Monday, August 3, 2020

സുപ്രീം കോടതി നിരീക്ഷണം: പുതിയ മാനം കൈവരിക്കുന്ന മൃഗബലി സംവാദം


ഹൈന്ദവ ക്ഷേത്രങ്ങളിലെ മൃഗബലി വീണ്ടും ചർച്ചയാവാൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ സുപ്രീം കോട തിയിൽ നടക്കുന്ന ഒരു കേസിൽ കഴിഞ്ഞ ആഴ്ച - ജൂലൈ 16ന് - കേരള-കേന്ദ്ര സർക്കാരുകൾക്ക് നിലപാടറിയിക്കാനായി കോടതി നോട്ടീസയച്ചതാണ് പുതിയ സംഭവവികാസം.

അന്ന് കോടതി നടത്തിയ ഒരു നിരീക്ഷണം interesting ആണ്.
 CJI Says ‘’It's A Dichotomy To Allow Killing Animals For Consumption While Not Allowing Killing Of Animals For Offering To Deity And Then Consuming’’. 
ഇതാണ് പറഞ്ഞിരിക്കുന്നത്. 

''ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് അനുവദിക്കുമ്പോൾ തന്നെ ദേവതക്ക് ബലി സമർപ്പിച്ചതിന് ശേഷം ഭക്ഷണമാക്കുന്നത് അനുവദിക്കാത്ത ഒരു നിയമമാണ് നിലവിലുള്ളത്'' എന്നതാണിന്റെ ഏകദേശ അർത്ഥം. ഈ നിരീക്ഷണത്തിൽ മൃഗബലിയെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ ഉണ്ടെന്ന് പ്രത്യക്ഷത്തിൽ പറയാൻ സാധിക്കില്ല. വേണമെങ്കിൽ അതിലെ രണ്ടാം ഭാഗത്തിനോട് [ഒരു അനീതിയാണെന്ന രീതിയിൽ] സഹതാപം സൂചിപ്പിക്കുന്നുണ്ടെന്ന് വായിച്ചെടുക്കാം.

മൃഗബലി സംവാദത്തിൽ ഇന്ന് വരെ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടാത്ത ഒരു ആംഗിളാണ് ചീഫ് ജസ്റ്റിസ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് – 'ദേവതക്ക് ബലി സമർപ്പിച്ചതിന് ശേഷം ഭക്ഷണമാക്കുന്നത്' എന്ന ആംഗിൾ!

സാധാരണ ഈ വിഷയത്തിലെ ചർച്ച സഞ്ചരിക്കുന്ന ദിശ എന്ന് പറയുന്നത് 'ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നു
V/S 
'ഹൈന്ദവ ക്ഷേത്രങ്ങളിൽ [അപരിഷ്കൃത/പ്രാകൃത?] ആരാധനയുടെ ഭാഗമായി മൃഗങ്ങളെ കൊല്ലുന്നു' എന്ന dichotomy യിലാണ് - ദ്വന്ദത്തിലാണ്.

ഇതാണിപ്പോൾ re-phrase ചെയ്യപ്പട്ടിരിക്കുന്നത് - 
'ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നു' 
V/S 
'മൃഗങ്ങളെ ദേവതക്ക് ബലി സമർപ്പിച്ചതിന് ശേഷം ഭക്ഷണമാക്കുന്നു'!








സംഗതിയുടെ ഡൈമെൻഷനുകൾ ആകെ മാറി മറിഞ്ഞത് മനസിലാവുന്നുണ്ടോ.

അയോദ്ധ്യകേസിലെ വിധിയും, ശബരിമല വിധി റിവ്യൂ അനുവദിച്ചതും, പദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ വിധിയും എല്ലാം സൂചിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു - ഇന്ത്യൻ ജുഡീഷ്യറി ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായ വിക്ടോറിയൻ സ്വാധീനത്തിൽ നിന്ന് മാറി പതുക്കെ ഭാരതീയമായ മൂല്യങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്ന തോന്നൽ വന്നിട്ടുണ്ട് എന്ന കാര്യം. അതിന്റെ ഒരു ‘എക്സ്റ്റൻഷൻ’ ആയി ഈ നിരീക്ഷണത്തെ കാണാം എന്ന് കരുതുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ 'ദേവതക്ക് അർപ്പിച്ചതിന് ശേഷം ഭക്ഷിക്കുന്നതും', 'ദേവതക്ക് അർപ്പിക്കാതെ ഭക്ഷിക്കുന്നതും' തമ്മിൽ എന്താണ് മതേതര കാഴ്ചപ്പാടിൽ ഉള്ള വ്യത്യാസം, എന്താണ് മതേതര സ്ഥാപനമായ കോടതിയ്ക്ക്, സർക്കാരിന് ഇതിൽ പ്രശ്നമെന്ന് ചോദിച്ചാൽ എന്തുണ്ട് മറുപടി. ഒരു മറുപടിയുമില്ല. രണ്ടിലും മൃഗഹത്യ തന്നെയാണ്. മെതേതര കാഴ്ചപ്പാടിൽ ഇതിലെ ഒരു മൃഗഹത്യ നല്ലതും മറ്റേത് മാത്രം മോശമാവുന്നതുമെങ്ങിനെ.

പണ്ട് ജൂതന്മാരെ 'പെർസിക്യൂട്' ചെയ്യാൻ ഗ്രീക്ക്, റോമൻ അധികാരികൾ ഉപയോഗിച്ച മാർഗങ്ങളിലൊന്നാണ് സൂയസും, ജൂപിറ്ററും പോലുള്ള അവരുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിൽ ബലി സമർപ്പിച്ചതിന് ശേഷമുള്ള മാംസം ജൂതന്മാരെകൊണ്ട് തീറ്റിക്കുക എന്നത്. ഏകദൈവ വിശ്വാസികളായ ജൂതന്മാർക്ക് അതിലും വലിയൊരു ദൈവനിന്ദ ഇല്ലായിരുന്നു. പിന്നീട് ജൂതന്മാരുടെ ഏകദൈവ പാരമ്പര്യം പിൻപറ്റുന്ന ക്രിസ്തീയത റോമൻ ദൈവങ്ങളെയും, റോമൻ സംസ്കാരത്തെ തന്നെ ഇല്ലായ്മ ചെയ്ത കൂട്ടത്തിൽ ക്ഷേത്രങ്ങളിലെ ബലി അവർ ഭരിച്ച നാടുകളിൽ ദൈവനിന്ദയാക്കി മാറ്റി.

