Wednesday, February 13, 2019

മോദി വിരോധവും ഗുജറാത്ത് കലാപവും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ - Part #4

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.



വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമായ  ഈ ലേഖനപരമ്പരയിലെ അവസാന ഭാഗം:

Patrt#4: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.


ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ വെറുപ്പിന്റെ അങ്ങേയറ്റത്ത് നിർത്തുന്നവർ കാണാതെ പോകുന്ന ഒരു വസ്തുതയാണ് അത് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും അധികം കലാപങ്ങൾ നടന്നിട്ടുള്ള സംസ്ഥാങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത് എന്നത്. അത് വരെ രാജ്യത്ത് നടന്നിട്ടുള്ള പ്രധാന വർഗീയ കലാപങ്ങളിൽ ആറോളം കലാപങ്ങൾ നടന്നത് ഗുജറാത്തിൽ ആണ്. 660 പേർ കൊല്ലപ്പെട്ട 1969 ലെ അഹമ്മദാബാദ് കലാപം, 208 ആളുകൾ മരിച്ച 1985 ലെ കലാപം, 219ഉം 441ഉം ജീവനുകൾ പൊലിഞ്ഞ യഥാക്രമം 1990ലെയും ‘92ലെയും കലാപങ്ങൾ എന്നിവ അവയിൽ ഏതാനും ചിലത് മാത്രം. ഗുജറാത്ത് സർക്കാരിന്റെ ഒരു റിപ്പോർട്ട് പ്രകാരം 1970 ശേഷം മാത്രം ചെറുതും വലുതുമായ 440ഓളം വർഗീയ കലാപങ്ങൾ ഗുജറാത്തിൽ നടന്നിട്ടുണ്ട്. ഈ കലാപങ്ങളെല്ലാം നടന്നത് കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നു. തൊണ്ണൂറുകളുടെ മദ്ധ്യം വരെ കോൺഗ്രസ് മാത്രമാണ് ഗുജറാത്ത് ഭരിച്ചിട്ടുള്ളത്. പക്ഷെ 2002ലെ കലാപത്തിന് ശേഷം ഒരു കലാപം പോലും ഗുജറാത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ നയം തന്നെയായിരിക്കണം അവരുടെ ശക്തികേന്ദ്രമായിരുന്ന ഗുജറാത്തിലും തൊട്ടാൽ പൊട്ടുന്ന രീതിയിൽ ജനങ്ങളെ വർഗീയമായി ചേരിതിരിച്ചത്. അര നൂറ്റാണ്ടോളം നീണ്ട കോൺഗ്രസ് ഭരണത്തിന് കീഴിൽ കുട്ടികൾ തമ്മിലുള്ള വഴക്കുകളും, പട്ടം പറത്തുന്നതിലെ തർക്കങ്ങളും പോലുള്ള നിസാര സംഭവങ്ങൾ വരെ വലിയ കലാപങ്ങളായി മാറുന്ന 'റയട്ട്-പ്രോൺ' സംസ്ഥാനമായി ഗുജറാത്ത് മാറിയിരുന്നു. 



ഇപ്പോൾ 2017ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോലും ഹർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നീ നേതാക്കളെ മുന്നിൽ നിർത്തി പട്ടേൽ, ദളിത്, താക്കൂർ, ഹിന്ദു, മുസ്ലിം എന്നീ നിലകളിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് കൊണ്ഗ്രെസ്സ് ശ്രമിച്ചത്. മുൻപ് ഗുജറാത്തിലെ തങ്ങളുടെ സുവർണ്ണ കാലത്തും ഇതുപോലെത്തന്നെ ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിച്ച് നിർത്തി വോട്ട് ബാങ്കുകൾ ഉണ്ടാക്കിയായിരുന്നു കോൺഗ്രസ് അധികാരം നിലനിർത്തിയിരുന്നത്. ‘KHAM’ എന്നായിരുന്നു അന്നത്തെ വിഭജന ഫോർമുല. ക്ഷത്രീയ-ഹരിജൻ-ആദിവാസി-മുസ്ലിം എന്നതിന്റെ ചുരുക്കം ആയിരുന്നു ‘KHAM’. വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരിൽ നിന്ന് കോൺഗ്രസ് സ്വാംശീകരിച്ച ഒരു നയമായിരുന്നു. അത് കൊണ്ട് തന്നെ ഗുജറാത്തിനെ ഒരു കലാപ സാദ്ധ്യത കൂടിയ സംസ്ഥാനമാക്കി മാറ്റിയതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസിന് തന്നെയാണ്. 2002 കലാപത്തിന് ശേഷം മോദിയുടെ ഭരണ കാലത്ത് ഒരു കലാപം പോലും ഉണ്ടായിട്ടില്ല എന്നത് ആ വാദത്തിന് കൂടുതൽ ബലമേകുന്നു.

ഇന്ത്യയിൽ നടന്ന കലാപങ്ങളിൽ ഏറ്റവും കൂടുതൽ പേർ ശിക്ഷിക്കപ്പെട്ട കലാപം ആയിരുന്നു 2002ലേത്. ബഹുഭൂരിപക്ഷം കേസും നടന്നത് ബിജെപി സർക്കാരിന്റെ കീഴിൽ തന്നെയായിരുന്നു എന്നതും മോദിയെ കണ്ണടച്ച് വെറുക്കുന്നവർ അറിയണം. ബാബു ബജ്‌രംഗി, മായ കോട്നാനി എന്നീ നേതാക്കൾ ശിക്ഷിക്കപ്പെട്ടു. വംശഹത്യ എന്ന വാക്ക് എല്ലാ അർത്ഥത്തിലും ചേരുന്ന കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന 1984ലെ സിഖ് കൂട്ടക്കൊലയിലെ പ്രതികളായ കോൺഗ്രസ് നേതാക്കളായ സജ്ജൻ കുമാറും ജഗദിഷ് ടൈറ്റലറും പോലുള്ള പ്രതികൾ ഇന്നും ശിക്ഷിക്കപ്പെട്ടില്ല എന്നുമോർക്കണം.

ഇലക്ട്രോണിക്സ് മാധ്യമങ്ങൾ ആദ്യമായി ‘ലൈവ് കവറേജ്’ കൊടുത്ത ലഹളയായിരുന്നു 2002 ലെ ഗുജറാത്ത് കലാപം. കലാപം പടരാൻ അതും ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ജസ്റ്റിസ് ഡി.എസ് തേവാഡിയ തന്റെ റിപ്പോർട്ടിൽ പറയുന്നത് മാധ്യമങ്ങൾ, പ്രത്യേകിച്ച് ഡൽഹിയിൽ നിന്നുള്ള ‘ഇംഗ്ലീഷ് പ്രസ്’, കലാപം റിപ്പോർട്ട് ചെയ്യുന്നതിൽ തുടക്കം മുതലേ തികച്ചും പക്ഷപാതപരമായ നിലപാടാണെടുത്തത് എന്നാണ്. ഗോദ്ര കലാപം ഒരു അപകടമാണെന്നും അതിന് ശേഷം നടന്ന കലാപം സർക്കാർ സ്‌പോൺസേർഡ് ആയിരുന്നുവെന്നുമായിരുന്നു അവരുടെ റിപ്പോർട്ടിങ്ങിന്റെ രീതി എന്നദ്ദേഹം നിരീക്ഷിക്കുന്നു. 


മാധ്യമങ്ങളുടെ ആ നിലപടിന്റെ ഒരുദാഹരമാണ് മോദി ഗുജറാത്ത് കലാപത്തെ ഗോദ്രയുടെ റിയാക്ഷൻ ആണെന്ന് പറഞ്ഞ് ന്യായീകരിച്ചു എന്ന പ്രചാരണം നടന്നത്. കലാപം നടന്നുകൊണ്ടിരിക്കുമ്പോൾ ‘സീ ന്യൂസി’ന് അദ്ദേഹം 10 മിനിറ്റ് അഭിമുഖം അനുവദിക്കുകയുണ്ടായി. അതിൽ സുധിർ ചൗധരി എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു " പ്രവർത്തനങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും ഒരു ‘ചെയിൻ-റിയാക്ഷ’നാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തരം എല്ലാ ‘ആക്ഷനുകളും റിയാക്ഷനുകളും’ തടയാനാണ് സർക്കാർ ശ്രമിക്കുന്നത്". ഇത് പക്ഷെ പ്രക്ഷേപണം ചെയ്തപ്പോൾ അവസാനത്തെ ഭാഗം മുറിച്ച് മാറ്റപ്പെട്ടു, ആദ്യത്തെ ഭാഗം ഇങ്ങനെയാക്കി മാറ്റി: "ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന കലാപം ഗോദ്ര തീവെപ്പിന്റെ റിയാക്ഷൻ ആണെന്ന് മുഖ്യമന്തി (ന്യായീകരിച്ചു)"!

മാധ്യമങ്ങളും എൻജിഒകളും സ്വയംപ്രഖ്യാപിത ലിബറലുകളും മാത്രം വിചാരിച്ചാൽ നിലനിർത്താൻ പറ്റുന്നതായിരുന്നില്ല ഒന്നര പതിറ്റാണ്ടോളം നീണ്ട് നിന്ന 'മോദി വേട്ട' എന്ന ശ്രമകരമായ പ്രക്രിയ. അതിനവരുടെ പുറകിൽ ശക്തമായ ഒരു അധികാര-സാമ്പത്തിക ശ്രോതസ്സ് വേണമായിരുന്നു. അതായിരുന്നു കോൺഗ്രസ് എന്ന അന്നത്തെ കേന്ദ്രം ഭരിച്ചിരുന്ന പാർട്ടി.

2002ൽ കലാപം നടന്നു. 2004 ആയപ്പോഴേക്കും കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. 2004ൽ 'ഇന്ത്യ തിളങ്ങുന്നു(ഷൈനിങ് ഇന്ത്യ) കാമ്പെയ്നുമായി' പൂർണ ആത്മവിശ്വാത്തിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങിയതിന് കാരണമായി 2002ലെ ഗുജറാത്ത് കലാപത്തെ കാണുന്നവർ ഒരുപാടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആ കലാപത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കോൺഗ്രസ് ആണെന്ന് കാണാം. 

കോൺഗ്രസ് എന്ന ആ അധികാര-സാമ്പത്തിക ശ്രോതസ്സായിരുന്നു നീണ്ട പത്ത് വർഷത്തിനും മുകളിൽ മോദിക്കെതിരെയുള്ള വേട്ടയാടലിന് ആളും അർത്ഥവും ലഭ്യമാക്കിയത്. കോടതി അസാധുവാക്കിവിട്ട ബാനർജി കമ്മീഷൻ എന്ന കേന്ദ്ര സർക്കാർ സ്‌പോൺസേർഡ് കമ്മീഷനെ ഉപയോഗിച്ച് മോദിയെ പൂട്ടാൻ ശ്രമിച്ചത് മുതൽ, ടീസ്റ്റയെയും, സഞ്ജീവ് ബട്ടിനെയും, ആർ.ബി. ശ്രീകുമാറിനെയും, അരുന്ധതി റോയിയേയും പോലുള്ളവരെ ഉപയോഗിച്ചും, കോൺഗ്രസിന്റെ വാലാട്ടികളായ എൻഡിടിവി പോലുള്ള മാധ്യമങ്ങളെയും, ബർക്ക ദത്തും, രാജ്ദീപ് സർദേശായിയും പോലുള്ള പ്രമുഖ ജെർസണലിസ്റ്റുകളെ ഉപയോഗിച്ചും അവിശ്വനീയമായ 'കൺസിസ്റ്റൻസിയിലാണ്' ഒന്നര പതിറ്റാണ്ട് നീണ്ട മോദി വേട്ട കോൺഗ്രസ് നടത്തിയത്. 


കോൺഗ്രസ് മോദിയെ ലക്ഷ്യം വക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നു. ഇന്ന് ബിജെപിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഗുജറാത്ത് എന്നത്കൊണ്ട് തന്നെ എല്ലാവരും സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുതയാണ് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തുടർച്ചായി 50 വർഷത്തോളം ഗുജറാത്ത് അടക്കി വാണത് കോൺഗ്രസ് ആയിരുന്നു എന്നത്. ഇന്ന് ബിജെപിക്കെങ്ങിനെയാണോ ഗുജറാത്ത്, ഒരിക്കൽ കോൺഗ്രസിനും അങ്ങനെത്തന്നെയായിരുന്നു ഗുജറാത്ത്.

തൊണ്ണൂറുകളുടെ മധ്യത്തിൽ ആണ് കോൺഗ്രസിന്റെ ആ അധീശത്വം സാവധാനം ബിജെപി ചോദ്യം ചെയ്ത് തുടങ്ങുന്നത്. പക്ഷെ ചുരുങ്ങിയ ഇടവേളകളിൽ അധികാരം കിട്ടിയപ്പോഴൊക്കെ തമ്മിലടിച്ച് ക്ഷയിക്കുകയായിരുന്ന ബിജെപിയെ കൂറ്റൻ തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിക്കുന്നത് ആർ.എസ്.എസിൽ നിന്ന് നിയോഗിക്കപ്പെട്ട മോദി എന്ന പ്രചാരകൻ സംഘാടനത്തിന്റെ ചുമതലയേറ്റെടുത്തപ്പോഴായിരുന്നു.

മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ ബിജെപി ശക്തി പ്രാപിച്ചു. 1995വരെ ,ഒന്നോ രണ്ടോ വർഷം ഒഴിവാക്കിയാൽ, തുടർച്ചയായ കോൺഗ്രസ് ഭരണമായിരുന്നു ഗുജറാത്തിൽ. 1994ൽ മോദി ഗുജറത്തിലെ ബിജെപി ജനറൽ സെക്രെട്ടറിയാവുന്നു. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ 182ൽ 121 സീറ്റിന്റെ കൂറ്റൻ വിജയം നേടി ആദ്യമായി ഒരു സമ്പൂർണ ബിജെപി സർക്കാർ നിലവിൽ വരുന്നു. പിന്നെ അവിടുന്നിങ്ങോട്ടുള്ളത് ചരിത്രം. ബിജെപി എന്നാൽ ഗുജറാത്തും, ഗുജറാത്ത് എന്നാൽ മോദിയും എന്ന രീതിയിൽ മാറിയ ചരിത്രം!
  • നീണ്ട 50 വർഷക്കാലം തങ്ങളുടെ തറവാട്ട് സ്വത്ത് പോലെ സ്വന്തമാക്കി വച്ചിരുന്ന ഗുജറാത്തിനെ ചുരുങ്ങിയ സമയം കൊണ്ട് മാറ്റിമറിച്ച മോദി എന്ന രാഷ്ട്രീയ മാന്ത്രികൻ. 
  • ബിജെപിയുടെ ഭാഗധേയം മാറ്റിയെഴുതിയ അയോദ്ധ്യ പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടത്തിൽ 1990ലെ അദ്വാനിയുടെ സോംനാഥ്-അയോദ്ധ്യ രഥ യാത്രയുടെ വൻ വിജയത്തിന്റെ അണിയറിയയിലെ ശക്തി. 
  • 1991ൽ കാശ്മീരിലെ തീവ്രവാദികളുടെ വെല്ലുവിളി നേരിട്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ ഏകതാ യാത്ര നടത്തി ശ്രീനഗറിൽ ഇന്ത്യൻ പതാകയുയർത്തിയ കരുത്തനായ നേതാവ്. 
അങ്ങനെയുള്ള മോദിയിൽ തങ്ങളുടെ ഭാവി എതിരാളിയെ ഒരു പക്ഷെ സോണിയ ഗാന്ധി കണ്ടിരിക്കണം. അദ്ദേഹത്തെ ഒതുക്കാൻ കിട്ടിയ ആദ്യ അവസരം അവർ കൈമെയ് മറന്ന് ഉപയോഗിച്ചു. അതായിരുന്നു ഗുജറാത്ത് കലാപം.



എം.എൽ.എയായുള്ള മോദിയുടെ സത്യപ്രതിജ്ഞ നടന്നതിന്റെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നടന്ന, ഗുജറാത്ത് കലാപത്തിന് കാരമാണമായ,  ഗോദ്ര തീവെപ്പിൽ ഒരുപാട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രതിപട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. എങ്കിലും കോൺഗ്രസിന് ഗോദ്രയിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് ഒരു വാദത്തിന് വേണ്ടി അവഗണിച്ചാൽ തന്നെ ഗുജറാത്ത് കലാപം ഒരുക്കിക്കൊടുത്ത സാഹചര്യത്തെ, ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ഒരേയൊരു നേതാവായ മോദിയെ ഒതുക്കാനായി കോൺഗ്രസ് ഉപയോഗപ്പെടുത്തി എന്നത് വസ്തുതയാണ്.

പക്ഷെ ആളും അർത്ഥവും ഊർജ്ജവും സമയവും ഒരുപാട് ചിലവഴിച്ചിട്ടും കോൺഗ്രസിനതിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്ന് നമ്മുടെ മുന്നിലുള്ള ചരിത്രമാണ്.

ഇങ്ങനെ നുണകളുടെ കൂമ്പാരത്തിന് മുകളിൽ കെട്ടിപ്പടുത്തതായിരുന്നു മോദിക്കെതിരെയുള്ള ഒന്നര പതിറ്റാണ്ടോളം നീണ്ട വേട്ടയാടൽ. അത് കൊണ്ട് തന്നെയാണ് വർഷങ്ങൾ എടുത്ത് നടത്തിയ, കേന്ദ്രഭരണവും അന്വേഷണ ഏജൻസികളും കോൺഗ്രിസിന്റെ ചൊൽപ്പടിക്ക് നിന്നിരുന്ന കാലത്ത്, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന നിരവധി അന്വേഷണങ്ങൾ അദ്ദേഹത്തെ സ്പർശിക്കാതെ പോയത്. 

അരുന്ധതിയേയും, ടീസ്റ്റയേയും പോലുള്ളവർ സൃഷ്ടിച്ച പുകമറയിൽ വസ്തുതകൾ കാണാതെ പോയവർ ആണ് ഇന്നും അദ്ധേഹത്തെ അതിന്റെ പേരിൽ വെറുക്കുന്നവർ. പക്ഷെ 2002ന് ശേഷം 12 വർഷം മുഖ്യമന്ത്രിയായും അതിന് ശേഷം ഇപ്പോൾ 5 വർഷം പ്രധാനമന്ത്രിയായും ഉള്ള നീണ്ട പതിനാറ് വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും മുസ്ലിം വിരോധം പോയിട്ട്, ഹിന്ദു-മുസ്ലിം പക്ഷപാതം പോലും ആർക്കും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെയാണ് സഫർ സരേഷ് വാലയെപ്പോലുള്ള ഒരിക്കൽ വെറുത്തിരുന്നവർ സത്യം തിരിച്ചറിഞ്ഞ് പിന്നീട് അദ്ധേഹത്തിന്റെ ആരാധകരായി മാറുന്നത്. ആ ഒഴുക്ക് ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു.

ഇനിയും അദ്ദേഹത്തെ വെറുക്കുന്ന ബാക്കിയുള്ളവരും വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തി തെറ്റിദ്ധാരണയിൽ നിന്നുണ്ടായ തങ്ങളുടെ വെറുപ്പിൽ നിന്ന് പുറത്ത് വരുമെന്ന് ആശിക്കാം. പതിനഞ്ച് വർഷം മുൻപ് നടന്ന ഒരു സംഭവത്തിൽ കേട്ടറിഞ്ഞ കള്ളങ്ങളും അർദ്ധസത്യങ്ങളുമായ പ്രചാരണങ്ങളും വച്ചല്ല, മറിച്ച് അന്നത്തെ വസ്തുതകളും അവിടുന്നിങ്ങോട്ടുള്ള ഇന്നുവരെയുള്ള നീണ്ട 17 വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളെ സ്വതന്ത്രമായി വിലയിരുത്തിയും വേണം അദ്ദേഹത്തെ വിധിക്കാൻ.

Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.


Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.


References:
  • “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
  • "Narendra Modi; A Political Biography" by Andy Marino, a British biographer.
  • https://en.wikipedia.org/wiki/2002_Gujarat_riots
  • https://en.wikipedia.org/wiki/Nanavati-Mehta_Commission
  • Various online portals.

Monday, February 11, 2019

മോദി വിരോധവും ഗുജറാത്ത് കലാപവും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ - Part #3

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.

വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.



പാർട്ട് #3: ഗർഭിണിയും ശൂലവും മറ്റ് കല്ല് വച്ച നുണകളും, ചർച്ച ചെയ്യപ്പെടാതെ പോയ സത്യങ്ങളും.


ഗർഭിണി-ഭ്രൂണം-ശൂലം എന്നത് ഇന്ന് കപട മതേതര വാദികളെ പരിഹസിക്കാനുള്ള പ്രയോഗമായി മാറിയെങ്കിൽ 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമുള്ള ആദ്യ കാലഘട്ടങ്ങളിൽ അത് മുസ്ലിങ്ങൾക്കെതിരെയുള്ള വംശഹത്യ എന്ന സിദ്ധാന്തത്തിന് പിന്തുണ ലഭിക്കാൻ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട ഒരു പ്രയോഗമായിരുന്നു.

ഗുജറാത്ത് കലാപത്തിന്റെ ഭീകരത കുറച്ച് കാണിക്കുകയല്ല ഉദ്ദേശം. പക്ഷേ മറ്റ് ഏതൊരു ഹിന്ദു-മുസ്ലിം കലാപങ്ങളെപ്പോലെയും, ഇരു ഭാഗത്തും ജീവഹാനിയും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ച, ഇരു വിഭാഗത്തിനും വിവരണാതീതമായ ക്രൂരതകൾ നേരിടേണ്ടി വന്ന ഒരു കലാപത്തെ മുസ്ലിങ്ങൾക്കെതിരെ മാത്രമായി, ഭരണകൂടത്തിന്റെ ഒത്താശയിൽ നടന്ന ഒരു വംശഹത്യയായി ചിത്രീകരിച്ച്, അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ നടന്ന കുൽസിതശ്രമത്തെ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ വൈകിയ വേളയിലെങ്കിലും വേണ്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട ഒരു കലാപത്തെ ഒരു വിഭാഗത്തിനെ മാത്രം ഉന്മൂലനം ചെയ്യുന്ന വംശഹത്യ എന്ന നിർവചനത്തിൽ പെടുത്തുന്നതെങ്ങിനെയാണ്?

ഗർഭിണി-ശൂലം കഥകൾ ആ ദുരുപദിഷ്ട ശ്രമത്തിന്റെ ഭാഗമായി ഉണ്ടായതായിരുന്നു. ഇന്ന് മോദിക്കെതിരെയുള്ള വെറുപ്പിന്റെ പ്രധാന കാരണമായ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള, ആ ഇമേജ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടത് എങ്ങിനെയാണ് എന്നതിന്റെ ഉദാഹരമായി ഇതിനെയെടുക്കാവുന്നതാണ്. ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവൻ ആവാഹിച്ച ഈ കഥയുടെ ഉത്ഭവവും അതിനെ തുടർന്നുള്ള സഞ്ചാരപഥവും ഒന്ന് ചികഞ്ഞു നോക്കുന്നത് മോദിക്കെതിരെ നടന്ന കരുതിക്കൂട്ടിയുള്ള വിദ്വേഷപ്രചാരണത്തി(hate-campaign)ന്റെ സ്വഭാവം മനസിലാക്കാൻ ഉപകരിക്കുന്നതായിരിക്കും.

ഒരു ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തി പുറത്തെടുത്തു എന്ന അതിഭീകരമായ കഥ ആദ്യമായി അച്ചടിക്കപ്പെടുന്നത് 2002 മാർച്ച് ആറാം തിയതി പുറത്ത് വന്ന ഒരു ബിബിസി റിപ്പോർട്ടിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ കൊണ്ടാണ് ബിബിസി ആ വാർത്ത കൊടുത്തത്,  'uncorroborated' എന്ന വാക്കാണ് അതിനുപയോഗിച്ചത്. അടുത്തതായി ഈ കഥ പരാമര്ശിക്കപ്പെടുന്നത് മാർച്ച് 20ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഹർഷ മന്ദാറിന്റെ ലേഖനത്തിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ ബിബിസി കൊടുത്ത  ആ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരിക്കുന്നു അത്. പിന്നീട് ഇന്ത്യൻ 'സെക്കുലർ മാധ്യമങ്ങൾ' ഒന്ന് മറ്റൊന്നിനെ ഉദ്ധരിച്ച് എന്ന രീതിയിൽ അതിനെ കാട്ട് തീ പോലെ പടർത്തി.

പിന്നീട് ഏപ്രിൽ 19ന് തെഹൽക വെബ്‌സൈറ്റിൽ വരുന്ന വർത്തയിലാണ് വ്യക്തികളുടെ പേരുകൾ വരുന്നത്. ഒരു സൈറ ഭാനു എന്ന സ്ത്രീ ആണ് സാക്ഷി എന്നും അവരുടെ ഭർതൃ സഹോദരി കൗസർ ബാനു ആണ് ഇതിലെ ഇര എന്നും  തെഹൽക എഴുതി. അരുന്ധതി റോയിയെ പോലുള്ള കപട സെക്കുലറിസ്റ്റുകൾ ലേഖനങ്ങൾ എഴുതി അതിന് ആധികാരികതയുടെയും വാസ്തവത്തിന്റെയും ലാഞ്ചന നൽകി. ഇതിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടി തെളിവ് നൽകാനായി പോലീസ് അരുന്ധതിയോട് ആവശ്യപ്പെട്ടു. പക്ഷെ തന്റെ അഭിഭാഷകൻ മുഖേന അവർ മറുപടി കൊടുത്തത് തന്നെ വിളിച്ച് വരുത്തി തെളിവ് ചോദിക്കാൻ പോലീസിനാധികാരമില്ല എന്നായിരുന്നു. തെളിവുണ്ടായാലല്ലേ അത് നൽകാൻ പറ്റൂ. 

  • നരോദ പാട്ടിയ എന്ന സ്ഥലപ്പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച, പിന്നീട് കള്ളം വെളിച്ചത്തായപ്പോൾ പരിഹാസ്യമായിപ്പോയ ഗർഭിണി-ശൂലം കഥയുടെ കഥയിതാണ്.

ഇതായിരുന്നു മോദിക്കെതിരെ നടന്ന മാധ്യമ-സെകുലർ-എൻജിഒ വേട്ടയുടെ രീതി, തെളിവ് നൽകി കുറ്റവാളികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല പലരുടെയും ഉദ്ദേശം. തെളിവില്ലെങ്കിലും ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുക അതിലൂടെ മോദിയെ തകർക്കാൻ നോക്കുക. ഇതായിരുന്നു രീതി.

സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) 2009ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കഥ കള്ളമാണെന്ന് തെളിയിച്ചു. പിന്നീട് ഒരു വർഷം കഴിഞ്ഞ് കൗസർ ഭാനുവിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോ.ജെ എസ് കനോരിയ എന്ന സർക്കാർ ഡോക്ടറും കോടതിയിൽ കൊടുത്ത മൊഴിയിൽ അത് ശരിവച്ചു. തീപൊള്ളലേറ്റ് മരിച്ച കൗസർ ബാനുവിന്റെ വയറ്റിൽ ഗർഭസ്ഥ ശിശു അതെ പോലെ തന്നെയുണ്ടായിരുന്നു എന്ന്. 



ഈ കഥയുടെ മറ്റൊരു പ്രയോക്താവായിരുന്നു മോദിക്കെതിരായ പോരാട്ടത്തിന് മുന്നിൽ നിർത്തപ്പെട്ടിരുന്ന ടീസ്റ്റ സെറ്റൽവാദ് എന്ന ‘ആക്ടിവിസ്റ്റ്’.

ഗർഭിണി-ശൂലം അടക്കമുള്ള കള്ളക്കഥകൾ ഉണ്ടാക്കിയതിനും കൃത്രിമമായി സാക്ഷികളെ ഉണ്ടാക്കാൻ ശ്രമിച്ചതിനും SIT അവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്.

  • അരുന്ധതി റോയ് പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മുൻ എംപിയായിരുന്ന ഇഷാൻ ജാഫ്രിയുടെ കൂടെ അവരുടെ മകളെയും അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നത്. അവർ ഔട്ട്ലുക്ക് മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ ആയിരുന്നു ഇത് പറഞ്ഞത്. പക്ഷെ അമേരിക്കയിൽ താമസിക്കുകയായിരുന്ന ജാഫ്രിയുടെ മകൻ തന്നെയാണ് ആ കള്ളം പൊളിച്ചത്. ജാഫ്രിക്ക് ഒരു മകളേയുള്ളൂവെന്നും തന്റെ ആ പെങ്ങൾ സംഭവം നടക്കുമ്പോൾ തന്റെ കൂടെ അമേരിക്കയിൽ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.



  • പ്രചുര പ്രചാരം ലഭിച്ച മറ്റൊരു കള്ളമാണ് ഹിന്ദുക്കളെ അവരുടെ പ്രതികാരം അല്ലെങ്കിൽ കോപം പുറത്ത് വിടാൻ അനുവദിക്കണമെന്ന് മോദി പോലീസ് മേധാവികളോട് പറഞ്ഞെന്നും, അതിനായി പൊലീസ് നടപടി പതുക്കെയാക്കാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി എന്നുമുള്ള ആരോപണം. പക്ഷെ അതുന്നയിക്കുന്നവർ സൗകര്യ പൂർവം ഒളിച്ച് വക്കുന്ന കാര്യമാണ് കലാപം നിയന്ത്രിക്കാനായി പോലീസും മറ്റ് സൈന്യങ്ങളും നടത്തിയ വെടിവെപ്പിൽ മരിച്ചവരിൽ നൂറിനടുത്ത് പേർ ഹിന്ദുക്കൾ ആയിരുന്നു എന്നത്. സർക്കാരിന്റെ നിലപടെന്തായിരുന്നു എന്നതിന് തെളിവായിരുന്നു അത്. 

കോൺഗ്രസ്കാരനായ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ 2005 മെയ് 11ന് പാർലമെന്റിൽ വച്ച റിപ്പോർട്ട് പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട കലാപത്തിൽ കലാപകാരികൾക്കെതിരെയുള്ള പോലീസ് വെടിവെപ്പിൽ മാത്രം കൊല്ലപ്പെട്ടത് 104 മുസ്ലിങ്ങളും 80 ഹിന്ദുക്കളും ആണ്. സർക്കാർ ഒത്താശയോടെ, മുസ്ലിങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് കൊന്ന് നടത്തിയ വംശഹത്യ എന്ന് പ്രചരിപ്പിച്ച കലാപത്തിലെ ഔദ്യോഗിക സംഖ്യകളാണ് ഇതെന്ന് ഓർക്കണം.

  • കലാപം പൊട്ടിപ്പുറപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസിനെയും സൈന്യത്തെയും സർക്കാർ വിന്യസിച്ചതെന്ന ആരോപണം കൗശലപൂർവ്വമുള്ള മറ്റൊരു കള്ളമായിരുന്നു. ആരോപണപ്രകാരം 27 ആം തിയതി ഗോദ്ര തീവെപ്പ് നടക്കുന്നു, 28ന് കലാപം പൊട്ടിപ്പുറപ്പെടുന്നു, പക്ഷെ കലാപം നിയന്ത്രിക്കാനുള്ള സേനകളെ വിന്യസിക്കുന്നത് 1 ആം തിയതി മാത്രം. ഇതിലെ തിയതികളെല്ലാം വാസ്തവം തന്നെയാണ്. സർക്കാർ മനപ്പൂർവം മൂന്ന് ദിവസം വൈകിപ്പിച്ചു എന്ന് തന്നെയാണ് ഇത് കേൾക്കുന്ന ആർക്കും പെട്ടെന്ന് തോന്നുക. പക്ഷെ കലാപം തുടങ്ങിയത് ഫെബ്രുവരി മാസം 28ന് ആയിരുന്നുവെന്നും, ഫെബ്രുവരിയിൽ 28 ദിവസമേയുള്ളൂവെന്നും പിറ്റേ ദിവസം തന്നെയാണ് ഒന്നാം തിയതി എന്നും എത്ര പേർ ഓർക്കും! 

28ന് തന്നെ മോദി സൈന്യത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ പാർലമെന്റ് ആക്രമണത്തിന് ശേഷമുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ സൈന്യം പാകിസ്ഥാൻ ബോർഡറിലാണെന്നും അത്യാവശ്യമാണെങ്കിൽ ‘എയർ-ലിഫ്റ്റ്’ ചെയേണ്ടി വരുമെന്നും ഉപപ്രധാനമന്ത്രി അഡ്വാനി മോദിയെ അറിയിച്ചു. അന്ന് രാത്രി തന്നെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് ഗുജറാത്തിലെത്തി 10:30ന് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് രാത്രി തന്നെ ആദ്യത്തെ സൈനികൻ അഹമ്മദാബാദ് എയർപോർട്ടിൽ കാലുകുത്തി. 13 കമ്പനി പട്ടാളം പിറ്റേന്ന്, 1 ആം തിയതി നഗരത്തിൽ വിന്യസിക്കപെട്ടു.

ഈ പറഞ്ഞതിൽ നിന്നും സേനകളെ വിന്യസിക്കാൻ സർക്കാർ വൈകിച്ചു എന്നത് കള്ളപ്രചാരണമായിരുന്നു എന്ന് തെളിയുമ്പോൾ മറ്റൊരു കാര്യം കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം;

ഈ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തത് കോൺഗ്രസ് ആണെന്നിരിക്കെ ഗുജറാത്തിന്റെ മൂന്ന് അയൽ സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ അതാതിടത്തെ റിസർവ് പോലീസിനെ അയച്ച് തരണമെന്ന മോദിയുടെ സഹായാഭ്യർത്ഥന കണ്ട ഭാവം പോലും നടിച്ചില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയായിരുന്നു അവ. പിന്നീട് മഹാരാഷ്ട്രയിൽ നിന്ന് മാത്രം ചെറിയ സംഖ്യ പോലീസിനെ അയച്ചു. മോദിക്കെതിരെ ഏറ്റവും കൂടുതൽ പടനയിച്ച ദിഗ്‌വിജയ് സിങ് ആയിരുന്നു അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി. 

  • മോദി വിരോധികൾ വലിയ രീതിയിൽ പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗോദ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഹിന്ദുക്കളുടെ വികാരം ആളിക്കത്തിക്കാനായി പട്ടാപ്പകൽ വിലാപയാത്രയായി അഹമ്മദാബാദിലേക്ക് കൊണ്ട് പോയി എന്നത്. സത്യത്തിൽ സർക്കാർ, ജില്ലാ മജിസ്‌ട്രേറ്റ് ജയന്തി രവിയുമായി ചർച്ച നടത്തി എടുത്ത തീരുമാനപ്രകാരം 27ന് അർദ്ധരാത്രിയിൽ തന്നെയാണ് മൃതദേഹങ്ങൾ അഹമ്മദാബാദിൽ എത്തിച്ചത്. അവിടുത്തെ സിവിൽ സർജൻ സാക്ഷ്യപ്പെടുത്തിയത് പ്രകാരം വെളുപ്പിന് 3:30ന് മൃതദേഹങ്ങൾ അവിടെയെത്തി, അപ്പോൾ തന്നെ ഭൂരിഭാഗവും ബന്ധുക്കൾ ഏറ്റുവാങ്ങി. ഏറ്റുവാങ്ങാൻ ആളില്ലാതിരുന്ന 19 മൃതദേഹങ്ങൾ പിറ്റേന്ന് വിഎച്പിക്കാർ ഏറ്റുവാങ്ങി ആശുപത്രിയോട് ചേർന്ന് തന്നെ കൂട്ടസംസ്കാരം നടത്തി. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലെ ജസ്റ്റിസ് ബി.ജെ ഗണത്ര പുറപ്പെടുവിച്ച 2013 ഡിസംബർ 26ലെ ഉത്തരവിൽ ഈ വസ്തുതകൾ എല്ലാം രേഖപ്പെടുത്തിയിരുന്നു. 

ഇത്തരം കള്ളങ്ങൾക്കൊപ്പം ബോധപൂർവ്വം ചർച്ച ചെയ്യപ്പെടാതെ വിട്ട ചില വസ്തുതകളും ഉണ്ട്; 


എൻജിഒകളുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും പ്രചാരണത്തിൽ ഗുജറാത്ത് മുഴുവൻ കത്തുകയാണ് എന്ന പ്രതീതി ഉണ്ടാക്കിയപ്പോൾ വാസ്തവത്തിൽ ഏതാനും പോക്കറ്റുകൾ ഒഴിച്ച് സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ശാന്തമായിരുന്നു. വിവിധ അന്വേഷണ കമ്മീഷൻ റിപോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ ആകെയുള്ള 248 നഗരപ്രദേശങ്ങളും 18000 ഗ്രാമങ്ങളും എടുക്കുകയാണെങ്കിൽ വെറും 40ഓളം പ്രദേശങ്ങൾ മാത്രമാണ് കലാപബാധിതമായിരുന്നത്.

ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു വസ്തുതയാണ് ഗോദ്രക്ക് ശേഷം നടന്ന, ഹിന്ദുക്കൾ ആക്രമണം അഴിച്ച് വിട്ട ആദ്യ ഘട്ടം കലാപം ശാന്തമായതിന് ശേഷം വീണ്ടും രണ്ടാം ഘട്ടം തുടങ്ങുന്നത് മുസ്ലിം വിഭാഗം സംഘടിച്ച് തിരിച്ചടിച്ചപ്പോഴാണ് എന്നത്. മാർച്ച് മാസം മദ്ധ്യത്തോടെ ബാപ്പുനഗർ, ബറൂച്ച്, മൊഡാസ എന്നിങ്ങനെയുള്ള മുസ്ലിം ശക്തികേന്ദ്രങ്ങളായ  സ്ഥലങ്ങളിൽ വലിയതോതിലുള്ള ആക്രമണമാണ് ഹിന്ദുക്കൾക്കെതിരെ നടന്നത്. മുസ്ലിങ്ങൾ മാത്രം ആക്രമിക്കപ്പെട്ട എന്ന സിദ്ധാന്തവുമായി ഒത്തുപോവില്ല എന്നതുകൊണ്ടാണ് കലാപത്തിന്റെ ഇത്തരം വശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയത്. 

കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി കലാപം അടങ്ങിയതിന് തൊട്ട് പുറകെ തന്നെ രാജി വച്ചിരുന്നു എന്നതും അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വസ്തുതയാണ്. കലാപത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി രാജി വക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ ചോരക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്നവർ വലിയ രീതിയിൽ ഉയർത്തി. സ്വന്തം പാർട്ടിയിൽ നിന്ന് പോലും എതിർ ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം രാജിവച്ച് മന്ത്രി സഭ പിരിച്ച് വിട്ട് തന്നെ ജനങ്ങൾ വിധിക്കട്ടെ എന്ന് തീരുമാനമെടുത്തു. അത് വരെ അദ്ദേഹത്തിന്റെ രാജിക്ക് മുറവിളി കൂടിയവർ പെട്ടെന്ന് നിരായുധരായി എന്ന് മാത്രമല്ല പിന്നെയവർ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുറവിളികൂട്ടാൻ തുടങ്ങി. 

സർക്കാരിന്റെ പുനരധിവാസപ്രക്രിയക്ക് ലോകാരോഗ്യ സംഘടനയുടെയും (WHO) ഹൈക്കോടതിയുടെയും പ്രശംസ ലഭിച്ചിരുന്നു എന്നും കൂട്ടി വായിക്കണം. പരീക്ഷാ കാലമായത് കൊണ്ട് ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പ്രത്യേക ടൈം ടേബിൾ പ്രകാരം എസ്.എസ്.എൽ.സി പരീക്ഷക്കുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു സർക്കാർ. ജിഹാദി ഗ്രൂപ്പുകളുടെ പരീക്ഷ ബഹിഷ്കരിക്കണമെന്ന ആഹ്വനം തള്ളിക്കളഞ്ഞാണ് മുസ്ലിം വിദ്യാർത്ഥികൾ സർക്കാരിനൊപ്പം നിന്നത്.   

ഇതുപോലെ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് സ്ഥിരമായി ആവർത്തിക്കുന്ന പല സംഭവങ്ങളെയും, ചർച്ച ചെയ്യപ്പെടാതെ ബോധപൂർവം ഒഴിവാക്കിയ പല  വസ്തുതകളെയും അന്വേഷണ ബുദ്ധിയോടെ സമീപിച്ചാൽ മനസിലാക്കാൻ പറ്റുന്നത് കള്ളങ്ങളുടെയും അർദ്ധസത്യങ്ങളുടെയും അടിത്തറയിൽ പണിതുയർത്തിയതായിരുന്നു ഒന്നര പതിറ്റാണ്ടോളം നീണ്ട്നിന്ന മോദി വേട്ട എന്നാണ്. 

അത് മറ്റാരേക്കാളും നന്നായി അറിയാവുന്നത് ഗുജറാത്തിലെ ജനങ്ങൾക്ക് തന്നെയാണെന്നതിന്റെ തെളിവാണ് പിന്നീട് തുടർച്ചയായി മൂന്ന് വട്ടം അവർ മോദിയെ ഭരണം ഏൽപ്പിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാത്ത ഗുജറാത്ത് കലാപം മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിരുദ്ധർ പ്രചാരണായുധമാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല- ഗുജറാത്തികളുടെ അടുത്ത് ചിലവാകാത്ത ഈ കള്ളങ്ങളും അർദ്ധസത്യങ്ങളും ഗുജറാത്തൊഴിച്ചുള്ള മറ്റിടങ്ങളിൽ ചിലവാകും എന്നവർക്കറിയാം.

കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്ത് കലാപം ഇന്നും ബിജെപിക്കെതിരെ ഒരു വിഷയമായി പ്രയോഗിക്കപ്പെടുമ്പോഴും ഗുജറാത്തിൽ മാത്രം ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ അത് പ്രതിപാദിക്കുക കൂടി ചെയ്യാത്തതിനും കാരണം മറ്റൊന്നല്ല.

അടുത്ത ഭാഗത്തിൽ: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.

Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.


Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.


References:

  • “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India. 
  • "Narendra Modi; A Political Biography" by Andy Marino, a British biographer. 
  • https://en.wikipedia.org/wiki/2002_Gujarat_riots 
  • https://en.wikipedia.org/wiki/Nanavati-Mehta_Commission 
  • Various online portals. 

Sunday, February 10, 2019

മോദി വിരോധവും ഗുജറാത്ത് കലാപവും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ - Part #2

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവും എന്ന് തോന്നുന്നില്ല.

ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.

വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.

Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.


2002ലെ ഗുജറാത്ത് കലാപവും അതിന് വഴിമരുന്നിട്ടു ഗോദ്ര ട്രെയിൻ കത്തിക്കലും മോദി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതാണ് ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ഉയർന്ന് കേൾക്കുന്ന ഏറ്റവും വലിയ ആരോപണം . പക്ഷെ ആ കലാപത്തോടനുബന്ധിച്ചുള്ള 'ടൈം ലൈൻ' (അനുബന്ധ തീയതികൾ) ഒന്ന് പരിശോദിച്ചാൽ മാത്രം മതി ഈ ആരോപണം എത്ര മാത്രം ബാലിശവും യുക്തിരഹിതവുമായിരുന്നെന്ന് കാണാൻ. 

                                Pic. courtesy: OneIndia YouTube channel

ഗുജറാത്ത് കലാപം മോഡി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പറയുന്നവരോട് അതുകൊണ്ട് മോദിക്കും ബിജെപിക്കും എന്ത് നേട്ടമായിരുന്നു അന്നുണ്ടായത് എന്ന് ചോദിച്ചാൽ പറയുന്നത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കി ഹിന്ദുക്കളെ തന്റെ വോട്ട് ബാങ്കാക്കി മാറ്റാൻ സാധിച്ചു എന്നതാണ്. ബിജെപി വിരുദ്ധർക്കിടയിലെ ഒരു ക്‌ളീഷേ പ്രയോഗമാണ് ഗുജറാത്ത് ബിജെപിയുടെ വർഗീയ പരീക്ഷണ ശാലയാണ് എന്നുള്ളത്.അവരുടെ അഭിപ്രായപ്രകാരം ആ പരീക്ഷണ ശാലയിൽ ബിജെപി പരീക്ഷിച്ച് വിജയം കണ്ട ഏറ്റവും ശക്തമായ ഫോർമുലയാണ് ഹിന്ദുവിനെ തങ്ങളുടെ വോട്ട് ബാങ്കായി നിലനിർത്താനായി ഹിന്ദു-മുസ്ലിം കലാപങ്ങൾ ഉണ്ടാക്കുക എന്നത്. 2002 ലെ കലാപമായിരുന്നുവത്രെ ആ പരീക്ഷണത്തിന്റെ വിജയഘട്ടം. ആ തിയറി പ്രകാരമാണ് ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് എന്ന സമാജ്‌വാദി പാർട്ടിക്കാരൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടന്ന മുസാഫർനഗർ കലാപം പോലുള്ളവയുടെ ഉത്തരവാദിത്വവും ബിജെപിക്ക് മേൽ ആരോപിക്കപ്പെട്ടത്.

ഇവിടെയാണ് ഗുജറാത്ത് കപാലത്തിന്റെ ടൈം ലൈൻ പരിശോധിച്ചാൽ മാത്രം മതി ഈ ആരോപണം പൊളിഞ്ഞു പോകുന്നത് കാണാൻ എന്ന് പറയുന്നത്. ഒരു പ്രദേശം ഒരു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന അവസരത്തിലാണ് മത-സാമുദായിക ധ്രുവീകരണത്തിന് പ്രധാന കക്ഷികളിലാരെങ്കിലും ശ്രമിച്ചു എന്ന് പറയുന്നതെങ്കിൽ അതിൽ അല്പമെങ്കിലും വിശ്വാസ്യത ഉണ്ടാകും. പക്ഷെ അന്ന് ഗുജറാത്ത് കലാപം നടന്നത് മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് നാല് മാസത്തിന് ശേഷമാണ്.

1998 മാർച്ച് മാസത്തിൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ബിജെപി സർക്കാരിന്റെ കടിഞ്ഞാൺ ആണ് 2001 ഒക്ടോബറിൽ പാർട്ടി മോദിയെ ഏൽപ്പിക്കുന്നത്. അവിടെ നിന്ന് നാല് മാസം കഴിയുമ്പോഴാണ് 2002 ഫെബ്രുവരിയിൽ ഗോദ്ര തീവെപ്പും ഗുജറാത്ത് കലാപവും നടക്കുന്നത്.

രണ്ടര വർഷത്തോളം ഭരണം ബാക്കിയുള്ളപ്പോൾ, ഭരണമേറ്റെടുത്ത് വെറും നാല് മാസത്തിനുള്ളിൽ ഒരു കലാപം നടത്തി ബാക്കിയുള്ള ഭരണ കാലം ഒരു നരകമാക്കാൻ ആദ്യമായി മുഖ്യമന്ത്രിയായ ഒരാൾ തയ്യാറായി എന്നാണോ മോദി വിരുദ്ധർ പറയുന്നത്. അത് സാമാന്യ യുക്തിക്കും, അവരുടെ തന്നെ 'സാമുദായിക ധ്രുവീകരണത്തിന് വേണ്ടിയുള്ള കലാപങ്ങൾ' എന്ന സിദ്ധാന്തത്തിനും നിരക്കാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സത്യത്തിൽ മോദിയാണ് ഗോദ്രയും അനുബന്ധകലാപവും ആസൂത്രണം ചെയ്തതെന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ നേതൃത്വത്തിൽ നടന്ന 'ഹൈ ഡെസിബെൽ' പ്രചാരണത്തിലൂടെ സംഭവിച്ചത് ആ സംഭവത്തിന്റെ കൂടുതൽ യുക്തിസഹമായ മറ്റൊരു വശം ചർച്ച ചെയ്യപ്പെടാതെ പോയി എന്നതാണ്. 


രണ്ടര വർഷത്തോളം ഭരണം ബാക്കിയുള്ളപ്പോഴാണ്, അധികാരമേറ്റെടുത്ത് വെറും നാല് മാസത്തിനുള്ളിലാണ് ഈ സംഭവപരമ്പരകൾ നടക്കുന്നത് എന്ന വളരെ പ്രധാനപ്പെട്ട വസ്തുതയാണ് ആരോപണങ്ങളുടെ ബാഹുല്യത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയത്. സത്യത്തിൽ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിക്ക് ആരോ കൊടുത്ത 'ഒരു സമ്മാനമായിരുന്നില്ലേ' , ഒരു 'നടയടി'യായിരുന്നില്ലേ ആ കലാപം എന്ന് വേണമെങ്കിൽ സംശയിക്കാം. അതിന് ഉപോൽബലകമായ സാഹചര്യങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം.

ലോകത്താകെ ഇസ്ലാമിക ജിഹാദി തീവ്രവാദം അതിന്റെ എക്കാലത്തെയും ഏറ്റവും തീവ്ര മുഖം പുറത്തെടുത്ത വർഷങ്ങൾ ആയിരുന്നു 2001-02 കാലഘട്ടം:

ഒസാമബിൻ ലാദന്റെ അൽഖൈദയുടെ നേതൃത്വത്തിൽ നടന്ന അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്ത 9/11 ആക്രമണം നടന്നത് 2001 സെപ്റ്റംബറിൽ ആയിരുന്നു. ഇന്ത്യൻ പാർലമെന്റ് ആക്രമണം നടന്നതും 2001 ഡിസംബറിൽ ആയിരുന്നു. ലഷ്കർ ഇ തൊയ്ബ, ജെയ്ഷ് എ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളായിരുന്നു അതിന്റെ പുറകിൽ.  അമേരിക്ക താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാബൂൾ ആക്രമിക്കുന്നതും 2002ൽ.
അതോടുകൂടി പാകിസ്ഥാൻ പരിശീലനം നൽകുന്ന ജിഹാദികളുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള വാതിൽ അടഞ്ഞു. ഇന്ത്യയിലേക്ക് തിരിയാമെന്ന് വച്ചാൽ പാർലമെന്റ് ആക്രമണത്തിന് ശേഷം ബോർഡറിൽ ഇന്ത്യ-പാക് ആർമികൾ യുദ്ധസജ്ജരായി നിൽക്കുന്ന സമയമായിരുന്നു അത്.
ബോർഡറിലെ വർദ്ധിച്ച ഇന്ത്യൻ സൈനിക സാന്നിധ്യം കുറക്കാനും സൈന്യത്തെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റാൻ നിര്ബന്ധിതമാക്കാനായി ഇന്ത്യക്കകത്ത് തീവ്രവാദി ആക്രമണങ്ങളും കലാപങ്ങളും ഉണ്ടാക്കാൻ പാകിസ്ഥാൻ ചാരസംഘടന ഐ.എസ്‌.ഐ ശ്രമിച്ച് വരുന്ന സമയമായിരുന്നു അത്. പാകിസ്ഥാനുമായി അതിർത്തി പങ്ക് വക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിൽ വർഗീയ കലാപം സൃഷ്ടിക്കുക എന്നത് അതിന്റെ ഭാഗമായിരുന്നിരിക്കണം. 

ഗോദ്ര കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി ആസ്ഥാനമായുള്ള ‘കൗൺസിൽ ഫോർ ഇന്റർനാഷണൽ അഫയേഴ്‌സ് ആൻഡ് ഹ്യൂമൻ റൈറ്സ്’ നിയോഗിച്ച ജസ്റ്റിസ് ഡി.എസ്. തേവാഡിയ സമർപ്പിച്ച റിപ്പോർട്ടിൽ ഗോദ്ര തീവെപ്പിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഗോദ്രയിൽ സംഭവസ്ഥലം സന്ദർശിച്ചതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി മോദി പറഞ്ഞതും അതൊരു ഹീനമായ തീവ്രവാദി ആക്രമണമാണെന്നായിരുന്നു. ഗോദ്ര തീവെപ്പിനും കലാപത്തിനും ശേഷം ഗുജറാത്തിൽ തന്നെ അക്ഷർധാം ക്ഷേത്രത്തിലെ തീവ്രവാദി ആക്രമണവും നടന്നത് അതെ വർഷം തന്നെയായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കണം. 

ഗുജറാത്തിലേക്ക് നിയോഗിക്കപ്പെടുന്നതിന് തൊട്ട്മുൻപ് ഡൽഹിയിൽ പ്രവർത്തിക്കുമ്പോൾ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തീവ്രവാദ വിരുദ്ധ പ്രസ്താവനകളിൽ സിമി എന്ന തീവ്രവാദ സംഘടയെ നിരോധിക്കണം എന്ന് മോദി ആവശ്യപ്പെടുകയുണ്ടായിരുന്നു. അവർക്ക് അൽഖൈദയുമായുള്ള ബന്ധവും രാജ്യത്ത് നടന്ന വർഗീയ കലാപങ്ങളിൽ അവർക്കുള്ള പങ്കും ആയിരുന്നു അതിന് കാരണം.

ഗോദ്ര തീവെപ്പിന് ഏകദേശം രണ്ട് മാസം മുൻപ് മാത്രമാണ് ഗുജറാത്തിൽ 123 സിമി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവമുണ്ടായത്. അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ മോദി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെങ്കിലും അതിനും മുൻപത്തെ അദ്വാനിയുടെ രഥയാത്രയുടെ വിജയശില്പി മോദിയായിരുന്നു. 

ഈ ഒരു പശ്ചാത്തലത്തിൽ മോദി ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ അയോദ്ധ്യയിൽ നിന്ന് വരുന്ന ഒരു ട്രെയിൻ ശ്രീരാമ ഭക്തരെ മുഴുവൻ വധിച്ച് അദ്ദേഹത്തിന് ഒരു സമ്മാനം നൽകണമെന്ന് തീവ്രവാദശക്തികൾ തീരുമാനിച്ചിരുന്നതിന്റെ പരിണിത ഫലമാണ് ഗോദ്ര തീവെപ്പും അനുബന്ധ കലാപവുമെന്ന സാധ്യതക്ക് ബലമേറെയുണ്ട്.

സബർമതി എക്സ്പ്രസ്സ് ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തിയിരുന്നു എന്നിരിക്കെ 27 ഫെബ്രുവരി പുലർച്ചെയുള്ള ട്രെയിനിനെ തന്നെ ആക്രമണത്തിനായി തിരഞ്ഞെടുത്തത് ഒരു പക്ഷെ ആ തീയതി ആണ് മൊദി എം.എൽ.എ യായി സത്യപ്രതിജ്ഞ ചെയ്ത തിയതിയോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്നതിനാലുമാവാം - സമ്മാനം ഒട്ടും ചൂടാറാതെ കൊടുക്കണം എന്ന ആരുടെയോ നിശ്ചയമാവാം അതിന് പുറകിൽ. നാല് മാസം മുൻപ് 2001 ഒക്ടോബർ മാസത്തിൽ മുഖ്യമന്ത്രിയായ മോദി, തിരഞ്ഞെടുപ്പിനെ നേരിട്ട് ഒരു എം.എൽ.എ ആയി 2002 ഫെബ്രുവരി 25 വൈകിട്ടിന് സത്യപ്രതിജ്ഞ ചെയ്‌ത് വെറും 24 മണിക്കൂർ കഴിയുമ്പോഴേക്കുമാണ് ഗോദ്ര ട്രെയിൻ കത്തിക്കൽ നടക്കുന്നത്! 

ജസ്റ്റിസ് തേവാഡിയ, ജസ്റ്റിസ് നാനാവതി എന്നീ അന്വേഷണ കമ്മീഷനുകളുടെ കണ്ടത്തലുകൾ പ്രകാരം തീവ്രവാദികളാൽ പ്രചോദിതരായ മുസ്ലിം ജനക്കൂട്ടം സത്യത്തിൽ 27ന് വെളുപ്പിന് വരുന്ന ട്രെയിൻ പൂർണമായി കത്തിക്കാനുള്ള പദ്ധതിയിലായിരുന്നു. പക്ഷെ അർദ്ധരാത്രിയിൽ എത്തേണ്ട ട്രെയിൻ അന്ന് യാദൃശ്ചികമായി അഞ്ച് മണിക്കൂർ വൈകി, നേരം പുലർന്നതിനു ശേഷമാണ് ഗോദ്രയിൽ എത്തുന്നത്. അക്രമികൾ പ്രതീക്ഷിച്ചിരുന്ന രാത്രിയുടെ മറ നഷ്ട്ടപ്പെട്ടതിനാലാണ്, ആക്രമണം പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നതിനാലാണ് അത് S6 എന്ന ഒരു കമ്പാർട്ട്മെന്റ് മാത്രമായി ചരുങ്ങിയത്.

തീ പടർന്നത് ട്രെയിനിന്റെ ഉള്ളിൽ നിന്ന് തന്നെയാണെന്ന വാദവും, പ്ലാറ്റഫോമിൽ ചായ വിൽപ്പനക്കാരനായ മുസ്ലിം കുട്ടിയുമായി തർക്കമുണ്ടായിരുന്നുവെന്ന ‘തിയറിയും’, മുസ്ലിം പെൺകുട്ടിയെ കർസേവകർ അപഹരിച്ചു എന്ന കഥയെയും തള്ളിക്കളഞ്ഞ് കൊണ്ട് ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് പ്രദേശത്തെ മുസ്ലിങ്ങളുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനപ്രകാരം തലേ ദിവസം തന്നെ 140 ലിറ്റർ പെട്രോൾ സമീപത്തെ പമ്പുകളിൽ നിന്ന് സംഭരിച്ച് വച്ചിരുന്നു എന്നാണ്. അതാണ് ട്രെയിൻ കത്തിക്കാൻ ഉപയോഗിച്ചത്. പ്രദേശത്തെ ഫയർ ഫോഴ്‌സിന്റെ ഉപകരണങ്ങൾ തലേ രാത്രി കേട് വരുത്തിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

മോദി ആസൂത്രണം ചെയ്ത് നടത്തിയതാണ് ഗുജറാത്ത് കലാപമെന്ന് പറയുന്നവർ സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുത സുപ്രീം കോടതി അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഗോദ്ര കലാപമാണ് യഥാർത്ഥത്തിൽ തീവ്രവാദ ശക്തികളുടെ കാർമികത്വത്തിൽ കൃത്യമായ ഗൂഢാലോചന നടത്തി നടപ്പാക്കിയതെന്നും പിന്നീട് നടന്ന കലാപം അതിന്റെ അനുരണമായിരുന്നുവെന്നതുമാണ്.

അടുത്ത ഭാഗത്തിൽ: ഗർഭിണി-ശൂലം ആരുടെ സൃഷ്ടിയായിരിക്കുന്നു. ഗോദ്രയിൽ നടന്നതിന്റെ റിയാക്ഷൻ ആണ് കലാപം എന്ന് പറഞ്ഞ്കൊണ്ട് മോദി കലാപത്തെ ന്യായീകരിച്ചു എന്ന കള്ള പ്രചാരണത്തിന്റെ ഉറവിടം എന്തായിരുന്നു. ഇങ്ങനെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വളരെ പ്രചാരം ലഭിച്ച കല്ല് വച്ച നുണകൾ എങ്ങിനെയാണ് കോടതികൾ പൊളിച്ചത്.

Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത്  ഗോദ്രയിൽ കൊളുത്തിയ തീ.   




References:
  • “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India. 
  • "Narendra Modi; A Political Biography" by Andy Marino, a British biographer. 
  • https://en.wikipedia.org/wiki/2002_Gujarat_riots 
  • https://en.wikipedia.org/wiki/Nanavati-Mehta_Commission 
  • Various online portals. 



Thursday, February 7, 2019

മോദി വിരോധവും ഗുജറാത്ത് കലാപവും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ - Part #1

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവും എന്ന് തോന്നുന്നില്ല.


ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.

വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ  ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.

Part #1: ഗുജറാത്തിൽ കത്തിപ്പടർന്നത്  ഗോദ്രയിൽ കൊളുത്തിയ തീ.   



അതുവരെ ആർ.എസ്.എസ്സിൽ വിവിധ ചുമതലകൾ വഹിച്ചു വന്നിരുന്ന മോദി ബിജെപിയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുന്നത് 1987ൽ ആണ്. ഗുജറാത്തിൽ അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയങ്ങൾക്ക് അണിയറയിൽ പ്രവർത്തിച്ച മോദിയെ, പക്ഷെ ശങ്കർ സിംഗ് വഗേല-കേശുഭായ് പട്ടേൽ പോരിലെ അനുരഞ്ജനത്തിന്റെ ഭാഗമായി പാർട്ടിയുടെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് കൊണ്ട് വന്നു. 

1995ൽ ഗുജറാത്ത് രാഷ്ട്രീയത്തിൽ നിന്ന് ദേശീയരാഷ്ട്രീയവേദിയായ ഡൽഹിയിലേക്ക് പറിച്ച് നടപ്പെട്ട മോദിയെ പാർട്ടി വീണ്ടും ഗുജറാത്തിലേക്ക് കൊണ്ടുവരുന്നത് 2001 ൽ ആണ്. കേശുഭായ് പട്ടേൽ - ശങ്കർ സിങ് വഗേല തമ്മിലടിയിൽ ക്ഷയിച്ച് തുടങ്ങിയ പാർട്ടിയെ രക്ഷപ്പെടുത്തിയെടുക്കുക എന്നതായിരുന്നു ദൗത്യം. അങ്ങനെ അഞ്ചോ-ആറോ കൊല്ലത്തോളം ഗുജറാത്ത് രാഷ്ട്രീയത്തിന്റെ ഏഴയലത്തില്ലാതിരുന്ന മോദിയെ 2001 ഒക്ടോബർ ഏഴാം തിയതി പാർട്ടി കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. അവിടെ നിന്ന് വെറും നാലു മാസം കഴിയുമ്പോഴാണ് അതായത് 2002 ഫെബ്രുവരി അവസാനം ആണ് ഗുജറാത്ത് കലാപത്തിന്റെ തുടക്കം കുറിച്ച ഗോദ്ര ട്രെയിൻ കത്തിക്കലും, തുടർന്നുള്ള കലാപവും നടക്കുന്നത്. 

2002 ഫെബ്രുവരി 27 ന് പുലർച്ചെയാണ് ഗോദ്ര സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 59 മനുഷ്യരെ ട്രെയിനിനകത്തിട്ട് ചുട്ടുകൊന്ന ആ ദാരുണ സംഭവം നടക്കുന്നത്. അതിന് വെറും 24 മണിക്കൂർ മുൻപ് മാത്രമാണ്, അതായത് 2002 ഫെബ്രുവരി 25ന് വൈകിട്ട് ആണ് മോദി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തത്! പുതിയ മുഖ്യമന്ത്രിക്ക് ആരോ കൊടുത്ത സമ്മാനമായിരുന്നു അതെന്ന് ആരെങ്കിലും കരുതിയാൽ അതിൽ അതിശയോക്തി ആരോപിക്കാൻ പറ്റില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് പിന്നീട് വരാം.

ഈ ഒരു രാഷ്ട്രീയ സാഹചര്യവും, വസ്തുതകളും, ‘ടൈം-ലൈനും’ മനസ്സിൽ വച്ച് വേണം മോദിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ടതെന്ന വാദത്തെകുറിച്ച് പഠിക്കേണ്ടത്. കലാപം കൊണ്ട് ഉണ്ടാകും എന്ന്‌ പറയപ്പെടുന്ന രാഷ്ട്രീയ നേട്ടം ലഭിക്കുന്നതിന് വേണ്ടി അത് നടന്നത്, എതിർക്കുന്നവരുടെ ഭാഷയിൽ 'നടത്തിയത്', ഒരു തിരഞ്ഞെടുപ്പിന് തൊട്ട് മുൻപോ മറ്റോ ആയിരുന്നെങ്കിൽ അല്പമെങ്കിലും വിശ്വാസ്യതയുണ്ടാവുമായിരുന്ന ഒരു വാദം ആണത്. പക്ഷെ അധികാരമേറ്റെടുത്തതിന് ദിവസങ്ങൾക്കുള്ളിൽ ഇത്തരം ഒരു കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്ന ആത്മഹത്യാപരമായ നടപടി ഒരു മുഖ്യമന്ത്രി കൈകൊള്ളും എന്ന് സാമാന്യയുക്തിയുള്ള ആരെങ്കിലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. 

പ്രധാനമന്ത്രിയായി ഒരു ‘ടെം’ പൂർത്തിയാക്കാൻ പോകുമ്പോഴും അദ്ദേഹത്തിനെ വെറുക്കുന്നവർക്ക് അതിന് കാരണമായി പറയാനുള്ളത് 17 വർഷം മുൻപത്തെ ഗുജറാത്ത് കലാപം മാത്രമാണെന്ന് കാണാം. അതല്ലാതെ അതിന് മുൻപോ അതിന് ശേഷമോ ഉള്ള മറ്റൊരു കാരണമുവില്ല എന്നും കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ആ കാരണങ്ങളിൽ എത്രമാത്രം വസ്തുതകളുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. മുഖ്യധാരാമാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ഒരുപതിറ്റാണ്ടിലധികം, കരുതിക്കൂട്ടി തുടർച്ചയായി നടത്തിയ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടവന്ന് സൃഷ്ടിക്കപ്പെട്ടതാണോ ഈ വെറുപ്പ് എന്ന് അന്വേഷിക്കേണ്ടതുണ്ട്. 

                               Pic courtesy: hindustantimes.com

അത്കൊണ്ട് തന്നെ ഏറ്റവും ആദ്യം വേണ്ടത് അദ്ദേഹത്തെ വെറുക്കുന്നവർ എന്തൊക്കെയാണ് അതിന് കാരണങ്ങളായി പറയുന്നതെന്ന് നോക്കുക എന്നതാണ്. മോദി മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തി അല്ലെങ്കിൽ അതിന് ഒത്താശ ചെയ്തു എന്നാണ് ആരോപണങ്ങളുടെ ആകെത്തുക. അതിനുവേണ്ടി കലാപം നിയന്ത്രിക്കുന്നതിൽ മനപ്പൂർവം കാലതാമസം വരുത്തി. അതിനുവേണ്ടി ഹിന്ദുക്കൾക്ക് പ്രതികാരം ചെയ്യാൻ അവസരം കൊടുക്കണമെന്ന് പൊലീസിന് നിർദ്ദേശം കൊടുത്തു. ഗോദ്ര ട്രെയിൻ കത്തിക്കൽ പോലും ഇങ്ങനെയൊരു വംശഹത്യനടത്താനായി മോദിതന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഇങ്ങനെ പോകുന്നു മോദിയെ വെറുക്കാനുള്ള ആ കാരണങ്ങൾ. വെറുക്കുന്നവർ ഒന്ന് സ്വയം ചോദിച്ചുനോക്കണം ഇതൊക്കെത്തന്നെയല്ലേ കാരണങ്ങൾ എന്ന്.

ഇനി ഇതിലെ വസ്തുതകളിലേക്ക് പോകാം. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചർച്ചകളിൽനിന്ന് വളരെ സമർത്ഥമായി ഒഴിവാക്കപ്പെടുന്ന, അല്ലെങ്കിൽ വളരെ ബോധപൂർവ്വം പ്രാധാന്യം കുറച്ച് ചിത്രീകരിക്കപ്പെടുന്ന ഒരു ഭാഗമാണ് കലാപത്തിലേക്ക് നയിക്കാനുള്ള കാരണമായ ഗോദ്ര ട്രെയിൻ കത്തിക്കൽ.

യഥാർത്ഥത്തിൽ 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വസ്തുതാപരമായ ഒരു പഠനം ഗോദ്ര സംഭവത്തിൽ നിന്ന് വേണം തുടങ്ങാൻ. സ്വയം പ്രഖ്യാപിത മതേതരരും, ലിബറലുകളും, മോദിയുടെ രാഷ്ട്രീയ എതിരാളികളും, അവരുടെ ജിഹ്വകളായ മുഖ്യധാരയിൽ പെട്ടതും അല്ലാത്തതുമായ പല മാധ്യമങ്ങളും നടിച്ചത്പോലെ, നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത് പോലെ നിസാരമായ സംഭവമായിരുന്നില്ല അത്. അതുകൊണ്ട് നമുക്ക് ഗോദ്ര സ്റ്റേഷനിൽ നിന്ന് തുടങ്ങാം.

അന്ന്, 2002 ഫെബ്രുവരി 27ന്, സാധാരണ സമയത്തിൽ നിന്ന് 5 മണിക്കൂർ വൈകി പുലർച്ചെ 7:42ന് ഗുജറാത്തിലെ ഗോദ്ര സ്റ്റേഷനിൽ എത്തിയ 9166 നമ്പർ സബർമതി എക്സ്പ്രസിന്റെ S6 എന്ന കമ്പാർട്ട്മെന്റിലുണ്ടായിരുന്ന 59 പേരെ തീവച്ച് കൊലപ്പെടുത്തിയ പൈശാചികമായ സംഭവമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതിൽ 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. അയോധ്യയിൽ നിന്ന് വരികയായിരുന്ന, പ്രധാനമായും അഹമ്മദാബാദിൽ നിന്നുമുള്ള ഗുജറാത്തികളായ കർസേവകർ സഞ്ചരിച്ചിരുന്ന ട്രെയിൻ ആയിരുന്നു അത്.

ജസ്റ്റിസ് ജി.ടി നാനാവതി എന്ന മുൻ സുപ്രീം കോടതി ജഡ്ജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'നാനാവതി കമ്മീഷൻ' ആറ് വർഷം എടുത്ത് നടത്തിയ സുദീർഘമായ അന്വേഷണത്തിൽ ആണ് ഗോദ്ര തീവെപ്പ് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടത്. 2008 സെപ്റ്റംബറിൽ സമർപ്പിച്ച നാനാവതി കമ്മീഷൻ റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചു. പിന്നീട് സുപ്രീം കോടതിയും അത് ശരിവച്ചു. 

ഗോദ്ര സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്നൽ ഫാലിയ എന്ന് അറിയപ്പെടുന്ന മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഒത്തുചേർന്ന, രണ്ടായിരത്തോളം വരുന്ന, പ്രാദേശിക കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ടിരുന്ന കലാപകാരികൾ മുൻകൂട്ടി ഗൂഢാലോചനനടത്തി യതിന്റെ ഭാഗമായി നടപ്പാക്കിയ കൂട്ടക്കൊലയായിരുന്നു അതെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടു. പിന്നീട് നടന്ന വിചാരണയിൽ പ്രതികളായ 31 പേരെ കോടതി ശിക്ഷിച്ചു.


രാജ്യത്തെ ഞെട്ടിച്ച വർഗീയ, തീവ്രവാദസ്വഭാവമുള്ള ഈ കൂട്ടക്കൊലയാണ് ഗുജറാത്ത് കലാപം എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച കലാപത്തിന് വഴിവച്ചത്. അതുവരെ രാജ്യത്തെ ഏറ്റവും കൂടുതൽ വർഗീയ ലഹളകൾ നടന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്തിൽ, ഗോദ്രയിൽ പടർന്ന തീ ആളിക്കത്താൻ ഒട്ടും സമയം വേണ്ടി വന്നില്ല.

ഔദ്യോഗിക കണക്ക് പ്രകാരം 1044 പേർ കൊല്ലപ്പെട്ട ഹിന്ദു-മുസ്ലിം ലഹളയാണ് പിന്നീടുള്ള ദിവസങ്ങളിൽ അരങ്ങേറിയത്. മുസ്ലിം വംശഹത്യ എന്ന രീതിയിൽ പോലും പ്രചരിപ്പിക്കപ്പെട്ട കലാപത്തിൽ സത്യത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം മുസ്ലിം വിഭാഗത്തിൽ പെട്ട 790 പേർ കൊല്ലപ്പെട്ടപ്പോൾ 254 പേർ ഹിന്ദു വിഭാഗത്തിലും കൊല്ലപ്പെട്ടിരുന്നു. അതിൽ തന്നെ നൂറിലധികം പേർ പോലീസ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട നൂറോളം പേരിൽ ഭൂരിഭാഗവും ഹിന്ദുവിഭാഗത്തിൽ പെട്ടവരും.


പക്ഷെ അതിലെ പല വസ്തുതകളും മറച്ച് വച്ച് ഇരുഭാഗത്തും കനത്ത നാശം വിതച്ച ഒരു വർഗീയ കലാപത്തെ മുസ്ലിമുകൾ മാത്രം ഇരയായ, ഒരു മുസ്ലിം വംശഹത്യയായി ചിത്രീകരിക്കാനുള്ള കുൽസിത ശ്രമങ്ങൾ ആണ് പിന്നീട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

രാജ്യത്ത് പലപ്പോഴായി നടന്ന എല്ലാ ഹിന്ദു-മുസ്ലിം കലാപങ്ങളെയും പോലെ, രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലുംപെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ നടന്ന ഒരു വർഗീയ ലഹളയെയാണ് ചില തൽപരകക്ഷികൾ മുസ്ലിങ്ങൾ മാത്രം ഇരകളും ബിജെപി മാത്രം വേട്ടക്കാരും ആയി നടന്ന ഒരു വംശീയ ഉന്മൂലനമായി ചിത്രീകരിക്കാൻ ശ്രമിച്ചത്.

ഗുജറാത്ത് കലാപത്തിന് ശേഷം വലിയ രീതിയിൽ മോദിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയ മുസ്ലിം നേതാവും ബിസിനസ്കാരനുമായിരുന്നു സഫർ സരേഷ് വാല. ഗുജറാത്തിലെ അഹമദാബാദുകാരമായ അദ്ദേഹം പിന്നീട് വാസ്തവം തിരിച്ചറിഞ്ഞ് കലാപത്തിന് ശേഷം മുസ്ലിം സമുദായത്തിന്റെ മുറിവുണക്കാനുള്ള മോദിയുടെ പരിശ്രമങ്ങളിൽ പങ്കാളിയായ വ്യക്തിയാണ്. അദ്ദേഹം ഈ കലാപത്തെ കുറിച്ച് പറയുന്നത് ഇതിനെ ബിജെപിയും മുസ്ലിങ്ങളും തമ്മിലോ അല്ലെങ്കിൽ വിശ്വ ഹിന്ദു പരിഷത്തും മുസ്ലിങ്ങളും തമ്മിലൊ നടന്ന കലാപമായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നത് തെറ്റാണ് എന്നാണ്. എല്ലാ വിഭാഗത്തിൽ പെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള കലാപമായിരുന്നു അത്. കലാപത്തിലെ പല സംഭവങ്ങളിലും രാഷ്ട്രീയ ഭേദമന്യേ, കോൺഗ്രെസ് സാമാചികർ അടക്കമുള്ളവർ വരെ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.

ഗോദ്രട്രെയിൻ കത്തിക്കൽ കേസിൽ ആരോപണവിധേയരായിരുന്ന കോൺഗ്രസ്കാരനായ ഗോദ്ര മുനിസിപ്പൽ പ്രസിഡന്റ് മൊഹമ്മദ് ഹുസൈൻ കലോട്ട, കോൺഗ്രസ് പഞ്ചമഹൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന ഫാറൂഖ് ബാന എന്നിവരും , അതിന് ശേഷം നടന്ന കലാപത്തിൽ പേര് പരാമർശിക്കുന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ മേയർ ആയിരുന്ന കോൺഗ്രസ്കാരൻ ഹിമ്മത് സിംഗ് പട്ടേൽ, ലാൽ അഖാഡ കേസിൽ ആരോപണവിധേയനായ കോൺഗ്രെസിന്റെ വഡോദര ഡെപ്യൂട്ടി മേയറും പിന്നീട് എൻസിപിക്കാരനുമായ നിസ്സാർ ബാപ്പു, അദ്ദേഹത്തിന്റെ മകൻ എന്നിവരെല്ലാം രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറമുള്ള ഒരു ഹിന്ദു-മുസ്ലിം വർഗീയ ലഹളയായിരുന്നു അതെന്നുള്ളതിന്റെ ചില ഉദാഹരണങ്ങൾ മാത്രം.
വസ്തുതകൾ അങ്ങനെയായിരിക്കെ കലാപത്തിന് വെറും നാല് മാസം മുൻപ് മാത്രം ആദ്യമായി മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്ത, കലാപത്തിന് വെറും 24 മണിക്കൂർ മുൻപ് മാത്രം ഒരു എം എൽ എ യായി സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിയുടെ മേൽ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലുള്ള ധാർമിക ഉത്തരവാദിത്വ ത്തിനപ്പുറം, ഈ കലാപം സൃഷ്ടിച്ചത് തന്നെ അയാൾ ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് വലിയതോതിൽ നടന്നത്.

ഒന്നരപതിറ്റാണ്ടോളം തുടർന്ന ആ രാഷ്ട്രീയ-മാധ്യമ വേട്ട സൃഷ്ടിച്ച പൊതുബോധമാണ് മോദി നേരിടുന്ന വെറുപ്പിന് ഒരേയൊരു കാരണം. അത് തികച്ചും വസ്തുതകൾക്ക് നിരക്കാത്തതും വെറും പൊതുബോധ നിർമിതവുമാണെന്ന് കാണാവുന്നതാണ്.

അടുത്ത ഭാഗത്തിൽ: അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഗോദ്ര കൂട്ടക്കൊലക്ക് പുറകിലെ വസ്തുതകളും സാധ്യതകളും. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും

Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.



Patrt#4: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.


References:
  • “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India. 
  • "Narendra Modi; A Political Biography" by Andy Marino, a British biographer. 
  • https://en.wikipedia.org/wiki/2002_Gujarat_riots 
  • https://en.wikipedia.org/wiki/Nanavati-Mehta_Commission 
  • Various online portals.