Monday, September 21, 2015

അഭയാർത്ഥി പ്രതിസന്ധി: വിതച്ചത് കൊയ്യുന്ന യൂറോപ്പും, ഗൾഫ് രാജ്യങ്ങളുടെ നിസ്സംഗതിയിൽ തുറന്നു കാണിക്കപ്പെട്ട മത-സാഹോദര്യത്തിന്റെ നിരർത്ഥകതയും.

ലോകചരിത്രത്തിൽ തന്നെ ഏറ്റവും ദയനീയവും ഭീമാകരവുമായി വളർന്നുകൊണ്ടിരിക്കുന്ന അഭയാർത്ഥി പ്രാവാഹം നടന്നുകൊണ്ടിരിക്കുകയാണ്, ആഭ്യന്തര യുദ്ധത്തിലും തീവ്രവാദി ആക്രമണങ്ങളിലും നശിച്ചു കൊണ്ടിരിക്കുന്ന മധ്യ-പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും മനുഷ്യാവകാശവും സമാധാനവും സമ്പന്നതയും കളിയാടുന്ന യൂറോപ്പിലേക്ക്

ജനിച്ച നാടും ജീവിത കാലം മുഴുവനുമുള്ള സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു അക്ഷരാർത്ഥത്തിൽ ജീവൻ പോലും പണയം വച്ച് പാലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന്മനുഷ്യർക്ക്നേരെ തങ്ങളുടെ വാതിലുകൾ തുറന്നിട്ട്‌, ഇരു കൈകളും നീട്ടി അവരെ സ്വീകരിക്കുന്ന യൂറോപ്പ് മാനവസാഹോദര്യത്തിന്റെ ഏറ്റവും വലിയ പ്രകാശഗോപുരമായി തലയുയർത്തി നില്ക്കുന്നതാണ് പ്രതിസന്ധിഘട്ടത്തിൽ ലോകം കണ്ടത്.

ഈ ദുർഘടസന്ധിയിൽ ഒരു പക്ഷെ പ്രതീകാത്മകമായിട്ടെങ്കിലും, അതിനേക്കാൾ വലിയ രജതരേഖയായി മാറുന്നത് രാജ്യങ്ങളും സമൂഹങ്ങളും തമ്മിൽ മതബോധതിന്റെ പേരിൽ ഉണ്ടെന്നു പറയപ്പെടുന്ന സാഹോദര്യവും,  സ്പര്ധയും എത്ര നിരർത്ഥകമാണെന്ന് വെളിപ്പെട്ടതായിരിക്കണം! ഇസ്ലാമിക ലോകത്തിന്റെ നേതൃത്വം അനൌദ്യോഗികമായിട്ടെങ്കിലും വഹിക്കുന്ന സൌദി അറേബ്യയും അതുപോലെതന്നെ മറ്റു സമ്പന്ന ജിസിസി രാജ്യങ്ങളും തങ്ങളുടെ അയൽപക്കക്കാരും സർവോപരി മുസ്ലിങ്ങളും ആയ ഒരു ജനതയുടെ ദുര്യോഗത്തിൽ മുഖംതിരിച്ചു നിന്നപ്പോൾ ലോകം തിരിച്ചറിഞ്ഞത് മതത്തിന്റെ പേരിൽ കൊട്ടിഘോഷിക്കപ്പെട്ട സാഹോദര്യ-വാദം എത്രമാത്രം പൊള്ളയാണെന്നതാണ്.

മതപരമായി ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായി അറിയപ്പെടുന്ന യൂറോപ്പ്യൻ രാജ്യങ്ങളാണ് ഇവിടെ സഹായഹസ്തവുമായി മുന്നോട്ടു വന്നത് എന്നത് ഈ തിരിച്ചറിവിന് അടിവരയിടുന്നു.

അഭയാർത്ഥികൾക്ക് താൽകാലിക സംരക്ഷണം ഒരുക്കുന്ന ലെബനോണ്‍ പോലുള്ള അയൽ രാജ്യങ്ങളും, ഇന്ത്യയും അതുപോലെ ഇതുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റു രാജ്യങ്ങളും ചെയ്യുന്ന പോലുള്ള സാമ്പത്തിക സഹായങ്ങൾ അല്ല ഗൾഫ്‌ രാജ്യങ്ങളിൽ നിന്ന് ലോകം ആവശ്യപ്പെടുന്നത്.

ഗൾഫ് രാജ്യങ്ങളുടെ ഇസ്ലാമിക-സാഹോദര്യ നാട്യങ്ങൾ യൂറോപ്പിന്റെ മാനവിക ബോധത്തിന് മുൻപിൽ മുഖമടിച്ചു വീഴുന്നതാണ് കണ്ടതെങ്കിലും യൂറോപ്പ് ഈ വിഷയത്തിൽ ഐകകണ്ഠേനയുള്ള ഒരു നിലപാടല്ല എടുത്തിരുക്കുന്നത്, അല്ലെങ്കിൽ എടുത്ത നിലപാട് തന്നെ ഒട്ടും ഉറപ്പില്ലാത്തതാണ് എന്നാണ് അവിടെ നിന്നുള്ള പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. 
  
തുടക്കത്തിൽ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ ഏറ്റവും ഉത്സാഹം കാണിച്ച ജർമനി പോലും പ്രവാഹത്തെ തടുത്തു നിർത്താൻ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കുകയാണെന്നാണ് അവിടുന്നുള്ള ഏറ്റവും പുതിയ റിപ്പോർടുകൾ.  ഇക്കാര്യത്തിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിക്കുന്ന ഹംഗറി പോലുള്ള രാജ്യങ്ങളെകൂടി ഭാരം പങ്കുവക്കാൻ നിർബന്ധിതമാക്കാൻ ഉദ്ദേശിച്ചുള്ള നിർബന്ധിത ക്വോട്ട എന്ന നിര്ദ്ദേശത്തിനു വലിയ എതിർപ്പുകളാണ് അവിടെ ഉയർന്നു വരുന്നത്.   ഹംഗറിക്ക് പുറമേ ചെക്ക്റിപബ്ലിക്, സ്ലോവേനിയ, ഡെന്മാർക്ക്എന്നിവ ഗണത്തിലെ പ്രമുഖരാണ്ദിനംപ്രതി പട്ടിക നീണ്ടു വരികയുമാണ്.

യൂറോപ്പിലേക്കുള്ള സാഹസിക യാത്രയിൽ ജീവൻ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാരിൽ ഒരുവനായ ഐലൻ കുർദി എന്ന മൂന്നു വയസുകാരൻ തുർക്കി ബാലന്റെ മൃതദേഹം ഒരു ഗ്രീക്ക് കടൽതീരത്ത് കമഴ്ന്നു കിടക്കുന്നത്തിന്റെ ഉള്ളുലക്കുന്ന ഒരു ചിത്രത്തിലൂടെ ലോക ശ്രദ്ധയിൽ വന്ന ഈ അഭയാർഥി പ്രവാഹത്തിന്റെ പ്രധാന ഉറവിടങ്ങൾ സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, ലിബിയ, എറിട്രിയ, യെമെൻ എന്നിങ്ങനെയുള്ള അഭ്യന്തരയുദ്ധത്തിലും ഐ.എസ്, അൽ-ഖ്വൈദ പോലുള്ളവരുടെ തീവ്രവാദി ആക്രമണങ്ങളിലും തകർന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ആണ്.  
 
മൂന്നു ലക്ഷം അഭയാർത്ഥികൾ 2015 പിറന്നതിനു ശേഷം മാത്രം യൂറോപ്പിൽ എത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ, അതിൽ 70 ശതമാനം സിറിയയിൽ നിന്നാണെന്നും, സിറിയയിൽ മാത്രം 40 ലക്ഷത്തിനുമേൽ പൌരന്മാർ പലായനം ചെയ്ത് ലെബനോണ്‍, ജോർദാൻ പോലുള്ള അയൽ രാജ്യങ്ങളിൽ തമ്പടിച്ചിട്ടുണ്ട് എന്നും പറയുമ്പോൾ മനസിലാകും ഇപ്പൊൾ കണ്ടുകൊണ്ടിരിക്കുന്നത് വെറും ഒരു തുടക്കം മാത്രമാണെന്ന്.

ഇത്ര വലിയ ജനപ്രവാഹത്തെ കൈകാര്യം ചെയ്യുമ്പോഴുള്ള സാമ്പത്തിക പ്രശ്നങ്ങൾ മാത്രം അല്ല യൂറോപ്പിന്റെ ഉറക്കം കെടുത്തുന്നത്. അഭയാർത്ഥികളുടെ കൂടെ കടന്നു കൂടാൻ സാധ്യതയുള്ള .എസ് തീവ്രവാദികൾ ഉയർത്താവുന്ന സുരക്ഷാ പ്രശ്നങ്ങളും ഒരു പ്രധാന ഘടകം തന്നെ ആണ്. 4000 .എസ് തീവ്രവാദികൾ ഇതിനോടകം ഇത്തരത്തിൽ യുറോപ്പിൽ പ്രവേശിച്ചു കഴിഞ്ഞു എന്നും വാർത്തകൾ വന്നിരുന്നു.

ഇതിനെല്ലാം പുറമെയാണ് അഭയാർത്ഥികളിൽ ബഹുഭൂരിപക്ഷവും ഇസ്ലാം മതസ്ഥരാണെന്ന സാമൂഹികവശവും അതുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന എതിർപ്പുകളും. അഭയാർത്ഥികൾക്കായി തങ്ങളുടെ പള്ളികളും, ആശ്രമങ്ങളും, വീടുകളും തുറന്നു കൊടുക്കേണ്ടത് യൂറോപ്പിലെ ഓരോ കത്തോലിക്കാ വിശ്വാസികളുടെയും ഉത്തരവാദിത്വമാണെന്ന് പോപ്പ് പറഞ്ഞതിന് പുറകെ വന്ന 'ഇവർ അഭയാർത്ഥികൾ അല്ല മറിച്ച് മുസ്ലിം കടന്നു കയറ്റക്കാരാണെന്നുള്ള' ഹംഗറിയിലെ ബിഷപ്പിന്റെ പ്രസ്താവന ആ എതിർപ്പുകളുടെ വ്യക്തമായ പ്രകടനമായിരുന്നു. മറ്റൊരു ഹംഗേറിയൻ പത്രപ്രവർത്തക അഭയാർത്ഥികളെ ചവിട്ടി വീഴ്ത്തുന്ന വിവാദ ദൃശ്യങ്ങളും കാര്യങ്ങൾ അത്ര പന്തിയല്ല എന്നതിന്റെ മറ്റൊരു സൂചനയായിരുന്നു.  

തങ്ങൾ വിഭാവനം ചെയ്യുന്ന പുതിയ ഇസ്ലാമിക് ഖിലാഫത്തിൽ യൂറോപ്പിനെയും കൂട്ടിച്ചേർക്കും എന്ന ഐ.എസ്സിന്റെ പ്രഖ്യാപനവും അവരുടെ ശക്തി കേന്ദ്രങ്ങളായ സിറിയയും ഇറാക്കും ആണ് ഈ അഭയാർത്ഥി പ്രവാഹത്തിന്റെ മുഖ്യ ശ്രോതസ് എന്നതും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്ന ഒരു വിഭാഗം യൂറോപ്പിൽ ഉണ്ടെന്നതിന്റെ സൂചനകളായി വേണം ഇതിനെയെല്ലാം കാണാൻ. ഈ വിഷയത്തിൽ മതം എന്ന ഘടകം അത്ര അപ്രധാനമല്ല എന്ന് യൂറോപ്പിനെ ഓർമിപ്പിക്കുന്ന വിധത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന പ്രവർത്തിയായിരുന്നു ഒറ്റ അഭയാർത്ഥിയെപ്പോലും ഏറ്റെടുക്കാൻ തയ്യാറാവാതിരുന്ന സൗദി അറേബ്യ പക്ഷെ അവർക്ക് വേണ്ടി ജർമനിയിൽ 200 മസ്ജിദുകൾ നിർമിക്കാൻ വാഗ്ദാനം നല്കിയത്!

ഇങ്ങനെ മനസില്ലാ മനസ്സോടെ ഇത്ര ഭീഷണമായ അളവിൽ കുടിയേറ്റക്കാരെ ഏറ്റെടുക്കേണ്ടി വരുന്ന പാശ്ചാത്യ ശക്തികളുടെ അവസ്ഥ സത്യത്തിൽ കാലം അവരോട് ചെയ്യുന്ന ഒരു കണക്കു തീർക്കലാണ് എന്ന് മനസിലാവുന്നത് പ്രതിസന്ധിയുടെ മൂലകാരണം ചികഞ്ഞു ചെല്ലുമ്പോഴാണ്. മധ്യ-പൂർവേഷ്യയിലെ എണ്ണ സമ്പത്തിൽ കണ്ണ് വച്ച് അവർ ചെയ്ത് കൂട്ടിയ കൊള്ളരുതായ്മകൾ ഇന്നവരെ പുതിയ പുതിയ രൂപങ്ങളിൽ തിരിഞ്ഞുകൊത്തുകയാണ്.

അമേരിക്കയുടെയും ബ്രിട്ടൻറെയും നേതൃത്വത്തിലുള്ള സഖ്യസേന, കൂട്ട നശീകരണ ആയുധങ്ങൾ അഥവാ ‘വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷൻ’ (WMD) എന്ന് അറിയപ്പെടുന്ന വമ്പൻ നശീകരണ ശേഷിയുള്ള ആയുധങ്ങൾ സദ്ധാമിന്റെ കൈവശം ഉണ്ടെന്ന കള്ളം പ്രചരിപ്പിച്ച് 1998ലും 2003ലുമായി ഇറാക്ക് എന്ന മഹാരാജ്യത്തെ ആക്രമിച്ചു അക്ഷരാർത്ഥത്തിൽ നശിപ്പിച്ചപ്പോൾ അവർ ഓർക്കാതെ പോയ ഒരു കാര്യം സദ്ദാം എന്ന എകാതിപതി മാത്രമല്ല അവിടെ നശിപ്പിക്കപ്പെട്ടത്. മറ്റേതു രാജ്യത്തെയും ജനങ്ങളുടെ പോലെ സമാധാനത്തിലും, സമ്പൽസമൃദ്ധിയിലും, ആത്മാഭിമാനത്തിലും ജീവച്ച വലിയൊരു ജനത ആയിരുന്നു തങ്ങളുടെ അത്യാർത്തിമൂലം  അരക്ഷിതാവസ്ഥയിലെക്കും നിത്യദുരിതത്തിലേക്കും തള്ളിവിടപ്പെട്ടത്. അമേരിക്കയിലെയും ബ്രിട്ടണിലെയും ജനങ്ങളുടെ പോലെതന്നെ  ഇറാക്കിലെ ജനങ്ങളുടെയും അവകാശമായിരുന്നു ശാന്തിയും സമാധാനവും ഉള്ള ഒരു ജീവിതവും അവർ അദ്വാനിച്ചു നേടിയ സുഖസൌകര്യങ്ങളും. അതാണ്‌ സഖ്യ സേന ഇല്ലാതാക്കിയത്. സ്വന്തം മണ്ണിൽ വൈദേശിക ശക്തികളുടെ മിസ്സൈൽ ആക്രമണത്തിലും ബോംബുവർഷങ്ങളിലും കൊല്ലപ്പെട്ട കോടിക്കണക്കിനു നിരപരാധികളായ മനുഷ്യരുടെയും അവരുടെ ഉറ്റവരുടെയും ശാപം ആയിരിക്കുമോ പാശ്ചാത്യരാജ്യങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റം പറയാനാവില്ല.

സിറിയ, ലിബിയ പോലുള്ള രാജ്യങ്ങളിലെയും സാഹചര്യങ്ങളും സമാനമാണ്. ഇറാക്കിനെ താറുമാറാക്കിയത് സദ്ധാമിന്റെ പേരിലായിരുന്നെങ്കിൽ ബാഷർ അൽ ആസ്സദ്, കേണൽ ഗദ്ദാഫി എന്നീ എകാതിപതികളുടെ പേരിലാണ് സിറിയയിലെയും, ലിബിയയിലെയും ആഭ്യന്തര കാര്യങ്ങളിൽ പാശ്ചാത്യശക്തികൾ ഇടപെട്ടു ആ രാജ്യങ്ങളിലെ ജീവിതം നരകതുല്ല്യമാക്കുന്നതിൽ തങ്ങളുടെ പങ്കു വഹിച്ചത്. 

അൽ-ക്വൈദയും ഐ.എസ്സും പോലുള്ള തീവ്രവാദി സംഘടനകൾ ആണ് ഇത്തരം രാജ്യങ്ങളിലെ അരാജകത്വവും ജനങ്ങളിലെ അസംതൃപ്തിയും അവരുടെ പ്രതികാരബോധവും മുതലെടുത്ത്‌ വളരുന്നത്‌. അത് പക്ഷെ കാര്യങ്ങളെ കൂടുതൽ വഷളാക്കാൻ മാത്രമാണ് ഉപകരിക്കുന്നത്‌. അങ്ങനെ കാര്യങ്ങൾ കൈവിട്ടു പോയ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ ഇപ്പോൾ ഈ സ്വയംകൃതാനർത്ഥങ്ങളുടെ ഉപോൽപ്പന്നമായ അഭയാർത്ഥി സുനാമിക്ക് മുൻപിൽ തരിച്ചു നിൽക്കുകയാണ്. 
    

ലോക സംരക്ഷകരുടെ മേലങ്കി സ്വയം എടുത്തണിഞ്ഞതിനാലോ എന്തു കാരണം കൊണ്ട് തന്നെ ആയാലും സമകാലിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു മാനവിക ദുരന്തം നടക്കുമ്പോൾ സഹായഹസ്തം നീട്ടാൻ പക്ഷെ അവർ തയ്യാറായപ്പോൾ തോട്ടയല്പക്കത്തുണ്ടായിട്ടും ഒരു ചെറുവിരലനക്കാൻ തയ്യാറാവാതിരുന്ന സമ്പന്ന ജിസിസി രാഷ്ട്രങ്ങൾക്ക് കാലം എന്താണാവോ കരുതി വച്ചിരിക്കുന്നത്!

Friday, September 11, 2015

കൽബുർഗി, പൻസാരെ, ദബൊൽകർ!

Dr.എം.എം.കൽബുർഗി എന്ന കന്നഡ സാഹിത്യകാരനെ അടുത്ത കാലത്ത് അക്രമികൾ വെടിവച്ചു കൊന്നതിനു ശേഷം നമ്മൾ സ്ഥിരമായി ഒരുമിച്ചു കേട്ട്കൊണ്ടിരിക്കുന്ന മൂന്നു പേരുകളാണ് ഇവ.

മൂന്നു പേരും സമീപ കാലത്ത് സാമൂഹ്യ വിരുദ്ധരാൽ കൊല്ലപ്പെട്ട സാഹിത്യകാരന്മാർ. മൂന്നു പേരും തീവ്ര ഹൈന്ദവ ഗ്രൂപ്പുകളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നു എന്ന് പറയപ്പെടുന്നവർ. മൂവരുടെയും കൊലയാളികൾ ഹൈന്ദവ തീവ്രവാദികൾ ആണെന്ന് ആരോപിക്കപ്പെടുന്നു. ഇതാണ് ഇവർ മൂന്നു പേരെ ബന്ധിപ്പിക്കുന്നത്.

ഇവരുടെ കൊലയാളികൾ ഒരിക്കലും പിടിക്കപ്പെടാതിരിക്കാനാണ് സാധ്യത എന്ന തോന്നലാണ് കുറിപ്പെഴുതാൻ പ്രചോദനം. അങ്ങനെ തോന്നാനുള്ള കാരണം ഇവർ കൊല്ലപ്പെട്ട സ്ഥലവും സമയവും, ആരായിരുന്നു ഭരണകർത്താക്കളും എന്നതാണ്. അതിലേക്കു കടക്കുന്നതിനു മുൻപ് ഇതിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളും അതിന്റെ ഗുണ-ദോഷ ഫലങ്ങൾ അനുഭവിക്കുന്നവരും ആരെന്നു നോക്കാം.

പ്രധാന ആരോപണം അല്ലെങ്കിൽ ആക്രമണം നേരിടുന്നത് പതിവ് പോലെ മോഡിയും, മോഡി സർക്കാരും, ബിജെപിയും
ബിജെപിയുടെ നേതൃത്വത്തിൽ ഹിന്ദു തീവ്രവാദികൾ അഴിഞ്ഞാടുന്നു, എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നു, ജീവനെടുത്തു പോലും. എന്നതാണ് ആരോപണം.
ഉന്നയിക്കുന്നത് പതിവ് പോലെ കൊണ്ഗ്രെസ്സും, ലെഫ്റ്റ്-ലിബരൽസും പിന്നെ എല്ലാ മോഡി വിരുദ്ധരും. മോഡി ഗവര്മെന്റിന്റെ ഒന്നാം വർഷത്തിൽ ന്യുനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പ്രചാരണം ദയനീയമായി പോളിഞ്ഞതിനു ശേഷം  എതിരാളികൾക്ക് കിട്ടിയ പുതിയ ആയുധമാണ് ഇത്.

ഇനി കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ മാസം 30നു കൽബുർഗി കൊല്ലപ്പെടുന്നത് കോണ്ഗ്രസ്ഭരിക്കുന്ന കർണാടകയിൽ ആണ്. അന്വേഷണം നടത്തുന്നത് സ്വന്തം പോലിസ്. അന്വേഷണമാണ് മുന്നോട്ടു നീങ്ങുന്നില്ല എന്ന് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

നരേന്ദ്ര ദബൊൽകർ 2013 ഓഗസ്റ്റ്‌ 20നു മഹാരാഷ്ട്രയിൽ കൊല്ലപ്പെടുംമ്പോഴും അടുത്ത ഒരു വർഷത്തിൽ കൂടുതലും സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണത്തിലിരുന്നത് കോണ്ഗ്രസ്സും എൻ.സി.പിയും ആയിരുന്നു. ആ അന്വേഷണവും എവിടെയും എത്തിയില്ല. ധൈര്യമായിരിക്കാം ഗോവിന്ദ് പൻസാരെയുടെ അടുത്ത കൊലപാതകം അവിടെ നടക്കാൻ കാരണം.

ഇല്ലാത്ത കാരണങ്ങൾക്ക്  പോലും മോഡി സർകാരിനെ പ്രതിക്കൂട്ടിലാക്കാൻ കൊണ്ട് പിടിച്ചു ശ്രമിക്കുന്ന, സംഘപരിവാറിന്റെയും ബിജെപ്പിയുടെയും ബദ്ധവൈരികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന ഈ കൊലപാതകങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ ശക്തികളെ(അങ്ങനെയാണല്ലോ പ്രചാരണം) പിടിക്കാൻ എന്ത് കൊണ്ടായിരിക്കും അവർ ഉത്സാഹം കാണിക്കാത്തത്? അങ്ങനെ ഒരു പ്രതിയെ പിടിക്കുകയാണെങ്കിൽ മോഡിയെ അടിക്കാൻ അതിലും വലിയ ഒരു വടി കിട്ടാനുണ്ടോ.

ഇവിടെ നമുക്ക് മനസിലാകുന്നത് പ്രതികളെ തേടിപ്പിടിച്ചു ശിക്ഷികുക എന്നതിനേക്കാൾ അന്തരീക്ഷം പറ്റുന്ന അത്രയും കാലം നിലനിർത്തി മോഡി സർക്കാരിനെ പ്രതിരോധതിലാക്കാൻ കഴിയുമോ എന്ന ശ്രമം നടത്താനാണ് എല്ലാവര്ക്കും താല്പര്യം എന്നാണ്.

മറ്റൊരു കാരണം ഒരു പക്ഷെ, കോളിളക്കം സൃഷ്ടിച്ചചർച്ച് അറ്റാക്ക്‌’ കേസ് പോലെയും ബംഗാളിലെ കന്യാസ്ത്രീയുടെ ബലാത്സംഗ കേസ് പോലെയും പ്രചരിപ്പിക്കുന്നതിനു കടകവിരുദ്ധമായി തീവ്ര ഹിന്ദുത്വ ശക്തികൾ അല്ലായിരിക്കാം പ്രതികൾ. അങ്ങനെയാണെങ്കിൽ യഥാർത്ഥ പ്രതികൾ പിടിക്കപ്പെട്ടാൽ മറ്റൊരു മോഡി വിരുദ്ധ അജണ്ടയുടെ കാറ്റായിരിക്കും അഴിച്ചു കളയുന്നത്. അങ്ങനെ കേസ് തെളിയുന്നതിലും ഭേദം പൊന്മുട്ടയിടുന്ന താറാവ് പോലെ വിഷയം ഒരിക്കലും തെളിയിക്കപ്പെടാതെ നിലനിൽക്കുന്നതായിരിക്കും മോഡി വിരുദ്ധർക്ക് താല്പര്യം.


കൊലപാതകങ്ങൾക്ക് പിന്നിൽ തീവ്ര ഹൈന്ദവ വാദികൾ ആണെന്നോ അല്ലെന്നോ പറയാൻ ഇപ്പോൾ സാധ്യമല്ല. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന യുക്തി മുതലാക്കി മാറ്റാരെങ്കിലും ആവാനും തരമുണ്ട്. അനുകൂല രാഷ്ട്രീയ സാഹചര്യം വന്നപ്പോൾ തല പൊക്കിയ ഈ വിഷപ്പാമ്പുകൾ ആരായാലും എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം എന്നാണു പൊതു ജനം ആഗ്രഹിക്കുന്നത്. പക്ഷെ എല്ലാവരും കൂടി രാഷ്ട്രീയം കളിച്ചു ഇത് പോലുള്ള ജ്ഞാന വൃദ്ധന്മാരുടെ ജീവൻ വച്ച് പന്താടുന്നത് ഇനിയും തുടരുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.  മുളയിലെ നുള്ളേണ്ട, വലിയൊരു തീക്കളിയാവാൻ സാധ്യതയുള്ള ഒന്നാണിത്, സൂക്ഷിച്ചാൽ നാടിനു നല്ലത്.