Friday, August 21, 2015

അയോധ്യയിലെ ബാബറി മസ്ജിദും അബുദാബിയിലെ അമ്പലവും!

അബുദാബിയിലെ അമ്പല നിർമ്മാണ പ്രഖ്യാപനവും, അയോധ്യ-ബാബറി മസ്ജിദ് പ്രശ്നത്തെ അതുമായി താരതമ്യപ്പെടുത്തിയും, അതിനു മറുപടി പറഞ്ഞും ഉള്ള കഴിഞ്ഞ ദിവസങ്ങളിലെ നെടുനീളൻ ഫേസ്ബുക്ക് ചർച്ചകൾ പിന്തുടർന്നപ്പോൾ ശ്രദ്ധയിൽപെട്ട ഒരു കാര്യം എല്ലാവരുമായും പങ്കു വച്ചാൽ കൊള്ളാമെന്നു തോന്നി.

ബാബറിമസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഹൃദയത്തിലേറ്റ ആ മുറിവ് ഒരു വിധം മുസ്ലിം സഹോദരന്മാർക്കെല്ലാം ഇന്നും വേദന വിട്ടുമാറാത്ത ഒന്നാണ് എന്ന് നമ്മെ വിഷമത്തോടെ ഓർമപ്പെടുത്തുന്നതായി ഈ സംഭവ വികാസങ്ങൾ. തങ്ങളുടെ പോസ്റ്റുകളിലും കമന്റുകളിലും ഇതിൽ സംഘപരിവാറിനോടുള്ള അരിശം മുഴുവം തീർക്കുമ്പോഴും, അതിനു അങ്ങേയറ്റം മോശം ഭാഷ ഉപയോഗി ച്ചവർ അടക്കം അവരെല്ലാം പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 

അതായത് സംഘപരിവാറിന്റെ ഈ ചെയ്തിയിൽ പൊതു ഹിന്ദു സമൂഹത്തെ അവർ കുറ്റപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല ഇന്ത്യയിൽ നൂറ്റാണ്ടുകൾക്കു മുൻപ് അവരുടെ മസ്ജിദുകളും പള്ളികളും നിർമിക്കാൻ ഭൂമിയും സൌകര്യങ്ങളും ചെയ്തു കൊടുത്തത് ഈ നാട്ടിലെ ഹിന്ദു സമൂഹം ആണെന്ന് അഭിമാനത്തോടുകൂടി പറയുകയും ചെയ്യുന്നു. ഇവിടുത്തെ ഹിന്ദു ജനതയുടെ വിശാല മതേതര സ്വഭാവ വൈശിഷ്ട്യം ഇല്ലായിരുന്നെകിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കം ഉള്ള മതന്യുനപക്ഷങ്ങളുടെ അവസ്ഥ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്നും പറയാൻ അവർ മടിക്കുന്നില്ല.

ഇവിടെ കാണേണ്ട കൗതുകരമായ ഒരു പൊരുത്തക്കെടാണ് ഈ പോസ്റ്റിന്റെ വിഷയം.

ഒരു വർഗീയതക്കും ഇടകൊടുക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആത്മാർഥത കാണിക്കുന്ന ഒരു കൂട്ടം ആളുകൾ. പതിനായിരക്കണക്കിണോ അല്ലെങ്കിൽ ലക്ഷക്കണക്കിണോ എണ്ണം വരുന്ന അവരുടെ ആരാധനാലയങ്ങൾ ഒരു പോറല് പോലും ഏല്ക്കാതെ കാലങ്ങളായി നിലനില്ക്കുന്ന സാഹചര്യത്തിൽ അതിൽ ഒരു ആരാധനാലയം തകർക്കപ്പെട്ടതിനെ തീർത്താൽ തീരാത്ത ദുഖമായി ഇന്നും കൊണ്ട്നടക്കുന്നവർ. എന്ത് കൊണ്ടായിരിക്കും ഇതേ മനോദുഃഖം അതിനെക്കാളും എത്രയോ അധികം കാലങ്ങളായി കൊണ്ട് നടക്കുന്ന,  അവരുടെ പൂർവികരോട് നന്മ കാണിച്ച, ഒരു വലിയ ജനവിഭാഗത്തിന്റെ വേദന അവർക്ക് മനസിലാകാതെ പോയത്.

അതിൽ അവരെ ഒരു തരിമ്പു പോലും കുറ്റം പറയാൻ പറ്റില്ല എന്നതാണ് ഇവിടുത്തെ കൗതുകം. അയോധ്യ-ബാബറി മസ്ജിദ്  വിഷയം സംഘപരിവാർ-ബിജെപി രാഷ്ട്രീയവുമായി മാത്രം ബന്ധപ്പെട്ടു ഉയര്ന്നു വന്ന എന്തോ ഒരു പുതിയ കാര്യം ആണെന്ന അടിയുറച്ച ബോധ്യം അവർക്കുണ്ട്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക എന്നുള്ളത് പൊതു ഹിന്ദു സമൂഹത്തിനു പ്രത്യേകിച്ച് ഒരു വൈകാരിക വിഷയം അല്ല എന്നവർ കലർപ്പില്ലാതെ വിശ്വസിക്കുന്നു. കാരണം നമ്മൾ പഠിച്ച ചരിത്ര പാഠപുസ്തകങ്ങൾ അങ്ങനെയാണ് കാര്യങ്ങളെ  നമുക്ക് കാണിച്ചു തന്നത് അല്ലെങ്കിൽ ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചു വച്ചത്.




തങ്ങൾ ബാബറി മസ്ജിദ് വിഷയത്തിൽ ഏതാനും പതിറ്റാണ്ടുകളായി മാത്രം അനുഭവിക്കുന്ന അതെ മനോവ്യഥ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം തകർക്കപെട്ടത്തിൽ ഇവിടുത്തെ അവരുടെ സഹോദരന്മാർ നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും, ഈ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം അത്തരത്തിൽ തകർക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാണെന്നും അവർക്ക് വിശ്വസനീയമായ രീതിയിൽ പറഞ്ഞു കൊടുക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആ ക്ഷേത്രം പുനർ നിർമിക്കാൻ ഒരു ഹിന്ദു പോലും വേണ്ടി വരില്ലായിരുന്നു എന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.

പക്ഷെ നിർഭാഗ്യവശാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തെ അരനൂറ്റാണ്ടോളം നയിച്ച, ഇടതു പക്ഷത്തെക്കാൾ വലിയ സോഷ്യലിസ്റ്റ്‌ ആയ നെഹ്രുവിന്റെ  ഇന്ത്യ, ചരിത്രത്തിലെ ഇത്തരം കറുത്ത അധ്യായങ്ങളെ മറച്ചു വച്ചും കപട-മതേതരത്വത്തിന്റെ വെള്ളപൂശിയും പാഠപുസ്തകങ്ങളിലൂടെ പുതുതലമുറകളുടെ ക്ലാസ് മുറികളിൽ എത്തിച്ചപ്പോൾ സംഭവിച്ചത് രാജ്യത്തിന്റെ യഥാർത്ഥ ചരിത്ര അറിയാതെ പഠിച്ചിറങ്ങുന്ന തലമുറകളെ സൃഷ്ടിക്കുകയായിരുന്നു. അജ്ഞതയെക്കാൾ അപകടകരം ആണ് അൽപ-ജ്ഞാനം എന്നതിലെക്കാണ് അത് രാജ്യത്തെ കൊണ്ടെത്തിച്ചത്.  

ഇന്റർനെറ്റും ഗൂഗിളും വിക്കിപീടിയയും ഒന്നുമില്ലാത്ത ആ കാലത്ത് സർക്കാർ കൊടുത്ത പാഠപുസ്തകം മാത്രം പഠിച്ചു വളർന്ന സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ പുതു തലമുറകൾ ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിച്ച മഹ്മുദ് ഗസ്നിയും മുഹമ്മദ്‌ ഗോറിയും പോലുള്ള വൈദേശിക ആക്രമണകാരികളേയും  അവർ ചെയ്ത ക്ഷേത്ര ധ്വംസനങ്ങളും  കൊള്ളയും കൂട്ടക്കൊലകളും അറിഞ്ഞില്ല.
സെൻട്രൽ ഏഷ്യയിൽ നിന്നും ഇന്ത്യയെ ആക്രമിക്കാൻ വന്ന ചെങ്കിസ്ഖാന്റെ വംശ പരമ്പരയിൽപെട്ട ബാബർ എന്ന അക്രമിയെ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ മാത്രമായി പരിചയപ്പെടുത്തി, അവരുടെ പാഠ പുസ്തകങ്ങൾ.