ബ്രിട്ടീഷ് ഭരണത്തോടെ ഇതെല്ലാം - വിക്ടോറിയൻ മൂല്യങ്ങൾ എന്ന് നമ്മൾ വിളിക്കുന്നു- നമ്മുടെ നാട്ടിലും എത്തി. ബ്രിട്ടീഷുകാർ പോയിട്ടും ജുഡിഷ്യറിയിലും, വിദ്യാഭ്യാസത്തിലും, സാംസ്കാരിക മേഖലയിലും പക്ഷെ അതിന്റെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നു.

അപ്പോൾ, വെറുതെ കൊന്ന് തിന്നുന്നത് ശരിയും, ദൈവത്തിന് സമർപ്പിച്ചതിന് ശേഷം തിന്നുന്നത് മാത്രം പാപവുമാവുന്നത്, വിക്ടോറിയൻ - ക്രൈസ്തവ - ജൂത - പൊതുവിൽ പറഞ്ഞാൽ അബ്രഹാമിക് രീതിയാണ് എന്നും, അത് ഭാരതീയ രീതിക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ് ഇപ്പോഴുള്ള നിയമം എന്നും ആരെങ്കിലും പറഞ്ഞാൽ അതിവായന എന്ന് പറഞ്ഞ് തള്ളിക്കളയാനാവുമോ.

ഇന്ത്യൻ ജുഡീഷ്യറി ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടമായ വിക്ടോറിയൻ സ്വാധീനത്തിൽ നിന്ന് മാറി പതുക്കെ ഭാരതീയമായ മൂല്യങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നത് വെറും ആലങ്കാരികമായ ഒരു പറച്ചിലല്ല എന്നിപ്പോൾ തോന്നുന്നില്ലേ.

ഇന്ത്യൻ അഥവാ ഹിന്ദു സംസ്കൃതിയെ നോക്കി മണ്മറഞ്ഞ് പോയ റോമൻ സംസ്കാരം അതിന്റെ ശവക്കുഴിയിൽ കിടന്ന് ഇപ്പോൾ പറയുന്നുണ്ടാവും ഞാനും ഒരിക്കലൊരു വർണപ്പാട്ടമായിരുന്നു എന്ന്, അടുത്തത് നീ എന്ന ഭീഷണി കൂടിയുണ്ട് അതിൽ.

ഈയൊരു നിരീക്ഷണം മാത്രം വച്ച് മൃഗബലി നിരോധനം നീക്കുമോ എന്നൊന്നും പറയാറായിട്ടില്ല, പക്ഷെ ഒരു ബ്രോഡർ സെൻസിൽ ഇതൊരു പോസിറ്റീവായ, 1968ലെ കേരള മൃഗബലി നിരോധന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്ന ശാക്തേയർക്ക് അനുകൂലമാവാൻ വിദൂരമായ സാധ്യത കാണുന്നുണ്ട്.

ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് ചില ചിന്തകൾ പങ്കുവെക്കാം:

ക്ഷേത്രത്തിലെ മൃഗബലി എന്ന് കേൾക്കുമ്പോഴേക്കും പുരോഗമന ഹിന്ദു പുരികം ചുളിക്കേണ്ട കാര്യമുണ്ടോ?

സരസ്വതി ക്ഷേത്രങ്ങൾ പോലുള്ള സാത്വികമായ ഉപാസകനകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ മൃഗബലി നടത്തണം എന്നാരും പറയുന്നില്ല.

ശക്തിയെ ഉപാസിക്കുന്ന ക്ഷേത്രങ്ങളിൽ (ഹിന്ദു ധർമ്മത്തിലെ പ്രധാനപ്പെട്ട മൂന്ന് ധാരകളിൽ ഒന്നാണ് ശാക്തേയം. ശൈവം, വൈഷ്ണവം എന്നത് മറ്റ് രണ്ടെണ്ണം), പ്രത്യേകിച്ച് കുടുംബക്ഷേത്രങ്ങളിൽ ‘ഒരു’ കോഴിയെ വെട്ടുന്നതോ ‘ഒരു’ ആടിനെ വെട്ടുന്നതോ ഒക്കെയാണ് ഉദ്ദേശിക്കുന്നത്. കാരണം അത്തരം ക്ഷേത്രങ്ങൾ ‘ഗൃഹസ്ഥരായ’ കുടുംബക്കാർ തന്നെയാണ് നടത്തുന്നത്, പലപ്പോഴും പൂജകൾ പോലും ചെയ്യുന്നതും. അത്തരം കുടുംബക്ഷേത്രങ്ങളിലെ കോഴി വെട്ടൊക്കെ ഇന്ന് ജീവിച്ചിരിക്കുന്ന തലമുറക്കും ഓർമയുള്ള കാര്യമാണ്.

പുരുഷാർത്ഥങ്ങളിലെ പ്രധാനപ്പെട്ട ഒരു ധർമ്മമായ, ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കേണ്ട, ‘ഗൃഹസ്ഥാശ്രമി’കളായ അത്തരം കുടുംബങ്ങൾക്ക് മാംസ ഭക്ഷണം വർജ്ജിതമാണെന്ന് ഹിന്ദു ധർമ്മത്തിൽ എവിടെയും പറയുന്നില്ല. ഒരു ശിവഭക്തനായ വേടൻ അവന് കിട്ടിയ വേട്ട മൃഗത്തിന്റെ മാംസം അവന്റെ ആരാധനാ മൂർത്തിക്ക് സമർപ്പിക്കുന്ന കഥ നമ്മളൊക്കെ കേട്ടിട്ടുണ്ടാവും. ഹിന്ദുവിന്റെ രീതികളിൽ പ്രധാനപ്പെട്ട ഒന്നാണ് തനിക്ക് പ്രിയപ്പെട്ടത് തന്റെ മൂർത്തിക്ക് സമർപ്പിക്കുക എന്നത്. അപ്പോൾ പിന്നെ മാംസാഹാരിയായ ഹിന്ദു അവന്റെ മൂർത്തിക്ക് മാത്രം അത് നിഷേധിക്കേണ്ട കാര്യമില്ല.

മാത്രവുമല്ല തന്റെ മൂർത്തിക്ക് രക്തവും മാസവും അർപ്പിക്കേണ്ട ആവശ്യകത കൃത്യമായി അറിവുള്ളവർ തന്നെയാണ് നമ്മൾ. അതുകൊണ്ടാണല്ലോ കുമ്പളങ്ങയും ഗുരുതിയും ഉപയോഗിച്ച് അത് സിമ്പോളിക്കായി ഇത്തരം ക്ഷേത്രങ്ങളിലെല്ലാം ഇന്നും ചെയ്യുന്നത്. അത് എന്തൊരു കാപട്യമാണെന്ന് ആലോചിച്ചിട്ടുണ്ടോ. അത് നമ്മുടെ മൂർത്തികളെ പറ്റിക്കലാണെന്ന് തോന്നുന്നില്ലേ. നമ്മുടെ മൂർത്തികളുടെ ദൈവീക ശക്തിയിൽ വിശ്വാസമുള്ളത് കൊണ്ടാണല്ലോ നമ്മളിതൊക്കെ ചെയ്യുന്നത്, അപ്പോൾ പിന്നെ ആ മൂർത്തിയെ കബളിപ്പിക്കുന്നത് ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുക എന്ന് ചിന്തിച്ചിട്ടുണ്ടോ.

ഇനിയിപ്പോൾ ഏതെങ്കിലും കുടുബക്കാർ മൊത്തത്തിൽ സസ്യാഹാരികൾ ആണ്/ആയി മാറി എന്ന് കരുതുക. അവർക്ക് വേണമെങ്കിൽ അവരുടെ മൂർത്തികൾക്ക് മാംസം ബലിനൽകുന്നത് വേണ്ടെന്ന് വക്കാം. കുമ്പളങ്ങയുടെയും ഗുരുതിയുടെയും പറ്റിക്കൽ പരിപാടിയും ചെയ്യേണ്ട കാര്യമില്ല. അവർക്ക് മൃഗബലി നടക്കുന്ന മറ്റ് ക്ഷേത്രങ്ങളിൽ പോകാതിരിക്കുകയും ചെയ്യാം. അല്ലെങ്കിലും ഒരു കുടുംബക്കാരുടെ കുടുംബ ക്ഷേത്രത്തിൽ മറ്റ് കുടുംബക്കാർ ഇപ്പോഴും പോകുന്നില്ലല്ലോ.

നമ്മുടെ കുലം എങ്ങനെയോ നമ്മുടെ കുലദേവതാ സമർപ്പണങ്ങളും അങ്ങനെ തന്നെ എന്നതാണ് ഇതിലെ സിംപിൾ ലോജിക്.

പിന്നെ കുടുംബക്ഷേത്രങ്ങളല്ലാത്ത പൊതു ക്ഷേത്രങ്ങളിലെ കാര്യമോ എന്ന് ചോദിച്ചാൽ അതാത് മൂർത്തിയുടെ ഉപാസനാ രീതിയനുസരിച്ച് തീരുമാനിക്കാം എന്നാണുത്തരം. രൗദ്ര രൂപിണിയായ ഭദ്രകാളിയുടെ ക്ഷേത്രത്തിൽ തീർച്ചയായും മൃഗബലി അനുവദിക്കാം, ശാന്തസ്വരൂപിണി രൂപത്തിൽ വിളയാടുന്ന സരസ്വതി ദേവി ക്ഷേത്രത്തിൽ തീർച്ചയായും മൃഗബലി അനുവദിക്കാതിരിക്കുകയും ചെയ്യാം.

ഏതൊക്കെ ക്ഷേത്രങ്ങളിൽ വേണ്ടി വരുമെന്ന് എളുപ്പത്തിലറിയാൻ മാർഗ്ഗമുണ്ടോ എന്ന് ചോദിച്ചാൽ ഏതൊക്കെ ക്ഷേത്രങ്ങളിൽ കുമ്പളങ്ങയും, ചുണ്ണാമ്പ് വച്ചുള്ള ഗുരുതിയും സിമ്പോളിക്കായി ഇന്നും നടത്തുന്നതുന്നുണ്ടോ അവിടെയൊക്കെ ഏറ്റവും മുൻഗണനാക്രമത്തിൽ നടത്തേണ്ടി വരും.

PS: പിന്നെ ഇതിലെ എതിർവാദങ്ങളിൽ പ്രധാനപ്പെട്ടത് ഇന്ന് കോഴിയെ വെട്ടണമെന്ന് പറയുന്നവർ നാളെ നരബലി നടത്തണമെന്ന് പറയുമോ എന്ന കുതർക്കമാണ്. അതിനുള്ള കു-ഉത്തരം, ഏതെങ്കിലും കുലം അവരുടെ നിത്യ ഭക്ഷണത്തിൽ മനുഷ്യ മാംസവും ഉൾക്കൊള്ളിക്കുന്നവർ ഉണ്ടെകിൽ അവരുടെ കുലദേവതക്ക് വേണമെങ്കിൽ അതാവാം. Context മനസിലായെന്ന് കരുതുന്നു.

Monday, July 27, 2020

ഹാഗിയ സോഫിയയും അയോദ്ധ്യയും 'ക്ലാഷ് ഓഫ് സിവിലൈസേഷൻസും'!

ഇക്കഴിഞ്ഞ വെള്ളിയാഴ്ച - ജൂലൈ 24, 2020, തുർക്കിയിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന, ഒരു കാലത്ത് ലോക ക്രൈസ്തവതയുടെ അഭിമാനമായിരുന്ന കത്തീഡ്രലിനെ ഒരു മുസ്ലിം പള്ളിയാക്കി മാറ്റി ആദ്യ നമസ്കാരം നടന്നു എന്ന വാർത്തകൾ നമ്മളെല്ലാം കണ്ടിരിക്കും.

