Wednesday, December 11, 2019

CAB സിറ്റിസൺഷിപ്പ് അമെൻറ്മെൻറ് ബില്ല് 2019 - അറിയേണ്ടതെല്ലാം.

ബിജെപിയുടെ - മോദി സർക്കാരിന്റെ - പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന ‘സിറ്റിസൺഷിപ്പ് അമെൻറ്മെൻറ് ബില്ല്‘ , 2019 ഡിസംബർ 11ന് രാജ്യസഭ കൂടി 125-105 ന്റെ ഭൂരിപക്ഷത്തിൽ പാസാക്കിയതോടെ നിയമമായി മാറി.

2019 ഡിസംബർ 9ന് , 311-80ന്റെ കൂറ്റൻ ഭൂരിപക്ഷത്തിനു ലോക്സഭയും CAB പാസാക്കിയിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് ആർട്ടിക്കിൾ 370 പിൻവലിക്കുക  എന്ന എക്കാലത്തേയും വലിയ വാഗ്ദാനം  നടപ്പാക്കിയ ബിജെപിക്ക്, സിറ്റിസൺഷിപ്പ് അമെൻറ്മെൻറ് ബില്ല് കൂടി പാസാക്കിയെടുക്കാൻ കഴിഞ്ഞതോടെ വൻ രാഷ്ട്രീയ നേട്ടം കൂടിയാണ് ഉണ്ടായിരിക്കുന്നത്.

ബില്ലിനെ പിന്തുണച്ച പ്രധാന പാർട്ടികൾ:
BJP, AIADMK, Akalidal, JD(U), BJD, TDP

ബില്ലിനെ എതിർത്ത പ്രധാന പാർട്ടികൾ:
കോൺഗ്രസ്, ഇടത് പാർട്ടികൾ, DMK, തൃണമൂൽ, TRS, BSP, SP

ശിവസേന - ലോക്സഭയിൽ അനുകൂലിച്ചു, രാജ്യസഭയിൽ എതിർത്തു.

Citizenship Amendment Bill (CAB) 2019:

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന്, 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈൻ, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതിൽ ഏതാനും ഇളവുകൾ നൽകുന്നതാണ് നിര്‍ദിഷ്ട നിയമം.

1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ CAB ബില്‍.

മുൻപ് കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങൾക്ക് ഇത് ആറു വര്‍ഷമായി ഇളവ് ചെയ്തു. 

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു . അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി.


ഒരു വിഭാഗം മീഡിയയും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ്, തൃണമൂൽ പോലുള്ള ഏതാനും രാഷ്ട്രീയ കക്ഷികളും, മറ്റ് ചില തൽപരകക്ഷികളും ഭീതിപരത്താൻ ശ്രമിക്കുന്ന പോലെ ഈ ബില്ല്, ഇന്ത്യയിലെ  ഇപ്പോഴുള്ള നിലവിലെ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച ഒരു നിയമമല്ല, നിലവിലെ ഇന്ത്യൻ പൗരന്മാർക്ക് ബാധകമായ ഒരു നിയമമല്ല. ഇത് മുസ്ലിങ്ങൾ അടക്കമുള്ള 'ഇന്ത്യയിലെ‘ മത ന്യൂനപക്ഷങ്ങളെകുറിച്ചുള്ളതല്ല എന്ന് എടുത്ത് പറയുന്നു. ഈ ബില്ല് പാസായാൽ ഇന്ത്യയിലെ മുസ്ലിങ്ങൾ പൗരത്വം തെളിയിക്കാൻ നിർബന്ധിതരാകും എന്നത് പച്ചകള്ളമാണ്, ശുദ്ധ അസംബന്ധമാണ്. 


അപ്പോൾ പിന്നെ ഈ നിയമം ആർക്കാണ് ബാധകം:


അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ 3 രാജ്യങ്ങളിലെ പൗരന്മാരെ സംബന്ധിച്ച നിയമമാണിത്. ഈ 3 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥികളായി വരുന്നവർക്ക് മാത്രം ബാധകമാണ് ഈ ബില്ല്. അത്തരം അഭയാർത്ഥികളിൽ ആ മൂന്ന് രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളിൽ പെടുന്നവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ഇളവുകൾ അനുവദിക്കുന്നു എന്നത് മാത്രമാണ് ഈ ബില്ല് ചെയ്യുന്നത്.



Background - ഈ നിയമം കൊണ്ട് വാരാനുള്ള സാഹചര്യം:
ബിൽ അവതരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞ അതേ വാക്കുകൾ തന്നെ ഉപയോഗിക്കുകയാണെങ്കിൽ, സ്വാതന്ത്ര്യാനന്തരം ഭാരതത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള മുസ്ലിം ലീഗിന്റെയും ജിന്നയുടേയും തീരുമാനത്തിനു കോൺഗ്രസ് അനുവാദം നൽകിയില്ലായിരുന്നുവെങ്കിൽ ഇന്ന് ഇങ്ങനെയൊരു ബില്ലിന്റെ ആവശ്യം തന്നെ ഉണ്ടാവുമായിരുന്നില്ല.

മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ട് പിന്നീട് ഉണ്ടായ കാര്യങ്ങളുമാണു ഈ ബില്ലിന്റെ ആവശ്യകതയിലേക്ക് ഇന്ന് രാജ്യത്തെ എത്തിച്ചത്.

സാതന്ത്ര്യാനന്തരം ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാർ തമ്മിൽ, നെഹ്രു-ലിയാഖത്ത് കരാർ പ്രകാരം രണ്ട് രാജ്യങ്ങളും അവരവരുടെ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്ന് തീരുമാനമായിരുന്നു. ആ വാക്ക് ഇന്ത്യ മാത്രം പാലിച്ചു - ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ശതമാനം വർദ്ധിച്ചപ്പോൾ, നേരെ മറിച്ച് പക്കിസ്താനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം ഏകദേശം ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടായത്. 

പാകിസ്ഥാൻ രൂപീകരണ സമയത്ത് അവിടുത്തെ മത ന്യൂനപക്ഷങ്ങളുടെ എണ്ണം ആകെ ജനസംഖ്യയുടെ 16% ആയിരുന്നു എങ്കിൽ ഇപ്പോൾ അത് 1.5% ആണ്. ബംഗ്ളദേശിൽ 23% ആയിരുന്നത് ഇപ്പോൾ 8% ആണ്.
ഇനി മത ന്യൂനപക്ഷങ്ങൾക്ക് 'ജീവിക്കാൻ പറ്റാത്ത' ഇന്ത്യയിലോ 1947 ൽ 9% ആയിരുന്ന മുസ്ലിം ജനസംഖ്യ ഇപ്പോൾ 16% ത്തിൽ എത്തി നിൽക്കുന്നു. 2021 ആകുമ്പോൾ അത് 20% ത്തിന് അടുത്ത് എത്തും.



കഴിഞ്ഞ എതാനും പതിറ്റാണ്ടുകളായി പലപ്പോഴായി ഇന്ത്യൻ പാർലമെന്റ് അങ്ങീകരിച്ചിട്ടുള്ളതാണ് ഈ മൂന്ന് അയൽ രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾ അടക്കമുള്ള മൈനോരിറ്റികൾക്ക് പ്രത്യെക പരിഗണന നൽകി ഇന്ത്യൻ പൗരത്വം നൽകണമെന്ന ആവശ്യം. നോർത്ത് ഈസ്റ്റിലെ കോൺഗ്രെസ് മുഖ്യമന്ത്രിമാരും, മന്മൊഹൻ സിങ് സർക്കാരും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രകാശ് കാരാട്ടടക്കമുള്ള ഇന്ന് ഇതിനെ എതിർക്കുന്ന പലരും ഇത് വേണമെന്ന് പറഞ്ഞ് ഇത് വരെ അധരവ്യായാമം മാത്രം നടത്തിയത് കൊണ്ടാണു ഇന്ന് മോദി സർക്കരിനു ഇത് ചെയ്യേണ്ടി വരുന്നത്. 



ബിജെപി അവരുടെ 2014ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തി ജനങ്ങളോട് വോട്ട് ചോദിച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു CAB.

ഇതൊക്കെയാണ് ഈ ബില്ല് വേണ്ടി വന്ന സാഹചര്യം.


ഈ ബില്ലുമായി ബന്ധപ്പെട്ട് പൊതുവെ ഉയർന്ന് വരുന്നാതി കണ്ട ഏതാനും ചോദ്യങ്ങൾക്ക്, അമിത് ഷാ പാർലമെന്റിൽ പറഞ്ഞതടക്കമുള്ള, ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കാം:

Q1: എന്ത് കൊണ്ട് ഈ മൂന്ന് രാജ്യങ്ങളിലെ എല്ലാ അഭയാർത്ഥികൾക്കും തുല്യ പരിഗണന കൊടുക്കുന്നില്ല. എന്ത്കൊണ്ട് പ്രത്യേക പരിഗണന പ്രഖ്യാപിച്ചതിൽ മുസ്ലിമുകൾ മാത്രം ഒഴിവായി?

Ans: ആ മൂന്ന് രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങൾക്ക് ആണ് ആനുകൂല്യം കൊടുക്കാൻ തീരുമാനിക്കുന്നത്. സ്വാഭാവികമായും ഇസ്ലാം മതം ദേശീയ മതമായ ആ മൂന്ന് ഇസ്ലാമിക രാജ്യങ്ങളിൽ ഭൂരിപക്ഷമാ മുസ്ലിമുകൾക്ക് ആനുകൂല്യം കിട്ടുന്നില്ല.

Q2: എന്തൊക്കെ പറഞ്ഞാലും ആത്യന്തികമായി മുസ്ലിമുകൾ മാത്രം ഒഴിവാക്കപ്പെടുമ്പോൾ അത് ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന തുല്യത അവകാശം ലംഘിക്കുകയല്ലേ?

Ans: ഇന്ത്യൻ ഭരണഘടന തുല്യത വാഗ്‌ദാനം ചെയ്യുന്നത് ഇന്ത്യൻ പൗരന്മാർക്കാണ്. ഇവിടെ നമ്മൾ പ്രതിപാദിക്കുന്നത് അഫ്ഗാനിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും പൗരന്മാരെ കുറിച്ചാണ്. അത്കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ തുല്യതയുമായി ബന്ധപ്പെട്ട ഒരു വകുപ്പും ഇവിടെ ലംഘിക്കപെടുന്നില്ല.

Q3: എന്ത് കൊണ്ട് ആ മൂന്ന് രാജ്യങ്ങളിലെ മാത്രം, എന്ത് കൊണ്ട് ശ്രീലങ്കയും, മ്യാന്മാറും ഒന്നുമില്ല? 

Ans: ഇതിന് അമിത് ഷാ ഇന്നലെ പാർലമെന്റിലെ ചർച്ചയിൽ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സർക്കാർ മറ്റ് രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കാലാകാലമായി കൈകൊണ്ടുവരുന്ന സമീപനം അതാത് സമയത്തെ 'ഇഷ്യൂ ബേസ്ഡ്' ആയിട്ടാണ്. ഉദാഹരണത്തിന് ഇന്ത്യ ഇതിന് മുൻപ് ഉഗാണ്ടയിലെ ഇന്ത്യൻ വംശജർക്ക് വംശീയ ഭീഷണി നേരിട്ടപ്പോൾ അവിടുന്ന് മാത്രമുള്ള റെഫ്യൂജീസിനെ സ്വീകരിക്കാൻ നിയമ നിർമ്മാണം നടത്തി - അപ്പോൾ ആരും ചോദിച്ചില്ല എന്ത് ഉഗാണ്ടയിലെ മാത്രമെന്ന്. അത് പോലെ അതാത് സമയത്തെ സാഹചര്യം അനുസരിച്ച് ടിബറ്റിൽ നിന്നും , ശ്രീലങ്കയിൽ നിന്നും ഒക്കെ അഭയാർത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. അന്നൊന്നും എന്ത് കൊണ്ട് ടിബറ്റും ശ്രീ ലങ്കയും മാത്രം എന്ന് ചോദിക്കേണ്ട കാര്യമില്ലായിരുന്നു. സമാനമാണ് ഇപ്പോഴത്തെ സാഹചര്യവും. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഇസ്ലാമിക രാജ്യങ്ങളിലെ religiously persecution നേരിടുന്ന religious minorities ന് കൊടുക്കാൻ തീരുമാനിച്ചു. ഇപ്പോൾ ശ്രീലങ്കയിലെയും നേപ്പാളിലെയും ന്യൂനപക്ഷങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നു നിർബന്ധമുള്ളർ അതിന് വേണ്ട മറ്റൊരു ബില്ലിന് ശ്രമിക്കുകയാണ് വേണ്ടത്.

Q4: പാകിസ്താനിലും മറ്റും അഹ്മദിയ പോലുള്ള മുസ്ലിമുകളിലെ ന്യൂനപക്ഷങ്ങളും പീഡനം നേരിടുന്നുണ്ടല്ലോ, അവരെ എന്ത് കൊണ്ട് ഉൾപ്പെടുത്തുന്നില്ല?
Ans: അഹമ്മദിയ മാത്രമല്ല, ഷിയാ - സുന്നി പോരാട്ടങ്ങളും നടക്കുന്നുണ്ട്. അതൊക്കെ ഇസ്ലാമിക രാജ്യങ്ങളുടെ ആഭ്യന്തരമായ ഇസ്ലാമിക പ്രശ്നങ്ങൾ ആണ്. അതിൽ നമുക്ക് റോളില്ല സർക്കാരിന് തോന്നിയിട്ടുണ്ടാവും.

Q5: ഇത് ഇന്ന് പ്രശ്നമല്ല എന്ന് ടെക്നിക്കലി വാദിക്കാമെങ്കിലും NRC നടപ്പാക്കുമ്പോൾ ഇത് ഇന്ത്യയിലെ നിലവിലെ മുസ്ലിമുകൾക്കും പ്രശ്നമാവില്ലേ. NRC കൊണ്ട് വരാനുള്ള അടിത്തറയൊരുക്കലല്ലേ ഇപ്പോഴത്തെ CAB?

Ans: ഇത് ഇന്നലെ ഒവൈസി ചോദിച്ച ചോദ്യമാണ്. അമിത് കൊടുത്ത മറുപടിയിതാണ്, NRC കൊണ്ട് വരാൻ അടിത്തറ ഉണ്ടാക്കേണ്ട കാര്യം മോദി സർക്കാരിനില്ല. സർക്കാരിന്റെ തുറന്ന നിലപാടാണ് രാജ്യം മുഴുവൻ NRC കൊണ്ട് വരുമെന്നത്. അതിന് CAB ആയി ബന്ധമില്ല. അതിന്റെ വ്യവസ്ഥകൾ അന്ന് ഇത്പോലെ നമുക്ക് പാർലമെന്റിൽ ചർച്ച ചെയ്യാം.

Q6: NRC വരുമ്പോൾ മുസ്ലിമുകൾ പൗരത്വം തെളിയിക്കേണ്ടി വരില്ലേ. അപ്പോൾ ഈ CAB ലെ വ്യവസ്ഥകൾ അവർക്ക് തിരിച്ചടിയാവില്ലേ?

Ans: NRC വരുമ്പോൾ മുസ്ലിമുകൾ മാത്രമല്ല എല്ലാ ഇന്ത്യക്കാരും പൗരത്വം തെളിയിക്കേണ്ടിവരും. അതിന് NRC യിലെ വ്യവസ്ഥകൾ ആയിരിക്കും മാനദന്ധം, CAB ലെ ആയിരിക്കില്ല. CABലേത് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്ന സന്ദർഭത്തിൽ മാത്രമായിരിക്കും ബാധകം.

Q7: പാക് ഒക്കുപൈഡ് - POK- കശ്മീരിലെ ആളുകളുടെ പൗരത്വത്തെ കുറിച്ചോ? 

Ans: പാക് ഒക്കുപൈഡ് കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയിലെ പൗരന്മാർ ആണ് അവർ. ഇന്ത്യയിലെ നിലവിലുള്ള പൗരന്മാരെകുറിച്ചുള്ളതല്ല ഈ ബില്ല് എന്ന് വ്യകത്മാക്കിയതാണല്ലോ.

Q8 : അഫ്ഗാൻ - പാക് - ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഒരു മുസ്ലിമിനും അപ്പോൾ ഇനിയൊരിക്കലും ഇന്ത്യൻ പൗരത്വത്തിന് അപ്ലൈ ചെയ്യാൻ പറ്റില്ല എന്ന് വരില്ലേ?

Ans: ഇല്ല. മറ്റേത് വിദേശ പൗരന്മാർക്കും ഇന്ത്യൻ പൗരത്വത്തിന് അപ്ലൈ ചെയ്യാൻ പറ്റുന്ന പോലെ ഈ മൂന്ന് രാജ്യങ്ങളിലെയും മുസ്ലിമുകൾ അടക്കമുള്ള എല്ലാവർക്കും ഇനിയും സാധിക്കും. അതായത് ഇന്ത്യയിൽ മിനിമം 11 വർഷം താമസിച്ചിട്ടുണ്ടാവണം, അതിൽ തന്നെ ലാസ്റ്റ് 12 മാസം തുടർച്ചയായി താമസിച്ചിട്ടുണ്ടാവണം തുടങ്ങിയ വ്യവസ്ഥകൾ പാലിച്ച് ലീഗൽ മാർഗ്ഗത്തിലൂടെ അവർക്ക് ഇനിയും അപ്ലൈ ചെയ്യാം. 

Q9 : പാക്കിസ്ഥാന്‍, ബംഗ്ലദേശും എന്ന ഗ്രൂപ്പിങ്ങിൽ അഫ്ഗാനിസ്ഥാന്‍ എങ്ങിനെ വരും. എന്താണതിന്റെ ലോജിക്?

Ans: അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നില്ല എന്ന തെറ്റിദ്ധാരണയിൽ നിന്നുള്ള ചോദ്യമാണത്.

Q10 : ഇന്ത്യയിലെ മുസ്ലിമുകൾക്ക് ഈ നിയമ പ്രകാരം സിറ്റിസൺ ഷിപ്പ് നഷ്ടപ്പെടാൻ എന്തെങ്കിലും സാധ്യതയുണ്ടോ?

Ans: ഇല്ല. അമിത് ഷായുടെ തന്നെ വാക്കുകൾ കടമെടുത്താൽ, ”ഈ ബില്ല് സിറ്റിസൺ ഷിപ്പ് നൽകാനുള്ള ബില്ലാണ്, ആരുടെയും സിറ്റിസൺ ഷിപ്പ് കളയാനുള്ള ബില്ലല്ല“.

Tuesday, October 22, 2019

ബ്രിട്ടീഷുകാർ ഒന്നിപ്പിച്ചതിന് മുൻപ് ഭാരതത്തിന് ഒരു ചരിത്രമില്ല! ശരിക്കും?

“ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ കഴ്ചപ്പാടിൽ തിരുത്തി എഴുതേണ്ടിയിരിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച്ച അമിത് ഷായുടെ ഒരു പ്രസ്താവന വന്നിരുന്നു.

ചരിത്രം തിരുത്തുക, ഭരണഘടന തിരുത്തുക എന്നൊക്കെ കേട്ടാൽ പിന്നെ പറയേണ്ടല്ലൊ, വൻ വിവാദം. 



ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ സ്ഥിരമായി കാണുന്ന ഒരു വാദമുണ്ട്:

“ഇന്ത്യയെ ആദ്യമായി ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ട് വന്ന് ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണ്“,

“നിങ്ങൾ ഏത് ആർഷഭാരതത്തെക്കുറിച്ചാണ്, ഏത് അഖണ്ഡഭാരതത്തെക്കുറിച്ചാണ് നിങ്ങൾ  ഈ ഊറ്റം കൊള്ളുന്നത്. ബ്രിട്ടീഷ്കാർ വന്നത്കൊണ്ട് മാത്രം ഉണ്ടായ, അഞ്ചൂറോളം നാട്ട് രാജ്യങ്ങളായി ചിന്നിച്ചിതറിക്കിടന്ന്, തമ്മിലടിച്ചിരുന്ന ഒരു രാജ്യത്തെ കുറിച്ചൊ’’ എന്നത് 

അതായത് ബ്രിട്ടീഷ്കാർ വരുന്നതിനു മുൻപ് നമ്മുടെ ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്ന രാജ്യവുമില്ല, അതിനു മുൻപ് നമ്മുടെ രാജ്യത്തിനു ഒരു ചരിത്രവുമില്ല എന്ന്.

അവരേയും കുറ്റം പറയാൻ പറ്റില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളും, ചരിത്ര സിനിമകളും വായിക്കുകയും, കാണുകയും ചെയ്യുന്ന ആരും കരുതിപ്പോകും ബ്രിട്ടീഷ്കാർക്കെതിരെയുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളും, അക്ബറുടെയും ഷാജഹാന്റെയും മൊഹബത്തിന്റെ കഥകൾ പറയുന്ന മുഗൾ കാലഘട്ടവുമല്ലാതെ അതിനു മുൻപ് ഏത് ഭാരത്തിനു എന്ത് ചരിത്രം എന്ന്.

Precisely ഇതാണ് നമ്മുടെ രാജ്യത്തിൻറെ ചരിത്രം, നമ്മുടെ രാജ്യത്തിൻറെ perspective ൽ നമ്മുടെ ശരിയായ ചരിത്രം മാറ്റിയെഴുതേണ്ടിയിരിക്കുന്നു എന്ന് പറയാൻ കാരണവും മറ്റൊന്നല്ല. 1600- കൾക്ക് മുൻപ് ഭാരതത്തിന് ചരിത്രമില്ല എന്ന് പലരെക്കൊണ്ടും ചിന്തിപ്പിക്കാൻ പ്രാപ്തമാക്കിയ നമ്മുടെ ചരിത്രപഠനം അപൂർണ്ണമായിരുന്നു എന്നതിന് ഇതിനേക്കാൾ വലിയ ഉദാഹരണം വേണ്ട.

1600-കളിൽ മുഗളന്മാരും, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും, പിന്നെ 1800-കളിൽ ബ്രിട്ടീഷ് സർക്കാർ നേരിട്ടും വരുന്ന വരെ ഇന്ത്യ ചിന്നിച്ചിതറിയ നാട്ട് രാജ്യങ്ങളുടെ ഒരു കൂട്ടം ആണെന്നാ ണ് ഈ തിയറി പറയുന്നത്. തെറ്റായ വാദമാണത്. ഈ പറഞ്ഞ കാലഘട്ടത്തിന് മുൻപും വിവിധ ഘട്ടങ്ങളിൽ, വിവിധ രാജഭരണങ്ങൾക്ക് കീഴിൽ, ഭാരതം ഒന്നിച്ച്, ഒരു ഭരണത്തിൽ, ഒറ്റ രാജ്യമായി ഇവിടെയുണ്ടായിരുന്നു.

മുഗളന്മാരുടെ കയ്യിൽ നിന്ന് ബ്രിട്ടീഷ്കാരുടെ കയ്യിലേക്ക് ഇന്ത്യയുടെ ഭരണം പോകുന്നതിനിടയിൽ ഒരു 100-200 വർഷത്തിന്റെ അത്ര ഹ്രസ്വമല്ലാത്ത കാലഘട്ടം ശിവാജി മഹാരാജിന്റെ മറാത്ത സാമ്രാജ്യം, ഭാരതം മുഴുവൻ തന്നെ, മാപ്പിൽ മുകളിൽ അങ്ങ് പെഷവാർ തൊട്ട് താഴെ ഇങ്ങ് തമിഴ്‌നാട് വരെ, ഒറ്റ ഭരണത്തിൽ കൊണ്ട് വന്നിരുന്നു.




അതിനും പുറകിലോട്ട് പോവുകയാണെങ്കിൽ 1600-കൾക്ക് മുൻപ്, AD (or CE) കാലഘട്ടം തുടങ്ങുന്ന സമയത്ത് 500നടുത്ത് വർഷങ്ങൾ ഗുപ്ത സാമ്രാജ്യത്തിൽ കീഴിൽ ഈ ഭാരതം ഏകദേശം ഒറ്റ ഭരണത്തിൽ കീഴിലായിരുന്നു. Golden age of India, classical age of India എന്നൊക്കെ ഒറ്റ വരി ചരിത്രം നമ്മൾ വായിച്ച് പോയിട്ടുള്ളത് ഈ ഗുപ്ത കാലഘട്ടത്തെ കുറിച്ചായിരുന്നു.

അവിടുന്ന് മുന്നോട്ട് പോരുമ്പോൾ അത്രയും വരില്ലെങ്കിലും ദക്ഷിണ ഭാരതം മുഴുവനും, സൗത്ത് ഈസ്റ്റ്‌ ഏഷ്യ വരെയും പടർന്ന് പന്തലിച്ച ചോള സാമ്രജ്യ സമയത്തും ഈ നാട് അത്യാവശ്യം ഒറ്റ ഭരണത്തിന് കീഴിലായിരുന്നു.

ഇനിയും പുറകിലോട്ട് BCE കാലഘട്ടത്തിലോട്ട് പോയാൽ, ഹിമാലയത്തിന്റെ സ്വാഭാവിക അതിർത്തി മുതൽ, കിഴക്ക് ആസാം വരെയും, പടിഞ്ഞാറ് അഫ്ഗാനിലെ ഹിന്ദുകുഷ് പർവതനിരകൾ വരെയും, തെക്ക് ആന്ധ്രാ - ഒഡീസ വരെയും ഒറ്റ ലാൻഡ്മാസായി ഭാരതത്തിൽ ഭരണം നടത്തിയിരുന്ന ചന്ദ്രഗുപതന്റെയും, ബിന്ദുസാരന്റെയും, അശോകന്റെയും മൗര്യ സാമ്രാജ്യവുമുണ്ടായിരുന്നു.



ഇനിയും ചരിത്രാതീത കാലത്തേക്ക് പോവുകയാണെങ്കിൽ indus valley കാലഘട്ടം വരെ വേണമെങ്കിൽ പോകാം.

ഹിമാലയൻ അതിർത്തിക്കിപ്പുറം, സിന്ധു(Indus) നദിക്കിപ്പുറം ഈ നാട് എന്നും ഹിന്ദുസ്ഥാൻ (സിന്ധുവിനിപ്പുറമുള്ളത്) തന്നെയായിരുന്നു, കാലത്തിന്റെ ഒഴുക്കിൽ ഏറിയും കുറഞ്ഞും, ചിലപ്പോൾ ചിതറിയും, ചിലപ്പോൾ ഒന്നിച്ചും ആ പ്രയാണം തുടരുകയാണ്. ഏത് നാടിന്റെ ചരിത്രമാണ് അങ്ങനെയല്ലാത്തത്.

ഇന്ത്യ എന്ന പേര് ഉണ്ടായിരുന്നില്ല എന്ന് മാത്രയുള്ളൂ, ഇന്ത്യ എന്ന രാജ്യം എന്നുമിവിടെ ഉണ്ടായിരുന്നു. (അതിപ്പോ ഒരുദാഹരണം പറഞ്ഞാൽ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ് അദ്ദേഹം gravitational force കണ്ടെത്തി എന്നതിനർത്ഥം അദ്ദേഹത്തിന്റെ തലയിൽ ആപ്പിൾ വീഴുന്ന വരെ ഭൂമിയിൽ ഗുരുത്വാകർഷണ ബലം ഉണ്ടായിരുന്നില്ല എന്നല്ലല്ലോ. അന്ന് തൊട്ടൊരു പുതിയ പേര് കിട്ടി എന്ന് മാത്രം. അത്രയേ ഉള്ളൂ ഇവിടെയും)

ഇപ്പൊ മനസിലാവുന്നുണ്ടാവുമല്ലോ ഭാരതത്തിന്റെ ചരിത്രം ശരിയായ രീതിയിൽ തിരുത്തി എഴുതി നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത. സയന്റിഫിക് ആയി കാര്യങ്ങളെ കാണുന്ന ആളുകൾക്ക് പോലും 1600ന് മുൻപ് ഇന്ത്യക്ക് ചരിത്രമില്ല, ബ്രിട്ടീഷ്കാരാണ് ആദ്യമായി രാജ്യത്തെ ഒന്നിപ്പിച്ചത് എന്ന ടൈപ്പ്‌ ഹിമാലയൻ അബദ്ധങ്ങൾ പറയുമ്പോൾ മനസിലാക്കാം, നെഹ്രുവിയൻ സോഷ്യലിസത്തിന്റെ തണലിൽ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ എഴുതി എത്ര വികലമാക്കിയതാണ് ഇന്ന് നമ്മൾ പഠിക്കുന്ന നമ്മുടെ ചരിത്രം എന്ന്.

Sunday, September 15, 2019

#KeralaFloods ചില പ്രത്യേക ചിഹ്നങ്ങളെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന്!

സർക്കാർ നിർമ്മിത ദുരന്തം എന്ന് വിദഗ്ദരെല്ലാവരും വിശേഷിപ്പിച്ച 2018ലെ മഹാപ്രളയത്തിൽ നിന്ന് മലയാളി കരകയറുന്നതിന് മുൻപ് 2019ലും പ്രളയം ആവർത്തിച്ചിരിക്കുന്നു. '18ലെ പ്രളയത്തിന് പ്രഖ്യാപിച്ച താത്കാലിക ആശ്വാസമായ പതിനായിരം രൂപ പോലും കിട്ടാത്തവർ ഇപ്പോഴുമുണ്ട്. നവകേരള നിർമ്മാണം എവിടെ എത്തി എന്ന് ആർക്കും ഒരു പിടിയുമില്ല. പണം പിരിക്കുന്നതിലുള്ള സർക്കാരിന്റെ ഉത്സാഹം മറ്റൊന്നിലും കണ്ടില്ല. സുമനസ്സുകളും, സന്നദ്ധസംഘടനകളും, കേന്ദ്ര സർക്കാരും കൊടുത്ത പണം ചിലവഴിക്കാതെ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരിക്കുകയാണെന്ന് പറഞ്ഞത് സംസ്ഥാന ധനമന്ത്രി തന്നെയാണ്. പ്രളയം എങ്ങിനെ നേരിടാം എന്ന് പഠിക്കാനായി കുടുംബവും കുഞ്ഞു കുട്ടി പരാധീനങ്ങളുമായി ലക്ഷങ്ങൾ മുടക്കി നെതർലാൻഡിൽ പോയി വന്ന മുഖ്യൻ അവിടുന്ന് എന്ത് പഠിച്ചു, ഇത്തവണത്തെ പ്രളയസമയത്ത് ആ അറിവ് എവിടെയാണ്,എങ്ങിനെയാണ് ഉപയോഗപ്പെട്ടതെന്ന് ആർക്കുമറിയില്ല.

ഇങ്ങനെ രണ്ടാമത്തെ പ്രളയത്തിന് മുന്നിലും സർക്കാർ ഇടറി നിന്നപ്പോൾ, കളക്ടർമാരടക്കമുള്ള സർക്കാരിന്റെ സംവിധാനങ്ങൾ, "കഴിഞ്ഞ തവണത്തെപ്പോലെ ആരും ഒന്നും തരുന്നില്ലേ" എന്ന് നിലവിളിച്ചുകൊണ്ട് പകച്ച് നിന്നപ്പോൾ, ഇത്തവണയും പൊതുജനം തന്നെ പരസ്പരം സഹായിക്കാനിറങ്ങി. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളി അവന്റെ സഹജീവികളെ കൈ പിടിച്ച് കരക്ക് എത്തിക്കാൻ കൈ മെയ് മറന്ന് കർമ്മനിരതരായി.

മൽസ്യത്തൊഴിലാളികളും, യുവജനസംഘടനകളും, സാംസ്കാരികസംഘടനകളും അങ്ങനെ എല്ലാവിധത്തിലുമുള്ള വിവിധ കൂട്ടായ്മകളിലൂടെ കേരളം ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് മലയാളികളെ മുഴുവൻ നാണം കെടുത്തിയ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്യുന്നത്.

സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ട പണിയാണ് ഏതൊക്കെയൊ മനുഷ്യർ അവരുടെ മനസിന്റെ നന്മകൊണ്ട് മാത്രം സ്വയം കണ്ടറിഞ്ഞ് ചെയ്യുന്നതെന്ന് കണ്ട് അവരെ അനുമോദിക്കേണ്ട മുഖ്യമന്ത്രി പക്ഷെ വെറുമൊരു ലോക്കൽ സെക്രെട്ടറിയുടെ നിലവാരത്തിലേക്കിറങ്ങി വന്ന് പറഞ്ഞത് “ചില പ്രത്യേക ചിഹ്നങ്ങൾ ധരിച്ചവരാരും രക്ഷാപ്രവർത്തനത്തിനു വരേണ്ട!“ എന്നായിരുന്നു.




എത്ര നീചമാണെന്ന് നൊക്കൂ ആ നിലാപട്,

എത്ര തരം താണതാണെന്ന് നൊക്കൂ ആ ചിന്താഗതി. 



മുഖ്യമന്ത്രി എന്ന നിലക്ക് തനിക്ക് സംരക്ഷിക്കാൻ ബാധ്യതയുള്ള ജനങ്ങളെ ആരെങ്കിലും രക്ഷിക്കുന്നുണ്ടല്ലൊ എന്ന് വിചാരിക്കുന്നതിനു പകരം അതിലും സങ്കുചിത രാഷ്ട്രീയം കാണാനാണു അയാൾ അവിടെ താല്പര്യപ്പെട്ടത്. 



കാക്കി ട്രൗസറും ഓറഞ്ച് കളർ ടി-ഷർട്ടുമണിഞ്ഞ് മുട്ടോളം ചെളിയിലും, നെഞ്ചോളം വെള്ളത്തിലും നടന്ന്കൊണ്ട്, മണ്ണിൽ പുതഞ്ഞ് പൊയ, ഒഴുക്കിൽ പെട്ട് പൊയ മനുഷ്യരെ രക്ഷിക്കാൻ, രാപ്പകലില്ലാതെ ദുരന്ത മുഖത്ത് നിറഞ്ഞ് നിന്ന ഒരു കൂട്ടം സന്നദ്ധപ്രവർത്തകരായിരുന്നു മുഖ്യമന്ത്രിയുടെ കണ്ണിലെ കരട്. കാരണം സേവാഭാരതി എന്ന സംഘടനയുടെ പ്രവർത്തകരായിരുന്നു അവർ. പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പർട്ടിയുടെ രാഷ്ട്രീയ വൈരികളായ ആർ.എസ്.എസിന്റെ സേവാ വിഭാഗമാണു സേവാഭാരതി. അവരെ ഉന്നം വെച്ചായിരുന്നു ആ ദുർഗന്ധം വമിക്കുന്ന പ്രസ്താവന. 



ചാനലുകളായ ചാനലുകളിലൂടെ മുഴുവൻ ജനം കണ്ടുകൊണ്ടിരുന്ന രക്ഷാപ്രവർത്തനം നടക്കുന്നിടത്തെ വിഷ്വലുകളിൽ മുഴുവൻ ആ കാക്കി ട്രൗസരുകാർ നിറഞ്ഞ് നിൽക്കുകയായിരുന്നു. വെറുമൊരു കമ്മ്യൂണിസ്റ്റ്കാരന്റെ മനസുമായി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന പിണറായി വിജയനു അത് സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു.


                      #സേവാഭാരതി during #KeralaFloods2019|| പ്രമുഖ 
                         ചാനലുകളിൽ വന്ന വാർത്താ ശകലങ്ങളിലൂടെ.

ഹരിയാനയിൽ ജുനൈദ് എന്ന ചെറുപ്പക്കാരൻ ട്രെയിൻ യാത്രക്കിടയിലെ സീറ്റ് തർക്കത്തിന്റെ ഭാഗമായുണ്ടായ അടിപിടിയിൽ മരണപ്പെട്ടപ്പോൾ, അതിൽ ‘ബീഫിന്റെ മണ‘മുണ്ടെന്ന വ്യാജവാർത്തകളിൽ ആവേശം പൂണ്ട് ഹരിയാന വരെ പോയി അയാളുടെ കുടുംബത്തിനു പത്ത് ലക്ഷം രൂപ സാമ്പത്തിക സാഹായം നൽകി വന്ന മുഖ്യമന്ത്രിയാണു നമ്മുടേത്.

പക്ഷെ ലിനു എന്ന ചെറുപ്പക്കാരൻ നമ്മുടെ സ്വന്തം കേരളത്തിൽ ഇത്തവണത്തെ പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ടപ്പൊൾ, ഈ നിമിഷം വരെ ആ ചെറുപ്പക്കാരന്റെ കുടുംബത്തെ ഒന്ന് ഫോണിൽ വിളിക്കാൻ പൊലും കേരളത്തിന്റെ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ഒരു രൂപ പൊലും സമ്പത്തിക സഹായം നൽകിയില്ല. ഫെസ്ബുക്കിൽ ദിവസം മൂന്ന് പോസ്റ്റ് വച്ചിടുന്ന മുഖ്യമന്ത്രി പക്ഷെ ലിനുവിന്റെ പരമോന്നതമായ ത്യാഗത്തെ കുറിച്ച് ഒരു വരിയെഴുതിയില്ല.

നൗഷാദ് എന്ന കച്ചവടക്കാരൻ അദ്ദേഹം വിൽക്കാൻ വച്ചിരുന്ന സ്റ്റോക്ക് മുഴുവൻ ദുരിതാശ്വാസത്തിനു നൽകിയ വാർത്ത വന്നപ്പോൾ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രിയാണ്, നൗഷദിനെ അഭിനന്ദിച്ച് ഫെസ്ബുക്കിൽ കുറിപ്പെഴുതിയ മുഖ്യമന്ത്രിയാണു സഹജീവികൾക്ക് വേണ്ടി, സ്വന്തം നാടിനുവേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ച ലിനുവിനെ ഇത്ര നികൃഷ്ടമായി അവഗണിച്ചത്. കാരണം എന്തെന്നറിയേണ്ടെ? അതെ, ലിനു സേവാഭരതിയുടെ സന്നദ്ധപ്രവർത്തകനായിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച്, മുഖ്യമന്ത്രി എന്ന പദവിക്ക് തന്നെ അപമാനമായി മാറിയ പിണറായി വിജയന്റെ കണ്ണിൽ ഒരു ചാക്ക് തുണിക്ക് ഒരു ജീവനേക്കാൾ വിലയുണ്ടാവുന്നത് അങ്ങനെയാണ്.

പക്ഷെ കേരളം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, കേരളത്തിലെ ജനത എല്ലാവരും പിണറായി വിജയനെപ്പൊലെ സങ്കുചിത മനസ്കരുമല്ല എന്ന് പിണറായിക്കും കൂട്ടർക്കും പെട്ടെന്ന് തന്നെ മനസിലായി. കേരളം മുഴുവൻ ലിനുവിനെ നെഞ്ചേറ്റുന്ന കാഴ്ചയാണു പിന്നെ കണ്ടത്. സോഷ്യൽ മീഡിയ മുഴുവൻ ലിനുവിനുള്ള ആദരാജ്ഞലികൾ കൊണ്ട് നിറഞ്ഞു, പത്രങ്ങളും ചാനാലുകളും ലിനുവിന്റെ ജീവത്യാഗത്തെക്കുറിച്ചുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞു. സിനിമ നടൻ ജയസൂര്യ ലിനുവിന്റെ കുടുംബത്തിനു 5 ലക്ഷം രൂപ കൊടുത്തു. മലയാളത്തിന്റെ മഹാനടൻ മൊഹൻലാൽ തന്റെ ബ്ലൊഗിലെ ഒരു പേജ് ലിനുവിന്റെ സ്മരണക്കായി മാറ്റി വച്ചു. മോഹൻലാലിന്റെ തന്നെ വിശ്വശാന്തി ട്രസ്റ്റ് ലിനുവിന്റെ കുടുംബത്തിനു വീട് വച്ച് കൊടുക്കും എന്ന് പ്രഖ്യാപിച്ചു.

തങ്ങളുടെ മുഖ്യമന്ത്രി ചെയ്ത ചെറ്റത്തരത്തിനു കേരള ജനത പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

രണ്ട് പ്രളയത്തിലും, രക്ഷാപ്രവർത്തത്തിലും പുനരധിവാസരംഗത്തും നിറഞ്ഞ് നിന്ന്, മലയാളികളുടെ മനസ് കീഴടക്കിയ സേവാഭാരതിക്കുള്ള അംഗീകാരം കൂടിയായിരുന്നു അത്. കഴിഞ്ഞ പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിനിടയിൽ പത്ത് ലിനുമാരെയാണു സേവാഭാരതിക്ക് നഷ്ട്ടപ്പെട്ടത്. 


                                         #സേവാഭാരതി @ #KeralaFloods2018

‘മാനവ സേവ, മാധവ സേവ‘ എന്ന മന്ത്രവുമായി സേവാഭാരതി കേരളത്തിന്റെ മനസ് കീഴടക്കുമ്പോൾ, ഇതുപോലുള്ള നീചമായ നിലപാടുകളും, അംബാസഡർ നിയമനവും, ലെയ്സൻ ഒഫീസർ നിയമനവും അയാൾക്ക് പ്രസിദ്ധീകരണങ്ങൾ വാങ്ങാനുള്ള ഫണ്ടും ഒക്കെയായി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ധൂർത്തുകളുമായി പിണറായിയും, സർക്കാരും, പാർട്ടിയും ജനങ്ങളെ മാക്സിമം വെറുപ്പിച്ച് മുന്നോട്ട് പോകുന്നു. രണ്ട് കൂട്ടരും അവരവർ ശീലിച്ചത് പാലിച്ച് പ്രയാണം തുടരുന്നു.

Tailpiece: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കരുതെന്ന് പ്രചാരണം നടക്കുന്നുണ്ടെന്ന് ഒരു ശ്രുതിയുണ്ടായിരുന്നു, പക്ഷെ നമ്മുടെ മുഖ്യമന്ത്രിയല്ലാതെ മറ്റാരും അങ്ങനെ പറയുന്നത് ജനം കേട്ടിട്ടില്ല. അദ്ദെഹം മാത്രമെ സഹായിക്കാൻ വന്ന ആരെയെങ്കിലും വിലക്കിയിട്ടുള്ളൂ. ചില(ചിഹ്നങ്ങൾ ധരിച്ചവ)ർ സഹായത്തിനു വരേണ്ട എന്ന് പറഞ്ഞത് അയാൾ മാത്രമാണു.

Thursday, August 15, 2019

#ആർട്ടിക്കിൾ370 ഇല്ലാതാകുമ്പോൾ: All that you want to know

തീവ്രവാദികളുടെ കടുത്ത ഭീഷണി നിലനിന്നിരുന്ന തൊണ്ണൂറുകളിൽ, അതിനെയെല്ലാം തൃണവൽഗണിച്ച് കശ്മീരിലെ ലാൽ ചൗക്കിൽ ഭാരതത്തിന്റെ ത്രിവർണ്ണപതാക ഉയർത്തിയത് ബിജെപിയുടെ മുരളിമനോഹർ ജോഷിയും നരേന്ദ്ര മോദിയുമായിരുന്നു. ഇന്ന് അതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അവിടെ ഔദ്യോഗികമായി, സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തുമ്പോൾ ബിജെപി എന്ന ദേശീയവാദികൾ രാജ്യത്തോടുള്ള അവരുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റുകയാണ്‌.

മോദി അദ്ധേഹത്തിന്റ ഏറ്റവും വലിയ 'ലെഗസി'കളിലൊന്ന് ചരിത്രത്തിൽ എഴുതിച്ചേർക്കുക കൂടിയായിരുന്നു ആർട്ടിക്കിൾ370 ഇല്ലാതാക്കിയതിലൂടെ.




ജമ്മു കശ്മീരിന്റെയും, ഭാരതത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിർണ്ണായക മായ ദിവസങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു 2019 ആഗസ്റ്റ് 5 എന്ന ദിവസം. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 എന്ന വകുപ്പ് റദ്ദാക്കാനുള്ള ബിൽ അന്നാണ് ഇന്ത്യൻ പാർലമെന്റിൽ, രാജ്യസഭയിൽ പാസായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലവതരിപ്പിച്ചത്. അതിനൊപ്പം ജമ്മു കാശ്മീരിനെ ‘ജമ്മു & കശ്മീർ’ എന്നും ലഡാക്ക് എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും അവതരിപ്പിച്ച് പാസാക്കി.

അതായത് ആഗസ്റ്റ് 5 മുതൽ ഇനി ജമ്മു കശ്‍മീർ എന്ന സംസ്ഥാനമില്ല. അതിന്റെ സ്ഥാനത്ത് 2 യൂണിയൻ ടെറിറ്ററികൾ- കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്. ഇതുവരെ 29 സംസ്ഥാങ്ങളും 7 യൂണിയൻ ടെറിറ്ററി (U.T)കളും ഉണ്ടായിരുന്നത് ഇനി മുതൽ 28 സംസ്ഥാനങ്ങളും 9 U.Tകളും എന്നായി മാറിയിരിക്കുന്നു. ഡൽഹിയും പുതുച്ചേരിയും പോലെ തിരഞ്ഞെടുപ്പും എംഎൽഎമാരും ഒക്കെയുള്ള, സ്വന്തമായി മുഖ്യമന്ത്രിയും മന്ത്രിസഭയുമുള്ള ഒരു U.T ആയിരിക്കും ജമ്മു & കശ്‍മീർ. ഭാവിയിൽ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ജമ്മു & കശ്‍മീരിന്‌ പൂർണ്ണസംസ്ഥാന പദവി നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി യിട്ടുണ്ട്. സ്വന്തമായി മന്ത്രിസഭയില്ലാത്ത പൂർണ്ണമായും കേന്ദ്ര ഭരണത്തിൽ കീഴിലുള്ള U.T ആയിരിക്കും ലഡാക്ക്.



ആർട്ടിക്കിൾ 370 എന്ന വകുപ്പ് എടുത്ത് കളഞ്ഞതോടെ ബിജെപിയുടെ എക്കാലത്തെയും ഏറ്റവും വലിയ ആവശ്യങ്ങളായ അഥവാ വാഗ്ദാനങ്ങളായ മൂന്ന് പ്രധാന വിഷയങ്ങളിൽ ഒന്ന് നിറവേറ്റുകയാണ്‌ അവർ ചെയ്തത്. യൂണിഫോം സിവിൽ കോഡും, അയോദ്ധ്യയിലെ രാമക്ഷേത്രവുമാണ് മറ്റ് രണ്ട് വിഷയങ്ങൾ. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വിവാദ വിവാദമായ വിഷയങ്ങളും അവ തന്നെയാണ്. അതിൽ തന്നെ നടപ്പാക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയത് എന്ന് എല്ലാവരും കരുതിയിരുന്നതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതും. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച എതിർപ്പുകളും ഉണ്ടായി.

അങ്ങനെ എതിർത്തവരുടെയും, ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിനെ അനുകൂലിച്ചവരുടെയും വാദഗതികൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ബില്ലിനെ പാർലമെന്റിൽ എതിർത്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വാദം ഭരണഘടന തത്വങ്ങൾ ലംഘി ച്ചു അഥവാ ഒരിക്കൽ കാശ്മീരിന് കൊടുത്തിരുന്ന വാഗ്ദാനം ലംഘിച്ചു എന്നതായിരുന്നു. ഇത് നേരിട്ട് ബാധിക്കുന്ന ജനങ്ങളെ, അതായത് കാശ്മീരികളെ വിശ്വാസത്തിലെടുക്കാതെയാണ്, കർഫ്യു പ്രഖ്യാപിച്ച് അവരെ തടങ്കലിൽ വച്ചാണ് സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചതെന്നായിരുന്നു മറ്റൊരു പരാതി.

ജമ്മുകശ്മീരിലെ പാർട്ടികളായ പിഡിപി, നാഷണൽ കോൺഫെറൻസ്(NC) എന്നിവരടക്കം കോൺഗ്രസ്, ഡിഎംകെ, ആർജെഡി, ഇടതുപക്ഷം എന്നിവരാണ് ബില്ലിനെ പാർലമെന്റിൽ എതിർത്തവർ. ഭരണപക്ഷത്ത് നിന്ന് നിതീഷ് കുമാറിന്റെ ജെഡിയുവും ബില്ലിനെ പിന്തുണച്ചില്ല.

എൻഡിഎ ഘടക കക്ഷികൾക്ക് പുറമെ മായാവതിയുടെ ബിഎസ്പി, കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി(AAP), ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ്(YSRC), ഒറീസയിലെ ബിജു ജനതാ ദൾ(BJD), തെലുഗ് ദേശം പാർട്ടി(TDP) എന്നീ പ്രതിപക്ഷ പാർട്ടികളെല്ലാം സർക്കാർ കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ചു.

ഇന്ത്യക്കും ജമ്മു കാശ്മീരിനുമിടയിലെ ഒരു വിലങ്ങ് തടിയാണ് ആർട്ടിക്കിൾ 370 എന്നതാണ് അതിനെ എതിർക്കുന്നവരുടെ, പ്രത്യേകിച്ച് ബിജെപിയുടെ പ്രധാനപ്പെട്ട വാദം. പാർട്ടി ഉണ്ടായ കാലം മുതലേ അവരുടെ പ്രകടപ്പട്ടികയിൽ പറഞ്ഞിട്ടുള്ള കാര്യമാണ് കാശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന 370ഉം, 35(A)ഉം വകുപ്പുകൾ എടുത്ത് കളയണമെന്നുള്ളത്.

ഭരണഘടനയിലെ 370ആം വകുപ്പിന്റെ ബലത്തി ലാണ് ജമ്മു കാശ്മീരിന് മാത്രം സ്വന്തമായി ഭരണഘടയും, സ്വന്തമായി ദേശീയ പതാകയുമൊക്കെയുള്ളത്. സ്വന്തമായി പ്രധാനമന്ത്രിയുമുണ്ടായിരുന്നു. അതായത് ഇന്ത്യൻ ഭരണഘടനയും, ഇന്ത്യൻ ദേശീയ പതാകയും 370ആം വകുപ്പ് പ്രകാരം ജമ്മു കാശ്മീരിന് ബാധകമല്ല. ഇന്ത്യൻ പാർലമെന്റ് രാജ്യത്തെ ജനനന്മയെ കരുതി, അവരുടെ ജീവിതങ്ങൾ മെച്ചപ്പെടുത്താൽ ഉദ്ദേശിച്ച് കാലാകാലങ്ങളിൽ പാസാക്കുന്ന നിയമങ്ങൾ ജമ്മു കാശ്മീരിൽ നടപ്പാക്കാൻ ആ സംസ്ഥാനത്തിന് ബാധ്യതയില്ല. ജമ്മു കാശ്മീർ നിയമസഭക്ക് അത് തടയാനുള്ള അധികാരം നല്കുന്നത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 എന്ന വകുപ്പാണ്. ഇന്ത്യക്കും ജമ്മു കാശ്മീരിനുമിടയിലെ ഒരു വിലങ്ങ് തടിയാണ് ആർട്ടിക്കിൾ 370 എന്ന് പറയാനുള്ള പ്രധാന കാരണമിതാണ്.

പാർലമെന്റിൽ നടന്ന ബില്ലിന്മേലുള്ള ചർച്ചയിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും നടപ്പാക്കിയിട്ടും ജമ്മു കാശ്മീരിൽ മാത്രം നടപ്പിലാക്കാ ൻ കഴിയാത്ത അത്തരം ഏതാനും നിയമങ്ങൾ ആഭ്യന്തര മന്ത്രി അമിത്ഷാ അക്കമിട്ട് നിരത്തുകയുണ്ടായി.



ബാലവിവാഹം നിരോധിച്ചുള്ള, വിവാഹത്തിന്റെ പ്രായം നിശ്ചയിക്കുന്ന നിയമം, ദേശീയ മൈനോറിറ്റി കമ്മീഷൻ സ്ഥാപിച്ച് കൊണ്ടുള്ള നിയമം, 6 വയസ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം അവന്റെ/അവളുടെ അവകാശമാകുന്ന അത് സംസ്ഥാ നങ്ങളുടെ ഉത്തരവാദിത്വമാക്കുന്ന റൈറ്റ് ടു എഡ്യൂകേഷൻ (RTE) - ദേശീയ വിദ്യാഭ്യാസ അവകാശ നിയമം , നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ നിയമം, ജനസംഖ്യ വർദ്ധിക്കുന്ന അനുപാതത്തിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടത്താനുള്ള ഡീലിമിറ്റേഷൻ ബിൽ, അഴിമതി വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായ വിസിൽ ബ്ലോവർ പ്രൊട്ടക്ഷൻ ആക്ട്, നാഷണൽ കമ്മീഷൻ ഫോർ സഫായി കർമചാരി, ദളിതുകൾക്കും ആദിവാസികൾക്കുമുള്ള രാഷ്ട്രീയ സംവരണം, വനവാസി പരിരക്ഷണ നിയമങ്ങൾ എന്നിവ അവയിലേതാ നും മാത്രമാണ്.

ആർട്ടിക്കിൾ370 ഇല്ലാതായതായതോടെ ഇതെല്ലാം ഇനി ജമ്മു കശ്മീരിലെ ജനങ്ങൾക്കും അവകാശപ്പെട്ടതായി മാറുന്നു. ആർട്ടിക്കിൾ 370 എന്തുകൊണ്ട് ഇല്ലാതാവണം എന്നതിനുള്ള ബിജെപി പക്ഷത്തിന്റെ ഉത്തരങ്ങളിലൊന്നാണിത്.

ആർട്ടിക്കിൾ 370ൽ 35(A) എന്ന വകുപ്പ് കൂടി കൂടിച്ചേരുമ്പോൾ ജമ്മു കശ്മീരിന്റെ ഭാരതത്തിൽ നിന്നുള്ള അന്യവൽക്കരണം പൂർത്തിയാവുന്നു.

മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തുമില്ലാത്ത 'പെർമനെന്റ് റെസിൻഡെന്റ് സിറ്റിസൺ - PRC ' എന്ന പദവി ജനങ്ങൾക്ക് നൽകാനും, നല്കാതിരിക്കാനുമുള്ള അധികാരം ഈ വകുപ്പ് പ്രകാരം ജമ്മുകാശ്മീരിന് മാത്രം ലഭിച്ചു. അങ്ങനെയുള്ള ‘ജമ്മുകാശ്‌മീർ പൗരന്’ മാത്രമായി 'റിസേർവ്' ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് നിശ്ചയിക്കാനുള്ള അധികാരവും ജമ്മുകശ്മീർ സർക്കാരിന് നൽകി.

ഭവുടമാവകാശവും, സർക്കാർ ജോലിയും, സൗജന്യ വിദ്യാഭ്യാസവും, സൗജന്യ ആശുപത്രി/ആരോഗ്യ പരിരക്ഷാ പദ്ധതികളും, വോട്ട് ചെയ്യാനുള്ള അവകാശവും, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അധികാരവുമെല്ലാം അങ്ങനെ ഇന്ത്യൻ പൗരന്മാർക്ക് അവകാശമില്ലാത്തതും ജമ്മു കശ്മീരിലെ PRCകൾക്ക് മാത്രം അവകാശപ്പെട്ടതുമായി മാറി.

വിഭജ സമയത്ത് കിഴക്കൻ പഞ്ചാബിൽ നിന്ന് വന്ന ആദിവാസികളും, ഒബിസികളും അടക്കം, 1957ൽ സംസ്ഥാനത്തേക്ക് കൊണ്ട് വന്ന പട്ടിക ജാതിക്കാരായ വാൽമികി എന്ന സമുദായത്തിനും അങ്ങനെ ജമ്മുകശ്മീരിൽ ഒരു വിധ സർക്കാർ ആനുകൂല്യത്തിനും അർഹതിയില്ലാതെ ദുരിതജീവിതം നയിക്കേണ്ടി വന്നു. മായാവതിയുടെ ബിഎസ്പി ബിജെപി കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.




ജമ്മു കാശ്മീരിൽ വലിയ രീതിയിൽ തൊഴിൽ നല്കാൻ കഴിയുന്ന വ്യവസായങ്ങളും, തൊഴിൽ സ്ഥാപനങ്ങളും, മെഡിക്കൽ സൗകര്യങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നും വരാതിരിക്കാനുള്ള ഒരേയൊരു കാരണം ആർട്ടിക്കിൾ 370ന്റെ ഭാഗമായ ഈ ആർട്ടിക്കിൾ 35(A)യിലെ മുകളിൽ സൂചിപ്പിച്ച വ്യവസ്ഥകളാണ്.

അങ്ങനെ തൊഴിലും ജീവിത സാഹചര്യങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇല്ലാതാവുന്നതോടെയാണ് അവിടുത്തെ ജനത പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന വിഘടനവാദി ഗ്രൂപ്പുകളിൽ അഭയം പ്രാപിക്കാൻ സാഹചര്യമൊരുങ്ങുന്നുന്നത്. അവരുടെ പിന്നോക്കാവസ്ഥക്ക് കാരണം ഇന്ത്യയാണെന്ന അത്തരം സംഘടനകളുടെ മസ്തിഷ്ക പ്രക്ഷാളനത്തിൽ വീഴുന്ന അവർ ഇന്ത്യക്കെതിരെയുള്ള വെറുപ്പിന്റെ വാഹകരായി റുന്നതെങ്ങനെയാണ്.

ആർട്ടിക്കിൾ 370ഉം ആർട്ടിക്കിൾ 35(A) കൂടിച്ചേർന്ന ഒരു ‘deadly combination’ ആണ് ജമ്മു കശ്മീരിലെ ഇന്ത്യാ വിരുദ്ധതതക്ക് നിയമത്തിന്റെ സാധുത നൽകുന്നത്.

ചുരുക്കത്തിൽ ജമ്മുകാശ്മീരികൾക്ക് വേണ്ടി ഉണ്ടാക്കിയ 370ആം വകുപ്പ് വാസ്തവത്തിൽ അവരുടെ പുരോഗതിയെ തടസപ്പെടുത്തി, അവരെ തീവ്രവാദത്തിന് അടിമപ്പെടുത്തി അവരുടെ ജീവിതങ്ങളെ നരകതുല്യമാക്കി മാറ്റുന്നതിന് കാരണമാവുന്ന കാഴ്ചയാണ് നാം കാണുന്നത്. അവരെ തളച്ചിട്ടിരുന്ന ചങ്ങലയായിരുന്നു ആ വകുപ്പ്, അതില്ലാതാക്കി അവർക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ബിജെപി പക്ഷം പറയുന്നത് അതുകൊണ്ടാണ്.

അവിടെ ഭരണത്തിന്റെയും അഴിമതിയുടെയും സുഖം അനുഭവിച്ച നേതാക്കൾ ഒഴിച്ച് സാധാരണക്കാരുടെയെല്ലാം അഭിപ്രായം അത് തന്നെയാണെന്നതാണ് പിന്നീടുള്ള ദിവസങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് മനസിലാവുന്നത്. ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായ ലഡാക്കിലെയും ജമ്മുവിലെയും ജനങ്ങൾ പൂർണ്ണമായും സർക്കാരിന് നന്ദി പറയുകയാണ്. നിസ്സാരമായ എതിർപ്പുള്ളത് താഴ്വരയിലെ - കശ്മീരിലെ - വിഘടനവാദി വിഭാഗങ്ങളിൽ നിന്ന് മാത്രമാണ്.



Article 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം കശ്മീരിലെ കുപ്‍വാരയിൽ നടന്നത്|| Aug-15-2019
 

ആർട്ടിക്കിൾ 35(A)യിൽ വരുന്ന അനേകം വ്യവസ്ഥകളിലെ ഒരു വ്യവസ്ഥ മാത്രമായ ‘പുറത്ത് നിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ പറ്റില്ല’ എന്നത് മാത്രമാണ് ഇവിടെ പ്രതിപാദ്യവിഷയം എന്ന് തെറ്റിദ്ധരിച്ചവരാണ് നാഗാലാന്റിലും ആർട്ടിക്കിൾ 371 എന്ന സമാനമായ വകുപ്പുണ്ടല്ലോ അപ്പോൾ അവിടെ ആർക്കും സ്ഥലം വാങ്ങാൻ പറ്റാത്തതിനെ കുറിച്ച് ബിജെപിക്ക് ആശങ്കയില്ലേ എന്ന് ചോദിക്കുന്നത്, കാശ്മീരിനോട് മാത്രം ബിജെപി പക്ഷപാതം കാണിക്കുന്നു എന്ന് ആരോപിക്കുന്നത്.

അതിനുള്ള ഉത്തരം, സ്ഥലം വാങ്ങൽ അല്ല ജമ്മു കശ്മീരിലെ പ്രശ്‍നം എന്നതാണ്, നാഗാലാ‌ൻഡ് അടക്കമുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ എങ്ങും ഇല്ലാത്ത ഇന്ത്യൻ പാർലമെന്റിന് അധികാരം ഇല്ലാത്ത അവസ്ഥയാണ് ജമ്മു കശ്മീരിലെ പ്രശ്‍നം, ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായി ഭരണഘടന ഉള്ളതാണ് ജമ്മു കശ്മീരിലെ പ്രശ്‍നം, ഇന്ത്യൻ ദേശീയ പതാകക്ക് സ്ഥാനമില്ലാത്തതാണ് ജമ്മു കശ്മീരിലെ പ്രശ്‍നം. ഇതൊന്നും നാഗാലാ‌ൻഡ് അടക്കമുള്ള മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തും ഇല്ല.

പിന്നെ ആർട്ടിക്കിൾ 371 എന്നത് നാഗാലാൻഡിൽ മാത്രമല്ല, മൊത്തം 11 സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള വിവിധ തരം 371 വകുപ്പുകൾ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുണ്ട്. 371, 371A, 371B എന്ന് തുടങ്ങി 371J വരെ. അതെല്ലാം ഓരോ സംസ്ഥാനങ്ങൾക്ക് അവരരുടെ ചില സാംസ്കാരികമായതും മറ്റുമായ ആവശ്യങ്ങൾ അംഗീകരിച്ച് കൊടുക്കുന്ന വകുപ്പുകൾ ആണ്. ഉദാഹരണത്തിന് ആസാമിന് വേണ്ടിയുള്ള ആർട്ടിക്കിൾ 371B എന്നത് അവിടുത്തെ ട്രൈബൽസിന് - ആദിവാസികൾക്ക് പ്രത്യേക സ്ഥാനം ഉറപ്പ് വരുത്തുന്നതാണെങ്കിൽ, നാഗാലാന്ഡിന് വേണ്ടിയുള്ള 371A പറയുന്നത് നാഗാ വംശജരുടെ മതപരമായും സാംസ്‌കാരികപരമായുമുള്ള വിഷയങ്ങളിലും, ഭൂവുടമാവകാശത്തെക്കുറിച്ചും ക്രയവിക്രയത്തെ കുറിച്ചും ഉള്ള വിഷയങ്ങളിലും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി നിയമങ്ങൾ കൊണ്ടുവരാൻ പാടില്ല എന്നതാണ്. ആർട്ടിക്കിൾ 371 ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ചില വിഷയങ്ങളിലുള്ള അധികാരങ്ങളെ നിർവചിക്കാൻ വേണ്ടിയുള്ളതാണ്.

അതായത് ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 371ആം വകുപ്പുകൾക്ക് ജമ്മു കാശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർതിരിക്കുന്ന ആർട്ടിക്കിൾ 370ഉമായി യാതൊരു താരതമ്യവുമില്ല എന്ന് സാരം.

ബിജെപി അവരുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണ്, ചർച്ച ചെയ്യാതെ പെട്ടെന്നെടുത്ത തീരുമാനമാണ് എന്നൊക്കെ ആരോപിക്കുന്നതിലും യാതൊരു അടിസ്ഥാനവുമില്ല. അറുപത് വർഷത്തിലധികമായി ഇന്ത്യൻ സർക്കാരുകൾ കശ്മീരിലെ ജനങ്ങളുമായും, വിഘടനവാദികളുമായും പാകിസ്താനുമായി വരെ ചർച്ച ചെയ്യുകയായിരുന്നു.

ബിജെപി എന്ന പാർട്ടി ഉണ്ടായ കാലം മുതൽ അവർ അവരുടെ വാഗ്ദാനങ്ങളുടെ പട്ടികയിൽ-എലെക്ഷൻ മാനിഫെസ്റ്റോയിൽ വ്യക്തമായി എഴുതി വച്ചിട്ടുള്ള, എല്ലാ തിരഞ്ഞെടുപ്പ് സമയത്തും ആവർത്തിച്ച് വ്യക്തമാക്കാറുള്ള ഒരു വാഗ്ദാനമായിരുന്നു, എന്ന് പാർലമെന്റിൽ പൂർണ അധികാരം കിട്ടുന്നോ അന്ന് ജമ്മു കശ്മീരിന് ഇന്ത്യയിൽ നിന്ന് വേറിട്ട് നിൽക്കാനുള്ള പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളയും എന്നത്.

ബിജെപിയുടെ പ്രാങ് രൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന ഡോ.ശ്യാമപ്രസാദ് മുഖർജി പാർട്ടിയുടെ 370ആം വകുപ്പിനെ കുറിച്ചുള്ള പാർട്ടിയുടെ നിലപാട് വളരെ വിപ്ലവാത്മകമായി പ്രഖ്യാപിച്ചിട്ടുണ്ട്: 'ഏക് ദേശ് മേ ദോ വിധാൻ, ദോ പ്രധാൻ, ദോ നിഷാൻ നഹി ചാലേങ്കേ' എന്ന്. മലയാളത്തിൽ പറഞ്ഞാൽ 'ഒരു രാജ്യത്ത് രണ്ട് പാർലമെന്റ്, രണ്ട് പ്രധാനമന്ത്രി, രണ്ട് ദേശീയ പതാക എന്ന പരിപാടി അനുവദിക്കില്ല' എന്ന്. ആ മുദ്രാവാക്യം ഉയർത്തിപ്പിടിക്കാനുള്ള സമരത്തിലാണ് അദ്ധേഹം ജമ്മു കാശ്മീരിലെ തടവറയിൽ അടക്കപ്പെടുന്നതും ദുരൂഹമായി അതിനുള്ളിൽ വച്ച് കൊല്ലപ്പെടുന്നതും.



ഈ വിഷയത്തിൽ ഇത്രയും സുവ്യക്തമായ നിലപാടുള്ള, ത്യാഗത്തിന്റെ ചരിത്രമുള്ള ബിജെപി അവർ വാഗ്ദാനം ചെയ്ത പോലെ അവർക്ക് പൂർണ അധികാരം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ അവരുടെ തത്വശാസ്ത്രത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ ഒരു വിഷയത്തിൽ വാഗ്ദാനം പാലിക്കുകയാണുണ്ടായത്.

അത് എന്നും അവരുടെ മാനിഫെസ്റ്റോയിലെ വെറും ഒരു വിഷയമായി കാലാകാലം നിലനിന്ന് കൊള്ളും, ബിജെപി ഒരിക്കലും അതിന്മേൽ 'ആക്ഷൻ' എടുക്കില്ല എന്ന് ആരെങ്കിലും കരുതിയിരുന്നെങ്കിൽ അത് ആവരുടെ മാത്രം കുറ്റമാണ്. ഇതേ വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയ്ക്ക് ജമ്മു കാശ്മീരിൽ നിന്ന് ആറിൽ മൂന്ന് എംപിമാരെ അവിടുത്തെ ജനം തിരഞ്ഞെടുത്ത് നൽകിയിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ ജനങ്ങളുടെ പിന്തുണയില്ല എന്ന വാദവും പൂർണമായി നിലനിൽക്കില്ല. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 ൽ തൊട്ടാൽ ജമ്മു കാശ്മീർ കത്തിക്കും എന്ന് പ്രഖ്യാപിച്ച മെഹ്ബൂബ മുഫ്തിയെ പോലുള്ള വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന നേതാക്കളെ വീട്ട് തടങ്കലിലാക്കിയതും, പുറകെ കർഫ്യൂ പ്രഖ്യാപിച്ചതും ക്രമസമാധാന നില തകരാതിരിക്കാനുള്ള മുൻകരുതലായി മാത്രമേ കാണാനാവൂ.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നിലപാടിനെതിരെ നിൽക്കുന്നവരുടെ മറ്റൊരു വാദമാണ് ജമ്മു കശ്മീർ എന്നത് മറ്റൊരു രാജ്യമായിരുന്നു/രാജ്യം പോലെയായിരുന്നു അതിനെ ആക്രമിച്ച് കീഴടക്കിയതിന് തുല്യമായിപ്പോയി ഇത്, സ്വാതന്ത്ര്യം കിട്ടിയ സമയത്ത് അവർക്ക് കടുത്ത വാഗ്ദാനം ലംഘിച്ചു, കൊസോവോ പോലെയായി, പലസ്തീൻ പോലെയായി എന്നൊക്കെ.

രാജ്യത്തിനകത്ത് മറ്റൊരു രാജ്യമായി നിൽക്കാതിരിക്കാൻ തന്നെയാണ് ആ ചിന്തക്ക് അടിത്തറ നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത്. പിന്നെ ജമ്മു കശ്മീർ മാത്രമല്ല പത്ത് അഞ്ഞൂറോളം നാട്ട് രാജ്യങ്ങൾ ഉണ്ടായിരുന്നതിൽ പല നാട്ട് രാജ്യങ്ങൾക്കും ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വയം ഒരു പരമാധികാര രാജ്യമായി നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിരുവിതാംകൂറും, ഹൈദരാബാദും ഒക്കെ അതിന് ശ്രമിച്ച് നോക്കിയതുമാണ്. കൂടെ ജമ്മു കാശ്മീരും. അങ്ങനെ ചിന്നിച്ചിതറാൻ നിന്ന 'രാജ്യത്തിനകത്തെ രാജ്യങ്ങളെയൊക്കെ' അനുനയത്തിലൂടെയും, പ്രലോഭനത്തിലൂടെയും, ഭീഷണിയിലൂടെയും ഒക്കെ തന്നെയാണ് ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നത്.

അതിൽ കാശ്മീരിന് മാത്രമുണ്ടായിരുന്ന പ്രത്യേകത എന്താണെന്ന് വച്ചാൽ മറ്റെല്ലാ നാട്ട് രാജ്യങ്ങളെയും മെരുക്കാനുള്ള ചുമതലയുണ്ടായിരുന്നത് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിനായിരുന്നപ്പോൾ, ജമ്മു കശ്മീരിന്റെ ചുമതല പ്രധാനമന്ത്രിയായ നെഹ്രുവിനായിരുന്നു എന്നതാണ്. അദ്ദേഹം കാശ്മീരിൽ നിന്നു വരുന്നതാണ്, അതുകൊണ്ട് കാശ്മീരിനോട് വൈകാരികമായ അടുപ്പമുണ്ട് എന്നതുകൊണ്ടാണ് അന്നങ്ങനെ ഒരു തീരുമാനമുണ്ടായത്. പക്ഷെ ആ തീരുമാനത്തിന് രാജ്യം കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.

നിശ്ചയദാർഢ്യമില്ലായ്മയുടെ – ‘ഇൻഡിസിസിവ്നെസ്സ്ന്റെ’ ആൾരൂപമായ നെഹ്രു കാശ്മീരിനെ കൈകാര്യം ചെയ്ത് കുളമാക്കി. ഒപ്പം പാകിസ്ഥാനിൽ നിന്നുള്ള ആക്രമണം വന്നു. ഇന്ത്യൻ സൈന്യം കാശ്മീരിലെത്തി. പാകിസ്ഥാനിൽ നിന്നുള്ള ആക്രമണത്തെ ചെറുത്ത് തോല്പിച്ചു, പരസ്പരം ആക്രമണം തുടർന്ന് കൊണ്ടിരുന്നു. സ്വന്തം സുരക്ഷയിൽ ഭയന്ന ജമ്മു കശ്മീർ രാജാവ് ഹരിസിംഗിനെ കൊണ്ട് ഇന്ത്യയിൽ ചേരുന്ന പ്രഖ്യാപനത്തിൽ ഒപ്പിടാൻ ഇന്ത്യ നിര്ബന്ധിതനാക്കി. രാജാവ് ' ഇൻസ്ട്രുമെന്റ് ഓഫ് അക്സെഷൻ' ഒപ്പിട്ടു. അതിന് അനുവദിച്ച ഉപാധികളാണ് പിന്നീട് ഇന്ത്യൻ ഭരണഘടന തയ്യാറായപ്പോൾ അതിലെ ജമ്മുകാശ്മീരിന് വേണ്ടിയുള്ള 370ആം അനുച്ഛേദത്തിൽ ഉൾക്കൊള്ളിച്ചത്. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായി.

അതേസമയം മൗണ്ട് ബാറ്റന്റെയും, വിപി മേനോൻ എന്ന മിടുക്കനായ ആഭ്യന്തര സെക്രട്ടറിയുടെയും സഹായത്തോടെ മറ്റെല്ലാ നാട്ട് രാജ്യങ്ങളെയും പട്ടേൽ ഇന്ത്യൻ യൂണിയനിൽ ചേർത്തു. അമേരിക്കയിൽ നിന്നും ബ്രിട്ടണിൽ നിന്നും പടക്കോപ്പുകൾ സംഭരിക്കാൻ വരെ ശ്രമിച്ച ഹൈദരാബാദ്, കാശ്മീരിനേക്കാൾ വലിയ തലവേദനയായിരുന്നു. സർ സിപി രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ തിരുവിതാംകൂറും സ്വതന്ത്ര രാജ്യമായി നിൽക്കാൻ വലിയ കോപ്പ്കൂട്ടലുകൾ ആസൂത്രണം ചെയ്തവരാണ്. പക്ഷെ സർദാർ പട്ടേലിന്റെ ഉരുക്കു മുഷ്ടിക്ക് മുന്നിൽ അവരൊക്കെ കീഴടങ്ങി, അല്ലെങ്കിൽ ബലം പ്രയോഗിച്ച് കീഴടക്കി, ഇന്ത്യയോട് ചേർത്തു - ഒരു ആർട്ടിക്കിൾ 370ന്റെ യും വാഗ്ദാനങ്ങളുമില്ലാതെ.



അതിനിടയിൽ ഇന്ത്യൻ സൈന്യം പാക് സൈന്യത്തെ പുറകോട്ടടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ത്യൻ സേനയെ നിരാശയുടെ പടുകുഴിൽ വീഴ്ത്തികൊണ്ട് നെഹ്‌റു ഏക പക്ഷീയമായി വെടി നിർത്തൽ പ്രഖ്യാപിച്ചു. രണ്ട് സൈന്യങ്ങളും ആ സമയത്ത് നിലയുറപ്പിച്ചിരുന്നത് എവിടെ വച്ചാണോ അവിടെ വച്ച് ‘ലൈൻ ഓഫ് കണ്ട്രോൾ’ LOC - ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അനൗദ്യോഗിക ബോർഡർ വരക്കപ്പെട്ടു. പാക്കിസ്ഥാന്റെ കയ്യിൽ അകപ്പെട്ട കശ്മീരിന്റെ ഭാഗം അങ്ങനെ പാക് ഒക്കുപൈഡ് കശ്മീർ - POK ആയി മാറി. അന്ന് ഏകപക്ഷീയമായ വെടിനിർത്തൽ എന്ന ബ്ലണ്ടർ നെഹ്‌റു ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ഒരു പക്ഷെ ജമ്മു കാശ്‌മീർ ഇത്പോലെ അറുപതിലധികം കൊല്ലം നീണ്ടുനിന്ന തലവേദനയായി മാറുമായിരുന്നില്ല. താല്കാലികമാണ്, സ്വയം ഇല്ലാതായിപ്പോയ്ക്കോളും എന്ന് നെഹ്രു തന്നെ അന്ന് പറഞ്ഞ ആ 370ആം വകുപ്പായിരുന്നു ആ തലവേദനയുടെ ആണിക്കല്ല്. അതിന്റെ ബലത്തിലാണ് പാകിസ്ഥാൻ കശ്മീരിലെ ജനതയിൽ അരക്ഷിതാവസ്ഥ വളർത്തി ഇന്ത്യക്കെതിരെ തിരിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നത്. കാരണം ഇന്ത്യൻ പാർലമെന്റിന് കാശ്മീരിൽ അധികാരമൊന്നുമില്ലായിരുന്നു.

അതാണ് 2019 ഓഗസ്റ്റ് 5 മുതൽ മാറുന്നത്. മുകളിൽ പ്രതിപാദിച്ചതടക്കം, ഏറ്റവും പുതിയ UAPA ഭേദഗതിയും, NIA ഭേദഗതിയും അടക്കം ഇന്ന് വരെ ഇന്ത്യൻ പാർലമെൻറ്റ് പാസാക്കിയ എല്ലാ നിയമങ്ങളും, ഇനി മുതൽ ജമ്മു കാശ്മീരിലും ബാധകമാകും. ഇന്ത്യയിലെ മറ്റ് ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണവും സുരക്ഷിതത്വവും ഇനി മുതൽ ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഭ്യമാകും. അങ്ങനെ ജമ്മു കശ്മീർ ജനതയുടെ ജീവിതത്തിൽ പ്രത്യാശയുടെ പുതുയുഗപ്പിറവിയാണ് ഈ ആഗസ്റ്റ് 5ന് ഉണ്ടായിരിക്കുന്നത്.

ആർട്ടിക്കിൾ 370നെ എതിർക്കുന്നവർ അതിന് കാരണമായി മുകളിൽ വിവരിച്ച വലിയൊരു പട്ടിക തന്നെ അവതരിപ്പിക്കുമ്പോൾ ആ വകുപ്പ് നിലനിർത്തണം എന്ന് പറയുന്നവരോട് ആ വകുപ്പ് കൊണ്ട് കശ്മീർ ജനതക്ക് എന്ത് നേട്ടമാണ് ഇതുവരെ ഉണ്ടായത്, ഇനി ഉണ്ടാവാൻ പോകുന്നത് എന്ന് ചോദിക്കുമ്പോൾ വലിയൊരു മൂകത മാത്രമാണ് ഉത്തരം.

"അപ്പോൾ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണോ, അത് യു.എന്നിന്റെ പരിഗണനയിലുള്ള ഒരു അന്താരാഷ്ട്ര വിഷയമല്ലേ എന്ന്" എന്ന് ചോദിച്ച, ലോക്സഭയിൽ കോൺഗ്രസിനെ നയിക്കുന്ന അധീർ രഞ്ജൻ ചൗദരിയുടെ കോൺഗ്രസ് പാർട്ടിയടക്കം, ഇന്ത്യയിലെ ആദ്യ പ്രതിഷേധം കേരളത്തിലെ തേഞ്ഞിപ്പാലം പോസ്റ്റ് മാസ്റ്റർക്കെതിരെ നടത്തി പരിഹാസ്യരായ കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കം ആർട്ടിക്കിൾ 370 നെ അനുകൂലിച്ച് സംസാരിച്ചവരൊക്കെ ഒരു കാര്യം ശ്രദ്ധിക്കാതെ വിട്ട് കളഞ്ഞു. തങ്ങളുടെയും പാകിസ്ഥാന്റെയും നിലപാട് അത്ഭുതകരമാം വിധം ഒന്നാണ് എന്നത്. ജനം അത് കാണുന്നുണ്ടെന്ന് അവർ മറന്നു.

വാസ്തവത്തിൽ ആദ്യമായല്ല അങ്ങനെ സംഭവിക്കുന്നത്. ഇന്ത്യൻ സൈന്യം പാകിസ്താനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ ഇന്ത്യയോട് അതിന് തെളിവ് ചോദിക്കാൻ പാകിസ്ഥാന്റെ ഒപ്പം ഇവരെല്ലാമുണ്ടായിരുന്നു. പുൽവാമയിൽ നാല്പതോളം ഇന്ത്യൻ സൈനികർ പാക് തീവ്രവാദത്തിന്റെ രക്ത സാക്ഷികളായപ്പോൾ അത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ത്യൻ സർക്കാർ സ്വയം സൃഷ്ടിച്ചതാണെന്നും പാകിസ്ഥാനാതിൽ പങ്കില്ലെന്നുമുള്ള പാകിസ്താന്റെ വാദം ഒളിഞ്ഞും തെളിഞ്ഞും ആരോപിച്ചത് ഇതേ പാർട്ടികളായിരുന്നു.

Tailpiece: കാശ്മീരിൽ ബഹുഭൂരിഭാഗവും മുസ്ലിങ്ങൾ ആയത് കൊണ്ട്, ആർട്ടിക്കിൾ 370 പിൻവലിക്കുന്നത് ബിജെപിയുടെ മുസ്ലിം വിരുദ്ധതയാണ് കാണിക്കുന്നതെ ന്നാരോപിക്കുന്നവരെയും കണ്ടു. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്: കാശ്മീരിൽ എന്ത്കൊണ്ട് മുസ്ലിംങ്ങൾ മാത്രമായി എന്നതിന്, 30 കൊല്ലം മുൻപ് വരെ അവിടെയുണ്ടായിരുന്ന ഹിന്ദുക്കൾക്ക് - കാശ്മീരി പണ്ഡിറ്റുകൾക്ക് എന്ത് സംഭവിച്ചു എന്നതിന്. ഹിന്ദു പണ്ഡിറ്റുകൾ അടിച്ചൊടിക്കപ്പെട്ട അന്ന് ഇല്ലാതായതാണ് 'കശ്‍മീരിയത്തും' ആർട്ടിക്കിൾ 370 ന്റെ സാംഗത്യവും എന്ന് അവർ അറിയണം. കാശ്മീരിന് മാത്രമല്ല, ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ഭൂരിപക്ഷമുള്ള ലഡാക്കിനും ജമ്മുവിനും കൂടി ബാധകമായിരുന്നു ആർട്ടിക്കിൾ 370 എന്നും അവരറിയണം.

Saturday, June 15, 2019

Right to Education Act (RTE)ലെ ന്യൂനപക്ഷ പ്രീണനവും ഹിന്ദു വിരുദ്ധതയും.

ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ഉറപ്പ് വരുത്തുന്ന ഒരു വിപ്ലവകരമായ നിയമം 2009ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി - Right to Education Act - RTE - വിദ്യാഭ്യാസ അവകാശ നിയമം

6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ച നിയമമായിരുന്നു അത്.

നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത്‌ സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്‌, ആറ്‌ വയസ്സ്‌ കഴിഞ്ഞ കുട്ടി സ്‌കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ അവന്റെ വയസ്സിന്‌ അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്‌, 14 വയസ്സ്‌ കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവന്‌ അവകാശമുണ്ടായിരിക്കും, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ്‌ കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക്‌ മറ്റേതെങ്കിലും സർക്കാർ സ്‌കൂളിലേക്കോ എയ്‌ഡഡ്‌ സ്‌കൂളിലേക്കോ മാറ്റം ആവശ്യപ്പെടാം - ടി സി ഉടൻ നൽകേണ്ടതാണ്‌. അതിന്‌ കാലതാമസം വന്നാൽ സ്ഥാപനമേധാവി അച്ചടക്ക നടപടിക്ക്‌ വിധേയനാകും. ഇങ്ങനെ പോകുന്നു അതിലെ വകുപ്പുകൾ.

തീർച്ചയായും ബാലവേല പോലുള്ള സാമൂഹ്യ അനീതികൾ നിരുത്സാഹപ്പെടുത്തുവാനും,വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് കുറക്കാനും പ്രത്യേകിച്ച് പെണ്കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ പരിപോഷിപ്പിക്കാനും ധീരമായ ഒരു ചുവടുവെപ്പാണ്‌ ഈ നിയമം എന്നതിൽ തർക്കമില്ല.

പിന്നെ എന്താണ് RTE ക്കുള്ള പ്രശ്‍നം?

2018 മാർച്ച് 18ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു തീരുമാനമെടുത്തിരുന്നു. കർണാടകയിലെ ഹിന്ദുക്കളിലെ പ്രബല വിഭാഗമായ വീരശൈവ വിഭാഗത്തിൽ പെട്ട ലിംഗായത്തുകളെ ഹിന്ദുമതത്തിൽ നിന്ന് അടർത്തിമാറ്റി ‘ലിംഗായത്തിസം’ എന്ന പുതിയ ഒരു മതവിഭാഗമായി അംഗീകരിക്കാനും ആ മതവിഭാഗത്തിന് ന്യൂനപക്ഷ പദവി നൽകാനും തീരുമാനിച്ച ക്യാബിനറ്റ് തീരുമാനമായിരുന്നു അത്.

എന്തായിരിക്കും കോൺഗ്രസ് ലിംഗായത്തുകൾക്ക് കൊടുത്ത ആ 'ഓഫർ'ലെ ആകർഷകത എന്ന് എന്ന് ചിന്തിച്ചിട്ടുണ്ടോ.

ഹിന്ദുവല്ലാതായാൽ കിട്ടാൻ പോകുന്ന ആ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കാൻ ഒരു ശ്രമം നടത്താം:

മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് ആകർഷകമായി തോന്നത്തക്കവിധം, ഇതുവരെ ഇന്ത്യൻ ഭരണഘടന പ്രകാരം ആർക്കെങ്കിലും പ്രത്യേക പരിഗണന അല്ലെങ്കിൽ ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിച്ചിരുന്നുവെങ്കിൽ അത് എസ്.സി/എസ്.ടി , ഒബിസി വിഭാഗങ്ങൾക്ക് മാത്രമായിരുന്നു. അതാണ് വല്ലപ്പോഴുമൊക്കെ ചില വിഭാഗങ്ങൾ തങ്ങളെയും പിന്നോക്കക്കാരായി കാണണമെന്ന് പറഞ്ഞ് പ്രക്ഷോഭങ്ങൾ നടത്തിയ ചരിത്രമുള്ളത്.

അംബേദ്‌കർ അടക്കമുള്ള, 'ഇന്ത്യൻ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്ത പ്രകാരം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അസൂയയോടെയോ സ്പർദ്ധയോടെയോ നോക്കാൻ ഇടവരത്തക്ക വിധം, യാതൊരു പ്രത്യേകതകളും, അവകാശങ്ങളും ഒരു ന്യൂനപക്ഷ മതത്തിനും, ഒരു ഭൂരിപക്ഷ മതത്തിനും ഇതുവരെ ഇന്ത്യൻ ഭരണഘടന കൽപിച്ച് നൽകിയിരുന്നില്ല.

പിന്നെയെന്തായിരിക്കും പെട്ടെന്ന് ലിംഗായത്ത്കൾക്ക് 'ന്യൂനപക്ഷമത'മാവണെമെന്ന് തോന്നാനുള്ള പ്രചോദനം? 

എന്തായിരിക്കും 'ന്യൂനപക്ഷമതം' എന്ന പദവി വാങ്ങിത്തരാം എന്ന കോൺഗ്രസിന്റെ 'വാഗ്ദാനം' അവർക്ക് ആകർഷകമായി തോന്നലുള്ള കാരണം?

2004 മുതൽ 2014വരെ യുള്ള കാലഘട്ടത്തിൽ സോണിയ ഗാന്ധി നയിച്ച യുപിഎയുടെ സർക്കാരുകൾ ഭരണഘടനയിൽ എഴുതിച്ചേർത്ത ചില വകുപ്പുകളും, കൊണ്ടുവന്ന ചില നിയമങ്ങളും ആണ് ഈ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നതാണതിനുത്തരം.

അതെങ്ങിനെയെന്ന് നോക്കാം:

1. ഓർഡിനനൻസ് വഴി 'ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ' സ്ഥാപിക്കുന്നു.


2004 മെയ് മാസത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന്റെ ആദ്യത്തെ പണികളിലൊന്ന് National Commission for Minority Educational Institutions (NCMEI) എന്ന ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് മാത്രമായുള്ള ഒരു 'സൂപ്പർ ബോഡി' എന്ന് വേണമെങ്കിൽ പറയാൻ സാധിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനം സൃഷ്ടിക്കുക എന്നതായിരുന്നു. വെറും 145 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ്, അധികാരത്തിൽ വന്ന് വെറും അഞ്ച് മാസത്തിനുള്ളിൽ 2004 നവംബർ മാസത്തിൽ ഒരു ഓർഡിനനൻസ് വഴി അത്യധികം തിടുക്കത്തിലാണ് ആ നിയമം പാസാക്കിയതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

അതിന്റെ ചെയർമാനും, കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യുന്ന മറ്റ് രണ്ട് അംഗങ്ങളിൽ ആരും തന്നെയും ഒരു ഹിന്ദു ആവാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്ന അത്യന്തം വർഗീയമായ ഒരു നിയമമായിരുന്നു അത്. ആ നിയമം പാസായതോടെ മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NOC കൊടുക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുടെ അധികാരം NCMEI കവർന്നെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൈനോരിറ്റി പദവി ലഭിക്കുന്നതിനുള്ള അവസാന വാക്ക്, ഹിന്ദുക്കൾക്ക് വിലക്കുള്ള NCMEIയുടേതായി.

2. 93 )൦ ഭരണ ഘടന ഭേതഗതി - ആർട്ടിക്കിൾ 15 (5)

2004ൽ കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുൻപ് വരെ രാജ്യത്ത് നിലനിന്നിരുന്ന, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ചുള്ള പ്രധാന ‘ഗൈഡ് ലൈനു’കളിൽ ഒന്ന് TMA Pai v/s State of Karnataka എന്ന കേസിലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയായിരുന്നു. അതുപ്രകാരം ഒരു സ്വകാര്യ വ്യക്തി യാതോരുവിധ സർക്കാർ സഹായവുമില്ലാതെ തുടങ്ങി, നടത്തികൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമനവും റിസർവേഷനും അടക്കമുള്ള എല്ലാ കാര്യത്തിനും അയാൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. അത്തരം അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൈനോരിറ്റി - നോൺ മൈനോരിറ്റി എന്ന യാതൊരു വ്യത്യാസവും ഉണ്ടാവാൻ പാടില്ല എന്നും നിഷ്കർഷിച്ചിരുന്നു.

ഈ ഒരു നിയമത്തെ അട്ടിമറിക്കാനായിട്ടായിരുന്നു ആർട്ടിക്കിൾ 15 (5) എന്ന വകുപ്പ് ഭരണഘടനയിൽ എഴുതിച്ചേർക്കാനായി തൊണ്ണൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതി സോണിയ ഗാന്ധിയുടെ കൊണ്ഗ്രെസ്സ് സർക്കാർ 2005, അധികാരത്തിലെത്തി വെറും ഒരു കൊല്ലത്തിനുള്ളിൽ കൊണ്ടുവന്നത്. ഇത് പ്രകാരം മൈനോരിറ്റി ടാഗുള്ളതൊഴിച്ച് ഒഴിച്ച് ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിളിലും, അൺഎയ്ഡഡ് ആയാലും അല്ലെങ്കിലും സർക്കാരിന് ഇടപെടാം എന്ന് വന്നു.
അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ഇങ്ങനെ ആന്റി-ഹിന്ദു - പ്രൊ-മൈനോരിറ്റി ആയ, ഹിന്ദുക്കൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോവുക ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം ദുഷ്കരമാക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കി വച്ചതിലെ ദീർഘദർശിത്വം മനസ്സിലാവാൻ 2009 ൽ കോൺഗ്രസ് കൊണ്ടുവന്ന റൈറ്റ് ടു എഡ്യൂക്കേഷൻ RTE എന്ന നിയമം വരേണ്ടി വന്നു.

3. Right to Education Act (RTE)

2009 മെയ് മാസത്തിൽ അധികാരത്തിലെത്തിയ രണ്ടാം സോണിയ-മൻമോഹൻ സർക്കാർ വെറും മൂന്ന് മാസത്തിനുള്ളിൽ അതായത് 19 August 2009ന് Right to Education Act (RTE) എന്ന നിയമം പാസാക്കി. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലാവുമായിരുന്നതാണ് ഈ നിയമം. ഇതിലെ സർവ പ്രധാനമായ വ്യവസ്ഥ എല്ലാ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 25% സീറ്റ് സർക്കാരിന് അവകാശപ്പെട്ടതും, SC/SCT, OBC പോലുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി തുച്ഛമായ ഫീസിൽ സംവരണം ചെയ്യപ്പെട്ടതുമാണ് എന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട നിഷ്കർഷ നൂറു ശതമാനം സീറ്റിലും യാതൊരു വിധ സ്‌ക്രീനിങ്ങുകളും (ഇന്റർവ്യൂകൾ പോലുള്ള) നടത്താൻ പാടില്ല എന്നതാണ്. പിന്നെ ഇൻഫ്രാസ്ട്രക്ച്ചറിന്റെയും മറ്റും കാര്യത്തിലുള്ള കർശനമായ വ്യവസ്ഥകൾ. ഇത്രയും കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂട്ടിടാൻ സർക്കാരുകൾക്ക് കഴിയും എന്ന് ചുരുക്കം.


എത്ര പുരോഗമനപരമായ, വിപ്ലവകരമായ, സാമൂഹ്യ പ്രതിബദ്ധതയുള്ള നിയമം. അല്ലെ? ഇതിൽ എന്താണ് കുഴപ്പം?

പക്ഷെ ഈ നിയമം പാസായി തൊട്ട് പിന്നാലെ ഒരു സുപ്രീം കോടതി വിധി വന്നു. 

ഈ പറഞ്ഞ മനോഹരമായ, വിപ്ലവകരമായ വ്യവസ്ഥകളും RTE എന്ന നിയമം തന്നെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല എന്നതായിരിന്നു ആ വിധി! 

ഭരണഘടന പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുവിധ സർക്കാർ ഇടപെടലും ബാധകമല്ലത്രെ, അതുകൊണ്ട് സർക്കാർ കൊണ്ട് വന്ന RTE യും അവർക്ക് ബാധകമല്ലത്രെ, അത് കൊണ്ടുതന്നെ RTE നിഷ്കർഷിക്കുന്ന സാമൂഹിക ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഹിന്ദു മാനേജ്മെന്റുകളുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മാത്രമത്രേ ബാധകം.

ഭരണഘടന പ്രകാരം എന്ന് പറയുമ്പോൾ ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരം എന്ന് കൂടി അറിയണം. സോണിയാഗാന്ധിയും കൂട്ടരും അധികാരത്തിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ വളരെയധികം ധൃതിപ്പെട്ട് ചുട്ടെടുത്ത ആർട്ടിക്കിൾ 15 (5) എന്ന ഭരണഘടനാ വകുപ്പ് പ്രകാരം!

എങ്ങിനെയുണ്ട്!

അതായത്, ഹിന്ദു മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാത്രം 25% സീറ്റ് സർക്കാരിന് സ്വന്തം, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം ചെയ്യാനായി. 
അതായത്, ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 100% സീറ്റും അവർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവേശനം നടത്താം. 
അതായത്, സാമൂഹ്യ പ്രതിബദ്ധത ഹിന്ദുവിന്റെ മാത്രം ഉത്തരവാദിത്വം. 
അതായത്, സ്ഥാപനം ലാഭകരമായി നടത്താനുള്ള അവകാശം ന്യൂനപക്ഷങ്ങൾക്ക് മാത്രം.
അതായത്,  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങളുടെയും (ഇൻഫ്രാസ്ട്രക്ച്ചറിന്റെ) മറ്റും കാര്യത്തിലുള്ള കർശനമായ വ്യവസ്ഥകളും അടക്കമുള്ള RTE നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ചില്ല എന്ന പേരിൽ സർക്കാരുകൾക്ക് വിരട്ടാൻ പറ്റുക ഇനി മുതൽ ഹിന്ദു മാനേജ്മെന്റുകളെ മാത്രമായിരിക്കും.
അതായത്,  ന്യൂനപക്ഷ മാനേജ്മെന്റുകളെ മാത്രം തൊടാൻ സർക്കാരുകൾക്ക് അധികാരമില്ല. 

കാരണം?

2005ൽ സോണിയ ഗാന്ധി-മന്മോഹൻ സർക്കാർ കൊണ്ടുവന്ന ആർട്ടിക്കിൾ 15 (5) ഭേദഗതി പ്രകാരം, ന്യൂനപക്ഷ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നടത്തിപ്പിൽ ഇടപെടാനുള്ള സർക്കാരുകളുടെ  അധികാരം എടുത്ത് കളഞ്ഞു. അത് തന്നെ കാരണം. പിന്നീട് സുപ്രീം കോടതിയും അത് ശരിവച്ചു.

എങ്കിൽ പിന്നെ ഈ കർശന ഉപാധികളിൽ നിന്ന് ഒഴിവാവാനായി ഹിന്ദു മാനേജ്‌മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷ പദവിക്ക് അപേക്ഷിക്കാമെന്ന് വച്ചാലോ? ദാ അവിടെയും മുൻകൂട്ടി 'ചെക്ക് വച്ചിരിക്കുന്നു' : 

മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് NOC കൊടുക്കാനുള്ള അധികാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളിൽ നിന്ന് എടുത്ത് കളഞ്ഞു, പകരം അത് സോണിയ ഗാന്ധി-മന്മോഹൻ സർക്കാരിന്റെ തന്നെ മറ്റൊരു സൃഷ്ടിയായ NCMEI (ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ)ന് മാത്രമേയുളളൂ എന്നാക്കി, ആ കമ്മീഷനിലാണെങ്കിലോ ഒരു ഹിന്ദു അംഗമാവരുതെന്ന് വകുപ്പും ഉണ്ടാക്കി. 

എങ്ങിനെയുണ്ടെന്ന് നോക്കൂ. 

എത്ര 'വെൽ പ്ലാൻഡ്' ആയാണ് വിദ്യാഭ്യാസ മേഖലയിൽ ഹിന്ദു മാനേജ്മെന്റുകൾക്ക് ഒരു ലെവൽ പ്ലെയിങ് ഗ്രൗണ്ട് നിഷേധിച്ചിരിക്കുന്നതെന്ന് നോക്കൂ,

കരുത്തരായ ന്യൂനപക്ഷ മാനേജ്മെന്റുകളോട് മത്സരിക്കാൻ പോലുമാകാത്ത വിധം എങ്ങിനെയാണ് ഹിന്ദു മാനേജ്മെന്റുകളുടെ കൈ കാലുകൾ ബന്ധിച്ചിരിക്കുന്നതെന്ന് നോക്കൂ.

ഇതാണ് ഇന്ത്യൻ മോഡൽ  മതേതരത്വത്തിന്റെ ക്ലാസിക്കൽ ഉദാഹരണം. ഇനി ഭാവിയിൽ ഏതെങ്കിലും ഒരു സർക്കാർ ഈ തെറ്റ് തിരുത്തി എല്ലാ മാനേജ്മെന്റുകൾക്കും തുല്യ അവകാശം എന്ന അവസ്ഥ കൊണ്ടുവന്നാൽ അതായിരിക്കും വർഗീയത.

മുൻപ് അധികാരത്തിലെത്തിയപ്പോൾ ദിവസങ്ങൾക്കും മാസങ്ങൾക്കും ഉള്ളിൽ ഇതിനു വേണ്ടി നിലമൊരുക്കിയ സോണിയാഗാന്ധിയുടെയും അവരുടെ പുറകിലുള്ള ശക്തികളുടെയും ദീർഘ ദർശിത്വം ഇപ്പോൾ ഊഹിക്കാൻ പറ്റുന്നുണ്ടോ .

പിണറായിയുടെയും മമത ബാനർജിയുടെയും പോലുള്ള മതേതരത്വത്തിൽ സെര്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചില സർക്കാരുകൾ 'ചില പ്രത്യേക മാനേജ്മെന്റുകളുടെ' സ്കൂളുകളെ പൂട്ടിക്കും പൂട്ടിക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നത് ഈ നിയമത്തിന്റെ ബലത്തിലാണ്.

ഇപ്പോൾ മനസിലാവുന്നുണ്ടോ അന്ന് കർണാടകയിൽ ഏറ്റവും അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രബല വിഭാഗങ്ങളിൽ ഒന്നായ ലിംഗായത്തുകൾ ന്യൂനപക്ഷമത പദവിക്ക് വേണ്ടി പോരാടാൻ തയാറായതിലെ 'ഗുട്ടൻസ്' എന്തായിരുന്നുവെന്ന്.























നാളെ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലുള്ള ഹിന്ദുക്കളിലെ പ്രബല വിഭാഗങ്ങൾ ആയ SNDP, NSS എന്നിവർ ഈഴവരെയും നായന്മാരെയും പുതിയ ന്യൂനപക്ഷ മതമായി അംഗീകരിക്കണം എന്ന് പറഞ്ഞ് പ്രക്ഷോഭം തുടങ്ങാം. അപ്പോൾ ഇവിടുത്തെ പ്രമുഖ പാർട്ടികളായ LDFഓ UDFഓ അത് ചെയ്ത് കൊടുക്കാമെന്ന് വാഗ്ദാനവും കൊടുക്കാം. ഇവിടെ ബിജെപി ചിത്രത്തിലെ ഇല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 'ലിംഗായത്ത് പ്രത്യേക മതം. ബിജെപി വെട്ടിൽ' എന്ന് തലക്കെട്ട് കൊടുത്ത് നമ്മുടെ കണ്ണിൽ പൊടിയിടാൻ നോക്കിയ ബിജെപി വിരുദ്ധരെന്ന് നടിക്കുന്നവരുടെ തന്ത്രം ഇവിടെയാണ് മറനീക്കി പുറത്ത് വരുന്നത്.

മാതൃഭൂമിയിലെ ഈ വാർത്തയിൽ പറയുന്ന പോലെ ഈ വെട്ട് കൊണ്ടിരിക്കുന്നത് ബിജെപിക്കല്ല എന്നും, അവരുടെയൊക്കെ ആക്രമണം ബിജെപിക്കും ആർ.എസ.എസ്സിനും എതിരെ എന്ന വ്യാജേന യഥാർത്ഥത്തിൽ ഹിന്ദുവിനെതിരെയുള്ളതാണെന്നും, ഹിന്ദുവിനെ പല കഷണങ്ങളായി ചിതറിച്ച് ഇല്ലാതാക്കാനുള്ള, വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മനസിലാക്കാൻ വലിയ തന്ത്രജ്ഞതയുടെയൊന്നും ആവശ്യമില്ല.

സോണിയ ഗാന്ധിയുടെ കാർമികത്വത്തിൽ കൊണ്ട് വന്ന, പരസ്പരം കണ്ണിചേർന്നിരിക്കുന്ന മേൽപറഞ്ഞ മൂന്ന് നിയമങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ മതമായ ഹിന്ദുവിനെ തമ്മിലടിപ്പിച്ച്, ചിതറിച്ച്, ഇല്ലായ്മ ചെയ്യാനായി വിതറിയിരിക്കുന്ന വൈറസ് ആണ്. അത് രോഗമായി പുറത്ത് വന്ന ആദ്യ സംഭവമായിരുന്നു കർണാടക ലിംഗായത്ത് വിഷയം.

ഇത്രയും വിപ്ലവകരമായ ഒരു നിയമത്തിനെ അതിൽ അടിച്ചേപ്പിച്ചിരിക്കുന്ന ഈ ഒരു ന്യൂനപക്ഷ-ഭൂരിപക്ഷ വേർതിരിവ് എന്ന പുഴുക്കുത്തിനെ ഇല്ലാതാക്കി, അതിന്റെ ഗുണം പൂർണമായും എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉത്തരവാദിത്വം അടുത്ത സർക്കാരുകൾ ഏറ്റെടുക്കും എന്ന് പ്രത്യാശിക്കുന്നു. അതിന് വേണ്ടി ഭരണഘടന ഭേദഗതി വേണമെങ്കിൽ അങ്ങനെ. ഒരു ഭരണഘടന ഭേദഗതിയിലൂടെയാണല്ലോ ഇതിനെ ഇപ്പോഴത്തെ ഈ രൂപത്തിൽ എത്തിച്ചതും.

Wednesday, February 13, 2019

മോദി വിരോധവും ഗുജറാത്ത് കലാപവും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ - Part #4

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.



വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമായ  ഈ ലേഖനപരമ്പരയിലെ അവസാന ഭാഗം:

Patrt#4: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.


ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ വെറുപ്പിന്റെ അങ്ങേയറ്റത്ത് നിർത്തുന്നവർ കാണാതെ പോകുന്ന ഒരു വസ്തുതയാണ് അത് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും അധികം കലാപങ്ങൾ നടന്നിട്ടുള്ള സംസ്ഥാങ്ങളിൽ ഒന്നായിരുന്നു ഗുജറാത്ത് എന്നത്. അത് വരെ രാജ്യത്ത് നടന്നിട്ടുള്ള പ്രധാന വർഗീയ കലാപങ്ങളിൽ ആറോളം കലാപങ്ങൾ നടന്നത് ഗുജറാത്തിൽ ആണ്. 660 പേർ കൊല്ലപ്പെട്ട 1969 ലെ അഹമ്മദാബാദ് കലാപം, 208 ആളുകൾ മരിച്ച 1985 ലെ കലാപം, 219ഉം 441ഉം ജീവനുകൾ പൊലിഞ്ഞ യഥാക്രമം 1990ലെയും ‘92ലെയും കലാപങ്ങൾ എന്നിവ അവയിൽ ഏതാനും ചിലത് മാത്രം. ഗുജറാത്ത് സർക്കാരിന്റെ ഒരു റിപ്പോർട്ട് പ്രകാരം 1970 ശേഷം മാത്രം ചെറുതും വലുതുമായ 440ഓളം വർഗീയ കലാപങ്ങൾ ഗുജറാത്തിൽ നടന്നിട്ടുണ്ട്. ഈ കലാപങ്ങളെല്ലാം നടന്നത് കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നു. തൊണ്ണൂറുകളുടെ മദ്ധ്യം വരെ കോൺഗ്രസ് മാത്രമാണ് ഗുജറാത്ത് ഭരിച്ചിട്ടുള്ളത്. പക്ഷെ 2002ലെ കലാപത്തിന് ശേഷം ഒരു കലാപം പോലും ഗുജറാത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കോൺഗ്രസിന്റെ നയം തന്നെയായിരിക്കണം അവരുടെ ശക്തികേന്ദ്രമായിരുന്ന ഗുജറാത്തിലും തൊട്ടാൽ പൊട്ടുന്ന രീതിയിൽ ജനങ്ങളെ വർഗീയമായി ചേരിതിരിച്ചത്. അര നൂറ്റാണ്ടോളം നീണ്ട കോൺഗ്രസ് ഭരണത്തിന് കീഴിൽ കുട്ടികൾ തമ്മിലുള്ള വഴക്കുകളും, പട്ടം പറത്തുന്നതിലെ തർക്കങ്ങളും പോലുള്ള നിസാര സംഭവങ്ങൾ വരെ വലിയ കലാപങ്ങളായി മാറുന്ന 'റയട്ട്-പ്രോൺ' സംസ്ഥാനമായി ഗുജറാത്ത് മാറിയിരുന്നു. 



ഇപ്പോൾ 2017ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോലും ഹർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നീ നേതാക്കളെ മുന്നിൽ നിർത്തി പട്ടേൽ, ദളിത്, താക്കൂർ, ഹിന്ദു, മുസ്ലിം എന്നീ നിലകളിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് കൊണ്ഗ്രെസ്സ് ശ്രമിച്ചത്. മുൻപ് ഗുജറാത്തിലെ തങ്ങളുടെ സുവർണ്ണ കാലത്തും ഇതുപോലെത്തന്നെ ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിച്ച് നിർത്തി വോട്ട് ബാങ്കുകൾ ഉണ്ടാക്കിയായിരുന്നു കോൺഗ്രസ് അധികാരം നിലനിർത്തിയിരുന്നത്. ‘KHAM’ എന്നായിരുന്നു അന്നത്തെ വിഭജന ഫോർമുല. ക്ഷത്രീയ-ഹരിജൻ-ആദിവാസി-മുസ്ലിം എന്നതിന്റെ ചുരുക്കം ആയിരുന്നു ‘KHAM’. വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷുകാരിൽ നിന്ന് കോൺഗ്രസ് സ്വാംശീകരിച്ച ഒരു നയമായിരുന്നു. അത് കൊണ്ട് തന്നെ ഗുജറാത്തിനെ ഒരു കലാപ സാദ്ധ്യത കൂടിയ സംസ്ഥാനമാക്കി മാറ്റിയതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസിന് തന്നെയാണ്. 2002 കലാപത്തിന് ശേഷം മോദിയുടെ ഭരണ കാലത്ത് ഒരു കലാപം പോലും ഉണ്ടായിട്ടില്ല എന്നത് ആ വാദത്തിന് കൂടുതൽ ബലമേകുന്നു.

ഇന്ത്യയിൽ നടന്ന കലാപങ്ങളിൽ ഏറ്റവും കൂടുതൽ പേർ ശിക്ഷിക്കപ്പെട്ട കലാപം ആയിരുന്നു 2002ലേത്. ബഹുഭൂരിപക്ഷം കേസും നടന്നത് ബിജെപി സർക്കാരിന്റെ കീഴിൽ തന്നെയായിരുന്നു എന്നതും മോദിയെ കണ്ണടച്ച് വെറുക്കുന്നവർ അറിയണം. ബാബു ബജ്‌രംഗി, മായ കോട്നാനി എന്നീ നേതാക്കൾ ശിക്ഷിക്കപ്പെട്ടു. വംശഹത്യ എന്ന വാക്ക് എല്ലാ അർത്ഥത്തിലും ചേരുന്ന കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന 1984ലെ സിഖ് കൂട്ടക്കൊലയിലെ പ്രതികളായ കോൺഗ്രസ് നേതാക്കളായ സജ്ജൻ കുമാറും ജഗദിഷ് ടൈറ്റലറും പോലുള്ള പ്രതികൾ ഇന്നും ശിക്ഷിക്കപ്പെട്ടില്ല എന്നുമോർക്കണം.

ഇലക്ട്രോണിക്സ് മാധ്യമങ്ങൾ ആദ്യമായി ‘ലൈവ് കവറേജ്’ കൊടുത്ത ലഹളയായിരുന്നു 2002 ലെ ഗുജറാത്ത് കലാപം. കലാപം പടരാൻ അതും ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. ജസ്റ്റിസ് ഡി.എസ് തേവാഡിയ തന്റെ റിപ്പോർട്ടിൽ പറയുന്നത് മാധ്യമങ്ങൾ, പ്രത്യേകിച്ച് ഡൽഹിയിൽ നിന്നുള്ള ‘ഇംഗ്ലീഷ് പ്രസ്’, കലാപം റിപ്പോർട്ട് ചെയ്യുന്നതിൽ തുടക്കം മുതലേ തികച്ചും പക്ഷപാതപരമായ നിലപാടാണെടുത്തത് എന്നാണ്. ഗോദ്ര കലാപം ഒരു അപകടമാണെന്നും അതിന് ശേഷം നടന്ന കലാപം സർക്കാർ സ്‌പോൺസേർഡ് ആയിരുന്നുവെന്നുമായിരുന്നു അവരുടെ റിപ്പോർട്ടിങ്ങിന്റെ രീതി എന്നദ്ദേഹം നിരീക്ഷിക്കുന്നു. 


മാധ്യമങ്ങളുടെ ആ നിലപടിന്റെ ഒരുദാഹരമാണ് മോദി ഗുജറാത്ത് കലാപത്തെ ഗോദ്രയുടെ റിയാക്ഷൻ ആണെന്ന് പറഞ്ഞ് ന്യായീകരിച്ചു എന്ന പ്രചാരണം നടന്നത്. കലാപം നടന്നുകൊണ്ടിരിക്കുമ്പോൾ ‘സീ ന്യൂസി’ന് അദ്ദേഹം 10 മിനിറ്റ് അഭിമുഖം അനുവദിക്കുകയുണ്ടായി. അതിൽ സുധിർ ചൗധരി എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു " പ്രവർത്തനങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും ഒരു ‘ചെയിൻ-റിയാക്ഷ’നാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തരം എല്ലാ ‘ആക്ഷനുകളും റിയാക്ഷനുകളും’ തടയാനാണ് സർക്കാർ ശ്രമിക്കുന്നത്". ഇത് പക്ഷെ പ്രക്ഷേപണം ചെയ്തപ്പോൾ അവസാനത്തെ ഭാഗം മുറിച്ച് മാറ്റപ്പെട്ടു, ആദ്യത്തെ ഭാഗം ഇങ്ങനെയാക്കി മാറ്റി: "ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന കലാപം ഗോദ്ര തീവെപ്പിന്റെ റിയാക്ഷൻ ആണെന്ന് മുഖ്യമന്തി (ന്യായീകരിച്ചു)"!

മാധ്യമങ്ങളും എൻജിഒകളും സ്വയംപ്രഖ്യാപിത ലിബറലുകളും മാത്രം വിചാരിച്ചാൽ നിലനിർത്താൻ പറ്റുന്നതായിരുന്നില്ല ഒന്നര പതിറ്റാണ്ടോളം നീണ്ട് നിന്ന 'മോദി വേട്ട' എന്ന ശ്രമകരമായ പ്രക്രിയ. അതിനവരുടെ പുറകിൽ ശക്തമായ ഒരു അധികാര-സാമ്പത്തിക ശ്രോതസ്സ് വേണമായിരുന്നു. അതായിരുന്നു കോൺഗ്രസ് എന്ന അന്നത്തെ കേന്ദ്രം ഭരിച്ചിരുന്ന പാർട്ടി.

2002ൽ കലാപം നടന്നു. 2004 ആയപ്പോഴേക്കും കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. 2004ൽ 'ഇന്ത്യ തിളങ്ങുന്നു(ഷൈനിങ് ഇന്ത്യ) കാമ്പെയ്നുമായി' പൂർണ ആത്മവിശ്വാത്തിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അപ്രതീക്ഷിതമായി തോൽവി ഏറ്റുവാങ്ങിയതിന് കാരണമായി 2002ലെ ഗുജറാത്ത് കലാപത്തെ കാണുന്നവർ ഒരുപാടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആ കലാപത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കോൺഗ്രസ് ആണെന്ന് കാണാം. 

കോൺഗ്രസ് എന്ന ആ അധികാര-സാമ്പത്തിക ശ്രോതസ്സായിരുന്നു നീണ്ട പത്ത് വർഷത്തിനും മുകളിൽ മോദിക്കെതിരെയുള്ള വേട്ടയാടലിന് ആളും അർത്ഥവും ലഭ്യമാക്കിയത്. കോടതി അസാധുവാക്കിവിട്ട ബാനർജി കമ്മീഷൻ എന്ന കേന്ദ്ര സർക്കാർ സ്‌പോൺസേർഡ് കമ്മീഷനെ ഉപയോഗിച്ച് മോദിയെ പൂട്ടാൻ ശ്രമിച്ചത് മുതൽ, ടീസ്റ്റയെയും, സഞ്ജീവ് ബട്ടിനെയും, ആർ.ബി. ശ്രീകുമാറിനെയും, അരുന്ധതി റോയിയേയും പോലുള്ളവരെ ഉപയോഗിച്ചും, കോൺഗ്രസിന്റെ വാലാട്ടികളായ എൻഡിടിവി പോലുള്ള മാധ്യമങ്ങളെയും, ബർക്ക ദത്തും, രാജ്ദീപ് സർദേശായിയും പോലുള്ള പ്രമുഖ ജെർസണലിസ്റ്റുകളെ ഉപയോഗിച്ചും അവിശ്വനീയമായ 'കൺസിസ്റ്റൻസിയിലാണ്' ഒന്നര പതിറ്റാണ്ട് നീണ്ട മോദി വേട്ട കോൺഗ്രസ് നടത്തിയത്. 


കോൺഗ്രസ് മോദിയെ ലക്ഷ്യം വക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നു. ഇന്ന് ബിജെപിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഗുജറാത്ത് എന്നത്കൊണ്ട് തന്നെ എല്ലാവരും സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുതയാണ് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തുടർച്ചായി 50 വർഷത്തോളം ഗുജറാത്ത് അടക്കി വാണത് കോൺഗ്രസ് ആയിരുന്നു എന്നത്. ഇന്ന് ബിജെപിക്കെങ്ങിനെയാണോ ഗുജറാത്ത്, ഒരിക്കൽ കോൺഗ്രസിനും അങ്ങനെത്തന്നെയായിരുന്നു ഗുജറാത്ത്.

തൊണ്ണൂറുകളുടെ മധ്യത്തിൽ ആണ് കോൺഗ്രസിന്റെ ആ അധീശത്വം സാവധാനം ബിജെപി ചോദ്യം ചെയ്ത് തുടങ്ങുന്നത്. പക്ഷെ ചുരുങ്ങിയ ഇടവേളകളിൽ അധികാരം കിട്ടിയപ്പോഴൊക്കെ തമ്മിലടിച്ച് ക്ഷയിക്കുകയായിരുന്ന ബിജെപിയെ കൂറ്റൻ തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിക്കുന്നത് ആർ.എസ്.എസിൽ നിന്ന് നിയോഗിക്കപ്പെട്ട മോദി എന്ന പ്രചാരകൻ സംഘാടനത്തിന്റെ ചുമതലയേറ്റെടുത്തപ്പോഴായിരുന്നു.

മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ ബിജെപി ശക്തി പ്രാപിച്ചു. 1995വരെ ,ഒന്നോ രണ്ടോ വർഷം ഒഴിവാക്കിയാൽ, തുടർച്ചയായ കോൺഗ്രസ് ഭരണമായിരുന്നു ഗുജറാത്തിൽ. 1994ൽ മോദി ഗുജറത്തിലെ ബിജെപി ജനറൽ സെക്രെട്ടറിയാവുന്നു. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ 182ൽ 121 സീറ്റിന്റെ കൂറ്റൻ വിജയം നേടി ആദ്യമായി ഒരു സമ്പൂർണ ബിജെപി സർക്കാർ നിലവിൽ വരുന്നു. പിന്നെ അവിടുന്നിങ്ങോട്ടുള്ളത് ചരിത്രം. ബിജെപി എന്നാൽ ഗുജറാത്തും, ഗുജറാത്ത് എന്നാൽ മോദിയും എന്ന രീതിയിൽ മാറിയ ചരിത്രം!
  • നീണ്ട 50 വർഷക്കാലം തങ്ങളുടെ തറവാട്ട് സ്വത്ത് പോലെ സ്വന്തമാക്കി വച്ചിരുന്ന ഗുജറാത്തിനെ ചുരുങ്ങിയ സമയം കൊണ്ട് മാറ്റിമറിച്ച മോദി എന്ന രാഷ്ട്രീയ മാന്ത്രികൻ. 
  • ബിജെപിയുടെ ഭാഗധേയം മാറ്റിയെഴുതിയ അയോദ്ധ്യ പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടത്തിൽ 1990ലെ അദ്വാനിയുടെ സോംനാഥ്-അയോദ്ധ്യ രഥ യാത്രയുടെ വൻ വിജയത്തിന്റെ അണിയറിയയിലെ ശക്തി. 
  • 1991ൽ കാശ്മീരിലെ തീവ്രവാദികളുടെ വെല്ലുവിളി നേരിട്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ ഏകതാ യാത്ര നടത്തി ശ്രീനഗറിൽ ഇന്ത്യൻ പതാകയുയർത്തിയ കരുത്തനായ നേതാവ്. 
അങ്ങനെയുള്ള മോദിയിൽ തങ്ങളുടെ ഭാവി എതിരാളിയെ ഒരു പക്ഷെ സോണിയ ഗാന്ധി കണ്ടിരിക്കണം. അദ്ദേഹത്തെ ഒതുക്കാൻ കിട്ടിയ ആദ്യ അവസരം അവർ കൈമെയ് മറന്ന് ഉപയോഗിച്ചു. അതായിരുന്നു ഗുജറാത്ത് കലാപം.



എം.എൽ.എയായുള്ള മോദിയുടെ സത്യപ്രതിജ്ഞ നടന്നതിന്റെ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നടന്ന, ഗുജറാത്ത് കലാപത്തിന് കാരമാണമായ,  ഗോദ്ര തീവെപ്പിൽ ഒരുപാട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രതിപട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. എങ്കിലും കോൺഗ്രസിന് ഗോദ്രയിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് ഒരു വാദത്തിന് വേണ്ടി അവഗണിച്ചാൽ തന്നെ ഗുജറാത്ത് കലാപം ഒരുക്കിക്കൊടുത്ത സാഹചര്യത്തെ, ഭാവിയിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ഒരേയൊരു നേതാവായ മോദിയെ ഒതുക്കാനായി കോൺഗ്രസ് ഉപയോഗപ്പെടുത്തി എന്നത് വസ്തുതയാണ്.

പക്ഷെ ആളും അർത്ഥവും ഊർജ്ജവും സമയവും ഒരുപാട് ചിലവഴിച്ചിട്ടും കോൺഗ്രസിനതിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നത് ഇന്ന് നമ്മുടെ മുന്നിലുള്ള ചരിത്രമാണ്.

ഇങ്ങനെ നുണകളുടെ കൂമ്പാരത്തിന് മുകളിൽ കെട്ടിപ്പടുത്തതായിരുന്നു മോദിക്കെതിരെയുള്ള ഒന്നര പതിറ്റാണ്ടോളം നീണ്ട വേട്ടയാടൽ. അത് കൊണ്ട് തന്നെയാണ് വർഷങ്ങൾ എടുത്ത് നടത്തിയ, കേന്ദ്രഭരണവും അന്വേഷണ ഏജൻസികളും കോൺഗ്രിസിന്റെ ചൊൽപ്പടിക്ക് നിന്നിരുന്ന കാലത്ത്, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന നിരവധി അന്വേഷണങ്ങൾ അദ്ദേഹത്തെ സ്പർശിക്കാതെ പോയത്. 

അരുന്ധതിയേയും, ടീസ്റ്റയേയും പോലുള്ളവർ സൃഷ്ടിച്ച പുകമറയിൽ വസ്തുതകൾ കാണാതെ പോയവർ ആണ് ഇന്നും അദ്ധേഹത്തെ അതിന്റെ പേരിൽ വെറുക്കുന്നവർ. പക്ഷെ 2002ന് ശേഷം 12 വർഷം മുഖ്യമന്ത്രിയായും അതിന് ശേഷം ഇപ്പോൾ 5 വർഷം പ്രധാനമന്ത്രിയായും ഉള്ള നീണ്ട പതിനാറ് വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും മുസ്ലിം വിരോധം പോയിട്ട്, ഹിന്ദു-മുസ്ലിം പക്ഷപാതം പോലും ആർക്കും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെയാണ് സഫർ സരേഷ് വാലയെപ്പോലുള്ള ഒരിക്കൽ വെറുത്തിരുന്നവർ സത്യം തിരിച്ചറിഞ്ഞ് പിന്നീട് അദ്ധേഹത്തിന്റെ ആരാധകരായി മാറുന്നത്. ആ ഒഴുക്ക് ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു.

ഇനിയും അദ്ദേഹത്തെ വെറുക്കുന്ന ബാക്കിയുള്ളവരും വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തി തെറ്റിദ്ധാരണയിൽ നിന്നുണ്ടായ തങ്ങളുടെ വെറുപ്പിൽ നിന്ന് പുറത്ത് വരുമെന്ന് ആശിക്കാം. പതിനഞ്ച് വർഷം മുൻപ് നടന്ന ഒരു സംഭവത്തിൽ കേട്ടറിഞ്ഞ കള്ളങ്ങളും അർദ്ധസത്യങ്ങളുമായ പ്രചാരണങ്ങളും വച്ചല്ല, മറിച്ച് അന്നത്തെ വസ്തുതകളും അവിടുന്നിങ്ങോട്ടുള്ള ഇന്നുവരെയുള്ള നീണ്ട 17 വർഷത്തെ അദ്ധേഹത്തിന്റെ പ്രവർത്തനങ്ങളെ സ്വതന്ത്രമായി വിലയിരുത്തിയും വേണം അദ്ദേഹത്തെ വിധിക്കാൻ.

Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.


Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.


References:
  • “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India.
  • "Narendra Modi; A Political Biography" by Andy Marino, a British biographer.
  • https://en.wikipedia.org/wiki/2002_Gujarat_riots
  • https://en.wikipedia.org/wiki/Nanavati-Mehta_Commission
  • Various online portals.

Monday, February 11, 2019

മോദി വിരോധവും ഗുജറാത്ത് കലാപവും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ - Part #3

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ആരെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് 2002ൽ സംഭവിച്ച ഗുജറാത്തിലെ കലാപത്തിന്റെ പേരിൽ ആണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന പ്രതിച്ഛായ അദ്ദേഹത്തിൽ ചാർത്തപ്പെട്ടതും ഒരുപക്ഷെ അതിന്റെ ഒരു ഉപോൽപ്പന്നമായിട്ടായിരുന്നിരിക്കാം.

വെറുപ്പിന്റെയും ആരാധനയുടെയും മധ്യേയുള്ള വലിയൊരിടത്തിലെ അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഏതാനും ചില വസ്തുതകളിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമമാണ് ഈ ലേഖനപരമ്പര.



പാർട്ട് #3: ഗർഭിണിയും ശൂലവും മറ്റ് കല്ല് വച്ച നുണകളും, ചർച്ച ചെയ്യപ്പെടാതെ പോയ സത്യങ്ങളും.


ഗർഭിണി-ഭ്രൂണം-ശൂലം എന്നത് ഇന്ന് കപട മതേതര വാദികളെ പരിഹസിക്കാനുള്ള പ്രയോഗമായി മാറിയെങ്കിൽ 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമുള്ള ആദ്യ കാലഘട്ടങ്ങളിൽ അത് മുസ്ലിങ്ങൾക്കെതിരെയുള്ള വംശഹത്യ എന്ന സിദ്ധാന്തത്തിന് പിന്തുണ ലഭിക്കാൻ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട ഒരു പ്രയോഗമായിരുന്നു.

ഗുജറാത്ത് കലാപത്തിന്റെ ഭീകരത കുറച്ച് കാണിക്കുകയല്ല ഉദ്ദേശം. പക്ഷേ മറ്റ് ഏതൊരു ഹിന്ദു-മുസ്ലിം കലാപങ്ങളെപ്പോലെയും, ഇരു ഭാഗത്തും ജീവഹാനിയും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ച, ഇരു വിഭാഗത്തിനും വിവരണാതീതമായ ക്രൂരതകൾ നേരിടേണ്ടി വന്ന ഒരു കലാപത്തെ മുസ്ലിങ്ങൾക്കെതിരെ മാത്രമായി, ഭരണകൂടത്തിന്റെ ഒത്താശയിൽ നടന്ന ഒരു വംശഹത്യയായി ചിത്രീകരിച്ച്, അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ നടന്ന കുൽസിതശ്രമത്തെ മനസിലാക്കാനുള്ള പരിശ്രമമാണ് ഈ വൈകിയ വേളയിലെങ്കിലും വേണ്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട ഒരു കലാപത്തെ ഒരു വിഭാഗത്തിനെ മാത്രം ഉന്മൂലനം ചെയ്യുന്ന വംശഹത്യ എന്ന നിർവചനത്തിൽ പെടുത്തുന്നതെങ്ങിനെയാണ്?

ഗർഭിണി-ശൂലം കഥകൾ ആ ദുരുപദിഷ്ട ശ്രമത്തിന്റെ ഭാഗമായി ഉണ്ടായതായിരുന്നു. ഇന്ന് മോദിക്കെതിരെയുള്ള വെറുപ്പിന്റെ പ്രധാന കാരണമായ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള, ആ ഇമേജ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടത് എങ്ങിനെയാണ് എന്നതിന്റെ ഉദാഹരമായി ഇതിനെയെടുക്കാവുന്നതാണ്. ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവൻ ആവാഹിച്ച ഈ കഥയുടെ ഉത്ഭവവും അതിനെ തുടർന്നുള്ള സഞ്ചാരപഥവും ഒന്ന് ചികഞ്ഞു നോക്കുന്നത് മോദിക്കെതിരെ നടന്ന കരുതിക്കൂട്ടിയുള്ള വിദ്വേഷപ്രചാരണത്തി(hate-campaign)ന്റെ സ്വഭാവം മനസിലാക്കാൻ ഉപകരിക്കുന്നതായിരിക്കും.

ഒരു ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തി പുറത്തെടുത്തു എന്ന അതിഭീകരമായ കഥ ആദ്യമായി അച്ചടിക്കപ്പെടുന്നത് 2002 മാർച്ച് ആറാം തിയതി പുറത്ത് വന്ന ഒരു ബിബിസി റിപ്പോർട്ടിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ കൊണ്ടാണ് ബിബിസി ആ വാർത്ത കൊടുത്തത്,  'uncorroborated' എന്ന വാക്കാണ് അതിനുപയോഗിച്ചത്. അടുത്തതായി ഈ കഥ പരാമര്ശിക്കപ്പെടുന്നത് മാർച്ച് 20ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഹർഷ മന്ദാറിന്റെ ലേഖനത്തിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ ബിബിസി കൊടുത്ത  ആ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരിക്കുന്നു അത്. പിന്നീട് ഇന്ത്യൻ 'സെക്കുലർ മാധ്യമങ്ങൾ' ഒന്ന് മറ്റൊന്നിനെ ഉദ്ധരിച്ച് എന്ന രീതിയിൽ അതിനെ കാട്ട് തീ പോലെ പടർത്തി.

പിന്നീട് ഏപ്രിൽ 19ന് തെഹൽക വെബ്‌സൈറ്റിൽ വരുന്ന വർത്തയിലാണ് വ്യക്തികളുടെ പേരുകൾ വരുന്നത്. ഒരു സൈറ ഭാനു എന്ന സ്ത്രീ ആണ് സാക്ഷി എന്നും അവരുടെ ഭർതൃ സഹോദരി കൗസർ ബാനു ആണ് ഇതിലെ ഇര എന്നും  തെഹൽക എഴുതി. അരുന്ധതി റോയിയെ പോലുള്ള കപട സെക്കുലറിസ്റ്റുകൾ ലേഖനങ്ങൾ എഴുതി അതിന് ആധികാരികതയുടെയും വാസ്തവത്തിന്റെയും ലാഞ്ചന നൽകി. ഇതിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടി തെളിവ് നൽകാനായി പോലീസ് അരുന്ധതിയോട് ആവശ്യപ്പെട്ടു. പക്ഷെ തന്റെ അഭിഭാഷകൻ മുഖേന അവർ മറുപടി കൊടുത്തത് തന്നെ വിളിച്ച് വരുത്തി തെളിവ് ചോദിക്കാൻ പോലീസിനാധികാരമില്ല എന്നായിരുന്നു. തെളിവുണ്ടായാലല്ലേ അത് നൽകാൻ പറ്റൂ. 

  • നരോദ പാട്ടിയ എന്ന സ്ഥലപ്പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച, പിന്നീട് കള്ളം വെളിച്ചത്തായപ്പോൾ പരിഹാസ്യമായിപ്പോയ ഗർഭിണി-ശൂലം കഥയുടെ കഥയിതാണ്.

ഇതായിരുന്നു മോദിക്കെതിരെ നടന്ന മാധ്യമ-സെകുലർ-എൻജിഒ വേട്ടയുടെ രീതി, തെളിവ് നൽകി കുറ്റവാളികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല പലരുടെയും ഉദ്ദേശം. തെളിവില്ലെങ്കിലും ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുക അതിലൂടെ മോദിയെ തകർക്കാൻ നോക്കുക. ഇതായിരുന്നു രീതി.

സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) 2009ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കഥ കള്ളമാണെന്ന് തെളിയിച്ചു. പിന്നീട് ഒരു വർഷം കഴിഞ്ഞ് കൗസർ ഭാനുവിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോ.ജെ എസ് കനോരിയ എന്ന സർക്കാർ ഡോക്ടറും കോടതിയിൽ കൊടുത്ത മൊഴിയിൽ അത് ശരിവച്ചു. തീപൊള്ളലേറ്റ് മരിച്ച കൗസർ ബാനുവിന്റെ വയറ്റിൽ ഗർഭസ്ഥ ശിശു അതെ പോലെ തന്നെയുണ്ടായിരുന്നു എന്ന്. 



ഈ കഥയുടെ മറ്റൊരു പ്രയോക്താവായിരുന്നു മോദിക്കെതിരായ പോരാട്ടത്തിന് മുന്നിൽ നിർത്തപ്പെട്ടിരുന്ന ടീസ്റ്റ സെറ്റൽവാദ് എന്ന ‘ആക്ടിവിസ്റ്റ്’.

ഗർഭിണി-ശൂലം അടക്കമുള്ള കള്ളക്കഥകൾ ഉണ്ടാക്കിയതിനും കൃത്രിമമായി സാക്ഷികളെ ഉണ്ടാക്കാൻ ശ്രമിച്ചതിനും SIT അവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്.

  • അരുന്ധതി റോയ് പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മുൻ എംപിയായിരുന്ന ഇഷാൻ ജാഫ്രിയുടെ കൂടെ അവരുടെ മകളെയും അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നത്. അവർ ഔട്ട്ലുക്ക് മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ ആയിരുന്നു ഇത് പറഞ്ഞത്. പക്ഷെ അമേരിക്കയിൽ താമസിക്കുകയായിരുന്ന ജാഫ്രിയുടെ മകൻ തന്നെയാണ് ആ കള്ളം പൊളിച്ചത്. ജാഫ്രിക്ക് ഒരു മകളേയുള്ളൂവെന്നും തന്റെ ആ പെങ്ങൾ സംഭവം നടക്കുമ്പോൾ തന്റെ കൂടെ അമേരിക്കയിൽ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.



  • പ്രചുര പ്രചാരം ലഭിച്ച മറ്റൊരു കള്ളമാണ് ഹിന്ദുക്കളെ അവരുടെ പ്രതികാരം അല്ലെങ്കിൽ കോപം പുറത്ത് വിടാൻ അനുവദിക്കണമെന്ന് മോദി പോലീസ് മേധാവികളോട് പറഞ്ഞെന്നും, അതിനായി പൊലീസ് നടപടി പതുക്കെയാക്കാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി എന്നുമുള്ള ആരോപണം. പക്ഷെ അതുന്നയിക്കുന്നവർ സൗകര്യ പൂർവം ഒളിച്ച് വക്കുന്ന കാര്യമാണ് കലാപം നിയന്ത്രിക്കാനായി പോലീസും മറ്റ് സൈന്യങ്ങളും നടത്തിയ വെടിവെപ്പിൽ മരിച്ചവരിൽ നൂറിനടുത്ത് പേർ ഹിന്ദുക്കൾ ആയിരുന്നു എന്നത്. സർക്കാരിന്റെ നിലപടെന്തായിരുന്നു എന്നതിന് തെളിവായിരുന്നു അത്. 

കോൺഗ്രസ്കാരനായ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ 2005 മെയ് 11ന് പാർലമെന്റിൽ വച്ച റിപ്പോർട്ട് പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട കലാപത്തിൽ കലാപകാരികൾക്കെതിരെയുള്ള പോലീസ് വെടിവെപ്പിൽ മാത്രം കൊല്ലപ്പെട്ടത് 104 മുസ്ലിങ്ങളും 80 ഹിന്ദുക്കളും ആണ്. സർക്കാർ ഒത്താശയോടെ, മുസ്ലിങ്ങളെ മാത്രം തിരഞ്ഞു പിടിച്ച് കൊന്ന് നടത്തിയ വംശഹത്യ എന്ന് പ്രചരിപ്പിച്ച കലാപത്തിലെ ഔദ്യോഗിക സംഖ്യകളാണ് ഇതെന്ന് ഓർക്കണം.

  • കലാപം പൊട്ടിപ്പുറപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസിനെയും സൈന്യത്തെയും സർക്കാർ വിന്യസിച്ചതെന്ന ആരോപണം കൗശലപൂർവ്വമുള്ള മറ്റൊരു കള്ളമായിരുന്നു. ആരോപണപ്രകാരം 27 ആം തിയതി ഗോദ്ര തീവെപ്പ് നടക്കുന്നു, 28ന് കലാപം പൊട്ടിപ്പുറപ്പെടുന്നു, പക്ഷെ കലാപം നിയന്ത്രിക്കാനുള്ള സേനകളെ വിന്യസിക്കുന്നത് 1 ആം തിയതി മാത്രം. ഇതിലെ തിയതികളെല്ലാം വാസ്തവം തന്നെയാണ്. സർക്കാർ മനപ്പൂർവം മൂന്ന് ദിവസം വൈകിപ്പിച്ചു എന്ന് തന്നെയാണ് ഇത് കേൾക്കുന്ന ആർക്കും പെട്ടെന്ന് തോന്നുക. പക്ഷെ കലാപം തുടങ്ങിയത് ഫെബ്രുവരി മാസം 28ന് ആയിരുന്നുവെന്നും, ഫെബ്രുവരിയിൽ 28 ദിവസമേയുള്ളൂവെന്നും പിറ്റേ ദിവസം തന്നെയാണ് ഒന്നാം തിയതി എന്നും എത്ര പേർ ഓർക്കും! 

28ന് തന്നെ മോദി സൈന്യത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ പാർലമെന്റ് ആക്രമണത്തിന് ശേഷമുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ സൈന്യം പാകിസ്ഥാൻ ബോർഡറിലാണെന്നും അത്യാവശ്യമാണെങ്കിൽ ‘എയർ-ലിഫ്റ്റ്’ ചെയേണ്ടി വരുമെന്നും ഉപപ്രധാനമന്ത്രി അഡ്വാനി മോദിയെ അറിയിച്ചു. അന്ന് രാത്രി തന്നെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് ഗുജറാത്തിലെത്തി 10:30ന് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് രാത്രി തന്നെ ആദ്യത്തെ സൈനികൻ അഹമ്മദാബാദ് എയർപോർട്ടിൽ കാലുകുത്തി. 13 കമ്പനി പട്ടാളം പിറ്റേന്ന്, 1 ആം തിയതി നഗരത്തിൽ വിന്യസിക്കപെട്ടു.

ഈ പറഞ്ഞതിൽ നിന്നും സേനകളെ വിന്യസിക്കാൻ സർക്കാർ വൈകിച്ചു എന്നത് കള്ളപ്രചാരണമായിരുന്നു എന്ന് തെളിയുമ്പോൾ മറ്റൊരു കാര്യം കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം;

ഈ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തത് കോൺഗ്രസ് ആണെന്നിരിക്കെ ഗുജറാത്തിന്റെ മൂന്ന് അയൽ സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ അതാതിടത്തെ റിസർവ് പോലീസിനെ അയച്ച് തരണമെന്ന മോദിയുടെ സഹായാഭ്യർത്ഥന കണ്ട ഭാവം പോലും നടിച്ചില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയായിരുന്നു അവ. പിന്നീട് മഹാരാഷ്ട്രയിൽ നിന്ന് മാത്രം ചെറിയ സംഖ്യ പോലീസിനെ അയച്ചു. മോദിക്കെതിരെ ഏറ്റവും കൂടുതൽ പടനയിച്ച ദിഗ്‌വിജയ് സിങ് ആയിരുന്നു അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി. 

  • മോദി വിരോധികൾ വലിയ രീതിയിൽ പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗോദ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഹിന്ദുക്കളുടെ വികാരം ആളിക്കത്തിക്കാനായി പട്ടാപ്പകൽ വിലാപയാത്രയായി അഹമ്മദാബാദിലേക്ക് കൊണ്ട് പോയി എന്നത്. സത്യത്തിൽ സർക്കാർ, ജില്ലാ മജിസ്‌ട്രേറ്റ് ജയന്തി രവിയുമായി ചർച്ച നടത്തി എടുത്ത തീരുമാനപ്രകാരം 27ന് അർദ്ധരാത്രിയിൽ തന്നെയാണ് മൃതദേഹങ്ങൾ അഹമ്മദാബാദിൽ എത്തിച്ചത്. അവിടുത്തെ സിവിൽ സർജൻ സാക്ഷ്യപ്പെടുത്തിയത് പ്രകാരം വെളുപ്പിന് 3:30ന് മൃതദേഹങ്ങൾ അവിടെയെത്തി, അപ്പോൾ തന്നെ ഭൂരിഭാഗവും ബന്ധുക്കൾ ഏറ്റുവാങ്ങി. ഏറ്റുവാങ്ങാൻ ആളില്ലാതിരുന്ന 19 മൃതദേഹങ്ങൾ പിറ്റേന്ന് വിഎച്പിക്കാർ ഏറ്റുവാങ്ങി ആശുപത്രിയോട് ചേർന്ന് തന്നെ കൂട്ടസംസ്കാരം നടത്തി. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലെ ജസ്റ്റിസ് ബി.ജെ ഗണത്ര പുറപ്പെടുവിച്ച 2013 ഡിസംബർ 26ലെ ഉത്തരവിൽ ഈ വസ്തുതകൾ എല്ലാം രേഖപ്പെടുത്തിയിരുന്നു. 

ഇത്തരം കള്ളങ്ങൾക്കൊപ്പം ബോധപൂർവ്വം ചർച്ച ചെയ്യപ്പെടാതെ വിട്ട ചില വസ്തുതകളും ഉണ്ട്; 


എൻജിഒകളുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും പ്രചാരണത്തിൽ ഗുജറാത്ത് മുഴുവൻ കത്തുകയാണ് എന്ന പ്രതീതി ഉണ്ടാക്കിയപ്പോൾ വാസ്തവത്തിൽ ഏതാനും പോക്കറ്റുകൾ ഒഴിച്ച് സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ശാന്തമായിരുന്നു. വിവിധ അന്വേഷണ കമ്മീഷൻ റിപോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ ആകെയുള്ള 248 നഗരപ്രദേശങ്ങളും 18000 ഗ്രാമങ്ങളും എടുക്കുകയാണെങ്കിൽ വെറും 40ഓളം പ്രദേശങ്ങൾ മാത്രമാണ് കലാപബാധിതമായിരുന്നത്.

ചർച്ചകളിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റൊരു വസ്തുതയാണ് ഗോദ്രക്ക് ശേഷം നടന്ന, ഹിന്ദുക്കൾ ആക്രമണം അഴിച്ച് വിട്ട ആദ്യ ഘട്ടം കലാപം ശാന്തമായതിന് ശേഷം വീണ്ടും രണ്ടാം ഘട്ടം തുടങ്ങുന്നത് മുസ്ലിം വിഭാഗം സംഘടിച്ച് തിരിച്ചടിച്ചപ്പോഴാണ് എന്നത്. മാർച്ച് മാസം മദ്ധ്യത്തോടെ ബാപ്പുനഗർ, ബറൂച്ച്, മൊഡാസ എന്നിങ്ങനെയുള്ള മുസ്ലിം ശക്തികേന്ദ്രങ്ങളായ  സ്ഥലങ്ങളിൽ വലിയതോതിലുള്ള ആക്രമണമാണ് ഹിന്ദുക്കൾക്കെതിരെ നടന്നത്. മുസ്ലിങ്ങൾ മാത്രം ആക്രമിക്കപ്പെട്ട എന്ന സിദ്ധാന്തവുമായി ഒത്തുപോവില്ല എന്നതുകൊണ്ടാണ് കലാപത്തിന്റെ ഇത്തരം വശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയത്. 

കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി കലാപം അടങ്ങിയതിന് തൊട്ട് പുറകെ തന്നെ രാജി വച്ചിരുന്നു എന്നതും അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വസ്തുതയാണ്. കലാപത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി രാജി വക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ ചോരക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്നവർ വലിയ രീതിയിൽ ഉയർത്തി. സ്വന്തം പാർട്ടിയിൽ നിന്ന് പോലും എതിർ ശബ്ദങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം രാജിവച്ച് മന്ത്രി സഭ പിരിച്ച് വിട്ട് തന്നെ ജനങ്ങൾ വിധിക്കട്ടെ എന്ന് തീരുമാനമെടുത്തു. അത് വരെ അദ്ദേഹത്തിന്റെ രാജിക്ക് മുറവിളി കൂടിയവർ പെട്ടെന്ന് നിരായുധരായി എന്ന് മാത്രമല്ല പിന്നെയവർ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുറവിളികൂട്ടാൻ തുടങ്ങി. 

സർക്കാരിന്റെ പുനരധിവാസപ്രക്രിയക്ക് ലോകാരോഗ്യ സംഘടനയുടെയും (WHO) ഹൈക്കോടതിയുടെയും പ്രശംസ ലഭിച്ചിരുന്നു എന്നും കൂട്ടി വായിക്കണം. പരീക്ഷാ കാലമായത് കൊണ്ട് ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പ്രത്യേക ടൈം ടേബിൾ പ്രകാരം എസ്.എസ്.എൽ.സി പരീക്ഷക്കുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു സർക്കാർ. ജിഹാദി ഗ്രൂപ്പുകളുടെ പരീക്ഷ ബഹിഷ്കരിക്കണമെന്ന ആഹ്വനം തള്ളിക്കളഞ്ഞാണ് മുസ്ലിം വിദ്യാർത്ഥികൾ സർക്കാരിനൊപ്പം നിന്നത്.   

ഇതുപോലെ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് സ്ഥിരമായി ആവർത്തിക്കുന്ന പല സംഭവങ്ങളെയും, ചർച്ച ചെയ്യപ്പെടാതെ ബോധപൂർവം ഒഴിവാക്കിയ പല  വസ്തുതകളെയും അന്വേഷണ ബുദ്ധിയോടെ സമീപിച്ചാൽ മനസിലാക്കാൻ പറ്റുന്നത് കള്ളങ്ങളുടെയും അർദ്ധസത്യങ്ങളുടെയും അടിത്തറയിൽ പണിതുയർത്തിയതായിരുന്നു ഒന്നര പതിറ്റാണ്ടോളം നീണ്ട്നിന്ന മോദി വേട്ട എന്നാണ്. 

അത് മറ്റാരേക്കാളും നന്നായി അറിയാവുന്നത് ഗുജറാത്തിലെ ജനങ്ങൾക്ക് തന്നെയാണെന്നതിന്റെ തെളിവാണ് പിന്നീട് തുടർച്ചയായി മൂന്ന് വട്ടം അവർ മോദിയെ ഭരണം ഏൽപ്പിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാത്ത ഗുജറാത്ത് കലാപം മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിരുദ്ധർ പ്രചാരണായുധമാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല- ഗുജറാത്തികളുടെ അടുത്ത് ചിലവാകാത്ത ഈ കള്ളങ്ങളും അർദ്ധസത്യങ്ങളും ഗുജറാത്തൊഴിച്ചുള്ള മറ്റിടങ്ങളിൽ ചിലവാകും എന്നവർക്കറിയാം.

കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്ത് കലാപം ഇന്നും ബിജെപിക്കെതിരെ ഒരു വിഷയമായി പ്രയോഗിക്കപ്പെടുമ്പോഴും ഗുജറാത്തിൽ മാത്രം ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ അത് പ്രതിപാദിക്കുക കൂടി ചെയ്യാത്തതിനും കാരണം മറ്റൊന്നല്ല.

അടുത്ത ഭാഗത്തിൽ: ഗുജറാത്ത് 2002 ആരുടെ സൃഷ്ടി, നേട്ടവും കോട്ടവും ആർക്കെല്ലാം.

Part#1: ഗുജറാത്തിൽ കത്തിപ്പടർന്നത് ഗോദ്രയിൽ കൊളുത്തിയ തീ.


Part#2: ഗോദ്ര - എന്നെന്നും ഓർത്തിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കൊരു സമ്മാനം.


References:

  • “Narendra Modi: The Architect of a Modern State” by MV Kamat, a Journalist who had served as chairman of Prasar Bharati, editor of The Sunday Times, Washington correspondent for The Times of India. 
  • "Narendra Modi; A Political Biography" by Andy Marino, a British biographer. 
  • https://en.wikipedia.org/wiki/2002_Gujarat_riots 
  • https://en.wikipedia.org/wiki/Nanavati-Mehta_Commission 
  • Various online portals.