അവരുടെയെല്ലാം കേരള പതിപ്പായ ടിപ്പു സുൽത്താൻ ബ്രിട്ടിഷുകരോട് പോരാടിയ വീരപുത്രൻ മാത്രം ആയി മാറി. അയാൾ സൌത്ത് ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും നടത്തിയ ‘ടിപ്പുവിന്റെ പടയോട്ടം’ എന്ന പേരിൽ (കു)പ്രസിദ്ധി നേടിയ വർഗീയമായ അക്രമ പരമ്പരകളും ക്ഷേത്രം തകർക്കലുകളും ചരിത്ര പുസ്തകങ്ങളിൽ നിന്ന് മാഞ്ഞു പോവുകയാണുണ്ടായത്.  




ഇനി ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലും എന്ന പോലെ ഇന്ത്യയിലും അധികാരത്തിലിരുന്നവർ വിവിധ ഉദ്ധെശ ലക്ഷ്യങ്ങളോടെ ഒളിച്ചു വച്ച പല ചരിത്ര വസ്തുതകളും ഇന്റർനെറ്റ്കൊണ്ടുവന്ന വിവര വിസ്ഫോടനത്തിൽ ആവശ്യക്കാര്ക്ക് മുന്നിലേക്ക്വരുന്നതായരിന്നു. ഇങ്ങനെ കൂടുതൽ ആളുകളിലേക്ക്‌ എത്തിപ്പെട്ട മധ്യ/മധ്യ-പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ നേരിട്ട ഇസ്ലാമിക ആക്രമണത്തിനെക്കുറിച്ചുള്ള അറിവുകളെ പക്ഷെ സംഘപരിവാറിന്റെ ശാഖയിൽ പഠിപ്പിച്ച കാര്യങ്ങൾ ആണെന്ന് പറഞ്ഞു അവഗണിക്കുന്ന സാഹചര്യം ആണ് ഇന്ത്യയിൽ ഉയർന്നു വന്നത്.

ഒരു പുതിയ സാഹചര്യം ആണ് അയോധ്യ-ബാബറി മസ്ജിദ് വിഷയത്തെ ഇത്ര ചൂടുള്ളതാക്കി നിലനിർത്തുന്നത്. തങ്ങളുടെ നാടിനെ പുറത്തു നിന്ന് വന്നു ആക്രമിച്ച ഒരു വ്യക്തിയുടെ പേരിൽ അയാൾ പൊളിച്ചു കളഞ്ഞ ഒരു ക്ഷേത്രത്തിനു മുകളിൽ പണിതിരുന്ന ഒരു നിർമിതിയായിരുന്നു ബാബറി മസ്ജിദ് എന്ന് കാര്യകാരണ സഹിതം ഇവിടുത്തെ മുസ്ലിം സമുദായത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയാൽ തീരാവുന്ന ഒരു പ്രശ്നമേ ഉള്ളു ഇത്.  മുൻപ് രാജീവ്ഗാന്ധിയും ചന്ദ്രശേഖറും പ്രധാനമന്ത്രിമാർ ആയിരുന്നപ്പോൾ ലക്ഷ്യത്തിനു വളരെ അടുത്തെതിയതായിരുന്നു. ഒരു പക്ഷെ ദുബായിലെ പ്രസംഗത്തിൽ മോഡി പറഞ്ഞത് പോലെ അദ്ധേഹത്തെകൊണ്ടു ചെയ്തു തീര്ക്കാൻ പൂർവികർ ബാക്കി വച്ച ഒരുപാട് നല്ല കാര്യങ്ങളിൽ ഒന്നായിരിക്കും അയോധ്യ പ്രശ്നവും എന്ന് നമുക്ക് പ്രത്യാശിക്കാംബംഗ്ലാദേശ് അതിര്ത്തി പ്രശ്നത്തിലും നാഗ-കലാപകാരികളുടെ കാര്യത്തിലും അദ്ധേഹത്തിന്റെ സർക്കാർ കൈകൊണ്ട നടപടികൾ അത്തരം ഒരു സാധ്യതയിലെക്കുള്ള ചൂണ്ടുപലക ആണെന്ന് വിശ്വസിക്കാം.

