Saturday, February 29, 2020

ഡൽഹി കലാപം: വർഗീയകലാപങ്ങളെ ‘മുസ്ലിംവംശഹത്യ'യാക്കി മാറ്റുന്ന നിഷ്പക്ഷ മീഡിയ - പക്ഷെ 2002 അല്ല 2020


വർഗീയ ലഹളകളിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന മാധ്യമങ്ങൾ, പക്ഷെ 2002 അല്ലായിരുന്നു 2020.

രണ്ട് കൂട്ടർ തമ്മിലുള്ള അക്രമവും കൊള്ളിവെപ്പും കൊലപാതകവുമാണ് വർഗീയ കലാപം. ഇതിൽ രണ്ട് കൂട്ടർക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും - ജീവനും സ്വത്തിനും.

ഏതെങ്കിലും ഒരു കൂട്ടരെ മാത്രം തിരഞ്ഞു പിടിച്ച് ഉന്മൂലനം ചെയ്യാൻ നോക്കുന്നതാണ് വംശഹത്യ.

മിക്കപ്പോഴും ഭരണകൂടത്തിന്റെ മൗനാനുവാദവോ അല്ലെങ്കിൽ ആക്റ്റീവ് പിന്തുണയോ ഉണ്ടാവും ചരിത്രത്തിലെ ഏതൊരു വംശഹത്യക്ക് പുറകിലും. ഹിറ്റ്ലർ ജൂതന്മാർക്കെതിരെ നടത്തിയ 'ഹോളോകോസ്റ്റ്' ആണ് ലോക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വംശഹത്യ. ടർക്കിയിലെ ഓട്ടോമൻ മുസ്ലിം ഭരണകൂടം നടത്തിയ അർമേനിയൻ ഹോളോകോസ്റ്റ് ആണ് മറ്റൊന്ന്. 60 ലക്ഷം ജൂതമതക്കാരെയാണ് ഹിറ്റ്ലർ കൊന്നൊടുക്കിയതെങ്കിൽ, തുർക്കിയിലെ ഒട്ടോമൻസ് കൊന്നൊടുക്കിയത് 15 ലക്ഷത്തോളം അർമേനിയൻ ക്രിസത്യൻ മത വിശ്വാസികളെയാണ്.

നമ്മുടെ ഇന്ത്യയിലും ലക്ഷണമൊത്ത വംശഹത്യ നടന്ന രണ്ട് സന്ദർഭങ്ങൾ ഉണ്ട്:

ഒന്ന് ഇന്ദിരഗാന്ധിയെ സിഖ്മതവിശ്വാസികളായ അവരുടെ രണ്ട് അംഗരക്ഷകർ വെടിവെച്ച് കൊന്നതിന് പ്രതികാരമായി കോൺഗ്രസ് പാർട്ടി നേരിട്ട് നടത്തിയ 1984ലെ സിഖ് കൂട്ടക്കൊലയാണ് ഒന്ന്. 

രണ്ടാമത്തേത് കശ്മീർ വാലിയിൽ നിന്ന് മുസ്ലിം തീവ്രവാദികൾ 90കളിൽ ഹിന്ദു പണ്ഡിറ്റുകളെ തുടച്ച് നീക്കിയത്.

ഇതിലെല്ലാം ഒറ്റ കൂട്ടർ മാത്രമാണ് ഇരകൾ എന്ന് കാണാവുന്നതാണ്. 

എന്നാൽ വർഗീയ ലഹളകളിൽ അങ്ങനെയല്ല, അക്രമത്തിൽ ഏർപ്പെടുന്ന രണ്ട് പക്ഷത്തിനും ഏകദേശം തുല്യമായ നാശ നഷ്ടം ആയിരിക്കും. ഏതെങ്കിലും ഒരു കൂട്ടർ മാത്രം ഇരകൾ എന്ന് പറയാൻ പറ്റില്ല. 

