Thursday, August 13, 2015

യാകുബ് മേമൻ വിഷയം: നേട്ടം ഉണ്ടാക്കിയവരും കോട്ടം പറ്റിയവരും.

യാകുബ് മേമൻ വിഷയത്തിൽ രാജ്യദ്രോഹകുറ്റത്തിന് നടപടിയെടുക്കുന്നതിനു മുൻപായി മൂന്നു ചാനലുകൾക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ആ വിഷയത്തെ രാജ്യത്തെ വിവിധ തൽപരകക്ഷികൾ കൈകാര്യം ചെയ്തതും അതിലെ വിജയ-പരാജയങ്ങളും നേട്ട-കോട്ടങ്ങളും ഒന്ന് തിരിഞ്ഞു നോക്കുന്നത് കൌതുകകരമായിരിക്കും.

രാജ്യത്ത് ഒരു കമ്മ്യൂണൽ പോളറൈസേഷൻ-സാമുദായിക ധ്രുവീകരണം- ഉണ്ടായാൽ അതിന്റെ ഗുണഭോക്താവ് ബിജെപിയായിരിക്കും എന്ന് അവരുടെ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കന്ന സിദ്ധാന്തത്തിൽ എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ യാക്കൂബ് മേമൻ വിഷയത്തിൽ ബംബർ അടിച്ചിരിക്കുകയാണ് ബിജെപിക്ക്, കൈ നനയാതെ ചാകര കോരാനുള്ള അവസരം ആണ് പ്രകാശ് കാരാട്ടിന്റെത് പോലുള്ള നിരുത്തരവാദപരമായ നിലപാടുകളിലൂടെ എല്ലാവരും ചേർന്ന് ഉണ്ടാക്കി കൊടുത്തത്.

അത് എന്ത് തന്നെ ആയാലും രാജ്യം ഒരു ആക്രമണം നേരിടുകയാണെങ്കിൽ മതവും രാഷ്ട്രീയവും നോക്കി രാജ്യത്തിന്‌ അകത്തു നിന്ന്  ആരൊക്കെയാണ്  ശത്രുപക്ഷം ചേരുക എന്ന് ഗവർമെന്റിനും ഇവിടുത്തെ സാമാന്യജനത്തിനും ഏകദേശം ഒരു ധാരണ ഉണ്ടാക്കാൻ ഈ സംഭവവികാസങ്ങൾ ഉപകരിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല.

