Sunday, January 15, 2017

കമൽസി ചവറയും കമലും: സിപിഎം ഫാസിസം v/s ബിജെപി ഫാസിസം.

കേരള പെരുമാൾ മുരുകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന കമൽ.സി.ചവറ എന്ന എഴുത്തുകാരന്റെ 14.01.2017ലെ ഒരു ഫേസ്ബുക് പോസ്റ്റാണ് ഈ കുറിപ്പിനുള്ള പ്രചോദനം. ദേശീയഗാന വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തു ഇദ്ദേഹത്തിന്റെ ഏതോ ഒരു നോവലിൽ ദേശീയഗാനത്തിനെ അപമാനിക്കുന്നുണ്ടെന്ന് പറഞ്ഞ് പിണറായിയുടെ പോലീസ് ഇയാൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. അതിൽ ഇയാൾ തുടർന്ന് വരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായി ഇന്നലെ തന്റെ പുസ്തകം പരസ്യമായി കത്തിച്ചു പ്രധിഷേധിക്കുകയുണ്ടായി. അതിനു ശേഷം ഇട്ട ഈ പോസ്റ്റിൽ അദ്ദേഹം പറയുന്നതും അതിനു സി.പി.എം പ്രവർത്തകരുടെ പ്രതികരണവുമാണ് പശ്ചാത്തലം.

ഇതിൽ ഇയാൾ പറയുന്നു. തന്റെ പുസ്തകത്തിനൊപ്പം സി.പി.എംന്റെ കൊടിയും കത്തിച്ചാലേ തന്റെ പ്രതിഷേധം പൂർണമാവൂ എന്ന്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം 'ഫാസിസ്റ്റ്' സംഘ പരിവാറിന്റെ കാവിക്കൊടി കത്തിക്കണമെന്നല്ല മറിച്ച് സി.പി.എംന്റെ ചെങ്കൊടി കത്തിക്കണം എന്നാണ് ഈ എഴുത്തുകാരൻ പറയുന്നത്. കേരളത്തിലെ യഥാർത്ഥ ഫാസിസ്റ്റുകൾ ആരാണെന്ന, തമിഴ്‌നാട്ടിലെ പെരുമാൾ മുരുകന്റെ അതെ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ തിരിച്ചറിവാണ് ഈ ഒറ്റവരിയിലൂടെ വെളിപ്പെടുന്നത്.

ഇനി ഇതിനുള്ള മറുപടികൾ ഇയാളുടെ പോസ്റ്റിന്റെ താഴെ ഒരുപാടു വന്നിട്ടുണ്ട്. എല്ലാം സൂചിപ്പിക്കുന്നത് ഒന്ന് തന്നെ: 'ചെങ്കൊടി കത്തിച്ചാൽ നിന്നെ പച്ചക്കു കത്തിക്കും' എന്നാണ്.അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരുടെ യഥാർത്ഥ മുഖം!
ഇതിനൊപ്പം ഇയാളുടെ പോസ്റ്റിലെ അടുത്ത വരി കൂടി കൂട്ടി വായിച്ചാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ കായികമായി പ്രതികരിക്കുന്ന യഥാർത്ഥ ഫാസിസ്റ്റ് ശക്തി ആരാണെന്ന് മനസിലാക്കാം. അയാൾ പറയുന്നു: "ചെങ്കൊടി കത്തിക്കണെമന്നുണ്ടെകിലും സി.പി.എംകാർ മുൻപൊരിക്കൽ ഇടിച്ചു പരിപ്പെടുത്തതിന്റെ നല്ല ഫാസിസ്റ്റ് ഓർമ്മകൾ ഇപ്പോഴും ഉള്ളത് കൊണ്ട് അതിന് ധൈര്യമില്ല".

'ചത്തത് കീചകനെകിൽ കൊന്നത് ഭീമൻ' എന്ന പോലെ എഴുത്തുകാരും അത്തരത്തിലുള്ള മറ്റുള്ളവരും ആക്രമിക്കപ്പെടുകയാണെങ്കിൽ പിന്നിൽ മോദി-സംഘപരിവാർ ഫാസിസം ആയിരിക്കും എന്ന ഒരു പൊതുബോധം സൃഷ്ടിക്കാനുള്ള ഒരു ശ്രമം ഇവിടെ നടക്കുന്നുണ്ട്. അതിന്റെ ക്ലാസിസ് ഉദാഹരണമാണ് ഇടതുപക്ഷത്തുള്ള ജാതി വിവേചനതിനെതിരെ കലഹിച്ച, പോളിറ്റ് ബറോയിൽ എന്തുകൊണ്ട് ഒരു ദളിതൻ ഇതുവരെ ഇല്ല എന്ന് ചോദിക്കാൻ ധൈര്യപ്പെട്ട, അതിന്റെ പേരിൽ എസ്.എഫ്.ഐയിൽ ഇന്നും പുറത്തുപോയ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ, ആത്മഹത്യ കുറിപ്പിൽ പോലും പരിവാറിനെതിരെ ഒരു അക്ഷരം ഇല്ലാതിരുന്നിട്ടും അത് 'സാങ്കൽപിക സംഘ പരിവാർ ഫാസിസ'ത്തിനെതിരെയുള്ള പ്രതിഷേധമായി വ്യാഖ്യാനിക്കപ്പെട്ടത്. കൽബുർഗി-പൻസാരെ-ദബോൽക്കർ വധവും പരിവാറിന്റെ തലയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതും ഈ പൊതുബോധത്തെ മുതലെടുത്താണ്.

ആ പൊതുബോധത്തെ പൊളിച്ചടുക്കുന്ന ഒരു സംഭവം ആണ് ഈ കമൽസിയുടെ അനുഭവങ്ങൾ. അഭിപ്രായ സ്വാതന്ത്ര്യത്തെ കായികമായി നേരിടുന്ന യഥാർത്ഥ ഫാസിസ്റ്റുകൾ കമ്മ്യൂണിസ്റ്റുകാരാണ്, സിപിഎം ആണ് എന്ന് അടിവരയിടുന്ന തുറന്നു പറച്ചിലുകൾ ആണിവ.

രാഷ്ട്രീയം പറഞ്ഞ എം.ടിയോടും കമലിനോടും തികച്ചും ജനാധിപത്യപരമായി വിമർശനങ്ങളിലൂടെ മറുപടി പറഞ്ഞ ബിജെപിയാണ് ഇവിടെ ഫാസിസ്റ്റുകൾ ആയി ചിത്രീകരിക്കപ്പെടുന്നത്. ആ വിമർശനമേ പാടില്ലെന്ന് പറയുന്നതാണ് ഫാസിസം. അതിൽ ബിജെപിക്കാർ പറയാത്ത മുസ്ലിം സ്വത്വവും പാക്കിസ്ഥാൻ എന്ന വാക്കും കുത്തിത്തിരുകിയതു ഫാസിസം എന്ന ആ വാദത്തിനു ബലം കിട്ടാനുള്ള ഒരു കുല്സിത ശ്രമവും. മോഹൻലാലും സുരേഷ്‌ഗോപിയും പോലുള്ള നടന്മാരും പി.വത്സലയെ പോലുള്ള എഴുത്തുകാരും അത്തരം വിമർശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കുന്നതുപോലെ എം.ടിക്കും കമലിനും പറ്റില്ല എന്നുണ്ടെങ്കിൽ രാഷ്ട്രീയം പറയാതിരിക്കാൻ ആണ് അവർ ശ്രമിക്കേണ്ടത്. സാഹിത്യകാരനായാലും സിനിമാക്കാരനായാലും ഏതു മേഖലയിലുള്ള ആളായാലും ഒരിക്കൽ കക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായം പറയാൻ സ്വയം തീരുമാനിക്കുകയാണെങ്കിൽ അതിന്റെ മറുപടി കേൾക്കാനുമുള്ള സന്മനസ്സും ഉണ്ടാവണം. അല്ലാതെ ഞങ്ങളെ വിമർശിക്കുന്നെ എന്ന് പറഞ്ഞു പ്രതിഷേധം സഘടിപ്പിക്കുകയല്ല വേണ്ടത്.