തുർക്കിയിലെ ഹാഗിയ സോഫിയ ഒരു വലിയ പ്രതീകമാണ്. ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ട് ഓർഗനൈസ്ഡ്-മതങ്ങൾ തമ്മിൽ, ലോകനിയന്ത്രണത്തിന് വേണ്ടി നൂറ്റാണ്ടുകളായി നടക്കുന്ന കിടമത്സരത്തിന്റെ പ്രതീകമാണ് ഹാഗിയ സോഫിയ - പലപ്പോഴായി അതാത് സമയത്തെ മത-രാഷ്ട്രീയ മാറ്റങ്ങൾക്ക് വിധേയമായി ക്രിസ്ത്യൻ പള്ളിയും, മുസ്ലിം മോസ്കും, മതേതര മ്യൂസിയവുമൊക്കെയായി മാറിയ, ഇപ്പോൾ ഏറ്റവും പുതുതായി വീണ്ടും മോസ്ക് ആയി മാറ്റപ്പെട്ട ഹാഗിയ സോഫിയ.



പ്രമുഖ ചരിത്ര-ഗ്രന്ഥകാരനായ സാമുവൽ ഹണ്ടിങ്ടന്റെ ഒരു തിയറി പ്രകാരം ലോകത്ത് പ്രമുഖങ്ങളായ സംസ്കാരങ്ങൾ തമ്മിൽ നിരന്തരസംഘർഷങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. 'ക്ലാഷ് ഓഫ് സിവിലൈസേഷൻസ്' എന്നാണ് അദ്ദേഹമതിനെ വിളിക്കുന്നത്. അതേ പേരിൽ ബൃഹത്തായ ഒരു ചരിത്ര പുസ്തകവും അദേഹം എഴുതിയിട്ടുണ്ട്. ഹാഗിയ സോഫിയ ഇങ്ങനെ പല കൈകൾ മറിയുന്നത് അദ്ദേഹം സൂചിപ്പിക്കുന്ന സിവിലൈസേഷനുകൾ തമ്മിലുള്ള ആ ‘ക്ലാഷ്ന്റെ’ തെളിവാണ്.

ചരിത്രകാരന്മാർ പൊതുവിൽ അംഗീകരിച്ചിട്ടുള്ളതായി പന്ത്രണ്ടോളം പ്രധാനപ്പെട്ട സിവിലൈസേഷനുകളാണുള്ളത് - സംസ്കാരങ്ങൾ. അതിൽ ഈജിപ്ഷ്യൻ, മെസൊപൊട്ടേമിയൻ പോലുള്ള ഏഴോളം സിവിലൈസേഷനുകൾ ഇതിനോടകം മണ്ണടിഞ്ഞ് പോയിക്കഴിഞ്ഞു. ബാക്കി അഞ്ചെണ്ണമാണ് ഇന്ന് നിലവിലുള്ളത്.

അതിൽ രണ്ടെണ്ണമാണ് ലോകത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കാൻ പരസ്പരം മത്സരിക്കുന്നത് - വെസ്റ്റേൺ സിവിലൈസേഷൻ എന്ന ക്രിസ്ത്യൻ വ്യവസ്ഥിതിയും , ഇസ്ലാമിക് സിവിലൈസേഷനും. ഇവർ തമ്മിലുള്ള കിടമത്സരത്തിനിടയിൽ, ഇവരുടെ ഗ്ലോബൽ പദ്ധതികളുമായി - അതായത് ലോകത്തെ മുഴുവൻ തങ്ങളുടെ വിശ്വാസ പദ്ധതയിലേക്ക് മതപരിവർത്തനം നടത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന - സംഘർഷത്തിൽ വരുന്നതാണ് മറ്റ് മൂന്ന് പ്രധാനപ്പെട്ട സംസ്കൃതികൾ - ചൈനീസ് സിവിലൈസേഷൻ, ഇന്ത്യൻ അഥവാ ഹിന്ദു സിവിലൈസേഷൻ, ജാപ്പനീസ് സിവിലൈസേഷൻ.

ലോകത്തിതുവരെ നടന്നിട്ടുള്ള രക്തച്ചൊരിച്ചിലുകളിൽ പ്രധാനമായൊരു പങ്ക് വഹിച്ചിട്ടുള്ളത് ക്രിസ്ത്യൻ-ഇസ്ലാം സിവിലൈസേഷണൽ സംഘർഷങ്ങളാണ്. ക്രിസ്ത്യൻ ക്രൂസേഡുകളും - കുരിശ് യുദ്ധങ്ങൾ, ഇസ്ലാമിക ജിഹാദ് പോരാട്ടങ്ങളും അതിലെ പ്രധാന നാഴികക്കല്ലുകൾ മാത്രം.


ആധുനിക കാലത്ത് യൂറോപ്യൻ കൊളോണിയലിസത്തിന്റെ ശക്തിയിലായിരുന്നു ക്രിസ്ത്യൻ മുന്നേറ്റങ്ങളെങ്കിൽ, റഷ്യയുടെ അഫ്ഗാൻ അധിനിവേശവും, അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ ശക്തികൾ നടത്തിയ ഗൾഫ് യുദ്ധങ്ങളും സൃഷ്ടിച്ച ഇസ്ലാമികപൊളിറ്റിക്കൽ കൂട്ടായ്മയിൽ നിന്നുയർന്നു വന്നതായിരുന്നു ഇസ്ലാമിക ശക്തി. കുരിശ് യുദ്ധങ്ങളുടെ കാലത്ത് തുടങ്ങി, ഓയിൽ പണത്തിന്റെ ബലത്തിൽ ഇസ്ലാമിക്-അറബ് രാഷ്ട്രങ്ങൾ സ്പോൺസർ ചെയ്യുന്ന ഗ്ലോബൽ ജിഹാദിൽ വരെ എത്തിനിൽക്കുന്ന ആ പരസ്പര കിടമത്സരത്തിന്റെ ബാക്കി പത്രമാണ് ഇപ്പോൾ വീണ്ടും ഇസ്ലാമികാവൽക്കരിക്കപ്പെട്ട ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ കത്തീഡ്രൽ.

അതിനിടയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് 'സ്ലീപിങ്ങ് ജയന്റുകൾ' സാവധാനം ഉണർന്ന്, ലോകക്രമത്തിൽ ഒരുകാലത്ത് തങ്ങൾക്കുണ്ടായിരുന്ന പ്രതാപം തിരിച്ച് പിടിക്കാനുള്ള ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത് – ചൈനയും, ഇന്ത്യയും!

ചൈനീസ് സിവിലൈസേഷന്റെ പുതിയ കുതിപ്പ് തുടങ്ങുന്നത് 1980കളോടടുപ്പിച്ച്, മാവോയുടെ മരണത്തിന് ശേഷം ഡെങ് സിയാവോ പിങ് രാജ്യത്തിൻറെ നിയന്ത്രണമേറ്റെടുക്കുന്നതോടെയും, മാവോയുടെ പരാജയപ്പെട്ട സോവിയറ്റ് മോഡൽ കമ്മ്യൂണിസത്തെ ചവറ്റുകുട്ടയിൽ എറിഞ്ഞ് മാർക്കറ്റ് എക്കണോമിയിൽ അധിഷ്ഠിതമായ പുതിയ കമ്മ്യൂണിസത്തിലേക്ക് രാജ്യത്തെ കൈപിടിച്ച് നടത്തുന്നതോടെയുമാണ്.

ഇന്ത്യയുടെ കാര്യത്തിൽ ഇന്ത്യൻ അഥവാ ഹിന്ദു സിവിലൈസേഷന്റെ പൈതൃകത്തിൽ അഭിമാനിക്കുന്ന ഒരു പുതിയ നേതൃത്വം രാജ്യത്ത് കരുത്താർജിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ട് പിറക്കുന്നതിനോടടുപ്പിച്ചാണ് ഇന്ത്യൻ സിവിലൈസേഷന്റെ പുത്തൻ ഉണർവ് ദൃശ്യമാവുന്നത്.

ഡെങ് സിയാവോ പിങ് ചൈനയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന 1978 ആയിരുന്നു ചൈനയുടെ പുനരുദ്ധാനത്തിന്റെ മൈൽ സ്റ്റോൺ എങ്കിൽ, ഹിന്ദു നാഷണലിസ്റ്റുകൾ സമ്പൂർണ്ണ അധികാരമേറ്റെടുക്കുന്ന 2014 ആണ് ഇന്ത്യൻ സിവിലൈസേഷന്റെ നവോതഥാനത്തിലെ നാഴികക്കല്ല്.

തുർക്കിയിലെ നവ ഇസ്ലാമിക ഭരണകൂടം ക്രൈസ്തവ ഹാഗിയ സോഫിയയെ ഇസ്ലാമികമാക്കി മാറ്റുന്നതിന് ഒരാഴ്ചക്കുള്ളിലാണ് അയോദ്ധ്യ എന്ന, പുത്തനുണർവിലേക്ക് കുതിക്കുന്ന ഹിന്ദുസിവിലൈസേഷന്റെ പുതിയ അഭിമാനസ്തംഭമാവാൻ പോകുന്ന, ഹിന്ദു സിവിലൈസേഷന്റെ വത്തിക്കാനും, മെക്കയും ആവാൻ പോകുന്ന രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന് തറക്കല്ലിടാൻ പോകുന്നത് -2020 ഓഗസ്റ്റ് 5 ന്!

ആദ്യം സൂചിപ്പിച്ച പ്രമുഖങ്ങളായ രണ്ട് ആഗോള ഭീമന്മാരായ സംസ്കൃതികളിൽ ഒന്നായ ഇസ്ലാമിക സിവിലൈസേഷന്റെ കടന്നാക്രമണത്തിൽ ഒരിക്കൽ തകർന്ന് പോയ ക്ഷേത്രമാണ് ഇന്ന് ഇന്ത്യൻ സിവിലൈസേഷൻ പുരുജ്ജീവിപ്പിക്കുന്നത്.

ഇത് രണ്ടും - ഹാഗിയ സോഫിയയും, അയോദ്ധ്യയും - സൂചിപ്പിക്കുന്നത് സാമുവൽ ഹണ്ടിങ്ങ്ടൺ പറഞ്ഞ ഗ്ലോബൽ സിവിലൈസേഷൻ മത്സരം ഇന്നും എത്രയും സജീവമാണെന്നാണ്.


ഇനി ഹാഗിയ സോഫിയയുടെ ചരിത്രം ഒന്ന് നോക്കാം:

ഹാഗിയ സോഫിയയുടെ ചരിത്രം പൗരാണിക റോമൻ ചരിത്രവും, ക്രിസ്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹാഗിയ സോഫിയയുടെ ചരിത്രം തുർക്കിയുടെ ചരിത്രവുമാണ്.

ഇന്നത്തെ തുർക്കിയുടെ തലസ്ഥാനമാണ് ഇസ്താംബുൾ. യൂറോപ്പിന്റെയും ഏഷ്യയുടെയും അതിർത്തിയായാണ് ഭൗമശാസ്ത്രപരമായി തുർക്കിയുടെ ഏകദേശം സ്ഥാനം. അത്കൊണ്ട് തന്നെ ഏഷ്യയുടെ ഭാഗമായ, ക്രിസ്തീയതയുടെ വിശുദ്ധ ഭൂമിയായ ജെറുസലെമിലേക്ക് കടക്കണമെങ്കിൽ വെസ്റ്റേൺ ക്രിസ്ത്യൻ ലോകത്തിന് തുർക്കി കടന്ന് വേണം വരാൻ. അത്കൊണ്ട് കൂടിയാണ് ക്രിസ്ത്യൻ-ഇസ്ലാമിക പോരാട്ടങ്ങളിൽ തുർക്കി എന്നും പ്രധാന പങ്ക് വഹിക്കുന്നത്. ഇസ്ലാമിന്റെ കയ്യിൽ അകപ്പെട്ട വിശുദ്ധ ഭൂമി തിരിച്ച് പിടിക്കാൻ വെസ്റ്റേൺ ക്രിസ്ത്യൻ ലോകം പതിനൊന്നാം നൂറ്റാണ്ട് മുതൽ ഏകദേശം പതിനഞ്ചാം നൂറ്റാണ്ട് വരെ നടത്തി പരാജയപ്പെട്ട കുരിശ് യുദ്ധങ്ങളിലെ മുഴുവൻ ഇടത്താവളമായിരുന്നു തുർക്കി.



