Sunday, July 12, 2015

അരുവിക്കരയുടെ ഷോക്കിൽ നിലതെറ്റിയവരുടെ നിലവിളക്ക് സമരം!

അരുവിക്കര തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മാതൃഭൂമിയിലും ഏഷ്യാനെറ്റിലും വരെ കേരളത്തിലെ ബിജെപിയുടെ  വളർച്ചയിലെ കുതിച്ചുചാട്ടത്തെക്കുറിച്ച് വാർത്തകൾ വരുന്നു.

എകെ ആന്റണി ആയാലും പിണറായി വിജയൻ ആയാലും പോളിറ്റ് ബ്യുറോ തന്നെ ആയാലും എല്ലാവർക്കും പറയാനുണ്ടായിരുന്നത് അതിനെ കുറിച്ച് മാത്രം.

പുതിയ രാഷ്ട്രീയ കാലാവസ്ഥ ആയിരുന്നു സി.പി.ഐ.എമ്മിന്റെ   നിലതെറ്റലിന്റെ പുറകിലെ കാരണം.

ഇവരെല്ലാം പറഞ്ഞതിന്റെ കൂട്ടത്തിൽ ഒന്ന് കൂടി പറഞ്ഞു വച്ചിരുന്നു, ബിജെപ്പിക്ക് കിട്ടിയതിൽ ഭൂരിഭാഗവും ഇടതു പക്ഷത്തിന്റെ വോട്ടുകൾ ആയിരുന്നു എന്ന്.

സത്യവും അത് തന്നെയായിരുന്നു. അത് മറ്റാരേക്കാളും നന്നായി അറിയാവുന്നത് സി.പി.ഐ.എമ്മിനും.

കൂടെ മറ്റൊന്ന് കൂടി അവർ മനസിലാക്കി അല്ലെങ്കിൽ കുറെ നാളുകളായി സംശയമുണ്ടായിരുന്ന ഒരു കാര്യം ഉറപ്പായി, അവർക്ക്. പാർട്ടിയുടെ അടിത്തറ ആയിരുന്ന അണി-അനുഭാവി-നിഷ്പക്ഷ എന്നിങ്ങനെയുള്ള ഹിന്ദു വോട്ടുകൾ ആയിരുന്നു കാൽച്ചുവട്ടിൽ നിന്ന് ഒലിച്ചു പോയത് എന്ന്.

കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കികൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ കണ്ട തൊഗാടിയ-വെള്ളാപ്പള്ളി ഇടപെടലുകളും.

പാർട്ടി ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്ന ബിജെപി പ്രചരണം ലക്ഷ്യം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിൻറെ തെളിവാണോ അരുവിക്കരയിൽ എത്തി നിൽക്കുന്ന ഈ തുടർച്ചയായ പരാജയങ്ങൾ?

അതിനെ പ്രതിരോധിക്കാൻ ഭൂരിപക്ഷ പ്രീണനം ആണോ മറുമരുന്ന്?

പാർടിക്കകത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു നിലപാട് സ്വീകരിക്കാൻ കഴിയാതിരുന്ന ഈ അവസ്ഥയുടെ ബഹിർസ്പുരണമാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെതിരെ കോഴിക്കോട് ഡി.വൈ.എഫ്.ഐ നടത്തിയ നിലവിളക്ക് സമരവും പിറ്റേന്ന് അതിനെ തള്ളിപ്പറയേണ്ടി വന്നതും.

ഇത് തീർച്ചയായും കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവ് തന്നെയാണ്, ബിജെപിയെയും ഇടതു പക്ഷത്തെയും സംബന്ധിച്ച് പ്രത്യേകിച്ചും.
ആ വഴിത്തിരിവിൽ തീരുമാനമെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഇടതു പക്ഷവും.

ന്യുനപക്ഷ-ഭൂരിപക്ഷ കേന്ദ്രീകൃതമായ ഒരു തീരുമാനം ആണ് എടുക്കാൻ പോകുന്നതെങ്കിൽ പോളിറ്റ് ബ്യുറോ ആസ്ഥാനം ത്രിപുരയിലേക്ക് മാറ്റാൻ അധികം കാലം വേണ്ടി വരില്ല.

ഇനി മറിച്ചൊരു തീരുമാനമാണ് ഉണ്ടാവാൻ പോകുന്നതെങ്കിൽ അമിത് ഷായും ബിജെപിയും കേരളത്തിൽ നേരിടാൻ പോകുന്നത് കഠിന പരീക്ഷണത്തിന്റെ നാളുകൾ ആയിരിക്കും.


പക്ഷെ സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഒന്നാമത്തെ സാധ്യതയിലേക്കാണ്.

1 comment:

  1. http://www.azhimukham.com/news/6232/cpim-crisis-growth-of-bjp-minority-majority-appeasing-binoy-asokan

    ReplyDelete