താല്പര്യമുള്ളവർക്ക് ഇന്റർനെറ്റിലോ ലൈബ്രറികളിലോ അന്വേഷിച്ചു സ്വയം ബോധ്യപ്പെടനായി വിഷയവുമായി ബന്ധപെട്ട ഒന്ന് രണ്ടു ചരിത്ര സൂചികകൾ പറയാം.

  • അവിഭക്ത ഇന്ത്യ നേരിട്ട ആദ്യത്തെ ഇസ്ലാമിക അധിനിവേശം എന്ന് പറയാവുന്ന AD 700 കളിലെ, ഇറാഖിൽ നിന്ന് വന്ന മുഹമ്മദ്ബിൻ കാസിം സിന്ധ് മേഖലകളിൽ നടത്തിയ  ആക്രമണം.
  • അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മഹ്മുദ് ഗസ്നിയാണ് അടുത്തത്. വർഷത്തിൽ ഒരിക്കൽ ഇന്ത്യ ആക്രമിച്ചു കൊള്ളയടിക്കാമെന്ന് ബാഗ്ദാദിലെ ഖലീഫക്ക്വാക്ക് കൊടുത്ത ഗസ്നി AD 1000 മുതൽ 30 വർഷത്തിനുള്ളിൽ 17 പ്രാവശ്യമാണ് കൊള്ളയടിക്കാൻ(ക്ഷേത്രങ്ങൾ) ഇന്ത്യയെ ആക്രമിച്ചത്. മധുരയിലെ ശ്രീ കൃഷ്ണ ക്ഷേത്രവും സ്വാതന്ത്ര്യാനന്തരം ഇന്ത്യ പുതിക്കിപ്പണിത ഗുജറാത്തിലെ സോമനാഥ് ക്ഷേത്രവും ഒക്കെ ഗസ്നിയുടെ വാളിനിരയായി നിലംപതിച്ച ക്ഷേത്രങ്ങളിൽ ചിലത് മാത്രം.
  • AD 1170 കളിൽ അടുത്ത ഭീകരത അഴിച്ചു വിട്ട ആക്രമണകാരി ആയിരുന്നു മുഹമ്മദ്ഗോറി. ആയുധം ഇല്ലാത്ത, പരിക്ക് പറ്റിയ ശത്രിവിനെ കൊല്ലുകയില്ല എന്ന ധാർമികത കാണിച്ച് ഗോറിയെ കൊല്ലാതെ വിടുക എന്ന വലിയ അബദ്ധം ചെയ്ത പ്രിത്വിരാജ് ചൗഹാന്റെ കഥ നമ്മൾ കേട്ടിടുണ്ട്.
  • 500 വര്ഷത്തോളം നീണ്ടു നിന്ന ഇസ്ലാമിക അധിനിവേശത്തിനു ശേഷം ഗോറിയുടെ അടിമകളിൽ പ്രമുഖൻ ആയിരുന്ന കുതുബ് ദിൻ ഐബക് സ്ഥാപിച്ച ഡല്ഹി സുൽത്താൻ ഭരണം.
  • 300 ഓളം വർഷത്തെ ദൽഹി സുൽത്താൻ ഭരണത്തെ തകർത്തെറിഞ്ഞു അധികാരം പിടിച്ചെടുത്തു മുഗൾ സാമ്രാജ്യം സ്ഥാപിച്ച ചെങ്കിസ് ഖാന്റെ വംശ പരമ്പരയിൽ പെട്ട ഉസ്ബെക്കിസ്ഥാനിൽ നിന്ന് വന്ന മറ്റൊരു ആക്രമണകാരി ബാബർ.



