെല്ലാം ജനം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കുമോ കോൺഗ്രസ്‌ മുക്ത ഭാരതം അതിശീഘ്രം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത് എന്ന് ന്യായമായും ചിന്തിക്കേണ്ടിയിരിക്കുന്നു.

ടെയിൽ പീസ്‌: ശൂന്യതയിൽ നിന്നും കോൺഗ്രസ്‌ സൃഷ്ടിച്ച 'ഹിന്ദു തീവ്രവാദം' എന്ന പ്രയോഗത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രയോക്താക്കളായിരുന്നു കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർടി. ഇറാക്കിലായാലും, അമേരിക്കയിലായാലും, പാരീസിലായാലും ലോകത്തിന്റെ ഏതു കോണിലായാലും ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങൾ നടക്കുമ്പോൾ തീവ്രവാദത്തിനു മതമില്ല എന്ന് വലിയ വായിൽ വിളിച്ചു കൂവാറുള്ള പലർക്കും പക്ഷെ 'ഹിന്ദു' തീവ്രവാദം എന്ന് പാർടി മുഖപത്രത്തിൻറെ ഒന്നാം പേജിൽ തന്നെ വെണ്ടക്ക അക്ഷരത്തിൽ എഴുതിവക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ യഥാർത്ഥ മുഖം.

Sunday, May 22, 2016

നിയമസഭ തിരഞ്ഞെടുപ്പ് 2016: ഭരണം പിടിച്ചത് LDF ആണെങ്കിലും BDJS-BJP സഖ്യമാണ് ഈ തിരഞ്ഞെടുപ്പിലെ താരം.

  • മെയ്‌ 19ന്  ഫലം പ്രഖ്യാപിച്ച 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 91 സീറ്റോടെ LDF അധികാരത്തിലെത്തി. 
  • കോൺഗ്രസ്‌ നയിച്ച അഴിമതിയിൽ മുങ്ങിക്കുളിച്ച UDF പരാജയപ്പെട്ടു. 
  • ചരിത്രത്തിൽ ആദ്യമായി BJPക്ക് കേരള നിയമസഭയിൽ പ്രാധിനിത്യം ലഭിച്ചു.
ഇത്രയുമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഏറ്റവും ചുരുക്കി പറയാവുന്നത്.         

അഴിമതിയുടെ കാര്യത്തിൽ  UPA-2 നോട് മത്സരിച്ച UDFനെതിരെ ജനം വോട്ട് ചെയ്തു. കാലങ്ങളായി ഒരു ആചാരം കണക്കെ നടന്നു കൊണ്ടിരിക്കുന്ന പതിവ് രീതി അനുസരിച്ച് പ്രതിപക്ഷ മുന്നണിക്ക്‌ അധികാരം കിട്ടി. ഈ പറഞ്ഞതിൽ കവിഞ്ഞ് എന്തെങ്കിലും ഇവിടെ സംഭവിച്ചിട്ടുണ്ടെന്നോ, അല്ലെങ്കിൽ ഇത് സംഭവിച്ചത് പ്രതിപക്ഷത്തിന്റെ  എന്തെങ്കിലും മേന്മ കാരണമാണെന്നോ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഒരാൾക്കും പറയാൻകഴിയില്ല. ഒന്നാമന്റെ ഭരണം മടുക്കുമ്പോൾ രണ്ടാമന്, രണ്ടാമന്റെ ഭരണം മടുക്കുമ്പോൾ വീണ്ടും ഒന്നാമന്. ഇതാണ് ഇത്രയും കാലം കേരളത്തിൽ നടന്നു കൊണ്ടിരുന്നത്. ഇന്ന് നടന്നതും ഇത് മാത്രമാണ്. ഇവിടെ പ്രതിപക്ഷം, ഭരണപക്ഷം എന്നീ കോളങ്ങളിൽ ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന് മാറി മാറി എഴുതുന്നു, അത്ര തന്നെ.

ഇത്തവണത്തെ വിജയികളായ എൽ.ഡി.എഫ് ലെ മുഖ്യ കക്ഷിയായ CPIMന്, മുന്നണി കഴിഞ്ഞ തവണ 68 സീറ്റ് കിട്ടി പ്രതിപക്ഷത്തു ആയിരുന്നപ്പോൾ കിട്ടിയത് 28.18% വോട്ട് ആയിരുന്നെങ്കിൽ ഇത്തവണ 91 സീറ്റ് കിട്ടി അധികാരം കിട്ടിയിട്ടും അവർക്ക് കിട്ടിയ ആകെ വോട്ടിംഗ് ഷെയർ 26.2% മാത്രമാണ്. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ് സീറ്റുകളിൽ ആണ് മത്സരിച്ചതെന്ന് കണക്കിലെടുത്താൽ തന്നെ, ഇത്തവണ ആകെ പോൾ ചെയ്ത വോട്ടിൽ 2 ശതമാനത്തിന്റെ വർദ്ധനയുണ്ടായി എന്ന് കൂടി പറയേണ്ടി വരും.

അങ്ങനെ, അധികാരം കിട്ടിയെങ്കിലും അതിൽ ആഹ്ലാദിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു എൽ.ഡി.എഫ്നെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ അഭിമാനാർഹമായ നേട്ടം കൊയ്ത മറ്റൊരു മൂന്നാം ചേരിയുണ്ടായിരുന്നു ഇവിടെ, BJP-BDJS നേതൃത്വത്തിലുള്ള NDA സഖ്യം.
കേരള നിയമസഭയിൽ BJP അക്കൗണ്ട്‌ തുറന്നത്തിന്റെ പേരിൽ തന്നെയാണ് ഈ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നത്.   

വിജയിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഒരു കൂട്ടർ മറ്റൊരു കൂട്ടർക്ക് ക്രോസ്-വോട്ട് ചെയ്ത് കാലങ്ങളായി തോൽപ്പിക്കപ്പെട്ട്കൊണ്ടിരുന്ന BJP, കെട്ട് പൊട്ടിച്ചാണ് കേരള നിയമസഭയിൽ പ്രവേശിക്കുന്നത്.
.കെ ആന്റണിയും അച്ചുതാനന്തനും ചെന്നിത്തലയും പിണറായിയും എല്ലാം ഒരു പോലെ വെല്ലുവിളിച്ച, അക്കൗണ്ട് തുറക്കുന്നത് ബാങ്കിലായിരിക്കും എന്ന് പരിഹസിച്ചതിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഇക്കുറി BJPക്ക് സാധിച്ചു.

ഫാസിസം എന്ന പുലി വരുന്നേ പുലി പ്രയോഗത്തിലൂടെ മതേതരമായി ചിന്തിക്കുന്നവരെ മുഴുവൻ BJPക്കെതിരാക്കാനുള്ള കൊണ്ട്പിടിച്ച ശ്രമം രണ്ട് മുന്നണികളുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടും ഒരു MLA ക്ക് പുറമേ ഏഴ് മണ്ഡലങ്ങളിൽ തിളക്കമാർന്ന രണ്ടാം സ്ഥാനം നേടാൻ BJPക്ക് കഴിഞ്ഞു.
പാർടികൾക്ക് പുറമേ ചാനലുകളുടെയും, ന്യൂസ് ആങ്കർമാരുടെയും, പത്രങ്ങളുടെയും, പത്രപ്രവർത്തകരുടേയും, ഇടതു സഹായാത്രികരായ കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും എല്ലാം കൂട്ടമായ ആക്ക്രമണത്തെ അതിജീവിച്ച് 60 അധികം മണ്ഡലങ്ങളിൽ 20000ത്തിൽ അധികം വോട്ടുകൾ BJP നേടി. വോട്ട് ശതമാനത്തിൽ കോൺഗ്രസിനും സിപിഐഎമ്മിനും കോൺഗ്രസിനും പുറകെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായി. 19ഉം, 18 ഉം സീറ്റുകൾ നേടിയ സിപിഐ, മുസ്ലീംലീഗ് എന്നിവയേക്കാൾ മുൻപിൽ!      

   
സോഷ്യൽ മീഡിയ നിറയെ വെള്ളാപ്പിള്ളിയെ പുച്ഛിച്ചു കൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളുമാണെങ്കിലും വെറും 5 മാസം മാത്രം പ്രായമായ BDJS എന്ന പുതിയ പാർടി അവരുടെ കന്നിയങ്കത്തിൽ തന്നെ സൃഷ്ടിച്ച ചലനം ഇരു മുന്നണികൾക്കും ഇനിയുള്ള കാലം ഉറക്കം നഷ്ടപ്പെടുത്താൻ പര്യാപ്തമാണ് എന്നത് ഒരു വസ്തുതയാണ്. ഇത് അംഗീകരിക്കാന് തയ്യാറാവാത്തവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.
സീറ്റ് ഒന്നും കിട്ടിയില്ല എന്നതിന്റെ പേരിൽ മാത്രം പല കണക്കുകളും സൗകര്യപൂർവ്വം മറന്ന്കൊണ്ട് BDJS ഈ തിരഞ്ഞെടുപ്പിൽ സൃഷ്ടിച്ച പ്രകമ്പനം നിസ്സാരവൽക്കരിക്കേണ്ടത് ഇരു മുന്നണികളുടെയും ആവശ്യമാണ്.                
ഗാന്ധിജിയുടെ പ്രശസ്തമായ ഒരു വാചകം ഉണ്ട്:
"ആദ്യം അവർ നിങ്ങളെ അവഗണിക്കും, 
പിന്നെ പരിഹസിക്കും, 
പിന്നെ എതിരിടും, 
അവസാനം നിങ്ങൾ വിജയിക്കും "

ഇതാണ്ഇപ്പോൾ BDJSന്റെ കാര്യത്തിൽ നടന്നു കൊണ്ടിരിക്കുന്നത്, പരിഹസിക്കുന്നതിൽ എത്തി നില്ക്കുന്നു അത്.
പക്ഷെ കണക്കുകൾ കള്ളം പറയില്ല:
കഴിഞ്ഞ ഇലക്ഷനിൽ 3 മണ്ഡലങ്ങളിലെ രണ്ടാം സ്ഥാനം മാത്രം കൊണ്ട് തൃപ്തിയടയേണ്ടി വന്ന BJPക്ക് BDJS കൂടെ വന്നതോടെ 1 സീറ്റിൽ വിജയിക്കാനും 7 സീറ്റിൽ രണ്ടാം സ്ഥാനത്ത് എത്താനും 40 അധികം സീറ്റുകളിൽ കാൽ ലക്ഷം വോട്ടിന് മുകളില് പിടിക്കാനും കഴിഞ്ഞിരിക്കുന്നു.
36 മണ്ഡലങ്ങളിൽ മാത്രം മത്സരിച്ച് നാല് ശതമാനത്തോളം വോട്ടു നേടിയ BDJS മത്സരിച്ച ഏതാനും പ്രധാന മണ്ഡലങ്ങളിലെ കണക്ക് ഇങ്ങനെ:

1. നാട്ടിക: 11136ൽ നിന്നും 33650
2. കുട്ടനാട്: 4390ൽ നിന്നും 33044
3. കൊടുങ്ങല്ലൂർ: 6723ൽ നിന്നും 32793
4. തിരുവല്ല: 7646ൽ നിന്നും 31439
5. കോവളം: 9114ൽ നിന്നും 30987
6. വൈക്കം: 4504ൽ നിന്നും 30067
7. കൈപ്പമംഗലം: 10708ൽ നിന്നും 30041
8. ഷൊര്‍ണ്ണൂര്‍: 10553ൽ നിന്നും 28836
9. റാന്നി: 7436ൽ നിന്നും 28201
10. ഏറ്റുമാനൂര്: 3376ൽ നിന്നും 27540
BDJS അവരുടെ ആദ്യ മല്സരത്തിൽ തന്നെ, യു.ഡി.എഫിലെ മൂന്നാമനായ കേരള കോൺഗ്രസിന്റെ അത്രയും - 8 ലക്ഷത്തോളം- വോട്ടുകൾ നേടി അവർക്കൊപ്പം വോട്ട് നിലയിൽ കേരളത്തിലെ ആറാമത്തെ വലിയ പാർടിയായി എന്നത് അത്ര നിസ്സാരമായ കാര്യമല്ല. കേരള കോൺഗ്രസിനേക്കാൾ ഇരട്ടി സീറ്റിൽ BDJS  മത്സരിച്ചിരുന്നു എന്ന് സാങ്കേതികമായി പറയാമെങ്കിലും അവരുടെ കന്നിയങ്കമായിരുന്നു ഇതെന്നും ഓർക്കണം.            
എന്തായാലും വെറും 5 മാസം മാത്രം പ്രായമായ BDJSന്റെ ശക്തി അവർക്ക് തന്നെ സ്വയവും, കൂട്ടാളികൾക്കും, എതിരാളികൾക്കും അറിയാൻ വഴിയില്ലാതിരുന്ന ഒരു തിരഞ്ഞെടുപ്പിലെ പ്രകടനം ഇത്ര വിജയകരമായിരുന്നുവെങ്കിൽ അടുത്ത അങ്കം എങ്ങനെയിരിക്കുമെന്ന് ഊഹിക്കുന്നതിന് അപ്പുറമായിരിക്കും. തുഷാർ വെള്ളാപ്പിള്ളി പറഞ്ഞ പോലെ ഇത് ഒരു സാമ്പിൾ വെടിക്കെട്ട്മാത്രം!

ആദിവാസിസമര നായിക സി.കെ.ജാനു ജാനതിപത്യരാഷ്ട്രിയസഭ (JRS) എന്ന പുതിയ പാർടി രൂപീകരിച്ച് NDAക്ക് വേണ്ടി മത്സരിച്ച സുൽത്താൻ ബത്തേരിയിലും കഴിഞ്ഞ തവണ BJP നേടിയ 8829 വോട്ടിൽ നിന്നും മൂന്നിരട്ടി വർദ്ധിപ്പിച്ച് 27920ൽ എത്തിക്കാൻ കഴിഞ്ഞു.

കേരള സംസ്ഥാന രൂപീകരണ ശേഷം ചരിത്രത്തിലാദ്യമായി ഇത്തരം ഒരു ത്രികോണ മത്സരം കാഴ്ച വച്ച്, 2011ൽ 6% ഉണ്ടായിരുന്ന വോട്ട് വിഹിതം ഇത്തവണ പാർടി എന്ന നിലക്ക് 10 ശതമാനത്തിനു മുകളിലും NDA മുന്നണി എന്ന നിലയിൽ 15% ത്തിലും എത്തിക്കാൻ BJPക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരള രാഷ്ട്രീയം ഒരു പുതിയ പാന്ഥാവിലെത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന.

Last but not least: 
ഇത്തവണ കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റു 4 സംസ്ഥാനങ്ങളിലെ ഫലം കൂടി പരിശോദിക്കുകയാണെങ്കിലും ആഹ്ലാദത്തിന് വകയുള്ളത്‌ BJPക്ക് മാത്രമാണെന്ന് കാണാവുന്നതാണ്.

കേരളവും അസ്സമും നഷ്ടപ്പെട്ട കോൺഗ്രസ്‌. മോഡിയുടെ ഉട്ടോപ്യൻ സ്വപ്നം എന്ന് ആദ്യം എല്ലാവരും പരിഹസിച്ച ‘കോൺഗ്രസ്‌ മുക്ത ഭാരതം’ എന്ന ആശയത്തിനും യാഥാർത്യത്തിനും ഇടയിൽ വലിയ സംസ്ഥാനമായി ഇനി കർണാടക മാത്രം എന്ന സത്യം കോൺഗ്രസ്‌ ഇത്തവണ തിരിച്ചറിഞ്ഞു.

5 കൊല്ലം മുൻപ് വരെ തുടർച്ചായി 35 കൊല്ലം ഭരിച്ച ബംഗാളിൽ ഇത്തവണ കോൺഗ്രസ്‌ ബാന്ധവത്തിനു ശേഷവും  കയ്യിലുണ്ടായിരുന്ന 40 സീറ്റുകൾ 26 ആയി കുറഞ്ഞ CPIM. തമിഴ് നാട്ടിലും ഉണ്ടായിരുന്ന സീറ്റുകൾ എല്ലാം നഷ്ടപ്പെട്ട് കേരളം എന്ന ഒറ്റ ആശ്വാസത്തിൽ നിൽക്കുമ്പോൾ ദേശിയ പാർടി എന്ന പദവി കൂടി നഷ്ടപ്പെടാൻ പോകുന്നു എന്ന വാർത്തയാണ് അവരെ കാത്തിരിക്കുന്നത്. 
 
നേരെ മറിച്ചു കേരളത്തിൽ അക്കൗണ്ട്‌ തുറന്ന BJP ബംഗാളിൽ സീറ്റ് വർദ്ധിപ്പിക്കുകയും അസ്സമിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുകയും  ചെയ്തിരിക്കുന്നു.


അങ്ങനെ സംസ്ഥാന തലത്തിലായാലും ദേശിയ തലത്തിൽ ആയാലും 5 സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിച്ച ഈ മെയ്‌ 19 ബിജെപ്പിയുടെ മാത്രം ദിവസമായിരുന്നു എന്ന് പറയേണ്ടി വരും.