Monday, March 30, 2020

അയ്യപ്പനും കോശിയും കൊറോണ വൈറസും

കൊറോണ എന്ന മഹാമാരിക്ക് മുൻപിൽ ലോകത്തെ വൻശക്തികൾ വരെ നടുങ്ങിവിറച്ച് നിൽക്കുന്ന കാഴ്ച കാണുമ്പോൾ, സർവ്വശക്തനെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ പ്രകൃതിക്ക് മുന്നിൽ മുട്ട്കുത്തുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

അത് മുഴുവനായി അതിശയോക്തിയാണെന്ന് പറയാനും പറ്റില്ല.

ലോകത്തിലെ മാനവിക സൂചികകളിൽ എല്ലാത്തിലും മുന്നിൽ നിൽക്കുന്ന,വികസനത്തിന്റെ അവസാനവാക്കായ യൂറോപ്പ്, അവിടുത്തെ പ്രബല ശക്തികളിലൊന്നാണ് ഇറ്റലി. അങ്ങനെയൊരു രാജ്യം തങ്ങളുടെ പൗരന്മാരിൽ വാർദ്ധക്യത്തിലെത്തിനിൽക്കുന്നവരെ ചികിൽസിക്കേണ്ട, മരണത്തിന് വിട്ട് കൊടുക്കാം എന്ന് തീരുമാനിച്ച ആ നിമിഷം സത്യത്തിൽ മാനവ രാശി - human race - പ്രകൃതിക്ക് മുന്നിൽ മട്ട്കുത്തിയിരുന്നു.

പിന്നെ ചരിത്രത്തിൽ ആദ്യമായി, ലോകജനതയുടെ കായികമാമാങ്കമായ ഒളിമ്പിക്സ് പോലും മാറ്റി വെപ്പിക്കാൻ, മനുഷ്യന് കാണാൻ പോലും സാധിക്കാത്തത്ര ഒരു ചെറിയ സൂഷ്മാണുവിന് സാധിച്ചിരിക്കുന്നു (ലോകമഹായുദ്ധ സമയങ്ങളിലും മറ്റും ഒളിമ്പിക്സ് വേണ്ടെന്ന് വച്ച ചരിത്രമുണ്ട് പക്ഷെ മാറ്റി വക്കുന്നത് ആദ്യം). ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുന്നു. ശരിക്കും human race on knees എന്ന് തന്നെ പറയാവുന്ന അവസ്ഥ.

പക്ഷെ ഇതാണോ കളിയുടെ അവസാനം.

അല്ല.

പ്രകൃതിയുടെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠമായ, അല്ലെങ്കിൽ ഏറ്റവും ശക്തമായ സൃഷ്ടിയായ മനുഷ്യനെ എന്നേക്കുമായി മുട്ടിൽ നിർത്താൻ പ്രകൃതിക്കും കഴിയില്ല എന്നതാണ് വാസ്തവം.

അവസാന നാമ്പിൽ നിന്ന് പോലും വീണ്ടും ജീവിതം തിരിച്ച് പിടിക്കും എന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ള അവൻ വീണ്ടും രണ്ട് കാലിൽ നിൽക്കും, പിന്നെയും കുതിച്ച് പായും, കുറെ കഴിയുമ്പോൾ പ്രകൃതി ഇതുപോലെ വീണ്ടും അടിച്ച് വീഴ്ത്തും, അവൻ വീണ്ടും എഴുന്നേൽക്കും. ഇത് ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും എന്നല്ലാതെ രണ്ടിലൊരാൾ മറ്റൊരാൾക്ക് മേൽ ആത്യന്തിക വിജയം നേടുന്ന അവസ്ഥയുണ്ടാവില്ല.

അയ്യപ്പനും കോശിയും സിനിമ കണ്ടവർക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവും, പ്രകൃതിയും മനുഷ്യനും തമ്മിൽ ശരിക്കും ഒരു അയ്യപ്പനും കോശിയും പോരാണ് നടക്കുന്നത്.



പ്രകൃതിയാണ് അയ്യപ്പൻ, മനുഷ്യൻ കോശിയും.

രണ്ട് പേരും കട്ടക്ക് അടിച്ച് നിൽക്കും. എന്നാൽ നഷ്ടപ്പെടാൻ കൂടുതൽ ഉള്ളത് കോശിക്കാണ് - അഥവാ മനുഷ്യനാണ്. Who is the boss എന്നതിന്റെ ഉത്തരമാണ് അയ്യപ്പൻ (പ്രകൃതി). മനുഷ്യന് അഹങ്കാരം കൂട്ടുമ്പോഴൊക്കെ ഈ സത്യം ഓർമ്മിപ്പിക്കാൻ പ്രകൃതി ഒരുങ്ങിയൊരിറങ്ങലുണ്ട്, കോശിക്കിട്ട് പണിയാൻ അയ്യപ്പപ്പൻ ഇറങ്ങുന്ന പോലെ. പക്ഷെ രണ്ട് പേരും ആത്യന്തികമായി തോൽക്കുന്നില്ല, രണ്ട് പേരും ജയിക്കുന്നുമുണ്ട്. ഇതാണ് അയ്യപ്പനും കോശിയും സിനിമയിലെ കഥാതന്തു. ഇത് തന്നെയാണ് ഇപ്പോൾ മനുഷ്യനും പ്രകൃതിയും തമ്മിൽ കൊറോണയുടെ പേരിൽ നടക്കുന്ന പോരാട്ടത്തിലും കാണുന്നത്.

കോശി (മനുഷ്യൻ) അഹങ്കാരംകൊണ്ട് അന്ധനായി അയ്യപ്പൻറെ (പ്രകൃതിയുടെ) നെഞ്ചത്തോട്ട് കയറാൻ നോക്കുമ്പോഴാണ് - കാര്യമായ നാശനഷ്ടങ്ങൾ അയ്യപ്പന് (പ്രകൃതിക്ക്) സംഭവിച്ച് കഴിയുമ്പോഴാണ്, കോശിയുടെ(മനുഷ്യന്റെ) നട്ടെല്ലിലൂടെ മിന്നൽ പിണർ പായിച്ച് കൊണ്ട് അയ്യപ്പൻ (പ്രകൃതി) വിശ്വരൂപമെടുക്കുന്നത്.

അയ്യപ്പൻറെ (പ്രകൃതിയുടെ) ആ പ്രഹരത്തിൽ അടിതെറ്റി വീണ്, ഉടുമുണ്ടുരിഞ്ഞ് നഗ്നപാദനായി, അഹങ്കാരത്തിന്റെ ആകാശത്ത് നിന്ന് താഴോട്ടിറങ്ങി മണ്ണിൽ ചവിട്ടി നടക്കാൻ നിർബന്ധിതനാവുന്ന കോശി (മനുഷ്യൻ).

പക്ഷെ അവസാന സീനിൽ രണ്ട് പേരും പഴയ പ്രതാപത്തിൽ തിരിച്ചെത്തി അടുത്ത പോരിന് കൊമ്പ് കോർക്കുന്നു. അതെ, ഈ കളി അവസാനമില്ലാതെ ഇങ്ങനെ തുടർന്ന്കൊണ്ടിരിക്കും.
Yes we will win this war against corona, but that will not be the final victory.
Yes corona will bring us to our knees, but that will not be the end of us, the mankind.