ഇതെല്ലാം സംഘപരിവാറിന്റെ കെട്ടുകഥകൾ ആണെന്ന് വിശ്വസിക്കുന്നവരോട് ആനുകാലികമായ രണ്ടു ഉദാഹരണങ്ങൾ പറയാം.

ഒന്ന്: ഇന്ത്യ 'പ്രിഥ്വി-മിസ്സൈൽ' പരീക്ഷിച്ചപ്പോൾ അതിനു മറുപടിയെന്നോണം തൊട്ടടുത്ത ദിവസങ്ങളിൽ പാകിസ്താൻ 'ഗോറി-മിസ്സൈൽ' പരീക്ഷിച്ച കാര്യം ഒർമിപ്പിക്കാം. വൈദേശിക ഇസ്ലാമിക അധിനിവേശ ത്തിനെതിരെ പോരാടി പല വിജയങ്ങൾ നേടിയ രജപുത്ര രാജക്കന്മാരിലെ ഏറ്റവും പ്രമുഖനായിരുന്നു പ്രിത്വിരാജ് ചൌഹാൻ എന്നും,  അദ്ധേഹത്തിന്റെ പ്രധാന എതിരാളിയായിരുന്നു ഒരിക്കൽ അദ്ദേഹം യുദ്ധത്തിൽ തോപിച്ചിട്ടും കൊല്ലാതെ വിട്ട മുഹമദ് ഗോറി എന്നും നമ്മൾ ഇന്ത്യക്കാരേക്കാൾ നന്നായി പാകിസ്ഥാന് അറിയാമായിരുന്നത് കൊണ്ടാണ് അവർ അവരുടെ മിസ്സൈലിനു 'ഗോറി' എന്ന പേര് നല്കിയത്. ഇന്ത്യ പക്ഷെ പ്രിത്വിരാജ് ചൌഹാനെ മനസ്സിൽ കണ്ടല്ല നമ്മുടെ മിസ്സൈല്നു പേരിട്ടത് എന്നതാണ് അതിലെ ഏറ്റവും വലിയ തമാശ. അഗ്നി-പ്രിത്വി-ജൽ-വായു-ആകാശ് അങ്ങനെയുള്ള പഞ്ചഭൂതങ്ങളുടെ പേരാണ് നമ്മൾ ഉദ്ധെശിച്ചിരുന്നത്.

രണ്ടു: കേരളത്തിൽ വളരെ അടുത്ത കാലം വരെ, ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു പ്രചുര പ്രചാരത്തിലുള്ള നായക്കിടുന്ന ഒരു പേരാണ്ടിപ്പു’ എന്നത്. എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. ടിപ്പു സുൽത്താൻ എന്ന അക്രമിയോടുള്ള അനാദരവിന്റെ ചിഹ്നമായി നമ്മുടെ നാട്ടുകാർ കണ്ടിരുന്ന ഒരു കാര്യം ആയിരുന്നു സ്വന്തം വളർത്തു പട്ടിക്ക് ടിപ്പു എന്ന പേരിടുന്നത്. ലോക ചരിത്രത്തിലെ പൊതുവായ ഒരു സംഗതിയായിരുന്നു തങ്ങൾക്കു വെറുപ്പുള്ളവരുടെ പേര് തങ്ങളുടെ നായക്കിടുക എന്നത്. ബ്രിട്ടീഷ്സ്വാധീനം കാണാവുന്ന കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന അത്തരം മറ്റൊരു പേരാണ് കൈസർ എന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന്റെ ശത്രുവായിരുന്ന ഒരു ജർമൻ ഭരണാതികാരിയായിരുന്നു കൈസർ.  

ചരിത്രത്തിലെ തെറ്റുകൾ ഒളിച്ചു വക്കുകയല്ല, അവയെക്കുറിച്ച് പഠിച്ചു അത് ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സജ്ജമാക്കുക എന്നതായിരിക്കണം യഥാർത്ഥ ചരിത്ര പഠനം. 

1 comment: