ഇപ്പോഴിത് പറയാൻ ഒരു കാരണമുണ്ട്. ഏതാനും മാസങ്ങൾ മാത്രം അകലെയുള്ള ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് വിശ്വസിക്കത്തക്ക രീതിയിൽ ദളിത് പീഡന കഥകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ദിവസേനയെന്നോണം വന്നു തുടങ്ങിയിരിക്കുന്നു. പതിവ് പോലെ ഇതിലൊന്നും നേരിട്ട് കക്ഷികളല്ലെങ്കിലും ആക്രമണത്തിന്റെ കുന്തമുന കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും നേരെ തന്നെയാണ് ഇപ്പ്രാവശ്യവും.
ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണെന്നോ ഏതു പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണെന്നോ നോക്കാൻ നിൽക്കാതെ തുടക്കത്തിൽ തന്നെ കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും ശക്തമായ ഇടപെടലും നടപടികളും ഉണ്ടായില്ലെങ്കിൽ, രാജ്യത്തെ ദളിത് വിഭാഗങ്ങളിൽ കുത്തിവക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആശങ്കകൾക്ക് അറുതിവരുത്താൻ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് മുന്നോട്ട് വന്നില്ലെങ്കിൽ കഴിഞ്ഞ വർഷം ഉണ്ടായതിനേക്കാൾ വലിയ നഷ്ടം ആയിരിക്കും ബിജെപിക്ക് ഉണ്ടാകാൻ പോകുന്നത്.ഇത് പറയുന്നത് ചില കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്കുള്ള ബിജെപിയുടെ കുതിപ്പിന് പിന്നിൽ പത്രങ്ങളിൽ വന്ന ഒരു കണക്കുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി ദളിത് വോട്ടുകളിൽ നാലിൽ ഒന്ന് വച്ച് ബിജെപിക്കും മൂന്നിൽ ഒന്ന് വച്ച് ബിജെപി നയിക്കുന്ന എൻ.ഡി.എ മുന്നണിക്കും ലഭിച്ചു എന്ന കണക്കായിരുന്നു അത്. രാമജന്മഭൂമി തരംഗം ഉണ്ടായിരുന്ന, ബിജെപിയുടെ ഏറ്റവും വലിയ വളർച്ചയുടെ കാലഘട്ടമായിരുന്ന തൊണ്ണൂറുകളിൽ പോലും അവർക്ക് ലഭിച്ചത് പത്തിൽ ഒന്ന് ദളിത് വോട്ടുകൾ മാത്രമായിരുന്നു എന്നറിയുമ്പോഴാണ് 2014ലേത് ഒരു വിപ്ലവമായിരുന്നു എന്ന് മനസിലാവുന്നത്.
രാജ്യത്തെ ദളിത്ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ളത് ഉത്തർപ്രദേശ് ആണ്. അവിടെ 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ 71 സീറ്റുകളും നേടിയത് ബിജെപിയാണ്. അന്നവിടെ ഏറ്റവും വലിയ നഷ്ടം നേരിട്ടത് ദളിത്പാർട്ടിയായ മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിക്കായിരുന്നു. അതായത് മായാവതിയെയും പിന്നെ കോൺഗ്രസിനെയും കൈവിട്ട ദളിത്ജനത അവരുടെ വിശ്വാസം അർപ്പിച്ചത് ബിജെപിയിലായിരുന്നു. 71 സീറ്റെന്ന മാസ്മരിക വിജയം ബിജെപിയെ തേടിയെത്തിയതിന് പിന്നിൽ സംസ്ഥാനത്തെ 21 ശതമാനത്തോളം വരുന്ന ദളിത് ജനസംഖ്യയുടെ അകമഴിഞ്ഞ പിന്തുണ കൂടിയുണ്ടെന്ന് തീർച്ചയാണ്.
ഈ കണക്കുകൾ ആണ് 2017ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ ബിജെപിക്കെതിരായുള്ള അസഹിഷ്ണുത പ്രചാരണത്തിന്റെ രണ്ടാം ഘട്ടമായി അതിന്റെ പുറകിലുള്ളവർ തിരഞ്ഞെടുക്കാനും, അതിന് ദളിതുകളെ ആയുധം ആക്കുവാനുമുള്ള കാരണം.കഴിഞ്ഞില്ല, രാജ്യത്ത് ഏറ്റവുമധികം ദളിതുകൾ ഉള്ളത് യു.പിയിലാണെങ്കിൽ സംസ്ഥാനങ്ങളിലെ ജനസംഖ്യയിൽ ഏറ്റവുമധികം ദളിത് പ്രാധിനിത്യം ഉള്ളത് പഞ്ചാബിലാണ്, ഏകദേശം 32 ശതമാനം. ആ പഞ്ചാബും യു.പിക്കൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനമാണ് എന്നതുകൂടി കൂട്ടിവായിക്കുമ്പോഴാണ് ബിജെപി നേരിടാൻ പോകുന്ന വെല്ലുവിളിയുടെ വലിപ്പം മനസിലാവുക.
‘ദ മേക്കിങ് ഓഫ് ദാദ്രി’ - ബിഹാർ തിരഞ്ഞെടുപ്പിന് വേണ്ടി ദാദ്രി ഒരുക്കപ്പെടുന്നു:
2015 നവംബർ മാസം ആയിരുന്നു ബിഹാർ തിരഞ്ഞെടുപ്പ്. അതിന് വെറും 40 ദിവസം മുൻപ് -സെപ്റ്റംബർ 28ന്- ഉത്തർപ്രദേശിലെ ദാദ്രി എന്ന ഗ്രാമത്തിൽ ഒരു കുറ്റകൃത്യം നടക്കുന്നു. സമാജ് വാദി പാർട്ടി ഭരിക്കുന്ന ഉത്തർപ്രദേശിലെ പതിവ് കുറ്റകൃത്യങ്ങളിൽ ഒന്നു മാത്രമായി മാറുമായിരുന്ന ആ സംഭവത്തെ ദാദ്രി എന്ന പേരിൽ, അന്തർ ദേശിയ തലത്തിൽ പോലും ചർച്ചയായി മാറുന്ന രീതിയിൽ ബിജെപിക്കെതിരായ ഒരു വമ്പൻ കാമ്പെയ്ൻ ആയി മാറ്റപ്പെടുന്നു. പിന്നീട് നടന്നെതെല്ലാം ചരിത്രം.
ഹരിയാനയിൽ ദളിത് കുട്ടികൾ വീടിനുള്ളിൽ തീപൊള്ളി മരിച്ചതും, യു.പിയിൽ 90 വയസുള്ള വൃദ്ധനെ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ കൊന്നു എന്നൊക്കെയായി 2015 ഒക്ടോബറിൽ മുതൽ ശക്തി പ്രാപിച്ചു തുടങ്ങിയ ഒരു പ്രചാരണത്തിന് തീപിടിപ്പിക്കുന്നതായിരുന്നു ദാദ്രി സംഭവം. രണ്ടു സംഭവങ്ങളുടെയും സത്യാവസ്ഥ പുറത്തു വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു (ആദ്യത്തെ സംഭവം പുറത്തു നിന്നുള്ള ആരുമല്ല മറിച്ചു വീടിനകത്തു നിന്ന് തന്നെയാണ് തീ പടർന്നതെന്നു പിന്നീട് തെളിഞ്ഞു. രണ്ടാമത്തെ സംഭവത്തിൽ ക്ഷേത്രത്തിൽ പോവുകയായിരുന്ന 90 വയസുകാരനോട് കാശിന്റെ കാര്യത്തിൽ ഒരാൾ വഴക്കിടുന്നു കൊല്ലപ്പെടുന്നു. ക്ഷേത്രം അടുത്തുണ്ടെന്നതും അയാൾ ദളിത് ആയിരുന്നുവെന്നതും വച്ച് വാർത്തയുടെ നിറം മാറി ). അവാർഡ് വാപസിയും ബോളിവുഡ് ഖാന്മാരും അങ്ങനെ എല്ലാം കൂടി ആ പ്രചാരണം ഒരു ആസുര രൂപം കൈവരിച്ച ‘അസഹിഷ്ണുത കാമ്പെയ്ൻ’ ആയി മാറുന്നതാണ് പിന്നീട് നമ്മൾ കണ്ടത്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഒന്നിച്ചാലെന്ന പോലെ ബിഹാറിലെ പ്രമുഖ എതിരാളികളായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും മറ്റ് എല്ലാ ബിജെപി വിരുദ്ധ പാർട്ടികളും ഒന്നിച്ചതാണ് (മഹാഘഡ്ബന്ധൻ!) ബിഹാറിലെ ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണം. പക്ഷെ സംസ്ഥാനത്തെ 28 ശതമാനത്തോളം വരുന്ന മുസ്ലിം ജനതയുടെ ദാദ്രി സംഭവത്തോടുള്ള പ്രതികരണവും ബിജെപിയുടെ പരാജയത്തിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്.
‘അസഹിഷ്ണുതാ കാമ്പെയ്ൻ പാർട്ട്-2’ നിലം ഒരുക്കപ്പെടുന്നു - ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഗോരക്ഷ അക്രമങ്ങളും മറ്റ് ദളിത് പീഡനകഥകളും:
രാജ്യത്ത് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ ബീഹാർ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അസഹിഷ്ണുത പ്രചാരണത്തിന്റെ അതെ മാതൃകയിൽ ആണ് അതെ ശക്തികൾ ഉത്തർപ്രദേശിലേക്കുമുള്ള തയ്യാറെടുപ്പ് നടത്തുന്നത് എന്ന് മനസിലാക്കാം.
അവരുടെ തന്ത്രം വളരെ ലളിതം ആണ്:
- ഇന്ത്യപോലുള്ള ഒരു കൂറ്റൻ രാജ്യത്ത് അനവധി കുറ്റ കൃത്യങ്ങൾ ആയിരിക്കും ഓരോ മിനിറ്റിലും നടക്കുന്നത് .
- തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനത്തിന്റെ സാമൂഹിക ഘടനക്കും അവിടുത്തെ ബിജെപിയുടെ സാധ്യതകൾക്കും അനുസരിച്ച് ആ കുറ്റകൃത്യങ്ങളെ ഒന്ന് പഠിക്കുക.
- അക്ക്രമത്തിനിരയായതു മുസ്ലിമോ ദളിതനോ ആണോ - ആണെങ്കിൽ മറുവശത്തു ഹിന്ദു പേരുള്ളവരാണോ, പശുവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുക.
- അതിലെ ഏറ്റവും അനുയോജ്യമായ ഒരെണ്ണം തിരഞ്ഞെടുക്കുക.
- പത്ര-ചാനൽ-സോഷ്യൽ അങ്ങനെ ലഭ്യമായ എല്ലാ മീഡിയകളിലൂടെയും കാട്ടുതീപോലെ പ്രചരിപ്പിക്കുക.
- അതിൽ സത്യത്തിനൊന്നും യാതൊരു പ്രസക്തിയുമില്ല.
അങ്ങനെയാണ് ബിജെപിക്ക് യാതൊരു ബന്ധവുമില്ലാത്ത, മുസ്ലിമുകൾ വരെ പ്രതികളായ ഗുജറാത്തിലെ ഗോരക്ഷകരുടെ പേരിൽ നടന്ന അക്രമവും, യു.പിയിൽ ഒരു കടയിലെ തർക്കവുമായി ബന്ധപ്പെട്ടു കടയുടമ രണ്ടു പേരെ വെട്ടിക്കൊന്നതും ആയ കേസുകൾ എല്ലാം ബിജെപിയുടെ അക്കൗണ്ടിൽ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ദാദ്രി വിഷയത്തിന്റെ തുടക്കത്തിൽ ഉണ്ടായ പോലൊരു മൗനം കേന്ദ്രത്തിന്റെയും പ്രത്യേകിച്ച് മോദിയുടെയും ഭാഗത്ത് നിന്നുണ്ടാവുകയാണെങ്കിൽ അത് ബിജെപിയെ സംബന്ധിച്ച് മാരകമായിരിക്കും എന്ന് പറയാൻ കാരണം.
പക്ഷെ ആ നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തുടക്കകാലത്ത് സവർണഹിന്ദുക്കളുടെ പാർട്ടി എന്നും പശു-ബെൽറ്റ് (യുപി, ബീഹാർ പോലുള്ള ഹൈന്ദവ ഭൂരിപക്ഷമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ) പാർട്ടിയെന്നും ആയിരുന്നു ബിജെപി അറിയപ്പെട്ടിരുന്നത്. അത്തരം ഘടകങ്ങൾ തന്നെയായിരുന്നു ആദ്യകാലങ്ങളിൽ ബിജെപിയുടെ വളർച്ചക്കടിസ്ഥാനവും. പക്ഷെ ഇന്ന് മോദി എന്ന ഒ.ബി.സി.കാരനായ വികസന നായകൻ നയിക്കുന്ന, ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി എല്ലാ ജനവിഭാഗങ്ങളെയും പ്രത്യേകിച്ച് ഹൈന്ദവ സമൂഹത്തിലെ നാനാജാതിമതസ്ഥരെ ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ എതിരാളികൾ ഉപയോഗിക്കുന്നതും അതേ സവർണ-പശു പ്രതിച്ഛായയെ തന്നെയാണ്. അങ്ങനെയാണ് രാജ്യത്തിന്റെ ഏതു കോണിൽ പശുവുമായി ബന്ധപ്പെട്ട് എന്ത് അക്രമം നടന്നാലും, പ്രത്യേകിച്ച് അതിൽ ദളിത് ഘടകം കൂടിയുണ്ടെങ്കിൽ അത് ബിജെപിയെ അടിക്കാനുള്ള വടിയായി മാറുന്നത്. പശുവും-ദളിതും കൂടിച്ചേരുമ്പോൾ അത് പരിവാർ സംഘടനകൾക്കെതിരെയുള്ള അസാമാന്യ പ്രഹരശേഷിയുള്ള ആയുധമായി മാറുകയാണിന്ന്.
മോദിയടക്കമുള്ള ബിജെപി നേതൃത്വവും ആർ.എസ്.എസ്സ് നേതൃത്വവും എത്രയും പെട്ടെന്ന് ദളിത്ജനതയുടെ പ്രശ്നപരിഹാരങ്ങൾക്കായി മുന്നോട്ട് വന്നില്ലെങ്കിൽ അവർ ഇത്ര കാലം കൊണ്ട് നേടിയെടുത്ത സാമൂഹ്യ മുന്നേറ്റം ഞൊടിയിടയിൽ ഇല്ലാതെയാവുന്നത് കാണേണ്ടി വരും.
അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഗോരക്ഷകരെന്ന പേരിൽ അഴിഞ്ഞാടുന്നവരെ ഒരു നിമിഷം പോലും പാഴാക്കാതെ തള്ളിപ്പറയുകയും, കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ തന്നെ അവർക്കെതിരെ നിയമ നടപടികൾ എടുക്കുകയും ചെയ്യുക എന്നതാണ്. അത് ചെയ്‌താൽ മാത്രം പോര, ചെയ്യുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.
വിശുദ്ധ പശു ചത്ത് കഴിഞ്ഞാൽ കുഴിച്ചിടികയും വേണം അതിന്റെ പേരിൽ തല്ലു കൊള്ളുകയും വേണം എന്ന് വരുന്ന ദളിതന്റെ അവസ്ഥ തികച്ചും ദുഃഖകരവും അപലപനീയവുമാണ്.
ഭരിക്കുന്ന സർക്കാർ പശുവിന്റെ ജീവനേക്കാൾ മനുഷ്യന്റെ ജീവന് തന്നെയാണ് വില കൽപ്പിക്കുന്നതെന്ന് ജനത്തിന് ബോധ്യപ്പെടണം. എന്തൊക്കെ ന്യായീകരണം പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചാലും ഹിന്ദു പാർട്ടിയെന്ന പേര് വീണത് കൊണ്ട് തന്നെ ബിജെപിക്ക് അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം ഉണ്ട്. അത് എത്ര ഭംഗിയായും ആത്മാർത്ഥമായും അവർ നിർവഹിക്കുന്നു എന്നതിലാണ് രാജ്യത്തിൻറെ സാമൂഹികമായ പുരോഗതിയുടെ ഭാവിയിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ചാണെങ്കിൽ 2017 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിലെ അവരുടെ ഭാവി ഇരിക്കുന്നതും അതിൽ തന്നെയാണ്.
-------------------------------------------------------------------------------------------------------------------
Related article: ദാദ്രികൾ: നിതീഷിന്റെയും ലാലുവിന്റെയും അകൌണ്ടിൽ തെറി കേൾക്കുന്ന ബിജെപിയും ആർഷഭാരതവും!
-------------------------------------------------------------------------------------------------------------------
Related article: ദാദ്രികൾ: നിതീഷിന്റെയും ലാലുവിന്റെയും അകൌണ്ടിൽ തെറി കേൾക്കുന്ന ബിജെപിയും ആർഷഭാരതവും!