മറുവശത്ത്, ഇടത് പക്ഷത്തെ വിമർശിച്ചു അടിവാങ്ങിയ ആദ്യത്തെ സാഹിത്യകാരനല്ല ഈ കമൽസി ചവറ എന്ന് അറിയുമ്പോഴായാണ് വിമർശനങ്ങളെ വിമർശങ്ങൾ കൊണ്ട് നേരിടുന്ന ബിജെപി ആണോ അതോ വിമർശനങ്ങളെ സ്റ്റേജിൽ കയറി കരണക്കുറ്റിക്ക് അടിക്കുന്ന സി.പി.എം ആണോ യഥാർത്ഥ ഫാസിസ്റ്റ് എന്ന് ഇന്ന് പതിയെ പതിയെ മയലാളികൾ വരെ (മറ്റ് നാട്ടുകാർക്കെല്ലാം പണ്ടേ മനസിലായി) തിരിച്ചറിയുന്നത്. പാർട്ടിക്കെതിരെ അഭിപ്രായം പറഞ്ഞതിന് 2010ൽ കണ്ണൂരിലെ ഒരു പ്രസംഗ വേദിയിൽ കയറി ഡി.വൈ.എഫ്.ഐ എഴുത്തുകാരൻ സക്കറിയയെ അടിച്ചു നിലംപരിശാക്കിയത്, ടിപി ശ്രീനിവാസനെ എസ്.എഫ്.ഐക്കാർ നടുറോഡിൽ അടിച്ചു വീഴ്ത്തിയത് എല്ലാം ഏതാനും ഉദാഹരണങ്ങൾ മാത്രം.
ഇല്ലാത്ത ഫാസിസത്തിനെതിരെ അമേരിക്കൻ കോണകം തുറന്നു കാട്ടി പ്രതിഷേധിക്കുന്ന ചില ബുദ്ധിമാന്മാർ യഥാർത്ഥ ഫാസിസ്റ്റുകൾ എതിരഭിപ്രായം പറഞ്ഞവനെ 52 വെട്ടുവെട്ടി കൊല്ലുമ്പോഴും, അധ്യാപകന്റെ കൈപ്പത്തി വെട്ടിയെടുക്കുമ്പോഴും നിശ്ശബദ്ധരായിരുന്നത് വെറുതെയാണെന്ന് കരുതിയോ. സംഘപരിവാർ ഫാസിസം എന്ന സാങ്കല്പിക രാക്ഷസനോട് പ്രതിഷേധിച്ചാൽ പ്രശസ്തിയും പദവികളും ലഭിക്കുമ്പോൾ സിപിഎം എന്ന യഥാർത്ഥ ഫാസിസ്റ്റിനെതിരെ പ്രതിഷേധിച്ചാൽ കൈപ്പത്തികളിലും കുതികാൽ ഞരമ്പിലും മാത്രമായിരിക്കില്ല വെട്ടു വീഴുന്നത് കഴുത്തിനുമുകളിൽ തലകാണില്ല എന്ന് അവർക്കറിയാം. യഥാർത്ഥ ഫാസിസം സംവദിക്കാൻ അല്ല വരിക എതിരഭിപ്രായം പറഞ്ഞവന്റെ തലയടുക്കുകയാണ് അതിന്റെ രീതി. കേരളത്തിലെ യഥാർത്ഥ ഫാസിസ്റ്റ് ആരെന്നത്തിന്റെ ഉദാഹരങ്ങളായി ടിപി ചന്ദ്രശേഖരനും, ടിപി ശ്രീനിവാസനും, സക്കറിയയും നമ്മുടെ മുന്നിലുണ്ട്. ഇപ്പോൾ ആ നിരയിലേക്ക് കമൽ സി ചവറ എന്ന നോവലിസ്റ്റും കൂടി.

Tail Piece: പെരുമാൾ മുരുകനെതിരെയും അവിടുത്തെ ചില സമുദായ സംഘടനകൾ, സംഘപരിവാർ പോലുമല്ല, കോടതിയിൽ പോവുകയാണ് ചെയ്തത് അല്ലാതെ ഇവിടെ ഭരണത്തിന്റെ തണലിൽ സഖാക്കൾ കമൽസിയെ ഭീഷണിപ്പെടുത്തുന്ന പോലെ പച്ചക്ക് കത്തിക്കും എന്നൊന്നും അല്ല പറഞ്ഞത്.

No comments:

Post a Comment