പക്ഷെ നമ്മുടെ മതേതര മീഡിയക്ക്, ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്ക് ഏകദേശം തുല്യമായ നാശനഷ്ടങ്ങൾ സംഭവിച്ച ഗുജറാത്ത് കലാപവും ഇപ്പോഴത്തെ ഡൽഹി കലാപവുമാണ് വംശഹത്യ. 


ഡൽഹിയിൽ കൂട്ടർ തമ്മിലുള്ള കലാപമാണ് നടന്നത്. CAA (പൗരത്വ നിയമ ഭേദഗതി) വിരുദ്ധരും അനുകൂലികളും എന്ന് തുടങ്ങിയ കലാപം, മുസ്ലിം- ഹിന്ദു കലാപം ആയി മാറുകയായിരുന്നു. ഈ വസ്തുത മറച്ച് വച്ച്, 'മുസ്ലിമുകൾക്കെതിരെ മാത്രം നടക്കുന്ന ആസൂത്രിതമായ കലാപം' എന്ന് നമ്മുടെ മീഡിയ പ്രചരിപ്പിക്കാൻ നോക്കുകയാണുണ്ടായത് 2002 ലെ ഗുജറാത്ത് കലാപ സമയത്ത് മീഡിയ വിജയകരമായി പ്രയോഗിച്ച തന്ത്രമായിരുന്നു അത്. പക്ഷെ 2002 അല്ലായിരുന്നു 2020. 'പള്ളി പൊളിക്കുന്നു' എന്ന തരത്തിലുള്ള ഏഷ്യാനെറ്റുകളുടെയും, പിആർ സുനിലുമാരുടെയും വ്യാജപ്രചാരണങ്ങൾ ഇന്ന് 2020ൽ സോഷ്യൽ മീഡിയയുടെ കരുത്ത് കൊണ്ട്    മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കപ്പെട്ടു.  അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ സന്ദർശന സമയത്ത് തന്നെ ഇങ്ങനെയൊരു കലാപം നടക്കണമെന്ന് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയത് CAA വിരുദ്ധ - മുസ്ലിം വിഭാഗം ആണെന്ന വസ്തുത വരെ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നമ്മുടെ 'നിഷ്പക്ഷ മതേതര' മീഡിയയുടെ ഭാഗത്തുനിന്നുണ്ടായത്.

ഡൽഹി കലാപത്തിലെ മരണങ്ങളുടെ ഡീറ്റെയിൽസ് ഫെബ്രുവരി 27ന് ഡൽഹി പോലീസ് പുറത്ത് വിട്ടിരുന്നു:

അത് പ്രകാരം,
  • മുസ്ലിമുകൾക്കെതിരെ നടന്ന വംശഹത്യ എന്ന് മീഡിയ പറയുന്ന കലാപത്തിൽ 15 മുസ്ലിമുകൾ മരിച്ചപ്പോൾ 10 ഹിന്ദുക്കൾ കൊല്ലപ്പെട്ടു.
  • മുസ്ലിമുകൾക്കെതിരെ നടന്ന വംശഹത്യ എന്ന് മീഡിയ പറയുന്ന കലാപത്തിൽ ഹിന്ദുവായ പോലീസ്കാരൻ കലാപകാരികൾ വെടിവച്ചു കൊന്നു.
  • മുസ്ലിമുകൾക്കെതിരെ നടന്ന വംശഹത്യ എന്ന് മീഡിയ പറയുന്ന കലാപത്തിലാണ്, ഹിന്ദുവായ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനെ 400ലധികം പരിക്കുകളോടെ കൊല്ലപ്പെട്ടത്. ആം ആദ്മി പാർട്ടിയുടെ മുസ്ലിം ആയ എംഎൽഎക്കെതിരെ അടക്കമാണ് അതിൽ കേസെടുത്തിരിക്കുന്നത്.

ഇനി രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന കലാപം, രണ്ട് കൂട്ടർക്കും തുല്യമായി നാശനഷ്ടം സംഭവിച്ച കലാപം, ഇതിനെ എങ്ങനെയാണ് നമ്മുടെ മീഡിയ മുസ്ലിമുകൾക്കെതിരെ മാത്രമായി നടന്ന വംശഹത്യ ശ്രമം എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നതെന്ന് നോക്കാം.

  • രണ്ട് കൂട്ടർക്കും നാശനഷ്ടം സംഭവിച്ചിരിക്കുമ്പോൾ മുസ്ലിമുകളുടെ വീടുകളിൽ മാത്രം പോയി അവരുടെ കണ്ണീർക്കഥകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്യുക എന്നതാണ് ഒരു ടെക്നിക്. ഹിന്ദുക്കൾക്ക് ഉണ്ടായ സമാന നാശനഷ്ടങ്ങളെ തമസ്കരിക്കുക. നിരന്തരം ഇത് കാണുന്ന പ്രേക്ഷകന്റെ ഉപബോധ മനസ്സിൽ മുസ്ലിമുകൾ മാത്രമാണ് ഇരകൾ എന്ന് കോറിയിടപ്പെടുന്നു. ഗുജറാത്ത് കലാപ റിപ്പോർട്ടിങ്ങിൽ പരീക്ഷിച്ച് വിജയിച്ച ടെക്നിക് ആണിത്.

  • വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയെ കുറിച്ച് നിരന്തരം റിപ്പോർട്ടിങ് നടത്തിയ മീഡിയ പക്ഷേ ഹിന്ദുവായ ഒരു ഇന്റലിജിൻസ് ഓഫീസറെ താലിബാൻ മോഡലിൽ ചിത്രവധം ചെയ്ത് കൊന്ന കേസിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട, കേസ് എടുക്കപ്പെട്ട താഹിർ ഹുസൈൻ എന്ന AAP നേതാവിനെ കുറിച്ച് കാര്യമായ മൗനം പാലിച്ചത്. ഈ രണ്ട് പേരുകളിൽ ഏതാണ് നിങ്ങൾ കൂടുതൽ കേട്ടതെന്ന് ആലോചിച്ചാൽ മാത്രം മതി.

  • പോലീസിനെതിരെ തോക്ക് ചൂണ്ടിയ ആളുടെ മുസ്ലിം ഐഡന്റിറ്റി അധികൃതർ പുറത്ത് വിട്ടപ്പോൾ, ഷാരൂഖ് എന്നാണ് അയാളുടെ പേരെന്ന് പുറത്ത് വന്നപ്പോൾ, NDTV യിലൂടെ അയാളുടെ മുഖച്ഛായ ഉള്ള മറ്റൊരു ഹിന്ദു പേര്കാരനാണ് അതെന്ന വ്യാജ പ്രചാരണം അഴിച്ച് വിടപ്പെട്ടത്.

  • സ്വന്തം മുസ്ലിം ഐഡന്റിറ്റി പറഞ്ഞ് മുസ്ലിം കലാപകാരികളിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന മലയാളികളായ റിപ്പോർട്ടർ പോലും ജയ് ശ്രീ റാം വിളിച്ച് വരുന്നവരെ കുറിച്ച് മാത്രം റിപ്പോർട്ട് ചെയ്യുന്നത്. "ഹം കേരൾ കാ മീഡിയ ഹും, മുസ്ലിം ഹും" എന്ന് നിലവിളിച്ച്  ഐഡി കാർഡ് കാണിച്ച് കൊടുത്ത് മുസ്ലിം കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ നോക്കുന്ന മീഡിയ വൺ ചാനലിന്റെ ലൈവ് വീഡിയോ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ വിഡിയോ ആയിരുന്നു. അത് പുറത്ത് വന്നില്ലായിരുന്നുവെങ്കിൽ കലാപകാരികൾ എല്ലാവരും ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെടുന്ന ഹിന്ദു കലാപകാരികൾ ആണെന്ന മലയാള മതേതര റിപ്പോർട്ടർമാരുടെ ഏകപക്ഷീയമായ, പക്ഷപാതാരമായ റിപ്പോർട്ടുകൾ വിശ്വസിക്കാൻ ജനം നിര്ബന്ധിതമാവുമായിരുന്നു.



  • ഏതെങ്കിലും പള്ളി കത്തിച്ചു എന്ന വ്യാജ വാർത്ത നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.


ഇങ്ങനെയാണ് നമ്മുടെ നിഷ്പക്ഷ മതേതര മീഡിയ വർഗീയ കലാപങ്ങളെ മുസ്ലിം വംശഹത്യയാക്കി മാറ്റുന്നത്.

ഇങ്ങനെ ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മുസ്ലിമുകൾ മാത്രമാണ് ഇരകൾ എന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു അവർ. ഇത്പോലെ :


പക്ഷെ 2002 അല്ലായിരുന്നു 2020. 2020ൽ  മണിക്കൂറുകൾക്കുള്ളിൽ വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയുടെ കരുത്ത് കൊണ്ട് പൊളിച്ചടുക്കാൻ സാധിച്ചു. ഏഷ്യാനെറ്റ് പോലെയൊരു വമ്പൻ മീഡിയക്കും, മീഡിയ വണ്ണിനും കലാപസമയത്തെ വ്യാജ വാർത്തകളുടെ പേരിൽ പ്രക്ഷേപണം നിർത്തിവക്കേണ്ടി വന്നു ഇത്തവണ. 2002 ഗുജറാത്ത് കലാപ സമയത്തും സമാനമായ വൻതോതിലുള്ള വ്യാജപ്രചണമാണ് നടന്നത്. ഇന്ത്യയിൽ ട്വിറ്ററും ഫേസ് ബുക്കും ഉപയോഗത്തിൽ വന്നത് 2008 -09 കളിൽ മാത്രമാണ്. അത്കൊണ്ട് തന്നെ ഏഷ്യാനെറ്റ്കൾക്കും, പിആർ സുനിൽമാർക്കും, രാജ്ദീപ് സർദേശായിമാർക്കും, റാണ അയ്യൂബ് മാർക്കും ഒറ്റ ദിവസത്തിനുള്ളിൽ നുണകൾ പൊളിയുന്ന ഇന്നത്തെ ദുര്യോഗം അന്നുണ്ടായിരുന്നില്ല.

ഗോദ്രയിൽ 56 അയോദ്ധ്യ കര്സേവകരെ കൊന്നതിന്റെ പിന്നാലെ തുടങ്ങിയ കലാപം 300 ലധികം ഹിന്ദുക്കളും 700 നടുത്ത് മുസ്ലിമുകളും കൊല്ലപ്പെട്ട രണ്ട് കൂട്ടർ കൊണ്ടും കൊടുത്തും നടത്തിയ വർഗീയ കലാപം ആയിരുന്നപ്പോൾ, അതിനെ മുസ്ലിം വംശ ഹത്യ എന്ന് പറഞ്ഞ അതെ 'മതേതര നിഷ്പക്ഷ' മീഡിയയാണ് ഇത്തവണ ഡൽഹിയിലും സമാന തന്ത്രം പരീക്ഷിച്ചത്. പക്ഷെ മെയിൻ സ്ട്രീം മീഡിയയുടെ കയ്യിൽ ആധിപത്യം ഉണ്ടായിരുന്ന 2002 അല്ല, സോഷ്യൽ മീഡിയ അരങ്ങു വാഴുന്ന 2020 എന്ന് അവർക്ക് ഇത്തവണ മനസിലായി.

കലാപം കലാപമാണ്. കൊല്ലപ്പെടുന്ന മുസ്ലിമിനും കൊല്ലപ്പെടുന്ന ഹിന്ദുവിനും ഒരേ വേദനയാണ്, അവരുടെ കുടുംബങ്ങൾക്ക് ഒരേ ദുഖമാണ്, ജീവനോപാധി നഷ്ടപ്പെടുന്ന ഹിന്ദുവിനും മുസ്ലിമിനും ഒരേ നഷ്ടമാണ്. അത് ആ സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്യുക എന്നതാണ് മാധ്യമ ധർമ്മം. പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ മതേതര പട്ടം ചാർത്തിയ മീഡിയ മുസ്ലിമിന്റെ വേദനയും നഷ്ടവും മാത്രം പർവ്വതീകരിക്കുന്നു. അത് ഭാവിയിലേക്കുള്ള മറ്റ് കലാപങ്ങൾക്കുള്ള ഇന്ധനമായി മാറുന്നു. ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകളും കോടതികളും എടുത്ത് പറഞ്ഞതാണ് കലാപം രൂക്ഷമാക്കുന്നതിലെ മീഡിയയുടെ പങ്ക്.

ഭാവിയിൽ എങ്കിലും ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാൻ, വർഗീയ ലഹളകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പക്ഷപാതം കാണിക്കാൻ കഴിയാത്ത രീതിയിൽ, ഇന്ത്യൻ മീഡിയയെ നേർവഴിക്ക് നടത്താൻ പര്യാപ്തമായ നടപടികൾ സർക്കാരുകൾ എടുക്കും എന്ന് പ്രത്യാശിക്കാം.

Tuesday, February 25, 2020

#FakeNews - മോദിവേട്ടയിലെ പ്രധാന ആയുധം. രാജ്ദീപ് സർദേശായിയും മാപ്പ് പറയുമ്പോൾ.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ജേർണലിസ്റ്റ്കളിൽ ഒരാളാണ്, ഇപ്പോൾ ഇന്ത്യ ടുഡേയിൽ പ്രവർത്തിക്കുന്ന ശ്രീമാൻ രാജ്ദീപ് സർദേസായി. അദ്ദേഹം പ്രമാദമായ ഒരു കേസിൽ വ്യാജ റിപ്പോർട്ടിങ് നടത്തി അഥവാ ‘fake news’ പരത്തി എന്ന കേസിൽ കോടതിയിൽ മാപ്പ് പറഞ്ഞ്, തുടർനടപടികളിൽ നിന്ന് ഒഴിവായി എന്ന ഒരു വാർത്ത ഈ ജനുവരി മാസത്തിൽ പുറത്ത് വന്നിരുന്നു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അങ്ങനെയൊരു വാർത്ത കണ്ടതായി പോലും നടിച്ചില്ല.

'സൊറാബുദ്ധിൻ വ്യാജ ഏറ്റുമുട്ടൽ കേസ്' എന്ന കേസിൽ ആയിരുന്നു രാജ്ദീപിന്റെ ‘ഫേക് റിപ്പോർട്ടിങ്’. രാജ്യത്തിൻറെ വിവിധ കോണുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും ഒരു കേസല്ലായിരുന്നു ഇത്, ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുള്ള കേസുകളിലൊന്നായിരുന്നു 'സൊറാഹ്ബുദ്ധിൻ ഫെക് എൻകൗണ്ടർ' എന്ന ഈ കേസ്.



ഗുജറാത്ത്‌ കലാപത്തിന്റെ പേരിലായിരുന്നു മോദിയെ പൂട്ടാൻ സോണിയ ഗാന്ധിയും അവരുടെ ഭൂതഗണങ്ങളും പഠിച്ച പണി പതിനെട്ടും നോക്കിയതെങ്കിൽ, അന്നും ഇന്നും എന്നും മോദിയുടെ വലംകൈ ആയ അമിത് ഷായെ അവർ കുരുക്കാൻ നോക്കിയത് 'സൊറാഹ്ബുദ്ധിൻ കേസ്' എന്ന ഈ കള്ളക്കേസിൽ ആയിരുന്നു.

കോൺഗ്രെസ് കേന്ദ്രം ഭരിക്കുന്ന അന്ന്, ഈ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്യാനും പിന്നീട് രണ്ട് വാർഷത്തോളം ഗുജറാത്തിൽ നിന്ന് നിഷ്ക്കാസിതനാക്കാനും സോണിയക്കും കൂട്ടർക്കും കഴിഞ്ഞിരുന്നു.

ദാവൂദ് ഇബ്രാഹിം ആയിപ്പോലും ബന്ധമുണ്ടായിരുന്ന ഗുജറാത്തിലെ സൊറാഹ്ബുദ്ദിൻ ഷെയ്ക് എന്ന ഒരു കൊടുംക്രിമിനൽ 2005 ൽ ഒരു പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് അമിത് ഷാ ആയിരുന്നു ആഭ്യന്തര മന്ത്രി എന്ന ഒറ്റ കാരണത്തിന്റെ പിൻബലത്തിൽ അതിനെ ഒരു വ്യാജ ഏറ്റുമുട്ടലും, അമിത് ഷായെ അതിലെ പ്രധാന പ്രതിയുമാക്കി കോൺഗ്രെസ് വേട്ടയാടി.

കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിൽ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ നടന്ന നിരവധി മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലകളിൽ ഏതെങ്കിലും ഒന്നിൽ പ്രതിയാക്കി അറസ്റ്റ് ചെയ്താൽ എങ്ങിനെയിരിക്കും. അതായിരുന്നു അന്ന് ഗുജറാത്തിൽ സംഭവിച്ചത്.



2007ൽ CNN-IBNൽ എഡിറ്റർ-ഇൻ-ചീഫ്ആയിരിക്കുമ്പോൾ സൊറാബുദ്ദിൻ കേസിനെ ആസ്പദമാക്കി രാജ്ദീപ് സർദേശായി ചെയ്ത ’30 Minutes - Sohrabuddin, The Inside Story’ എന്ന പ്രോഗ്രാമിലാണ് ഇപ്പോൾ മാപ്പ് പറയാൻ ഇടയായ കാര്യങ്ങൾ സംപ്രേക്ഷണം ചെയ്തത്. സൊറാബുദ്ദിൻ കേസ് അന്വേഷിക്കുകയായിരുന്ന ഹൈദരാബാദ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം വ്യാജ നമ്പർ പ്ളേറ്റുകൾ ഉള്ള കാറുകൾ സംഘടിപ്പിച്ച് സൊറാബുദിനെ ഗുജറാത്ത് പൊലീസിന് കൈമാറി അവിടെ വച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നു എന്ന പച്ചക്കള്ളമായിരുന്നു ചാനലിലൂടെ രാജ്ദീപ് സർദേശായി പ്രചരിപ്പിച്ചത്. അതിനെതിരെ ഹൈദരാബാദ് SIT കൊടുത്ത കേസിലാണ് ഇപ്പോൾ അദ്ദേഹത്തിന് നാണം കേട്ട് മാപ്പ് പറയേണ്ടി വന്നത്.

കോൺഗ്രെസ് വളർത്തി വലുതാക്കിയ ‘ഏകോസിസ്റ്റ’ത്തിലെ പ്രമുഖ ഇത്തിൾക്കണ്ണികളായിരുന്ന ഇവിടുത്തെ ഭൂരിഭാഗം വരുന്ന ലിബറൽ മാധ്യങ്ങളും മോദിക്കെതിരെയുള്ള കോൺഗ്രെസിന്റെ യുദ്ധത്തിലെ മുന്നണിപ്പോരാളികളായിയിരുന്നു. ‘നീര റാഡിയ ടേപ്പ് വിവാദം’ പോലുള്ള പ്രമാദമായ കേസുകളിൽ കയ്യോടെ പിടികൂടപ്പെട്ടിട്ടും ബർക്ക ദത്തിനെ പോലുള്ള വമ്പൻ ജേർണലിസ്റ്റുകൾ ഒരു പോറലുപോലുമേൽക്കാതെ ഇന്നും വിരാജിക്കുന്നതിന്റെ കാരണവും അവർ ആ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നു എന്നതുകൊണ്ടാണ്. ഇന്ത്യയിലെ പ്രാദേശിക കക്ഷികളേക്കാൾ ശുഷ്കിച്ച അവസ്ഥയിലായിട്ടും അവാർഡ് വാപസിയും അസഹിഷ്ണുത കാമ്പെയിനും പോലുള്ള മോദിവിരുദ്ധ നാടകങ്ങൾ വലിയ വിഷയമാക്കി മാറ്റാൻ കൊണ്ഗ്രെസ്സിനു കഴിഞ്ഞതിന്റെ കാരണവും ഈ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ്.


രാജ്ദീപ് സർദേശായിയുടെ സേവനം, മോദി-അമിത് ഷാ വേട്ടയിൽ കോൺഗ്രെസിന് ലഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇത്തരം മോദിക്കും ബിജെപിക്കുമെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് കോൺഗ്രെസ് നടത്തിയ ആദ്യത്തെയോ അവസാനത്തെയോ വ്യാജ വാർത്ത ആയിരുന്നില്ല ഇത്.

ഗുജറാത്ത് കലാപത്തെ മുൻനിർത്തി ഒന്നര പതിറ്റാണ്ടോളം നീണ്ടു നിന്ന കോൺഗ്രസിന്റെ മോദി വേട്ടയിലെ ‘കോൺഗ്രസ് ഏകോസിസ്റ്റ’ത്തിന്റെ പ്രധാന ആയുധങ്ങളിലൊന്ന് വ്യാജ വാർത്തകൾ തന്നെയായിരുന്നു.

അക്കാലത്ത് വളരെയധികം പ്രചുരപ്രചാരം ലഭിച്ചിരുന്ന, ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവൻ ആവാഹിച്ച ‘ഗർഭിണി-ശൂലം’ കഥ ആ ഗണത്തിലെ പ്രധാനപ്പെട്ട ഒരു വ്യാജ വാർത്തയായിരുന്നു.

ഒരു ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തി പുറത്തെടുത്തു എന്ന അതിഭീകരമായ കഥ ആദ്യമായി അച്ചടിക്കപ്പെടുന്നത് 2002 മാർച്ച് ആറാം തിയതി പുറത്ത് വന്ന ഒരു ബിബിസി റിപ്പോർട്ടിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ കൊണ്ടാണ് ബിബിസി ആ വാർത്ത കൊടുത്തത്, 'uncorroborated' എന്ന വാക്കാണ് അതിനുപയോഗിച്ചത്. അടുത്തതായി ഈ കഥ പരാമര്ശിക്കപ്പെടുന്നത് മാർച്ച് 20ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഹർഷ മന്ദാറിന്റെ ലേഖനത്തിലാണ്. തെളിവില്ലാത്തതും ഉറപ്പില്ലാത്തതുമാണെന്ന് പറഞ്ഞ്‌ ബിബിസി കൊടുത്ത ആ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരിക്കുന്നു അത്. പിന്നീട് ഇന്ത്യൻ 'സെക്കുലർ മാധ്യമങ്ങൾ' ഒന്ന് മറ്റൊന്നിനെ ഉദ്ധരിച്ച് എന്ന രീതിയിൽ അതിനെ കാട്ട് തീ പോലെ പടർത്തി.

പിന്നീട് ഏപ്രിൽ 19ന് തെഹൽക വെബ്‌സൈറ്റിൽ വരുന്ന വർത്തയിലാണ് വ്യക്തികളുടെ പേരുകൾ വരുന്നത്. ഒരു സൈറ ഭാനു എന്ന സ്ത്രീ ആണ് സാക്ഷി എന്നും അവരുടെ ഭർതൃ സഹോദരി കൗസർ ബാനു ആണ് ഇതിലെ ഇര എന്നും തെഹൽക എഴുതി. അരുന്ധതി റോയിയെ പോലുള്ള കപട സെക്കുലറിസ്റ്റുകൾ ലേഖനങ്ങൾ എഴുതി അതിന് ആധികാരികതയുടെയും വാസ്തവത്തിന്റെയും ലാഞ്ചന നൽകി. ഇതിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടി തെളിവ് നൽകാനായി പോലീസ് അരുന്ധതിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ തന്റെ അഭിഭാഷകൻ മുഖേന അവർ മറുപടി കൊടുത്തത് തന്നെ വിളിച്ച് വരുത്തി തെളിവ് ചോദിക്കാൻ പോലീസിനാധികാരമില്ല എന്നായിരുന്നു. തെളിവുണ്ടായാലല്ലേ അത് നൽകാൻ പറ്റൂ.

സുപ്രീം കോടതി നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) 2009ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കഥ കള്ളമാണെന്ന് തെളിയിച്ചു. പിന്നീട് ഒരു വർഷം കഴിഞ്ഞ് കൗസർ ഭാനുവിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോ.ജെ എസ് കനോരിയ എന്ന സർക്കാർ ഡോക്ടറും കോടതിയിൽ കൊടുത്ത മൊഴിയിൽ അത് ശരിവച്ചു. തീപൊള്ളലേറ്റ് മരിച്ച കൗസർ ബാനുവിന്റെ വയറ്റിൽ ഗർഭസ്ഥ ശിശു അതെ പോലെ തന്നെയുണ്ടായിരുന്നു എന്ന്.

നരോദ പാട്ടിയ എന്ന സ്ഥലപ്പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച, പിന്നീട് കള്ളം വെളിച്ചത്തായപ്പോൾ പരിഹാസ്യമായിപ്പോയ ‘ഗർഭിണി-ശൂലം കഥ’യുടെ കഥയിതാണ്.



ഇതായിരുന്നു മോദിക്കെതിരെ നടന്ന മാധ്യമ-സെകുലർ-എൻജിഒ വേട്ടയുടെ രീതി. തെളിവ് നൽകി കുറ്റവാളികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല പലരുടെയും ഉദ്ദേശം. തെളിവില്ലെങ്കിലും ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുക അതിലൂടെ മോദിയെ തകർക്കാൻ നോക്കുക. ഇതായിരുന്നു രീതി.

അരുന്ധതി റോയ് പ്രചരിപ്പിച്ച മറ്റൊരു കള്ളമായിരുന്നു ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട മുൻ എംപിയായിരുന്ന ഇഷാൻ ജാഫ്രിയുടെ കൂടെ അവരുടെ മകളെയും അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നത്. അവർ ഔട്ട്ലുക്ക് മാഗസിനിൽ എഴുതിയ ഒരു ലേഖനത്തിൽ ആയിരുന്നു ഇത് പറഞ്ഞത്. പക്ഷെ അമേരിക്കയിൽ താമസിക്കുകയായിരുന്ന ജാഫ്രിയുടെ മകൻ തന്നെയാണ് ആ കള്ളം പൊളിച്ചത്. ജാഫ്രിക്ക് ഒരു മകളേയുള്ളൂവെന്നും തന്റെ ആ പെങ്ങൾ സംഭവം നടക്കുമ്പോൾ തന്റെ കൂടെ അമേരിക്കയിൽ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗുജറാത്ത് കലാപത്തിന്റെ കാര്യത്തിൽ അമ്പേ പരാജയപ്പെട്ടിട്ടും അന്ന് തുടങ്ങിയ, വ്യാജ വാർത്തകൾ കൊണ്ട് യുദ്ധം ചെയ്യുക എന്ന ആ പരിപാടി കോൺഗ്രസ് ഇനിയും ഉപേക്ഷിച്ചിട്ടില്ല. ഇന്നത് CAAയുടെ പേരിൽ നടക്കുന്ന വമ്പൻ നുണപ്രചാരണത്തിൽ എത്തി നിൽക്കുന്നു അത്.