റോമൻ സാമ്രാജ്യം ക്രിസ്ത്യൻ സാമ്രാജ്യമായി മാറിയതിന് ശേഷം പിന്നീട് ഭരണ സൗകര്യത്തിന് വേണ്ടി രണ്ടായി പിരിയുകയുണ്ടായി. യൂറോപ്പിലെ ‘റോം’ കേന്ദ്രീകരിച്ചുള്ള ‘വെസ്റ്റേൺ റോമൻ സാമ്രാജ്യവും’, തുർക്കിയിലെ ‘ബൈസാന്റിയം’ കേന്ദ്രീകരിച്ചുള്ള ‘ഈസ്റ്റേൺ റോമൻ സാമ്രാജ്യവും’. ബൈസാന്റിയം എന്നത് ഒരു പുരാതന ഗ്രീക്ക് സിറ്റി ആയിരുന്നു. റോമൻ സാമ്രാജ്യത്തെ ക്രൈസ്തവവൽക്കരിച്ച റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ആണ് ബൈസന്റൈൻ നഗരത്തെ 'കോൺസ്റ്റാന്റിനോപ്പിൾ' എന്ന് പുനർനാമകരണം ചെയ്ത് റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്നത്. അന്നത് ന്യൂ റോം എന്നും വിളിക്കപ്പെട്ടിരുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ എന്ന് പറയപ്പെടുന്നു. പിന്നീടാണ് ഈസ്റ്റേൺ റോമൻ സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്ന് വിളിക്കപ്പെടുന്നത്.

വെസ്റ്റേൺ റോമൻ സാമ്രാജ്യം തകർന്നതിന് ശേഷവും പിടിച്ച് നിന്ന കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാമാനായ, ഈസ്റ്റേൺ റോമൻ സാമ്രാജ്യം അഥവാ ബൈസന്റൈൻ സാമ്രാജ്യമാണ് ക്രിസ്തീയതയുടെ ഇന്ന് കാണുന്ന വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചത്. ആ കോൺസ്റ്റാന്റിനോപ്പിളിലെ നഗരജീവിതത്തിന്റെ പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങളായിരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഈസ്റ്റേൺ റോമൻ -ബൈസന്റൈൻ- സാമ്രാജ്യത്തിന്റെ തിലകക്കുറിയായിരുന്ന ഹാഗിയ സൊഫിയ എന്ന ക്രിസ്ത്യൻ ദേവാലയം. ഹിപ്പോ ഡ്രോം, ഗ്രേറ്റ് പാലസ് എന്നിവയായിരുന്നു മറ്റ് രണ്ട് പ്രധാനപ്പെട്ട ബൈസന്റൈൻ അഭിമാന കേന്ദ്രങ്ങൾ.

പക്ഷെ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, കൃത്യമായി പറഞ്ഞാൽ 1453ൽ, പുതിയ ഇസ്ലാമിക ശക്തികളായ ഓട്ടോമൻ തുർക്കി സാമ്രാജ്യം, അതിനോടകം നാശോന്മുഖമായ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ അവസാന കേന്ദ്രമായ അതിന്റെ തലസ്ഥാനനഗരത്തെയും - കോൺസ്റ്റാന്റിനോപ്പിൾ - കീഴടക്കി. അവർ നഗരത്തിന്റെ പേര് ഇസ്ലാമിന്റെ നഗരം എന്നർത്ഥം വരുന്ന 'ഇസ്താംബുൾ' എന്നാക്കി മാറ്റി. ഹാഗിയ സോഫിയ അടക്കമുള്ള എല്ലാ ചർച്ചകളും മോസ്കുകളാക്കി മാറ്റി.



അഞ്ഞൂറോളം വർഷത്തെ ഭരണത്തിന് ശേഷം ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സഖ്യത്തിന്റെ ഭാഗമായിരുന്ന ഓട്ടോമൻ തുർക്കികൾ തോൽക്കുന്നതോടെയാണ് തുർക്കി ഇസ്ലാമിക ഭരണത്തിൽ നിന്ന് മോചിതമാവുന്നതും ജനാധിപത്യ ഭരണം വരുന്നതും. പുതിയ ഭരണത്തിൻ ഹാഗിയ സോഫിയ വീണ്ടും രൂപം മാറുന്നു - ഇത്തവണ മതേതര മ്യൂസിയമായി മാറുന്നു.



അന്ന് ഒന്നാം ലോക മഹായുദ്ധത്തോടെ പിഴുതെറിയപ്പെട്ട ആഗോള ഇസ്ലാമിന്റെ ഖലീഫ -ഖിലാഫത്ത് - എന്ന തുർക്കിയുടെ സ്ഥാനം വീണ്ടെടുക്കാൻ എർദോഗന്റെ നേതൃത്വത്തിലുള്ള തുർക്കിയിലെ പുതിയ ഇസ്ലാമിക ഭരണകൂടം നടത്താൻ പോകുന്ന ആഗോള പദ്ധതിയുടെ വിളംബരമാണ് ഇന്ന് ആ ഹാഗിയ സോഫിയയെ വീണ്ടും മോസ്ക് ആക്കി മാറ്റുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. അതായത് സാമുവൻ ഹണ്ടിങ്ങ്ടൺ പറഞ്ഞ ക്ലാഷ് ഓഫ് സിവിലൈസെഷനിൽ പുതിയൊരു പോർമുഖം തുറക്കാൻ പോകുന്നു എന്ന് ചുരുക്കം.

Saturday, July 25, 2020

‘വെട്രിവേൽ വീരവേൽ’ പ്രതിഷേധം മുഴങ്ങുമ്പോൾ: തമിഴ്നാട്ടിലെ ഹിന്ദുവിരോധത്തിന്റെ നാൾ വഴികളിലൂടെ.

തമിഴ്നാട്ടിൽ ചിലർ അവരുടെ പഴനിയാണ്ടവനെ - വേൽമുരുകനെ - അധിക്ഷേപിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം നടക്കുകയാണല്ലോ. കറുപ്പർ കൂട്ടം എന്നൊരു ടീമാണ് തമിഴ്നാടിന്റെ ഏറ്റവും വലിയ ഹിന്ദു ഐക്കൺ ആയ ഭഗവാൻ മുരുകനെ അധിക്ഷേപിച്ചത്. തമിഴ്നാട്ടിലെ ദ്രാവിഡിയൻ രാഷ്ട്രീയത്തിന്റെ തന്തയായ തന്തൈപെരിയാറിന്റെ അനുയായികളാണത്രെ ഈ കറുപ്പർ കൂട്ടം . യുക്തിവാദികളാണത്രെ ഇവർ. 



യുക്തിവാദികൾ എന്നെല്ലാം ഒരു മറക്ക് വേണ്ടി പറയുന്നതാണ്. മറ്റ് സകല പെരിയറിസ്റ്റുകളെയും പോലെ ഹിന്ദുവിരുദ്ധയാണ് ഇവരുടെയും ‘മെയിൻ’, ഇവാഞ്ചെലിസ്റ്റ്-ഇസ്ലാമിസ്റ്റ്-ഡിഎംകെ ലോബികളാണ് ഇവരുടെയും പുറകിൽ.

ഇന്ത്യയിലെ തന്നെ ഏറ്റവും പൗരാണികവും പ്രൗഢോജ്ജ്വലവുമായ ഹിന്ദു ക്ഷേത്രങ്ങളിൽ പലതും തമിഴ് നാട്ടിലാണ്. കുറെ കാലങ്ങളായി ആ തമിഴ്നാട്ടിലെ രാഷ്ട്രീയത്തിലെ പ്രധാന ചേരുവ ഹിന്ദുവിരുദ്ധതയാണ്. കേരളത്തിലെ ഹിന്ദു വിരുദ്ധതയുടെ പ്രധാന സംഘാടകർ കമ്മ്യൂണിസ്റ്റുകളാണെങ്കിൽ തമിഴ്നാട്ടിൽ ആ സ്ഥാനത്ത് പെരിയാറിസ്റ്റുകളാണ്.

പെരിയാറിസ്റ്റുകൾ എന്ന് പറയുമ്പോൾ അവർ ചിലപ്പോൾ ഇതുപോലത്തെ കറുപ്പർ കൂട്ടം പോലുള്ള മുള്ള് മുരിക്കുകളായി പ്രത്യക്ഷപ്പെടും, ചിലപ്പോൾ അംബേദ്കറിസ്റ്റുകൾ എന്ന ദളിത് സംരക്ഷക കുപ്പായത്തിൽ പ്രത്യക്ഷപ്പെടും, സർവോപരി ഡിഎംകെ എന്ന ആധുനിക രൂപത്തിലും നിൽപ്പുണ്ട്.

പെരിയാറിസ്റ്റുകളെന്ന് പറഞ്ഞാൽ ഇന്ന് തമിഴ്നാട്ടിൽ നിലവിലുള്ള ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് ഇ വി രാമസ്വാമി നായ്ക്കർ എന്ന പെരിയാറിന്റെ ആശയധാര പിൻപറ്റുന്നവർ. 



എന്താണ് പെരിയാറിന്റെ ആശയധാര?
ജാതിവിവേചനത്തിനെതിരെയെന്ന പേരിൽ തുടങ്ങി, ബ്രാഹ്മണ ഉൻമൂലനം അടിസ്ഥാന തത്വമാക്കി അതിലൂടെ ഹിന്ദു വിരുദ്ധത മുഖമുദ്രയാക്കി വളർന്ന ദ്രാവിഡ രാഷ്ട്രീയം - അതാണ് പെരിയാറിന്റെ ആശയധാരയുടെ സംക്ഷിപ്തം.

തമിഴ്നാട്ടിലെ യുക്തിവാദികളുടെയൊക്കെ ദൈവമാണെങ്കിലും ഹിന്ദുമതത്തെയും ഹിന്ദുദൈവങ്ങളെയും അല്ലാതെ മറ്റ് ക്രിസ്ത്യൻ-ഇസ്ലാം മതങ്ങളെയൊന്നും കാര്യമായി വിമർശിക്കാത്ത ‘വെറൈറ്റി’ യുക്തിവാദികളാണ് പെരിയാറും പെരിയാറിസ്റ്റുകളും. 70കളിലെ അവരുടെ ഒരു റാലിയിൽ ഭഗവാൻ ശ്രീരാമനെയും സീതയെയും നഗ്നമായി ചിത്രീകരിച്ച്, ചെരുപ്പ് കൊണ്ട് അടിച്ച് പ്രതിഷേധിച്ച് മാതൃകയായ മഹാന്മാരാണ് പെരിയാറും അനുയായികളും.

അന്ന് നോർത്ത് ഇന്ത്യ - സൗത്ത് ഇന്ത്യ വിഭജന വിത്തുകൾ പാകിയ തമിഴ് ഹിന്ദു മനസുകൾ, നോർത്ത് ഇന്ത്യൻ ദൈവമായ രാമാനല്ലേ പോട്ടെ എന്ന് കരുതി.

ഇന്ന് പക്ഷെ പെരിയാറിസ്റ്റുകൾ മുരുകനെ തൊട്ടപ്പോഴാണ് അന്നൊക്കെ മൗനം പാലിച്ച തമിഴ്നാട്ടിലെ ഹൈന്ദവ സമൂഹം, ഇത് ബ്രാഹ്മണ വിരോധവും, ‘നോർത്ത് ഇന്ത്യൻ രാമനോട്’ മാത്രമുള്ള വിരോധവുമൊന്നുമല്ല, നല്ല മുഴുത്ത ഹിന്ദു വിരോധമാണ് പെരിയറിസ്റ്റുകളെ നയിക്കുന്നതെന്ന് മനസിലാക്കുന്നത്. മഹാത്മാ ഗാന്ധിക്കെതിരെ പറഞ്ഞാലും പെരിയാറിനെതിരെ ഒരക്ഷരം ഉരിയാടരുതെന്ന അലിഖിത നിയമം നിലനിൽക്കുന്ന തമിഴ്നാട്ടിൽ ചരിത്രത്തിലാദ്യമായി ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഇന്ന് പെരിയാറിനെതിരെ പ്രതിഷേധിക്കുന്നു, പെരിയാറിന്റെ പ്രതിമകളിൽ കരിയോയിൽ അഭിഷേകങ്ങൾ നടക്കുന്നു.



എന്തായാലും തമിഴ്നാട്ടിൽ ഹിന്ദുവിരുദ്ധതയുടെ ഊർജ്ജ സ്രോതസ്സായ പെരിയാർ എന്ന വിഗ്രഹത്തിൽ ആദ്യ വിള്ളലുകൾ വീണുകഴിഞ്ഞു. കരുണാനിധി-ജയലളിത ദ്വന്ദങ്ങൾ ഒരേ സമയം ഇല്ലാതായതിലൂടെ, രണ്ട് പ്രമുഖ ദ്രാവിഡ പാർട്ടികൾ അനാഥമായ സാഹചര്യം കൂടി നേരിടുന്ന ഈ അവസ്ഥയിൽ തമിഴ്നാട്ടിൽ ഹൈന്ദവതയും ദേശീയതയും പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

തമിഴ്നാട്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ പെരിയാറിനും അയാളുടെ ഈ വിദ്വേഷ തത്വശാസ്ത്രത്തിനും ഉള്ള പ്രാധാന്യം അറിയണമെങ്കിൽ ഇന്നത്തെ പ്രധാന പാർട്ടികളായ DMK - AIADMK യുടെ ചരിത്രം എന്താണെന്നൊന്ന് പരിശോധിച്ചാൽ മതി. ചുരുക്കത്തിൽ അതിങ്ങനെയാണ്:

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ - 1916ൽ - അത് വരെ നടന്നിരുന്ന ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപനം എന്ന നിലക്ക് ജസ്റ്റിസ് പാർട്ടി എന്നൊരു ബ്രാഹ്മണ വിരുദ്ധ അടിസ്ഥാന പ്രമാണമാക്കി ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കപ്പെടുന്നു. (ഒന്ന് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റുകൾ പ്രചരിപ്പിച്ച 'ആര്യൻ ഇൻവേഷൻ തിയറി' എന്ന വ്യാജ സിദ്ധാന്തത്തിന്റെ സൃഷ്ടിയായ സൗത്ത്-ഇന്ത്യൻ നോർത്ത്-ഇന്ത്യൻ വിഭജ സിദ്ധാന്തത്തിന്റെയും അതിന്റെ പ്രധാന ഘടകമായിരുന്ന ആര്യൻ v/s ദ്രാവിഡൻ അഥവാ ബ്രഹ്മണൻ v/s ദ്രാവിഡൻ എന്ന വിഭജന വിത്ത് മുളച്ചതായിരുന്നു അത്)

കോൺഗ്രസ് പ്രവർത്തകനായ ഇവി രാമസ്വാമി നായകർ കോൺഗ്രസിൽ ബ്രാഹ്മണ മേധാവിത്വമെന്ന് ആരോപിച്ച് പിന്നീട് കോൺഗ്രസ് വിട്ട് 'സ്വാഭിമാന പ്രസ്ഥാനം' എന്നൊരു സംഘടന രൂപീകരിക്കുന്നു -1925ൽ.

പിന്നീടയാൾ അതിനെ 'ജസ്റ്റിസ് പാർട്ടി'യിൽ ലയിപ്പിച്ച് ജസ്റ്റിസ് പാർട്ടിയുടെ തലപ്പത്തെത്തുന്നു.

1944ൽ ജസ്റ്റിസ് പാർട്ടിയെ 'ദ്രാവിഡർ കഴകം' - DK - എന്ന് പുനർനാമകരണം നടത്തുന്നു. അതിന്റെ സ്ഥാപക പ്രസിഡന്റാവുന്നു.
ഈ ദ്രാവിഡർ കഴകം ആണ് പിന്നീട് 'ദ്രാവിഡ മുന്നേട്ര കഴകം' എന്ന ഇന്നത്തെ സ്റ്റാലിന്റെയും കരുണാനിധിയുടെയും DMK ആയി മാറുന്നത്. എന്ത് കൊണ്ടാണ് DMK ഇവാഞ്ചലിസ്റ്റുകളുടെയും, ഇസ്ലാമിസ്റ്റുകളുടെയും, കമ്മ്യൂണിസ്റ്റുകളുടെയും പോലുള്ള സകല ഹിന്ദു വിരുദ്ധരുടെയും ആശ്രയ കേന്ദ്രമായി മാറിയത് എന്ന് ഇപ്പോൾ മനസിലാവുന്നുണ്ടല്ലോ ല്ലേ. അതാണ് വിത്ത് ഗുണം.

(പിന്നീടൊരിക്കൽ എംജിയാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം DMKൽ നിന്ന് പിരിഞ്ഞാണ് ഇന്നത്തെ , ജയലളിതയുടെ, AIADMK ഉണ്ടാവുന്നത്)

PS: ഒന്ന് കൂടി, സൗത്ത് ഇന്ത്യയെ ദ്രാവിഡ നാട് എന്ന പുതിയ രാജ്യമാക്കി ഇന്ത്യയിൽ നിന്ന് വിഭജിക്കണം എന്നാവശ്യപ്പെട്ട, ജിന്നക്ക് തുല്യനായ, ലക്ഷണമൊത്ത വിഘടന വാദിയാണ് ഈ പെരിയാർ എന്ന പെരിയാറിസ്റ്റുകളുടെ ദൈവം.