അജ്മൽ കസബിന്റെയും അഫ്സൽ ഗുരുവിന്റെയും കാര്യത്തിൽ കണ്ടതിനു വിപരീതമായി രഹസ്യമായി ശിക്ഷ നടപ്പാക്കുക എന്നതിന് പകരം ശിക്ഷ നടപ്പാക്കാൻ പോകുന്ന ദിവസം മുൻകൂട്ടി പ്രഖ്യാപിച്ചതും അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനുള്ള തീരുമാനവും ഈ ഒരു സാഹചര്യം ഒരുക്കുന്നതിനായി ഗവർമെന്റ് ബോധപൂർവം സൃഷ്ട്ടിച്ചതാണോ എന്ന് ഉറപ്പില്ല. എന്തായാലും അതൊരു സർക്കാർ സ്പോണ്‍സേർട് കെണിയായിരുന്നെങ്കിൽ അതിലേക്കു ഓടിക്കയറിയത് ഒരു പാട് പേരായിരുന്നു. സ്വന്തം പാർട്ടിക്കാരെ പോലും നിരായുധരാക്കി മാറ്റിയ 'മേമൻ-മുസ്ലിം' പ്രസ്താവനയിലൂടെ പ്രകാശ്‌ കാരാട്ടും അങ്ങനെ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർടിയും ആണ് ആ കെണിയിൽ കുരുങ്ങിയ ഏറ്റവും മുഴുത്ത ഇര -പ്രൈസ് കാച്- .
 ഒരു പക്ഷെ ഇൻഡോ-ചൈന യുദ്ധ സമയത്ത് ഇ.എം.എസ് നടത്തിയെന്ന് പറയപ്പെടുന്ന ചൈന അനുകൂല പ്രസ്താവനക്ക് ഒപ്പം നിൽക്കാവുന്ന രീതിയിൽ എക്കാലവും എതിരാളികൾക്ക് എടുത്തു പ്രയോഗിക്കാൻ പറ്റുന്ന ഒരു ആയുധം കൊടുക്കുകയായിരുന്നു പ്രകാശ് കാരാട്ട്. കാനം രാജേന്ദ്രനും മറ്റും സംശയം പ്രകടിപ്പിച്ച, ഇടതു പക്ഷത്തിന്റെ  ന്യുനപക്ഷപ്രീണനം എന്ന എതിരാളികളുടെ നിരന്തര പ്രചാരണത്തിനു അംഗീകാരം കൊടുക്കുന്നതിനു തുല്ല്യാമായി ആ പ്രസ്താവന.
അടുത്തതായി ഈ സംഭവവികാസങ്ങളിൽ പരാജയപ്പെട്ടത് ഒരു വലിയ വിഭാഗം മുഖ്യധാര മാധ്യമങ്ങൾ -MSM - ആയിരുന്നു. അതിലെ മൂന്ന് ചാനലുകൾക്കാണ് രാജ്യദ്രോഹകുറ്റത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കുപ്രസിദ്ധ ഡല്ഹി മാനഭംഗകേസിലെ പ്രതികൾക്ക് തൂക്കുകയർ ആവശ്യപ്പെട്ട് ഒരുപാട് പത്രത്താളുകളും ഓണ്‍ലൈൻ സ്പേസും ചിലവാക്കിയ അവർ പക്ഷെ മേമൻ വിഷയത്തിൽ ഒറ്റയടിക്ക് വധശിക്ഷക്കെതിരാവുന്ന വിരോധാഭാസം ആണ് ഇന്ത്യക്കാർ കണ്ടത്. ഇതേ അവസ്ഥയിൽ എത്തിപ്പെട്ട മറ്റൊരു വിഭാഗം ആയിരുന്നു റേപ്പ്കേസ് പ്രതികൾക്ക് തൂക്കുകയർ ആവശ്യപ്പെട്ടു കാന്റിൽ-ലൈറ്റ്-വിജിൽ മാർച്ചുകൾ സംഘടിപ്പിച്ചിരുന്ന സോഷ്യൽ ആക്ടിവിസ്റ്റുകൾ. ഈ രണ്ടു കൂട്ടരുടെയും നിലപാടുകളിലെ കാപട്യം തുറന്നു കാട്ടികൊണ്ട് സോഷ്യൽ മീഡിയകളിൽ ഇവരുടെ പഴയകാല ട്വീറ്റുകളുടെയും പോസ്റ്റുകളുടെയും ഒരു പ്രവാഹം തന്നെയായിരുന്നു ആ ദിവസങ്ങളിൽ.
അതാതു സമയങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ ആനുസരിച്ചു അവസരവാദപരമായും വൈകാരികമായും  നിലപാടുകൾ എടുക്കേണ്ട വിഷയങ്ങൾ അല്ല  വധശിക്ഷ വേണമോ വേണ്ടയോ എന്നത് പോലുള്ളത്. പ്രത്യേകിച്ച് രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു നൂറുകണക്കിന് പൗരന്മാരെ കൂട്ടക്കൊല ചെയ്ത ഒരു കുറ്റവാളിയുടെ കാര്യം മുൻനിർത്തി ആ വാദം ഉന്നയിക്കുമ്പോൾ മറ്റു സന്ദർഭങ്ങളിൽ കിട്ടുമായിരുന്ന പൊതുജനപിന്തുണ പോലും കിട്ടാതെ ആ ഉദ്യമം തന്നെ പരാജയപ്പെട്ടു പോകാനാണ് സാധ്യത കൂടുതൽ. അതൊന്നും പോരാഞ്ഞു അതിൽ 'മുസ്ലിം' ഘടകം കൂടി കൂട്ടിച്ചേർത്തു വിഷയത്തിന്റെ സകല അന്തസത്തയും ചോർത്തിക്കളയുന്ന കാഴ്ച്ചയായിരുന്നു മേമൻ വിഷയത്തിൽ കണ്ടത്. 

ഒരു സിവിലൈസ്ട് സോസൈറ്റിയിൽ വധശിക്ഷ അഭികാമ്യമാണോ എന്ന ചോദ്യം തീർച്ചയായും ഗഹനമായ ചർച്ച അർഹിക്കുന്ന വിഷയം തന്നെ ആണ്. പക്ഷെ അത് ഉന്നയിച്ച സമയവും സന്ദർഭവും ഇപ്പ്രാവശ്യം പിഴചിരിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കൂടാതെ ആ ആവശ്യം ഉന്നയിച്ചു ഇറങ്ങിത്തിരിച്ചവരുടെ സമാന വിഷയത്തിലെ മുൻകാല നിലപാടുകളും വിഷയത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമവും ആ പരാജയത്തിന്റെ ആക്കം കൂട്ടുന്നു.


ഒരു വെടിക്ക് ഒരുപാട് പക്ഷികൾ എന്ന ഉദ്ധേശത്തോടെ ഗവർമെന്റു ബുദ്ധിപൂർവ്വം നടത്തിയ ഒരു പരീക്ഷണമായിരുന്നാലും അല്ലെങ്കിലും കുറെ കപട മതേതരവാദികളെയും മനുഷ്യാവകാശത്തിന്റെ ചില മൊത്തക്കച്ചവടക്കാരെയും മോരും മുതിരയും പോലെ  'ധുത് കാ ധുത് പാനി കാ പാനി' എന്ന് ചപ്പാത്തി കഴിക്കുന്നവരുടെ ഭാഷയിലും പറയുന്ന പോലെ വേർതിരിച്ചു കാണാൻ ഈ ആധുനിക കാലത്ത് പൊതുജനത്തിന് കിട്ടിയ ഒരു സുവർണാവസരമായിരുന്നു ഇത് എന്നതിൽ തർക്കമില്ല.

1 comment: